
ഡോക്ടര്‍ മന്‍മോഹന്‍ സിങ്ങിന്റെ വേര്‍പാട് സത്യത്തില്‍ രാജ്യത്തിന് വലിയ നഷ്ടമാണ്. സാധാരണ രാഷ്ട്രീയക്കാരുടെ വേര്‍പാടില്‍ നമ്മള്‍ പറയുന്ന വാക്കല്ല അത്. അദ്ദേഹം ഈ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വേണ്ടി ചെയ്ത സേവനങ്ങള്‍, സംഭാവനകള്‍ വളരെ വിലപിടിപ്പുള്ളവയാണ്. രാജ്യത്തിന്റെ ഭാവിയെ മുഴുവന്‍ തന്നെ ഇന്‍ഫ്‌ളുവന്‍സ് ചെയ്ത നടപടികള്‍ ആയിരുന്നു അദ്ദേഹത്തിന്റേത്. നരസിംഹറാവുവിന്റെ കാലത്തായിരുന്നു രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ വലിയ മാറ്റങ്ങളും നയങ്ങളും ഉണ്ടായത്. അന്ന് നരസിംഹറാവു പൂര്‍ണമായും ആശ്രയിച്ചത് മന്‍മോഹന്‍ സിങ്ങിനെ ആയിരുന്നു. നല്ലൊരു സാമ്പത്തിക വിദഗ്ദ്ധനായ അദ്ദേഹത്തിന് അതിനുള്ള യോഗ്യത ഉണ്ട് എന്നുള്ളതായിരുന്നു അതിന് കാരണം. ഇത് ലോകം മുഴുവന്‍ അംഗീകരിച്ച കാര്യമാണ്.
ബരാക് ഒബാമ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ മന്‍മോഹന്‍ സിങ്ങിനെ കുറിച്ച് വളരെ മനോഹരമായി എഴുതിയിട്ടുണ്ട്. കൂടാതെ താന്‍ സാമ്പത്തിക മേഖലയില്‍ പ്രശ്ങ്ങള്‍ ഉണ്ടാവുബോള്‍ മന്‍മോഹന്‍ സിംഗിന്റെ ഉപദേശം തേടാറുണ്ട് എന്ന് പലപ്പോഴായി പറഞ്ഞിട്ടുമുണ്ട്. ആ രീതിയിലുള്ള യോഗ്യതയുള്ള ഒരാളായിരുന്നു മന്‍മോഹന്‍ സിങ്. രാഷ്ട്രീയം എന്നുള്ളത് അദ്ദേഹത്തിന്റെ മുഖ്യ മേഖല അല്ല. അടിസ്ഥാനപരമായി അദ്ദേഹം ഒരു ഇക്കണോമിസ്റ്റാണ് ആദ്യവും അവസാനവും അതായിരുന്നു. രാഷ്ട്രീയ സാഹചര്യങ്ങള്‍ കൊണ്ട് പ്രധാനമന്ത്രിയായി. 2008ല്‍ ലോകത്ത് സാമ്പത്തികമാന്ദ്യം രൂക്ഷമായപ്പോള്‍ യുഎസ് അടക്കം നിരവധി രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതി തകര്‍ന്നപ്പോള്‍ മന്‍മോഹന്‍ സിങ്ങിന്റെ വിദഗ്ദ്ധമായ ഫൈനാന്‍ഷ്യല്‍ മാനേജ്മെന്റ് കൊണ്ട് നമ്മുടെ രാജ്യത്തെ എക്കണോമിയെ അത് ഒരു തരത്തിലും ബാധിച്ചില്ല. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളാണ് അതിന് കാരണം.
എന്റെ വ്യക്തിപരമായ അനുഭവം ഓര്‍ക്കുമ്പോള്‍, 2005ല്‍ ഞാന്‍ സെക്രട്ടറി ജനറല്‍ ആയിരുന്ന സമയം മന്‍മോഹന്‍ സിങ് അന്നത്തെ പ്രധാനമന്ത്രിയാണ്. അദ്ദേഹം പ്രധാനമന്ത്രി ആയിരുന്ന 2014 വരെയുള്ള കാലത്ത് ഒരു പ്രധാനമന്ത്രിയുടെ എല്ലാ നിലവാരവും പുലര്‍ത്തിയിരുന്ന ഒരു വ്യക്തിയായിരുന്നു. സഭയിലും പുറത്തും അദ്ദേഹത്തിന്റെ പ്രസംഗങ്ങളും സംസാരവും മാന്യത പുലര്‍ത്തിയിരുന്നതായിരുന്നു. പ്രതിപക്ഷത്തോടു പോലും ആക്ഷേപിക്കുന്ന തരത്തിലോ അവരെ അനാവശ്യമായി കടന്നാക്രമിക്കുന്ന രീതിയിലോ ഒരു പെരുമാറ്റം പോലും മന്‍മോഹന്‍ സിങ്ങിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. ഇന്നത്തെ രീതി അതാണല്ലോ? കൂടുതല്‍ സംസാരിക്കാത്ത, ആവശ്യമില്ലാത്ത കാര്യത്തില്‍ അഭിപ്രായം പറയാത്ത ഒരു വ്യകതി.
ഞാന്‍ സെക്രട്ടറി ജനറല്‍ ആയിരുന്ന സമയത്ത് അദ്ദേഹവുമായി അടുത്ത് ഇടപഴകിയിരുന്നു. ആ സമയത്ത് വലിയൊരു ബന്ധം അദ്ദേഹവുമായി ഉണ്ടയായിരുന്നു. 2007ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഞാനായിരുന്നു റിട്ടേണിങ് ഓഫീസര്‍. പ്രതിഭാ പാട്ടീല്‍ ആയിരുന്നു അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. അവരുടെ ഏജന്റ് ആയി അന്ന് തെരഞ്ഞെടുത്തത് പ്രിയരഞ്ജന്‍ ദാസ് മുന്‍ഷിയെ ആയിരുന്നു. ബംഗാളില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായിരുന്ന അദ്ദേഹത്തോട് മന്‍മോഹന്‍ സിങ് പ്രത്യകം പറഞ്ഞിരുന്നത് റിട്ടേണിങ് ഓഫീസര്‍ ആയിരുന്ന പി.ഡി.ടി. ആചാരി പറയുന്നത് പോലെയേ ചെയ്യാവൂ എന്നാണ്. ഒരിക്കല്‍ പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി എന്നോട് അത് പറഞ്ഞിട്ടുണ്ട്. ഇലക്ഷന്‍ ഭംഗിയായി നടക്കുകയും പ്രതിഭാ പാട്ടീല്‍ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സത്യപ്രതിജ്ഞ നടക്കുന്ന സമയം എനിക്കും ക്ഷണം ഉണ്ടായിരുന്നു. ഞാന്‍ അവിടെ പോയപ്പോള്‍ ദൂരെ നിന്ന് മന്‍മോഹന്‍ സിങ് എന്നെ കണ്ടു അടുത്തേക്ക് വിളിച്ചു. ഹസ്തദാനം ചെയ്ത് എന്നോട് പറഞ്ഞു 'JOB WELL DONE ' വളരെ നന്നായിരുന്നു. അത്രയേ പറയൂ അദ്ദേഹം പക്ഷെ അത് വളരെ ആത്മാര്‍ത്ഥമായേ പറയൂ.
അത് കൂടാതെ മറ്റൊരു അനുഭവം ഓര്‍മയില്‍ വരുന്നത് 'ഓഫീസ് ഓഫ് പ്രോഫിറ്റ് ' എന്നൊരു സംഭവമുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന ഒരു എംപിയോ എംഎല്‍എയോ ശമ്പളമുള്ള ഒരു പോസ്റ്റ് ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്ന് സ്വീകരിക്കുകയാണെങ്കില്‍ അവര്‍ അയോഗ്യരാക്കപ്പെടും. ഈ അയോഗ്യത ഒഴിവാക്കാന്‍ വേണ്ടി മന്‍മോഹന്‍ സിങ്ങിന്റെ കാലത്തു ഒരു ബില്ല് സഭയില്‍ കൊണ്ടുവന്നു. ചില ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഇരിക്കുന്നവരെ സംരക്ഷിക്കാന്‍ വേണ്ടി ആയിരുന്നു ആ ബില്ല് കൊണ്ട് വന്നത്. അക്കാലത്ത് ഓഫീസ് ഓഫ് പ്രോഫിറ്റിനെ കുറിച്ച് ഞാനൊരു ബുക്ക് എഴുതിയിരുന്നു. അതിന്റെ ഒരു കോപ്പി ഞാന്‍ മന്‍മോഹന്‍ സിങ്ങിന് കൊടുത്തിരുന്നു. അതിനെ കുറിച്ച് ഒരുപാട് എന്നോട് സംസാരിച്ചു എന്റെ അഭിപ്രായങ്ങളും അദ്ദേഹത്തോട് പറഞ്ഞു. ഒരു ഡീറ്റൈല്‍ നോട്ട് എഴുതി തരാനും ആവശ്യപ്പെട്ടു. എന്ത് കൊണ്ട് ആ ബില്ല് ശരിയല്ല എന്ന് ഞാന്‍ ഡീറ്റൈല്‍ ആയി നോട്ടില്‍ വിശദീകരിച്ചു.
പക്ഷെ പാര്‍ലമെന്റില്‍ വെച്ച ബില്‍ പിന്‍വലിച്ചില്ല പാസാക്കുക തന്നെ ചെയ്തു. അത് കഴിഞ്ഞു ഒരിക്കല്‍ ലോ മിനിസ്റ്റര്‍ എന്റെ മുറിയില്‍ വന്നു. മന്‍മോഹന്‍ സിങ് പറഞ്ഞിട്ട് വന്നതാണെന്നും താങ്കളുടെ അഭിപ്രായം ഞങ്ങളുടെ ക്യാബിനറ്റ് സ്വീകരിച്ചുവെന്നും അറിയിച്ചു. ഈ സമയത്ത് ബില്ല് പിന്‍വലിക്കുന്നത് പൊളിറ്റിക്കലി ശരിയല്ലാത്തതു കൊണ്ടാണ് അപ്രകാരം ചെയ്യാത്തതെന്നും പക്ഷെ താങ്കളുടെ അഭിപ്രായം ഒരു കമ്മിറ്റി വെച്ച് പരിശോധിക്കുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. എന്റെ അഭിപ്രായത്തെ തങ്ങള്‍ മാനിക്കുന്നുണ്ടെന്ന് അറിയിക്കുന്നതിനായാണ് ്പ്രധാനമന്ത്രി നിയമമന്ത്രിയെ എന്റെ അടുത്തേക്ക് പറഞ്ഞു വിട്ടത്. അദ്ദേഹത്തിന് അതിന്റെ ഒരു ആവശ്യവും ഇല്ല. അതാണ് അദ്ദേഹത്തിന്റെ ഒരു മഹത്വം. അദ്ദേഹത്തിന്റെ സാന്നിധ്യം രാജ്യത്തിന് ആവശ്യമായിരുന്നു അദ്ദേഹത്തെ പോലുള്ള ആളുകളുടെ വിയോഗം രാജ്യത്തിന് വലിയ നഷ്ടമാണ്.