Memoir

എംടി, തലമുറകളെ തൊടുന്ന വിഷാദാത്മക കാല്പനികത

എംടിയുടെ എഴുത്തും ഭാവനയും തനിക്ക് പരിചയമില്ലാത്ത ലോകത്തിന്റെ പുതുഭൂമികകളെ വെട്ടിപ്പിടിക്കാനല്ല, മറിച്ച് കൈവെള്ളയിലെ രേഖകള്‍ പോലെ പരിചിതമായ തന്റെ നാടിന്റെ സാമൂഹിക-സാമുദായിക -സാംസ്‌കാരിക ഭൂമികകളെ ലോകത്തോളം വലുതാക്കാനും അതുവഴി സാര്‍വ്വലൗകികമായ, ദേശഭേദങ്ങളില്ലാത്ത മനുഷ്യാവസ്ഥകളെ അഭിസംബോധന ചെയ്യാനുമാണ് ശ്രമിച്ചത്. അങ്ങനെയാണ് അദ്ദേഹത്തിന്റെ ബഹുഭൂരിപക്ഷം രചനകളിലും കൂടല്ലൂരും വള്ളുവനാടന്‍ മണ്ണും പശ്ചാത്തലമായി മാറിയത്. 'അറിയാത്ത അത്ഭുതങ്ങളെ ഗര്‍ഭത്തില്‍ ധരിക്കുന്ന മഹാസമുദ്രങ്ങളേക്കാള്‍ നീര്‍ച്ചാലായി ഒഴുകുന്ന ഭാരതപ്പുഴയെയാണ് എനിക്കിഷ്ടം' എന്ന എംടിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ രചനാലോകത്തിന്റെ തന്നെ പ്രചോദനപ്പൊരുളാണെന്ന് നിസ്സംശയം നിരീക്ഷിക്കാം.

ബഷീറിനെയും ഉറൂബിനെയും തകഴിയെയും വായിച്ചു വളര്‍ന്ന എംടിയുടെ ആദ്യകാലരചനകളില്‍ അവരുടെ സ്വാധീനത്തിന്റെ നിഴലുകള്‍ തെളിപ്പെട്ടു കിടക്കുന്നതായി കാണാം. 'രാജി' പോലുള്ള കഥകളില്‍ ബഷീറിയന്‍ പ്രയോഗങ്ങളോട് സദൃശ്യപ്പെടുന്ന വാചകങ്ങള്‍ പലതവണ കടന്നുവരുന്നുണ്ട് . 'വളര്‍ത്തുമൃഗങ്ങള്‍' പോലുള്ള ചെറുകഥകളില്‍ തകഴിയുടെ സ്വാധീനവും പ്രകടമാണ്.

പിന്നീട് തനിക്ക് പരിചിതമായ സാമൂഹ്യലോകത്തെ ആശയാടിത്തറയാക്കി തന്റെ രചനപ്രക്രിയയെയും തന്റേതായ ഒരു ഭാഷയെയും എംടി രൂപപ്പെടുത്തി. സ്വാഭാവികമായും ആ സാമൂഹ്യലോകത്തിന്റെ പൊതുബോധങ്ങളും സാമൂഹിക-രാഷ്ട്രീയാധികാരഘടനയും അദ്ദേഹത്തിന്റെ രചനകളില്‍ പ്രതിഫലിക്കുകയുമുണ്ടായി. എംടിയുടെ എഴുത്തിനെതിരെ ഉയര്‍ന്നുവന്നിട്ടുള്ള വിമര്‍ശനങ്ങളുടെ പ്രധാന കാരണങ്ങള്‍ വേരുപിടിക്കുന്നത് മേല്‍പറഞ്ഞ ഘടകങ്ങളിന്മേലാണ്. തറവാടുകള്‍ പൊളിക്കണമെന്നു പറയുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോഴും തറവാടുകളുമായി ബന്ധപ്പെട്ട പുരുഷാധികാരത്തെയും പിതൃമേധാവിത്വസ്വരൂപങ്ങളെയും സവര്‍ണ്ണാധിപത്യ സാമൂഹ്യഘടനയെയും വൈകാരികമായും വിഷാദാത്മകമായ ഒരു തരം ഗൃഹാതുരത്വസ്വഭാവത്തോടെയും എംടിയുടെ രചന സമീപിക്കുന്നുവെന്നത് പ്രസക്തമായ നിരീക്ഷണം തന്നെയാണ്. അതേസമയം തന്നെ പില്‍ക്കാലത്ത് രഞ്ജിത്തിന്റെയോ, പ്രിയദര്‍ശന്‍-ടി. ദാമോദരന്‍ ടീമിന്റെയോ സിനിമകളില്‍ മുന്നോട്ടു വയ്ക്കപ്പെട്ടതുപോലെ മഹത്വവല്‍ക്കരിക്കപ്പെട്ട സവര്‍ണ്ണ മേധാവിത്വമോ കീഴാള അവഹേളനമോ സ്ത്രീവിരുദ്ധതയോ എംടിയുടെ സിനിമകളില്‍ ആ രീതിയില്‍ അക്രമോത്സുകമായും മനുഷ്യത്വവിരുദ്ധമായും ആവിഷ്‌ക്കരിക്കപ്പെടുകയുണ്ടായിട്ടില്ല എന്നത് വിസ്മരിക്കാനും പാടില്ല.

എംടിയുടെ എഴുത്തിലെ നിശ്ശബ്ദസവര്‍ണ്ണ പൊതുബോധ പ്രസരണം, സമൂഹത്തില്‍ അതു സൃഷ്ടിച്ച സ്വാധീനത്തെ കുറച്ചുകാണാന്‍ കഴിയില്ലയെങ്കിലും, ഒരു സാമൂഹ്യപ്രസ്താവനയോടോ കാലത്തിന്റെ ചരിത്രപരമായ രേഖപ്പെടുത്തലിനോടോ ആയിരിക്കും കൂടുതല്‍ ചേര്‍ന്നുനില്ക്കുന്നത് എന്നു പറയാം.

സ്ത്രീവിരുദ്ധത എന്ന വിഷയത്തിന്റെ കാര്യത്തിലാകട്ടെ മുമ്പേ പറഞ്ഞ പിതൃ- ആണ്‍മേധാവിത്വസ്വരൂപങ്ങളുടെ ഗൃഹാതുരത അവശേഷിപ്പിക്കുന്ന കഥകളും സിനിമകളും എംടിയുടെ പേരില്‍ ഉണ്ടെങ്കില്‍ പോലും 'എനിക്ക് എന്നില്‍ നിന്ന് ഒളിച്ചോടാന്‍ കഴിയില്ല' എന്ന് പ്രഖ്യാപിച്ച് പുരുഷന്റെ കരവലയ സുരക്ഷിതത്വത്തില്‍ നിന്ന് ജയിലിലേക്കും സ്വന്തം ആത്മത്തിലേക്കുമുള്ള യാത്ര തിരഞ്ഞെടുക്കുന്ന 'പഞ്ചാഗ്‌നി 'യിലെ ഇന്ദിരയെയും വയറ്റില്‍ വളരുന്ന കുഞ്ഞിന് പിതൃസ്ഥാനത്തേക്ക് ഒരു ഭീരുവിനെ വേണ്ടെന്ന് നിശ്ചയിക്കുകയും ജീവിതത്തിന്റെ തറിയില്‍ ആത്മാഭിമാനത്തിന്റെയും സ്വാശ്രയത്വത്തിന്റെയും വഴി നെയ്‌തെടുക്കാന്‍ നിശ്ചയിക്കുകയും ചെയ്യുന്ന 'പരിണയ'ത്തിലെ ഉണ്ണിമായയെയും പോലുള്ള കഥാപാത്രങ്ങള്‍ എംടിക്ക് ബഹുമുഖ പ്രതിരോധങ്ങള്‍ തീര്‍ക്കുന്നുണ്ട്. കുലസ്ത്രീ ബോധത്തിന്മേലും തറവാട്ടു പെരുമയിന്മേലും പുരുഷ രക്ഷാകര്‍തൃത്വ ശീലങ്ങളിന്മേലും മക്കത്തായ സാമ്പത്തിക ക്രമത്തിന്മേലും ജാതിബോധത്തിന്മേലും പടുത്തുയര്‍ത്തപ്പെടുന്ന സ്ത്രീവിരുദ്ധതയാകട്ടെ, സവര്‍ണ്ണാധികാര സാമൂഹ്യ ഘടനയാകട്ടെ, അവയുടെയെല്ലാം ആശയാടിത്തറയില്‍ നിര്‍മ്മിക്കപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സഹചാരികള്‍ക്ക് മരണത്തിന് ശേഷം പോലും എംടി കണ്ണിലെ കരടായി തുടരുന്നുവെന്ന് നവമാദ്ധ്യമങ്ങളിലെ അക്കൂട്ടരുടെ കഴിഞ്ഞ രണ്ടു ദിവസങ്ങളായുള്ള പ്രസ്താവനകളും ആക്രോശങ്ങളും സാക്ഷ്യം പറയുന്നുണ്ട്. എംടിയുടെ നിലപാടുകള്‍ക്ക് ആ സാക്ഷ്യത്തേക്കാള്‍ വലിയ തെളിവു വേണ്ടതില്ലെന്നു തോന്നുന്നു. യഥാര്‍ത്ഥത്തില്‍, ജീവിതാവസ്ഥകളുടെ കാര്‍ക്കശ്യങ്ങള്‍ക്കൊടുവില്‍ ദേവിയുടെ വിഗ്രഹത്തിലേക്ക് തുപ്പുന്ന വെളിച്ചപ്പാടിന്റെ കഥാപാത്രവും ഗോത്രവര്‍ഗ്ഗവിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി അനുവദിക്കണമെന്ന് ഉറക്കെപ്പറഞ്ഞ എഴുത്തുകാരനും നിലപാടുകളുടെ കാര്യത്തില്‍ ഏറെയൊന്നും വൈരുദ്ധ്യാത്മക സംഘര്‍ഷങ്ങള്‍ അവശേഷിപ്പിക്കുന്നില്ല.

ഒറ്റപ്പെട്ടവരും പല കാരണങ്ങളാല്‍ തിരസ്‌ക്കരിക്കപ്പെട്ടവരുമാണ് എംടിയുടെ രചനകളില്‍ കേന്ദ്രസ്ഥാനങ്ങളില്‍ നിറഞ്ഞുനില്ക്കുന്നത്. ആ കഥാപാത്രങ്ങള്‍ക്ക് ചുറ്റുമായി പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കാത്തിരിപ്പിന്റെയും ആര്‍ത്തിയുടെയും പാരമ്പര്യത്തോടുള്ള കലഹത്തിന്റെയും ആത്മാഭിമാനപ്പോരാട്ടങ്ങളുടെയും മനുഷ്യജീവിതത്തിന്റെ നശ്വര സ്വഭാവത്തിന്റെയുമെല്ലാം ആവിഷ്‌ക്കരണ വൈചിത്ര്യങ്ങള്‍ പ്രമേയ സ്വരൂപമാര്‍ന്നു. ഇതിഹാസങ്ങള്‍ പശ്ചാത്തലമായപ്പോള്‍ പോലും എംടിയുടെ കഥാപാത്രങ്ങള്‍ ഒറ്റപ്പെട്ട കേവലമനുഷ്യരുടെ വികാരദൗര്‍ബല്യങ്ങള്‍ പങ്കിട്ടു. മഞ്ഞിലെ വിമലയും നാലുകെട്ടിലെ അപ്പുണ്ണിയും കാലത്തിലെ സേതുവും ഇരുട്ടിന്റെ ആത്മാവിലെ വേലായുധനും രണ്ടാമൂഴത്തിലെ ഭീമനും പഞ്ചാഗ്‌നിയിലെ ഇന്ദിരയും ഒരു വടക്കന്‍ വീരഗാഥയിലെ ചന്തുവുമെല്ലാം ആത്യന്തികമായി തിരസ്‌കൃതരായിരുന്നുവെന്നു മാത്രമല്ല, അവരുടെ പോരാട്ടം ആന്തരികമായിക്കൂടിയുള്ളതായിരുന്നു. തന്നോടു തന്നെ പൊരുതിജയിക്കേണ്ടവര്‍ കൂടിയായിരുന്നു അവര്‍ !

ഒരു കാലഘട്ടത്തിന്റെ ഉറച്ചുപോയ ചുമരുകളെയും മുഖപ്പുകളെയും പലപ്പോഴും അടിത്തറകളെയും പൊളിച്ച് ഒരു പുതിയ കാലത്തെയും ജീവിതക്രമത്തെയും പണിതുയര്‍ത്താനുള്ള ത്വര എംടിയുടെ കഥകളിലെയും കഥാപാത്രങ്ങളിലെയും സംഘര്‍ഷഘടകമായി ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്ന് നിരീക്ഷിക്കാനാകും. ഇത്തരത്തില്‍ കാലത്തെ സവിശേഷ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുന്നതുകൊണ്ടു കൂടിയാകാം എംടിയുടെ മികച്ച തിരക്കഥകളില്‍ പലതിലും ഫ്‌ലാഷ്ബാക്ക് ആഖ്യാനത്തിന്റെ ഒരു പ്രധാനസങ്കേതമായി മാറുന്നത്. ഒരു വടക്കന്‍ വീരഗാഥയിലും താഴ്വാരത്തിലും സദയത്തിലും അമൃതം ഗമയയിലും ഉത്തരത്തിലുമെല്ലാം ഫ്‌ലാഷ്ബാക്കിന്റെ മികച്ച പ്രയോഗങ്ങള്‍ കാണാം. ഫ്‌ലാഷ് ബാക്കില്‍ കഥ പറയുന്നതിന്റെ മലയാളത്തിലെ എന്നല്ല ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച ഉദാഹരണമായി മാറിയ, തിരക്കഥയുടെ പാഠപുസ്തകമായി മാറിയ സിനിമയാണ് 'ഒരു വടക്കന്‍ വീരഗാഥ' ..! ചന്തുവിന്റെ ഓര്‍മ്മകളിലൂടെയാണ് ആ സിനിമ ഇതള്‍ വിരിയുന്നത്. ടൈറ്റില്‍ രംഗങ്ങള്‍ക്കു ശേഷം, ഫ്‌ലാഷ്ബാക്ക് തുടങ്ങിയതിനു ശേഷം, ചന്തു ഇല്ലാത്ത ഒരൊറ്റ രംഗം പോലുമില്ല എന്നതാണ് ആ സിനിമയുടെ ഏറ്റവും വലിയ സവിശേഷത. ഒരു മനുഷ്യന്റെ കഴിഞ്ഞകാലജീവിതം പറയുമ്പോള്‍ അയാള്‍ നായകനോ സാക്ഷിയോ എങ്കിലുമാകാത്ത ഒരൊറ്റ രംഗം പോലും ആ സിനിമയിലുണ്ടാകരുത് എന്ന ഏറ്റവും ശരിയായ ഒരു യുക്തിയുടെ മികച്ച ആവിഷ്‌ക്കാരമാണ് വടക്കന്‍ വീരഗാഥ.

സങ്കേതങ്ങള്‍ക്കപ്പുറം എഴുത്തില്‍ സ്വന്തമായി ഒരു ഭാഷ സൃഷ്ടിക്കാന്‍ കഴിഞ്ഞ എഴുത്തുകാരനുമായിരുന്നു എംടി. ബഷീറിനും വികെഎന്നിനും ഒരു പരിധിവരെ മാധവിക്കുട്ടിക്കും മാത്രം മുഖ്യധാരാ ഗദ്യമലയാളത്തില്‍ അവകാശപ്പെടാന്‍ കഴിയുന്ന കാര്യം. വിഷാദസാന്ദ്രമായ ധ്വനികളുടെയും അര്‍ത്ഥഗര്‍ഭമായ മൗനത്തിന്റെയും സാന്നിദ്ധ്യം എംടിയുടെ ഭാഷയുടെ അകക്കാമ്പായി നിലകൊണ്ടു. ചങ്ങമ്പുഴയുടെ പദ്യങ്ങളില്‍ കുടികൊണ്ട കാല്പനികമായ ഒരു തരം വിഷാദാത്മകത ഗദ്യസൗന്ദര്യമായി അനുഭവിക്കാന്‍ കഴിയുന്നത് എംടിയുടെ രചനകളിലാണ്. ആ സൗന്ദര്യം എംടിയുടെ സംഭാഷണങ്ങളിലും തലയെടുപ്പോടെ നില്ക്കുന്നുണ്ട്. പിരിഞ്ഞുപോയ പ്രണയത്തെ കാലങ്ങള്‍ക്കിപ്പുറവും 'ഒരിക്കല്‍ കൂടി വെറുതെയൊന്നു കണ്ടാല്‍ മതി' എന്നു പറയുകയും കാത്തിരിക്കുകയും ചെയ്യുന്ന 'മഞ്ഞി'ലെ വിമലയില്‍ മാത്രമല്ല

'ഓ... പരിഭ്രമിക്കാന്‍ ഒന്നുമില്ല, വഴിയില്‍ തടഞ്ഞുനിര്‍ത്തില്ല, പ്രേമലേഖനം എഴുതില്ല, ഒന്നും ചെയ്യില്ല, ഒരു ബന്ധവും സങ്കല്‍പ്പിക്കാതെ, വെറുതെ എനിക്ക് നിങ്ങളെ ഇഷ്ടമാണ്' എന്നു പറഞ്ഞ് നടന്നകലുന്ന സര്‍ദാര്‍ജിയിലും ആ വിഷാദാത്മക കാല്പനികത ഘനീഭവിച്ചു നില്ക്കുന്നുണ്ട്. മൂന്നു വര്‍ഷം മാത്രം നിലനിന്ന ദാമ്പത്യജീവിതത്തെക്കുറിച്ച്, മരിച്ചുപോയ പത്‌നിയെക്കുറിച്ച് 'പെരുന്തച്ചന്‍' ബാല്യകാല സുഹൃത്തായ തമ്പുരാനോട് ഇങ്ങനെ പറയുന്നു..! 'മൂന്നു കൊല്ലം..! അതും തുടര്‍ച്ചയായിട്ടില്ല. ഒന്നിന്റെ കലശം കഴിഞ്ഞ് വേറൊന്നിന്റെ ശിലാസ്ഥാപനത്തിനിടയ്ക്ക് കിട്ടുന്ന അല്പം ദിവസങ്ങള്‍! എന്നിട്ടും അവള് പോയപ്പോ അകത്തൊരു വീതുളി വീണ പോലെ..!'

'ഒരു വടക്കന്‍ വീരഗാഥ'യില്‍ ജീവിതത്തിന്റെയും കാലത്തിന്റെയും ചരിത്രപരമായ മുറിപ്പാടുകളെ ചന്തു നാലേ നാല് വാചകങ്ങളില്‍ ഇങ്ങനെ ഒതുക്കുന്നുണ്ട്. 'ജീവിതത്തില്‍ ചന്തുവിനെ തോല്പിച്ചിട്ടുണ്ട്; പലരും, പലവട്ടം ! മലയനോട് തൊടുത്തുമരിച്ച അച്ഛന്‍ ആദ്യം എന്നെ തോല്പിച്ചു. സ്നേഹം പങ്കുവെക്കുമ്പോള്‍ കൈവിറച്ച ഗുരുനാഥന്‍ പിന്നെ തോല്പിച്ചു. പൊന്നിനും പണത്തിനുമൊപ്പിച്ച് സ്‌നേഹം തൂക്കിനോക്കിയപ്പോ മോഹിച്ച പെണ്ണുമെന്നെ തോല്പിച്ചു. അവസാനം... സത്യം വിശ്വസിക്കാത്ത ചങ്ങാതിയും തോല്പിച്ചു. തോല്‍വികളേറ്റുവാങ്ങാന്‍ ചന്തുവിന്റെ ജീവിതം പിന്നെയും ബാക്കി!'

പ്രണയത്തിലും വിരഹത്തിലും മാത്രമല്ല എംടിയുടെ കഥാപാത്രങ്ങളുടെ പ്രതികാരത്തില്‍ പോലും കാല്പനികതയുടെ നിഴലുകള്‍ കാണാം. 'താഴ്വാരം' എന്ന സിനിമയില്‍ മനസ്സു പോലെ വെയിലില്‍ ഉണങ്ങിപ്പൊള്ളി നില്ക്കുന്ന താഴ്വരയിലേക്ക് തന്നെ തേടിയെത്തുന്ന നായകനെ അപകടപ്പെടുത്തി മുറിവേല്പിച്ച്, അയാള്‍ പരിചരിക്കപ്പെടുന്ന വീടിന്റെ ഉമ്മറത്തു വച്ച് ഒരു ദ്വന്ദ്വപോരാട്ടത്തിന്റെ എല്ലാ നാടകീയതയും കാല്പനികതയുടെ അടരില്‍ ചാലിച്ച് വില്ലന്‍ പറയുന്നു, 'കുട്ടിക്കാലത്ത് തായം കളിക്കുമ്പോ, അമ്പലത്തിലെത്തിയാ ചൂത് വെട്ടില്ലെന്നു പറയില്ലേ, അതുപോലൊരു സന്ധി! നീ ഒന്നും ഇവിടെ മിണ്ടില്ലെന്ന വ്യവസ്ഥ. ഇവിടെ വച്ച് ഞാനും നിന്നെയൊന്നും ചെയ്യില്ല'. തന്നെ പരിചരിക്കുന്ന നായികയോട് ഒരു സിനിമയുടെ പൊരുള്‍ മുഴുവന്‍ രണ്ടു വാചകത്തിലൊതുക്കി നായകനും പറയുന്നുണ്ട്, 'അവനെന്നെ കൊല്ലാന്‍ ശ്രമിക്കും.ചാവാതിരിക്കാന്‍ ഞാനും'!

കാച്ചിക്കുറുക്കിയ സംഭാഷണങ്ങള്‍ എംടിയുടെ സവിശേഷസിദ്ധിയാകുമ്പോഴും അവയിലെ ഏകതാനസ്വഭാവം വിമര്‍ശിക്കപ്പെട്ടിട്ടുമുണ്ട്. കള്ളനും കളക്ടറും കടത്തുകാരനും കശാപ്പുകാരനും ഒരേ ഭാഷാഘടനയിലും ധ്വനിയിലും സംസാരിക്കുന്നവരായി എംടിയുടെ രചനകളില്‍ വെളിപ്പെട്ടുവെന്ന ആരോപണം അടിസ്ഥാനരഹിതവുമല്ല.

വസ്തുതാപരമായ ഒരു വിലയിരുത്തലില്‍ മലയാളത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച അഞ്ചു നോവലിസ്റ്റുകളില്‍ എംടി ഉള്‍പ്പെടുമോ എന്നതില്‍ സന്ദേഹമുണ്ടാകാം. എന്നാല്‍ ഏറ്റവും മികച്ച അഞ്ചു ചെറുകഥാകൃത്തുക്കളില്‍ എംടി ഉണ്ടാകും. തിരക്കഥയെ സംബന്ധിച്ചിടത്തോളം അഞ്ചിന്റെ കൂട്ടത്തിലല്ല, ഏറ്റവും തലപ്പൊക്കത്തില്‍ ഒന്നാമനായിത്തന്നെ എംടി നിലകൊള്ളുകയും ചെയ്യുന്നു. എന്നാല്‍ ആത്യന്തികമായി എംടി ഭാഷയില്‍ അവശേഷിക്കാന്‍ പോകുന്നത് മികവിന്റെ ക്രമനമ്പറുകളിലെ സ്ഥാനത്തിന്റെ പേരിലായിരിക്കുകയില്ല. മറിച്ച്, മലയാളിയെ ഏറ്റവുമധികം വായിപ്പിച്ച എഴുത്തുകാരില്‍ ഏറ്റവും മുമ്പന്‍ എന്ന നിലയ്ക്കായിരിക്കും അദ്ദേഹം ചരിത്രത്തില്‍ അടയാളപ്പെടുക. ഏറ്റവും ചുരുങ്ങിയത് മൂന്നു തലമുറകളെ വിസ്മയിപ്പിക്കാനും പ്രലോഭിപ്പിക്കാനും കഴിഞ്ഞ എഴുത്തായിരുന്നു എംടിയുടേത്. ഇനി വരുന്ന ഏതാനും തലമുറകളെയും ആ പ്രലോഭനത്തിന്റെ കണ്ണികളില്‍ പങ്കുചേര്‍ക്കാന്‍ ശേഷിയുള്ള വിധത്തില്‍, ഹൃദയത്തില്‍ തൊടുന്ന ആ വിഷാദാത്മക കാല്പനികത എംടിയുടെ അക്ഷരങ്ങളില്‍ ഇനിയും ഘനീഭവിച്ചുതന്നെ നില്ക്കും.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT