യൗവനത്തിന്റെ കള്‍ട്ടാണ് എംടി, യൗവനത്തെ ഏറ്റവും ഭംഗിയായി അവതരിപ്പിച്ച എഴുത്തുകാരന്‍

യൗവനത്തിന്റെ കള്‍ട്ടാണ് എംടി, യൗവനത്തെ   ഏറ്റവും ഭംഗിയായി അവതരിപ്പിച്ച എഴുത്തുകാരന്‍
Published on

അപ്പുക്കുട്ടേട്ടന്‍ എന്ന് പേരുള്ള ഒരാള്‍ ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു. അദ്ദേഹത്തില്‍ നിന്നാണ് അക്ഷരം പഠിക്കുന്നതിന് മുന്നേ എംടി വാസുദേവന്‍ നായര്‍ എന്ന ശബ്ദം കേട്ടത്. അപ്പുക്കുട്ടേട്ടന്റെ സഹപാഠിയായിരുന്നു അദ്ദേഹം. എംടിയുടെ പല വ്യക്തിപരമായ പ്രത്യേകതകളെകുറിച്ചും പല സന്ദര്‍ഭങ്ങളിലായി എന്റെ അച്ഛന്റെ അടുത്ത ബന്ധു കൂടിയായിരുന്ന അപ്പുക്കുട്ടേട്ടന്‍ പറയുമായിരുന്നു. യുപി ക്ലാസുകളില്‍ എത്തിയ കാലത്ത് എംടിയുടെ പുസ്തകങ്ങള്‍ അപ്പുക്കുട്ടേട്ടന്റെ കയ്യില്‍ നിന്ന് എടുത്തു വായിക്കാന്‍ തുടങ്ങി. ലളിതമായ ഭാഷ കൂടുതല്‍ കൂടുതല്‍ പുസ്തകങ്ങള്‍ അന്വേഷിക്കാനുള്ള പ്രേരണയായി. വളര്‍ന്നപ്പോള്‍ മനസിലായ പ്രധാന കാര്യം ഈ ലളിതമായ ഭാഷയില്‍ വാസ്തവത്തില്‍ ലളിതമായ കാര്യങ്ങളല്ല ഉള്ളത് എന്നുള്ളതാണ്. മറ്റൊരു ഘട്ടത്തിലാണ് എംടി യുടെ സര്‍ഗാത്മകമായ വായനാജീവിതത്തെക്കൂടി അറിയാന്‍ സന്ദര്‍ഭം ഉണ്ടായത്. അതോടുകൂടി എംടിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ വേറൊരു തലത്തിലേക്ക് എത്തുന്നുണ്ട്. എംടിയുടെ വായനാജീവിതത്തെക്കുറിച്ച് മാത്രം ഒരു പഠനം സാധ്യമാണ് എന്ന് തോന്നിയത് ഏതാണ്ട് അക്കാലത്താണ്.

അതിന്റെ പ്രാരംഭം എന്ന നിലയ്ക്ക് എംടിയുമായി ഒരു അഭിമുഖ സംഭാഷണം നടത്താന്‍ ശ്രമിച്ചു. എംടി യാതൊരു വൈമനസ്യവും കൂടാതെ ആ ഇന്റര്‍വ്യൂവിന് ഒരു ദിവസം മാറ്റി വെച്ചു. ഒരു ദിവസം മുഴുവനായി അദ്ദേഹത്തോട് ആ വിഷയത്തെക്കുറിച്ച് സംസാരിക്കാന്‍ കഴിഞ്ഞു. അത് പിന്നീട് പുസ്തകമായി വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് മാതൃഭൂമി ബുക്‌സിന്റെ താല്പര്യം കൂടി പരിഗണിച്ച് വായനക്കാരന്‍ എംടി എന്ന പുസ്തകം എഴുതാന്‍ കഴിഞ്ഞത്. ഒരു മാസം കൊണ്ട് എഴുതി പൂര്‍ത്തിയാക്കിയ പുസ്തകമാണ്. അത് എംടി വായിക്കണം എന്ന താല്‍പര്യം എനിക്കുണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ അപ്പോഴത്തെ ശാരീരിക സ്ഥിതി വേണ്ടത്ര നന്നായിരുന്നില്ല. അതുകൊണ്ടുതന്നെ വായിക്കാനുള്ള താല്‍പര്യം ഉണ്ടായിരുന്നില്ല. പക്ഷേ ആ പുസ്തകത്തിന്റെ പ്രകാശന സന്ദര്‍ഭത്തില്‍ അദ്ദേഹം വരികയുണ്ടായി.

സാറാ ജോസഫാണ് പുസ്തകം പ്രകാശനം ചെയ്തത്, കോഴിക്കോട് വെച്ച്. അദ്ദേഹം അവിടെ വേദിയില്‍ കയറിയില്ലെങ്കിലും താഴെ സദസ്യരുടെ കൂടെ ഇരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അരികില്‍ ഒരു കസേര ഒഴിഞ്ഞു കിടക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ അവിടെ പോയിരുന്നു. എന്റെ മുഖത്തേക്ക് എംടി നോക്കി അദ്ദേഹത്തിന്റെ ഭാഗത്തുള്ള എന്റെ കൈയില്‍ ഒരുപാട് തവണ ഒരു വിരലുകൊണ്ട് അദ്ദേഹം മുട്ടിക്കൊണ്ടിരുന്നു. ആ മുട്ടലിലൂടെ എന്തോ ഒരു സന്ദേശം അദ്ദേഹം കൈമാറുകയിരുന്നു എന്ന് കരുതുന്നു. ആ സന്ദേശം എന്താണ് എന്ന അന്വേഷമാണ് ഇനി ഞാന്‍ നടത്തേണ്ടിയിരിക്കുന്നത്.

എംടിയുമായി സൗഹൃദമുണ്ട് എന്ന് പറഞ്ഞുകൂടാ. പക്ഷേ കാസറഗോഡുള്ള എന്റെ ഗ്രാമം, ജോലി ചെയ്യുന്ന സാംസ്‌കാരിക സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലൊക്കെ പലപ്പോഴായി എംടി വന്നിട്ടുണ്ട്. അവിടെ എംടി നടത്തിയ പ്രസംഗങ്ങള്‍ ഒരിക്കലും കെട്ടിവെപ്പിച്ചിട്ടുള്ള പ്രസംഗങ്ങള്‍ ആയിരുന്നില്ല. വായനയെക്കുറിച്ചും പ്രകൃതിയെ കുറിച്ചും മനുഷ്യ സ്വഭാവത്തിലുള്ള മാറ്റങ്ങളെ കുറിച്ചും അധികാരത്തിന്റെ ആധിക്യത്തെ കുറിച്ചുമൊക്കെയാണ് എംടി ഗ്രാമീണരോട് സംസാരിച്ചത്.

എംടി ഒരുപാട് വിഷയങ്ങളില്‍ താല്‍പര്യമുള്ള ഒരു എഴുത്തുകാരനായിരുന്നു. പുതിയ പുതിയ കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള സന്നദ്ധത അദ്ദേഹത്തിനുണ്ടായിരുന്നു. ആ നിലയ്ക്കാണ് അദ്ദേഹം വാര്‍ധക്യത്തെ മാറ്റി വെച്ചുകൊണ്ടിരുന്നത്. മരുന്നുകളുടെ സഹായം കൊണ്ട് മാത്രമല്ല, പുതിയ കാര്യങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ ലോകത്തിന്റെ കൂടെ പുതിയ കാലത്തിന്റെ കൂടെ നില്‍ക്കുക എന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ വൈഞ്ജാനികപരമായ സംസ്‌കാരം. കാഴ്ച്ചയില്‍ പ്രായമായി തുടങ്ങിയെങ്കിലും വിഷയങ്ങളുടെ കാര്യത്തില്‍ അദ്ദേഹത്തിന് യൗവനമായിരുന്നു. യൗവനത്തിന്റെ കള്‍ട്ടാണ് എംടി. യൗവനം എന്ന വിഷയത്തെ കേരളത്തില്‍ ഏറ്റവും ഭംഗിയായി അവതരിപ്പിച്ച എഴുത്തുകാരന്‍ എംടിയാണ്. അതുകൊണ്ടാണ് എംടിക്ക് യുവാക്കളുടെ പിന്തുണ കിട്ടികൊണ്ടിരുന്നത്. യുവാക്കള്‍ ഇന്നും നേരിടുന്ന മാനുഷിക സാംസ്‌കാരിക ശാരീരിക പ്രശ്‌നങ്ങള്‍ എംടി വിഷയമാക്കി മാറ്റിയിട്ടുണ്ട്. നമ്മുടെ ഭാഷയ്ക്ക് ഇത്ര കാര്യവാഹകശേഷിയുണ്ട് എന്ന് എംടി തെളിയിക്കുന്നുണ്ട്. ഗ്രാമങ്ങളിലെ ഭാഷയ്ക്ക് ഒരുപാട് അര്‍ത്ഥ ശക്തി ഉണ്ടെന്ന് തെളിയിക്കപ്പെട്ടത് എംടി വാസുദേവന്‍ നായരുടെ കഥകളിലൂടെയും നോവലുകളിലൂടെയുമാണ്. അതുപോലെ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ഔചിത്യത്തോടെയും ആലോചിച്ചും വരുന്നതാണെന്ന് തോന്നിയിട്ടുണ്ട്. ഒരു സ്ഥലത്ത് പ്രസംഗിക്കാന്‍ വരുമ്പോള്‍ ആ സ്ഥലത്തെ കുറിച്ച് നന്നായി പഠിച്ചാണ് അദ്ദേഹം വരാറ്.

എന്റെ നാട്ടിലെ ഒരു വായനശാലയുടെ അന്‍പതാം വാര്‍ഷികത്തിന് അദ്ദേഹം വന്നപ്പോള്‍ അവിടുത്തെ മണ്ണ് നോക്കിയിട്ട് പറഞ്ഞു, ഇത് പഴയ കാലത്തു കടലാണ് തോന്നുന്നു. അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കള്‍ മാലിദ്വീപിലായിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ വൈകാരികമായി അദ്ദേഹം സംസാരിച്ചു. മണ്ണിനെ കുറിച്ച് കടലിനെ കുറിച്ച് കടലിന്റെ സംരക്ഷണത്തെ കുറിച്ചും സംസാരിച്ചു. വൈഞ്ജാനികതയുടെ ഉള്ളടക്കം അദ്ദേഹത്തിന്റെ കാല്പനികതയുടെ കൂടെ എന്നും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ എംടി തുടരും.

Related Stories

No stories found.
logo
The Cue
www.thecue.in