ഏകാകിയുടെ തന്റേടം

ഏകാകിയുടെ തന്റേടം
Published on

ഓരോ എഴുത്താളും എന്തെങ്കിലും ചില ധർമ്മങ്ങൾ നിർവ്വഹിച്ചാണു കടന്നുപോകുന്നത്. അവർക്കൊക്കെ തങ്ങളുടേതായ ഇടങ്ങളുണ്ട്. അതിനപ്പുറം സവിശേഷമായ നിലയിൽ അടയാളപ്പെടുന്ന അപൂർവ്വം ചിലരുമുണ്ട്. തീർച്ചയായും എം. ടി. അങ്ങനെയൊരാളായിരുന്നു. തന്റെ എഴുത്തുവഴിയെന്തെന്നും അതിന്റെ പ്രസക്തിയെന്തെന്നുമുള്ള വ്യക്തമായ ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ തന്റേടം. അതു തിരിച്ചറിയാൻ ചരിത്രത്തെത്തന്നെ ആശ്രയിക്കേണ്ടതുണ്ട്. തകഴിയും കേശവദേവും പൊൻകുന്നം വർക്കിയും മറ്റും ആവിഷ്കരിച്ച യഥാതഥജീവിതചിത്രണത്തിനും അതിനു പൊറ്റെക്കാട്ടും ഉറൂബും നിർവഹിച്ച തുടർച്ചയ്ക്കും നന്മതിന്മകളിലധിഷ്ഠിതമായ ഒരു മൂല്യവ്യവസ്ഥയുടെ വീക്ഷണസ്ഥാനംകൂടിയുണ്ടായിരുന്നു. എങ്കിലും അതുവരെയുണ്ടായിരുന്ന അധീശത്വപരമായ മൂല്യങ്ങളിൽനിന്നു വ്യത്യസ്തമായിരുന്നു അത് എന്നതും പ്രധാനമാണ്. ശബ്ദങ്ങൾ പോലെയുള്ള കൃതികൾ എഴുതിയ ബഷീർ ഇക്കാര്യത്തിൽ കുറച്ചു വേറിട്ടുനില്ക്കുന്നു; എങ്കിലും സ്വന്തമായ ഒരു മൂല്യസമുച്ചയം അദ്ദേഹവും സൂക്ഷിക്കുന്നുണ്ട്. ഈ ഇടത്തിലേക്കാണ് നാലുകെട്ടും കാലവും അസുരവിത്തുമായി എം ടി കടന്നുവരുന്നത്. മൂല്യങ്ങളുടെ ഭാരത്തെ നിലത്തിറക്കിവച്ച് എല്ലാത്തരം വികാരങ്ങളും ബല-ദൗർബല്യങ്ങളുമുള്ള മനുഷ്യരാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിലേറെയും. എങ്കിൽപ്പോലും കഥാപാത്രങ്ങൾ തമ്മിൽ സൂക്ഷ്മവ്യതിയാനങ്ങളുമുണ്ട്.

ഉദാഹരണത്തിന് വിലാപയാത്ര എന്ന നോവലിൽ അച്ഛന്റെ മരണത്തെ അഭിമുഖീകരിക്കുന്ന നാലു മക്കൾ നാലു തരക്കാരാണെന്നു നാമറിയുന്നത് സൂക്ഷ്മതകളിൽ ശ്രദ്ധിക്കുമ്പോഴാണ്. ആത്മാർത്ഥവും കപടവുമായ പെരുമാറ്റങ്ങളുടെ വേർതിരിവും അനുഭവവും ഭാഷയും തമ്മിലുള്ള വിടവും അർത്ഥാനർത്ഥങ്ങളുടെ അതിരുകളുമെല്ലാം ഏറ്റവും വെളിപ്പെടുന്ന സന്ദർഭമാണല്ലൊ മരണം. മക്കളിൽ രണ്ടാമനായ രാജനിലാണ് ജീവിതമെന്ന വിലാപയാത്ര തുടങ്ങുന്നതും ഒടുങ്ങുന്നതും. തന്റേതായ അനുഭവങ്ങളുടെ വൈകാരികതയ്ക്കുള്ളിൽ പുലരുമ്പോഴും അതേ അനുഭവത്തെ മറ്റൊരാൾ എങ്ങനെ കാണുന്നു എന്ന ആകാംക്ഷയോടെ രാജനിൽ തുടങ്ങുന്ന നോവൽ, പുത്രനെന്ന നിലയിൽ 'പുത്' എന്ന വാക്ക് ഓർമ്മിക്കുന്ന രാജനിൽത്തന്നെ അവസാനിക്കുന്നു. ഭാഷയുടെ പ്രതീകാത്മകക്രമത്തിലൂടെയാണ് പലപ്പോഴും ഈ സൂക്ഷ്മവൈവിധ്യം സൃഷ്ടിക്കപ്പെടുന്നത്. പാക്കുപൊടിയുടെകൂടെ ചവച്ചുതുപ്പുന്ന സേട്ടുവിന്റെ വാക്കുകൾ മുതൽ തന്റെ ജോലി നഷ്ടപ്പെടുത്തിയ വാക്ക്, പൊങ്ങച്ചത്തെ നേരിടാൻ അതേമട്ടിൽ ഉപയോഗിക്കുന്ന വാക്ക്, തെറിവാക്ക്, മന്ത്രം പോലെയുള്ള വാക്ക്, അടിഞ്ഞുകിടക്കുന്ന ബലൂൺതുണ്ടുകളും കടലാസുകഷണങ്ങളും പോലെയുള്ള വാക്കുകൾ എന്നിങ്ങനെ വാക്കുകളുടെ വൈവിധ്യത്തിൽത്തന്നെ ചിലപ്പോൾ ആഖ്യാനം കേന്ദ്രീകരിക്കുന്നതു കാണാം.

ബാഹ്യസംഭവങ്ങളെക്കാൾ മനോനിലകളുടെയും മനോവേഗങ്ങളുടെയും ആഖ്യാനമായിരുന്നു എംടിയുടെ കല. മലയാളത്തിലെ ആഖ്യാന ശൈലിയില്‍ കൊണ്ടുവന്ന മാറ്റമാണ് എംടിയില്‍ ഏറ്റവും പ്രസക്തമായി എനിക്കു തോന്നിയിട്ടുള്ളത്. ആഖ്യാനം ഉത്തമപുരുഷ(first person)രീതിയിലോ പ്രഥമപുരുഷ(third person)രീതിയിലോ ആയാലും തന്നോടുതന്നെയും ഒപ്പം വായനക്കാരോടും സംസാരിക്കുന്ന ഒരു പുതുമട്ടായിരുന്നു അത്. പലപ്പോഴും ആഖ്യാതാവിന്റെ അദൃശ്യതയിൽ ആ മനോനിലകൾ തത്സമയംതന്നെ വായനക്കാരുടേതുകൂടിയായി. ജീവിതത്തിലെ അർത്ഥശൂന്യതകളും കാപട്യങ്ങളും സ്വാർത്ഥതകളും പൊള്ളത്തരങ്ങളുമൊക്കെ വെളിപ്പെടുത്താനായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ നിയോഗം. ഇതിഹാസത്തിലെ വീരനായകനായ ഭീമസേനൻ പോലും അദ്ദേഹത്തിന്റെ നോവലിൽ അപകർഷതാബോധം പേറുന്ന രണ്ടാമൂഴക്കാരനായി. അവഗണനയും ഒറ്റപ്പെടലും അനുഭവിക്കുന്ന ഇത്തരം കഥാപാത്രങ്ങളുമായി വായനക്കാർ പെട്ടെന്നു താദാത്മ്യപ്പെട്ടു. ഭീമൻ പോലും തങ്ങളിലൊരാൾ എന്ന് അവർക്കു തോന്നി. അതിന് ഏറ്റവുമധികം സഹായിച്ചത് ഈ ആഖ്യാനരീതിതന്നെ.

തകഴിയുടെയും കേശവദേവിന്റെയും മറ്റും കഥകളെ റിയലിസം എന്നാണ് നമ്മള്‍ വിശേഷിപ്പിച്ചിരുന്നത്. ശരിക്കുള്ള റിയലിസം സംഭവിക്കുന്നത് മനസ്സിന്റെ സങ്കീര്‍ണ്ണതയെക്കൂടി സംബോധന ചെയ്യുമ്പോഴാണല്ലോ. കോവിലനിലും പോഞ്ഞിക്കര റാഫിയിലും ഈ സ്വഭാവം കാണാമെങ്കിലും നിരന്തരമായ ആവർത്തനത്തിലൂടെ എം. ടി. അതിനു സ്ഥിരപ്രതിഷ്ഠ നല്കി. അത്തരത്തില്‍ മാനസികമായ റിയലിസം മലയാളത്തിൽ പ്രബലമായത് എംടിയുടെ രചനകളിലാണ്

എന്നു പറയേണ്ടി വരും. കർത്തൃസ്ഥാനങ്ങൾ മറച്ചുവച്ച വാക്യഘടനകളിലെ മുറിഞ്ഞും ഇടറിയുമുള്ള വാക്കുകളിലൂടെ മാനുഷികവികാരങ്ങളുടെ സങ്കീര്‍ണതകളും അസ്ഥിരതയും ആവിഷ്കരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. പ്രസന്നതയെക്കാൾ വിഷാദത്തോടടുത്തുനില്ക്കുന്ന ഭാഷയും ഏകലയസമന്വിതമായ ടോണും ചേർന്ന ഒരു മെലഡിയുടെ സംഗീതം എംടികൃതികളുടെ വായനയിൽ അനുഭവിക്കാനായിരുന്നു എന്നോർക്കുന്നു.

അദ്ദേഹത്തിന്റെ കൃതികളില്‍ നര്‍മ്മം കുറവാണ്. ഉണ്ടെങ്കിൽത്തന്നെ അതൊരുതരം ബ്ലാക്ക് ഹ്യൂമർ ആവും. കഥാപാത്രങ്ങൾക്ക് അന്യരുടെ കൗശലങ്ങളെയും സ്വന്തം കാപട്യങ്ങളെയും വെളിപ്പെടുത്തേണ്ടിവരുമ്പോഴാണ് ഇത്തരം നർമ്മത്തിന്റെ സാന്നിധ്യമുണ്ടാവുക. അതും പൊതുവേയുള്ള വിഷാദച്ഛായയോടു ചേർന്നു പോകുന്നു. ഇക്കാലത്ത് എംടി കൂടുതല്‍ വിമര്‍ശിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെയും ഭാഷയുടെയും പ്രതിനിധാനത്തിന്റെ പേരിലാണ്. മുസ്ലീം സമുദായത്തിലുള്ളവരുടെ അപരവത്കരണം, മരുമക്കത്തായം പിന്തുടർന്നിരുന്ന നായർസമുദായത്തിലുള്ള സ്ത്രീകളുടെ പദവി, ആൺപ്രതിനിധാനങ്ങളിലെ സ്ത്രീവിരുദ്ധത, അക്കാലത്തെ 'കീഴാള'രുടെ അദൃശ്യവത്കരണം, വള്ളുവനാടൻ സവർണ്ണഭാഷ തുടങ്ങിയ കാര്യങ്ങളാണ് ഇക്കാലത്ത് കൂടുതൽ വിമർശവിധേയമാകുന്നത്. സാംസ്കാരികരാഷ്ട്രീയം എംടിയുടെ കഥാപാത്രങ്ങളുടെ കാര്യത്തില്‍ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെപ്പറ്റി കൂടുതൽ ചർച്ചകളുണ്ടാവുന്നതിനെ അപരാധമായി കാണേണ്ടതില്ല. തീർച്ചയായും ഇത്തരം പ്രതിനിധാനങ്ങളെ പ്രശ്നവത്കരിക്കുന്ന ചില മറുവശങ്ങളും അദ്ദേഹത്തിന്റെ കൃതികളിലുണ്ട്. മാറിവരുന്ന ലോകബോധത്തിനനുസരിച്ചും സാംസ്കാരികസാഹചര്യങ്ങൾക്കനുസരിച്ചും സ്വാഭാവികമായുണ്ടാകുന്ന പ്രതികരണങ്ങൾ ആ കൃതികളുടെ സംവാദാത്മകമായി നിലനിർത്താൻ സഹായിക്കുകയേ ഉള്ളൂ. എങ്കിലും സാഹിത്യവായന പ്രതിനിധാനങ്ങളിൽ മാത്രം കേന്ദ്രീകരിക്കുന്നതിനോടു മമതയുമില്ല. കാരണം സാഹിത്യത്തിന്റെ ധർമ്മമെന്ത് എന്ന വിഷയത്തെക്കുറിച്ച് അന്തിമവാക്കു പറയാനുള്ള ശേഷി എനിക്കില്ല.

മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ പരിണാമത്തെ തന്റേതായ രീതിയില്‍ അടയാളപ്പെടുത്തിയ എഴുത്തുകാരനാണ് എം. ടി. കൊളോണിയല്‍ ആധുനികതയുടെ കാലത്ത് അണുകുടുംബം പോലെയുള്ള സ്ഥാപനങ്ങള്‍ രൂപപ്പെട്ട പശ്ചാത്തലത്തിലാണ് എം. ടി.യുടെ കഥകളും നോവലുകളും വരുന്നത്. തകര്‍ന്നു കൊണ്ടിരിക്കുന്ന തറവാടുകള്‍, വന്നുചേരുന്ന പുതിയ കുടുംബമാതൃകകള്‍, കുടുംബംതന്നെ ഇല്ലാതാകുന്ന അവസ്ഥ, ആളുകള്‍ വീടുവിട്ടു മറ്റിടങ്ങൾ തേടുന്ന ജീവിതസാഹചര്യം തുടങ്ങി പലതും സമൂഹത്തില്‍ സംഭവിക്കുന്ന സമയത്താണ് എംടിയുടെ കൃതികൾ പുറത്തുവരുന്നത്. ആ സാമൂഹികപരിണാമത്തെ അദ്ദേഹത്തിന്റേതായ രീതിയില്‍, അദ്ദേഹത്തിനു പരിചിതമായ സാമൂഹികസാഹചര്യത്തിൽ തന്റെ കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളിലൂടെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. അതായത് അദ്ദേഹം ജീവിച്ച സാംസ്‌കാരിക അന്തരീക്ഷത്തിന്റെ ശക്തമായ സ്വാധീനം അദ്ദേഹത്തിന്റെ എഴുത്തിലും ഉണ്ട്. പൊതുവേ ഒരു മധ്യവര്‍ത്തി നിലപാടാണ് എംടിയുടെ കഥകളില്‍ കാണാനാകുക. അത് അദ്ദേഹം സ്വീകരിച്ച പ്രമേയങ്ങളിലും ഭാഷയിലുമെല്ലാം വ്യക്തമാണ്. ഒ. വി. വിജയനും കോവിലനും പില്ക്കാലാധുനികരുമൊക്കെ ഒക്കെ എഴുത്തിൽ കൊണ്ടുവന്നതുപോലെ പ്രകോപനപരമായ ഒരു മാറ്റമല്ല എംടി കൃതികളിലുള്ളത്. ഈ മധ്യവര്‍ത്തി സ്വഭാവം സാഹിത്യത്തിലെ സുരക്ഷിതമായ ഇടമാണ്. എംടിക്കു ശേഷം വന്ന എഴുത്തുകാരെയും അദ്ദേഹത്തിന്റെ എഴുത്ത് സ്വാധീനിച്ചിട്ടുണ്ട്. സാഹിത്യത്തിലെ പ്രകോപനപരമായ പരീക്ഷണങ്ങൾക്ക് ഒട്ടൊരു ശമനം വന്ന പിന്നീടൊരു കാലത്ത് എഴുത്തുകാർ വീണ്ടും എംടിയുടെ തുടർച്ച ആഗ്രഹിച്ചതെന്തുകൊണ്ട് എന്നും ചർച്ച ചെയ്യേണ്ടതുണ്ട്. എന്തായാലും ഇക്കാലത്തും സജീവമായി വായിക്കപ്പെടുന്ന ഒരെഴുത്തുകാരനാണ് എംടി എന്നതിൽ സംശയമില്ല. അദ്ദേഹത്തിന്റെ വിയോഗം എന്നെയും ദുഃഖിതനാക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in