എംടിയുടെ രാഷ്ട്രീയം

എംടിയുടെ രാഷ്ട്രീയം
Published on

എംടി പൊതുവില്‍ രാഷ്ട്രീയം പറയാറില്ല. എന്നാല്‍ എപ്പോഴും സൂക്ഷ്മമായ രാഷ്ട്രീയ നിരീക്ഷണം നടത്താറുണ്ട്. അദ്ദേഹത്തിന്റെ അവസാനത്തെ രചന ഒരു രാഷ്ട്രീയ പ്രഭാഷണമായിരുന്നു എന്നു നമുക്കറിയാം. 2024 ജനുവരിയില്‍ കോഴിക്കോട്ടെ കേരള സാഹിത്യോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ചെയ്ത പ്രഭാഷണം. അന്നുതന്നെ അത് ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. കേരളം വലിയ തോതില്‍ ദിവസങ്ങളോളം അത് ചര്‍ച്ച ചെയ്തതുമാണ്. എന്തുകൊണ്ടാണ് എംടി അങ്ങനെയൊരു വിഷയം അന്നത്തെ പ്രഭാഷണത്തിനായി തെരഞ്ഞെടുത്തത്? അദ്ദേഹത്തെ അടുത്തറിയുന്ന ഒരാള്‍ എന്ന നിലയില്‍ എനിക്കിക്കാര്യത്തില്‍ സന്ദേഹമുണ്ടായിരുന്നില്ല. ഞങ്ങള്‍ക്കിടയിലെ സംഭാഷണത്തിനിടയില്‍ പലപ്പോഴും രാഷ്ട്രീയം കടന്നു വന്നിട്ടുണ്ട്. വര്‍ത്തമാനകാല ഇന്ത്യയെപ്പറ്റിയും കേരളത്തെപ്പറ്റിയും ലോകത്തെപ്പറ്റിയും ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട്. പുതിയ കാല നേതാക്കളെക്കുറിച്ചും സമ്പ്രദായങ്ങളെപ്പറ്റിയും സംസാരിച്ചിട്ടുണ്ട്. പഴയകാല നേതാക്കളെപ്പറ്റിയുള്ള അനുഭവങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. എ.കെ.ജിയോടും അച്യുതമേനോനോടും എംടിയ്ക്ക് ചെറിയ ആരാധനയുള്ളതായി എനിക്കു തോന്നിയിട്ടുണ്ട്. പൊതുവില്‍ ആരാധന എന്ന സംഭവം അദ്ദേഹത്തിനില്ലാത്ത ഒന്നാണ് താനും. എന്തിനേറെ, പിണറായി വിജയനെന്ന നേതാവില്‍ എംടി ആദ്യമൊക്കെ വലിയ പ്രതീക്ഷ വെച്ചുപുലര്‍ത്തിയിരുന്നു. എപ്പോഴും അദ്ദേഹത്തിന്റെ അന്വേഷണത്തില്‍ പിണറായി എന്ന നേതാവുണ്ടായിരുന്നു.

1948ല്‍ കാള്‍ മാര്‍ക്‌സിനെക്കുറിച്ച് ലേഖനമെഴുതിയ എംടി അക്കാലം മുതലേ ലോക രാഷ്ടീയത്തെ അടുത്തറിയാന്‍ ശ്രമിച്ചിട്ടുണ്ട്. മാര്‍ക്‌സിന്റെ രാഷ്ട്രീയം വായിച്ചറിയാന്‍ സാധിച്ചത് സമൂഹത്തെപ്പറ്റിയുള്ള തന്റെ കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതില്‍ സ്വാധീനമായിട്ടുണ്ടാവാം എന്നദ്ദേഹം എന്നോടും പറഞ്ഞിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യവും സാഹിത്യേതരവുമായ പ്രധാന ഗ്രന്ഥങ്ങളുമായി അദ്ദേഹം ആവുന്നത്ര പരിചയപ്പെട്ടിട്ടുണ്ട്. അവയുടെ രാഷ്ട്രീയത്തെപ്പറ്റി മനസ്സിലാക്കാന്‍ പരമാവധി ശ്രമിച്ചിട്ടുമുണ്ട്. സമൂഹത്തെ ചലനാത്മകമാക്കുന്നതില്‍ അധികാരത്തിന്റെ പ്രയോഗങ്ങള്‍ക്കുള്ള ശക്തി അദ്ദേഹത്തിനറിയാമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എംടിയുടെ രാഷ്ട്രീയ ചിന്തകളെ നമ്മള്‍ മനസ്സിലാക്കേണ്ടത്. ദൈനംദിന രാഷ്ട്രീയത്തില്‍ ഇടപെടാത്തവര്‍ അരാഷ്ട്രീയരാണ് എന്നൊരു തെറ്റിദ്ധാരണ കേരളത്തിന്റെ പൊതുബോധത്തിലുണ്ട്. പാര്‍ട്ടി രാഷ്ട്രീയത്തില്‍ അഭിരമിച്ചവരെ മാത്രമേ നമ്മള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കാറുള്ളൂ. അതുകൊണ്ടാണ് എംടിയെപ്പോലൊരാള്‍ രാഷ്ട്രീയം പറയുമ്പോള്‍ നമ്മളത് മനസ്സിലാക്കാന്‍ മടി കാണിക്കുന്നത്. എംടിയെ അവഗണിക്കുക അസാദ്ധ്യമായതിനാല്‍ നമ്മളതിനെ തെറ്റായി മനസ്സിലാക്കാനായി കഠിനാദ്ധാനം ചെയ്തു എന്നുമാത്രം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രാഷ്ട്രീയത്തില്‍ വര്‍ദ്ധിച്ചു വരുന്ന അമിതാധികാര പ്രയോഗം എംടിയെ അസ്വസ്ഥനാക്കിയിരുന്നു. അതാണ് പ്രഭാഷണത്തിലൂടെ അദ്ദേഹം പ്രകടിപ്പിച്ചത്. അത്തരം അസ്വസ്ഥതകളോടും കൂടിയുള്ള പ്രതികരണമാണ് തനിക്ക് എഴുത്ത് എന്ന് അദ്ദേഹം മുമ്പേ പറഞ്ഞു വെച്ചിട്ടുണ്ട്.

ജനാധിപത്യത്തിന് ദോഷമുണ്ടാക്കുന്ന ഒന്നാണ് ജനാധിപത്യ ഭരണാധികാരികളിലെ ഏകാധിപത്യ പ്രവണത എന്നാണ് എംടി പറഞ്ഞതിന്റെ സാരം. കൂട്ടത്തില്‍ പുതിയകാല പൊതുപ്രവര്‍ത്തകര്‍ ജനസേവനത്തെ ബോധപൂര്‍വ്വം മറന്നു എന്നും. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇതായിരുന്നു - 'അധികാരമെന്നാല്‍, ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മള്‍ കുഴിവെട്ടിമുടി.' മനശാസ്ത്രജ്ഞനായ വില്യം റീഹിനെ ഉദ്ധരിച്ചു കൊണ്ട് എംടി തുടര്‍ന്നു: 'ശിഥിലീകരണത്തിന്റെ കാര്യകാരണങ്ങളെ അപഗ്രഥിക്കുക എന്നതാണ് അതിനെ നിഷേധിച്ച് ഇല്ലെന്ന് സങ്കല്പിക്കുന്നതിനു പകരം ജാഗ്രതയോടെ ചെയ്യേണ്ടത്....'ആള്‍ക്കൂട്ടം ഉത്തരവാദിത്തമുള്ള ഒരു സമൂഹമായി മാറുകയും സ്വയം കരുത്ത് നേടി സ്വാതന്ത്ര്യം ആര്‍ജ്ജിക്കുകയും വേണം. ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യം. ആള്‍ക്കൂട്ടം സമൂഹമായി മാറുകയും വേണം.'' സോവിയറ്റ് റഷ്യയുടെ പശ്ചാത്തലത്തിലാണ് റീഹ് ഇത് പറഞ്ഞത്. ഇതൊക്കെ വില്യം റീഹിനു മുന്‍പേ എഴുത്തുകാരായ ഗോര്‍ക്കിയും ചെക്കോവും പറഞ്ഞിട്ടുണ്ട് എന്നും എംടി എടുത്തു പറഞ്ഞു. അതായത് ഇതൊക്കെ പറയുക എന്നത് എഴുത്തുകാരന്റെ കൂടി ഉത്തരവാദിത്തമാണെന്ന് അദ്ദേഹം തിരിച്ചറിയുന്നു. അവിടെയാണ് എംടി നമുക്കിടയില്‍ വേറിട്ടു നില്‍ക്കുന്നത്. ഇതൊക്കെ ഇങ്ങനെ സന്ദര്‍ഭം നോക്കിപ്പറയാന്‍ നമുക്കിടയിലെ മറ്റേതൊരു എഴുത്തുകാരന് കഴിയും?

ബാലറ്റ് പെട്ടിയിലൂടെ അധികാരത്തില്‍ വന്നാല്‍ ലക്ഷ്യം നേടി എന്ന അലംഭാവത്തില്‍ കമ്യൂണിസ്റ്റു നേതാക്കള്‍ എത്തിപ്പെടരുതെന്ന താക്കീതും എംടി നല്‍കുന്നു. അങ്ങനെയല്ലാത്തതുകൊണ്ടാണ് ഇഎംഎസ് സമാരാധ്യനാവുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. കാലം സമൂഹത്തെ എത്തിക്കുന്ന ചില അവസ്ഥകളില്‍ ചില നിമിത്തങ്ങളായി ചിലര്‍ നേതൃത്വത്തിലെത്തുന്നു. ഉത്തരവാദിത്തത്തെ ഭയത്തോടെയല്ലാതെ ആദരവോടെ സ്വീകരിച്ച്, എല്ലാ വിധത്തിലുമുള്ള അടിച്ചമര്‍ത്തലുകളില്‍ നിന്നും മോചനം നേടാന്‍ വെമ്പുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടി ലക്ഷ്യമാക്കുന്ന ഒരു നേതാവ് എന്നും പുതിയ പഥങ്ങളിലേക്ക് ചിന്തയും പുതിയ ചക്രവാളങ്ങളിലേക്ക് വീക്ഷണവും അയച്ചു കൊണ്ടേയിരിക്കണം എന്ന ആഹ്വാനത്തോടെയാണ് എംടി തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്. ഇത് കാലത്തിന്റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവര്‍ ഉള്‍ക്കൊണ്ട് പ്രവത്തിക്കുവാന്‍ തയ്യാറാകുമെന്ന പ്രത്യാശയും അദ്ദേഹം അന്നവിടെ പ്രകടിപ്പിച്ചു

എംടിയുടെ രാഷ്ട്രീയം
നേതൃത്വ പൂജകളിലൊന്നും ഇ.എം.എസിനെ കാണാനാകുമായിരുന്നില്ല, ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യം

ഇതിലേറെ എന്ത് രാഷ്ട്രീയമാണ് ഒരു എഴുത്തുകാരന്‍ ഈ കാലഘട്ടത്തില്‍ പറയേണ്ടത്? നമ്മുടെ ചുറ്റുമുള്ള രാഷ്ടീയക്കാരോട് സംവദിക്കുകയായിരുന്നു ഈ എഴുത്തുകാരന്‍. ചുറ്റും കാണുന്ന ഓരോ പൊതുപ്രവര്‍ത്തകരെയും തന്നാലാവും വിധം സൂക്ഷ്മമായി വിലയിരുത്തുകയും പ്രശ്‌നങ്ങളെ മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്ത കേരളത്തിന്റെ കാരണവര്‍. എംടിയില്‍ നിന്നു വേണം നമ്മുടെ എഴുത്തുകാര്‍ രാഷ്ടീയം പഠിക്കാന്‍ എന്നുകൂടി പറയുവാന്‍ ഞാനീ അവസരം ഉപയോഗിക്കുകയാണ്. സമൂഹത്തോടും സഹജീവികളോടുമുള്ള കരുതലാണ് എംടിയെന്ന എഴുത്തുകാരന്റെ ദര്‍ശനം. അതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ അടിത്തറയും. അദ്ദേഹം കാണിച്ച ജാഗ്രതയും ധീരതയും വേറിട്ടതായിരുന്നു. എഴുത്തിലൂടെയെന്നതു പോലെ, നിലപാടുകളിലൂടെയും സാഹിത്യകാരന്മാരെ ഉള്‍ക്കൊള്ളാന്‍ സമൂഹത്തിന് ബാദ്ധ്യതയുണ്ട്. അതോര്‍മ്മിക്കാന്‍ ഇതിലും യോജിച്ച ഒരവസരമില്ലെന്നാണ് ഞാന്‍ കരുതുന്നത്.

Summary
എന്റെ പരിമിതമായ കാഴ്ചപ്പാടില്‍, നയിക്കാന്‍ ഏതാനും പേരും നയിക്കപ്പെടാന്‍ അനേകരും എന്ന പഴയ സങ്കല്പത്തെ മാറ്റിയെടുക്കാനാണ് ഇ എം എസ് എന്നും ശ്രമിച്ചത്. ആചാരോപചാരമായ നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നതും അത് കൊണ്ട് തന്നെ.
കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടനവേളയില്‍ എംടി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം

ഈ സാഹിത്യോത്സവത്തിന്റെ ആദ്യ വര്‍ഷം ഞാന്‍ പങ്കെടുത്തിരുന്നു. ഇത് ഏഴാമത്തെ വര്‍ഷമാണെന്നു അറിയുന്നു. സന്തോഷം ചരിത്രപരമായ ഒരാവശ്യത്തെ കുറിച്ച് ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു. രാഷ്ട്രീയത്തിലെ മൂല്യച്യുതിയെപ്പറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ട് വളരെ കാലമായി. എന്തുകൊണ്ട് എന്ന സംവാദങ്ങള്‍ക്ക് പലപ്പോഴും അര്‍ഹിക്കുന്ന വ്യക്തികളുടെ അഭാവം എന്ന ഒഴുക്കന്‍ മറുപടി കൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള ഒരംഗീകൃത മാര്‍ഗ്ഗമാണ്. എവിടെയും അധികാരമെന്നാല്‍ ആധിപത്യമോ സര്‍വാധിപത്യമോ ആവാം. അസംബ്ലിയിലോ പാര്‍ലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നുവച്ചാല്‍ ആധിപത്യത്തിനുള്ള ഒരു തുറന്ന അവസരമാണ്. അധികാരമെന്നാല്‍, ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മള്‍ കുഴിവെട്ടി മൂടി.

ഐതിഹാസിക വിപ്ലവത്തിലൂടെ സാറിസ്റ്റ് ഭരണത്തെ നീക്കിയ റഷ്യയിലും പഴയ സേവന സിദ്ധാന്തം വിസ്മരിക്കപ്പെട്ടു. അവിടെ ശിഥിലീകരണം സംഭവിക്കാന്‍ പോകുന്നു എന്ന് ഫ്രോയിഡിന്റെ ശിഷ്യനും മനഃശാസ്ത്രജ്ഞനും മാര്‍ക്‌സിയന്‍ തത്വചിന്തകനുമായിരുന്ന വില്‍ഹെം റീഹ് 1944- ല്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ശിഥിലീകരണത്തിന്റെ കാര്യകാരണങ്ങളെ അപഗ്രഥിക്കുക എന്നതാണ് അതിനെ നിഷേധിച്ച് ഇല്ലെന്ന് സങ്കല്ലിക്കുന്നതിനു പകരം ജാഗ്രതയോടെ ചെയ്യേണ്ടതെന്ന് റീഹ് വീണ്ടും വീണ്ടും ഓര്‍മിപ്പിച്ചു. വ്യവസായം സംസ്‌കാരം ശാസ്ത്രം എന്നീ മേഖലകളുടെ പ്രവര്‍ത്തനത്തെ അമിതാധികാരമുള്ള മാനേജമെന്റ്കളെ ഏല്‍പ്പിക്കുമ്പോള്‍ അപചയത്തിന്റെ തുടക്കം കുറിക്കുമെന്ന് അദ്ദേഹം അപായ സൂചന നല്‍കി.

വിപ്ലവത്തില്‍ പങ്കെടുത്ത ജനാവലി ആള്‍ക്കൂട്ടമായിരുന്നു. ഈ ആള്‍ക്കൂട്ടങ്ങളെ എളുപ്പം ക്ഷോഭിപ്പിക്കാം. ആരാധകരാക്കാം. പടയാളികളുമാക്കാം.

ആള്‍ക്കൂട്ടം ഉത്തരവാദിത്തമുള്ള ഒരു സമൂഹമായി മാറുകയും സ്വയം കരുത്ത് നേടി സ്വാതന്ത്യം ആര്‍ജ്ജിക്കുകയും വേണം. ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യം. ആള്‍ക്കൂട്ടം സമൂഹമായി മാറണമെന്നും എങ്കിലേ റഷ്യയ്ക്ക് നിലനില്‍പ്പുള്ളൂ എന്നും രീഹിനേക്കാള്‍ മുന്‍പ് രണ്ടു പേര്‍ റഷ്യയില്‍ പ്രഖ്യാപിച്ചു – എഴുത്തുകാരായ ഗോര്‍ക്കിയും ചെഖോവും.

തിന്മകളുടെ മുഴുവന്‍ ഉത്തരവാദിത്തവും സാറിസ്റ്റ് വാഴ്ചയുടെ മേല്‍ കെട്ടിവച്ച് പൊള്ളയായ പ്രശംസകള്‍ നല്‍കിയും, നേട്ടങ്ങളെ പെരുപ്പിച്ച് കാണിച്ചും ആള്‍ക്കൂട്ടത്തെ തൃപ്തിപ്പെടുത്തുന്നതിന് അവര്‍ എതിരായിരുന്നു. സ്വാതന്ത്ര്യത്തിന്റെ പ്രകാശം ഉള്ളിലേന്തുന്ന ഒരു റഷ്യന്‍ സമൂഹമാണ് അവര്‍ സ്വപ്നം കണ്ടത്. ഭരണകൂടം കൈയടക്കുക എന്നതുമാത്രമാണ് വിപ്പവത്തിന്റെ ലക്ഷ്യമെന്ന് മാര്‍ക്‌സ് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അവര്‍ ഓര്‍മിപ്പിച്ചു.

സമൂഹമായി റഷ്യന്‍ ജനങ്ങള്‍ മാറണമെങ്കിലോ? ചെഖോവിന്റെ വാക്കുകള്‍ ഗോര്‍ക്കി ഉദ്ധരിക്കുന്നു: ‘റഷ്യക്കാരന്‍ ഒരു വിചിത്ര ജീവിയാണ്. അവന്‍ ഒരീച്ചപോലെയാണ്. ഒന്നും അധികം പിടിച്ചു നിര്‍ത്താന്‍ അവനാവില്ല. ഒരാള്‍ക്ക് ഒരു നല്ല ജീവിതം വേണമെങ്കില്‍ അധ്വാനിക്കണം. സ്‌നേഹത്തോടെയും വിശ്വാസത്തോടെയുമുള്ള അധ്വാനം. അത് നമുക്ക് ചെയ്യാനറിയില്ല. വാസ്തുശില്പി രണ്ടോ മൂന്നോ നല്ല വീടുകള്‍ പണിതു കഴിഞ്ഞാല്‍ ശേഷിച്ച ജീവിതകാലം തീയേറ്റര്‍ പരിസരത്തു ചുറ്റിത്തിരിഞ്ഞു കഴിക്കുന്നു. ഡോക്ടര്‍ പ്രാക്ടീസ് ഉറപ്പിച്ചു കഴിഞ്ഞാല്‍ സയന്‍സുമായി ബന്ധം വിടര്‍ത്തുന്നു. സ്വന്തം ജോലിയുടെ പ്രാധാന്യത്തെപ്പറ്റി ബോധമുള്ള ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥനെയും ഞാന്‍ കണ്ടിട്ടില്ല. ഒരു വിജയകരമായ ഡിഫെന്‍സ് നടത്തി പ്രശസ്തനായിക്കഴിഞ്ഞാല്‍ പിന്നെ സത്യത്തെ ഡിഫെന്‍ഡ് ചെയ്യാനുള്ള മനഃസ്ഥിതിയില്ല അഭിഭാഷകന്.”

1957 -ല്‍ ബാലറ്റ് പെട്ടിയുടെ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നു. അതോടെ ലക്ഷ്യം നേടി എന്ന അലംഭാവത്തില്‍ എത്തിപ്പെട്ടവരുണ്ടാവാം. അത് ഒരാരംഭമാണെന്നും, ജാഥ നയിച്ചും മൈതാനങ്ങളില്‍ ഇരമ്പിക്കൂടിയും വോട്ടുപെട്ടികള്‍ നിറച്ചും സഹായിച്ച ആള്‍ക്കൂട്ടത്തെ, ഉത്തരവാദിത്തമുള്ള ഒരു സമൂഹമാക്കി മാറ്റിയെടുക്കാനുള്ള ഒരു മഹാപ്രസ്ഥാനത്തിന്റെ തുടക്കം മാത്രമാണ് അധികാരത്തിന്റെ അവസരം എന്നും വിശ്വസിച്ചതുകൊണ്ടാണ് ഇ എം എസ് സമാരാധ്യനാവുന്നത്; മഹാനായ നേതാവാവുന്നത്.

അധികാര വികേന്ദ്രീകരണത്തിലൂടെ സമൂഹത്തിന്റെ പങ്കാളിത്തത്തെപ്പറ്റി ചിന്തിക്കുമ്പോഴും, അദ്ദേഹത്തിന് കേരളത്തെപ്പറ്റി, മലയാളിയുടെ മാതൃഭൂമിയെപ്പറ്റി സമഗ്രമായ ഉത്കണ്ഠയുണ്ടായിരുന്നു. ഭാഷ, സാഹിത്യം, സംസ്‌കാരം എന്നിവയെപ്പറ്റി നിരന്തരം ചിന്തിച്ചു കൊണ്ടിരുന്നു. സമൂഹത്തിന്റെ പണിത്തരവും പണിയായുധവും ഭാഷയാണെന്നു വിശ്വാസമുള്ളതുകൊണ്ടാണ് അദ്ദേഹം മലയാളത്തിന്റെ തനിമയും ചാരുതയും ലാളിത്യവും നിലനിര്‍ത്തണമെന്ന് ശഠിച്ചുകൊണ്ടിരുന്നത്.

സാഹിത്യ സമീപനങ്ങളില്‍ തങ്ങള്‍ക്ക് തെറ്റുപറ്റി എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ചിലര്‍ പരിഹസിച്ചു. അദ്ദേഹത്തിന്റെ ആദ്യകാല സാഹിത്യ സിദ്ധാന്തങ്ങളോട് ഒരിക്കലും എനിക്ക് യോജിപ്പുണ്ടായിരുന്നില്ല. പക്ഷെ തെറ്റുപറ്റി എന്ന് തോന്നിയാല്‍ അത് സമ്മതിക്കുക എന്നത് നമ്മുടെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക ജീവിതമണ്ഡലങ്ങളില്‍ ഒരു മഹാരഥനും ഇവിടെ പതിവില്ല. അഹം ബോധത്തെ കീഴടക്കി പരബോധത്തിന്റെ പ്രാധാന്യം അംഗീകരിക്കുക എന്ന ലക്ഷ്യമാണ് ഞാനിവിടെ കാണുന്നത്. എതിരഭിപ്രായക്കാരെ നേരിടാന്‍ പറ്റിയ വാദമുഖങ്ങള്‍ തിരയുന്നതിനിടക്ക്, സ്വന്തം വീക്ഷണം രൂപപ്പെടുത്താനുള്ള തുടക്കമിടാന്‍ കഴിഞ്ഞു എന്ന് ഇഎം എസ് പറയുമ്പോള്‍ ഞാന്‍ അത്ഭുതപ്പെടുന്നു. രൂപപ്പെടുത്തി എന്നല്ല പറയുന്നത്, രൂപപ്പെടുത്താനുള്ള തുടക്കമിടുന്നു എന്നാണ്. ഇ എം എസ്സിന് ഒരിക്കലും അന്വേഷണം അവസാനിക്കുന്നില്ല.

സമൂഹത്തിന്റെ സ്വാതന്ത്ര്യത്തെയും വികാസത്തെയും പറ്റി എന്നോരൂപം കൊണ്ട ചില പ്രമാണങ്ങളില്‍ത്തന്നെ മുറുകെ പിടിക്കുന്നവരെ കാലം പിന്തള്ളുന്നു. മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ സ്വാതന്ത്ര്യ സങ്കല്‍പ്പങ്ങള്‍ നിരന്തരമായ വിശകലനത്തിനും തിരുത്തലിനും വിധേയമാക്കേണ്ടി വരുന്നു. എന്റെ പരിമിതമായ കാഴ്ചപ്പാടില്‍, നയിക്കാന്‍ ഏതാനും പേരും നയിക്കപ്പെടാന്‍ അനേകരും എന്ന പഴയ സങ്കല്പത്തെ മാറ്റിയെടുക്കാനാണ് ഇ എം എസ് എന്നും ശ്രമിച്ചത്. ആചാരോപചാരമായ നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നതും അത് കൊണ്ട് തന്നെ.

കാലം സമൂഹത്തെ എത്തിക്കുന്ന ചില അവസ്ഥകളില്‍ ചില നിമിത്തങ്ങളായി ചിലര്‍ നേതൃത്വത്തിലെത്തുന്നു. ഉത്തരവാദിത്തത്തെ ഭയത്തോടെയല്ലാതെ ആദരവോടെ സ്വീകരിച്ച്, എല്ലാ വിധത്തിലുമുള്ള അടിച്ചമര്‍ത്തലുകളില്‍ നിന്ന് മോചനം നേടാന്‍ വെമ്പുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടി ലക്ഷ്യമാക്കുന്ന ഒരു നേതാവിന് എന്നും പുതിയ പഥങ്ങളിലേക്ക് ചിന്തയും പുതിയ ചക്രവാളങ്ങളിലേക്ക് വീക്ഷണവും അയച്ചു കൊണ്ടേയിരിക്കണം. അപ്പോള്‍ നേതാവ്, ഒരു നിമിത്തമല്ലാതെ ചരിത്രപരമായ ഒരാവശ്യകതയായി മാറുന്നു. അതായിരുന്നു ഇ എം എസ്. ഇത് കാലത്തിന്റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവര്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ തയ്യാറാകുമെന്ന് പ്രത്യാശിച്ചു കൊണ്ട് എന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നു.

എം.ടി.വാസുദേവൻ നായരുടെ പ്രസം​ഗത്തിന്റെ പൂർണരൂപം

കടപ്പാട് ഡി.സി.ബുക്സ്

Related Stories

No stories found.
logo
The Cue
www.thecue.in