കൂടല്ലൂരിനെ വിമർശിച്ചവർക്ക് ഫോക്നറിലൂടെ മറുപടി നൽകിയ എംടി

കൂടല്ലൂരിനെ വിമർശിച്ചവർക്ക് ഫോക്നറിലൂടെ മറുപടി നൽകിയ എംടി
Published on

മലയാളിയുടെ അക്ഷര ലോകത്തെ ഏറ്റവും വലിയ 'സൂപ്പര്‍ സ്റ്റാര്‍' ആയിരുന്നു എം.ടി. വാസുദേവന്‍ നായര്‍. ആ താരപരിവേഷം ആരെങ്കിലും ചാര്‍ത്തിക്കൊടുത്തതായിരുന്നില്ല. കൈവച്ച മേഖലകളിലെ വൈവിധ്യം, ആ മേഖലകളിലെല്ലാം പുലര്‍ത്തിയ ഉന്നതമായ നിലവാരം എന്നിങ്ങനെയുള്ള അത്യപൂര്‍വ നേട്ടങ്ങളാണ് അദ്ദേഹത്തിന് സമാനതകളില്ലാത്ത താരശോഭ നല്‍കിയത്. കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന്‍, യാത്രാ വിവരണങ്ങളുടെ രചയിതാവ്, ലേഖകന്‍, പത്രാധിപര്‍, സ്ഥാപന നിര്‍മാതാവ്, കേന്ദ്ര-കേരള സാഹിത്യ അക്കാദമികളുടെ ഭാരവാഹി എന്നിങ്ങനെ ആരെയും മോഹിപ്പിക്കുന്ന കര്‍മ മേഖലകളിലൂടെയാണ് എംടി കടന്നുപോയത്. ഇതില്‍ ഏതെങ്കിലും ഒരു രംഗത്തെങ്കിലും വിജയം വരിച്ചാല്‍ ഒരാളെ മഹാനായി കണക്കാക്കുന്ന നാട്ടില്‍, ഈ മേഖലകളിലെല്ലാം ഉന്നതസ്ഥാനീയനായി മാറിയ എംടി സമാനതകളില്ലാത്ത, ഇനി ഉണ്ടാകാനിടയില്ലാത്ത വ്യക്തിത്വമാണ്.

കൂടല്ലൂരിനെ വിമർശിച്ചവർക്ക് ഫോക്നറിലൂടെ മറുപടി നൽകിയ എംടി
എം ടി എന്ന കടൽ

കഥാകാരനെന്ന നിലയില്‍ മലയാളത്തില്‍ തനിക്ക് മുമ്പേ പോയവരില്‍നിന്ന് വ്യത്യസ്തമായ രൂപവും ശൈലിയുമാണ് എംടി സ്വീകരിച്ചത്. അന്തര്‍മുഖത്വം നിറഞ്ഞ മനുഷ്യനായിരുന്നു എംടിയുടെ മുഖ്യ കഥാപാത്രങ്ങള്‍. അവരുടെ മനസ്സിലേക്ക് തുറന്നു വെച്ചിരുന്ന കണ്ണാടിയിലെ പ്രതിബിംബങ്ങളാണ് വായനക്കാരുടെ മുന്നില്‍ തെളിഞ്ഞുവന്നത്. ആ ഭൂമികയുടെ പരിമിതികളുടേ പേരില്‍ എംടി ഒട്ടേറെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. കൂടല്ലൂരിന്റെ കഥാകാരന്‍ എന്നത് എംടിയുടെ പരിമിതിയായി പലരും വിലയിരുത്തി. അവരോട് എംടി തിരിച്ചു ചോദിച്ചത് 'ഫോക്‌നര്‍ യൊക്നപട്ടാഫയേ കുറിച്ച് മാത്രമല്ലേ എഴുതിയിട്ടുള്ളൂ' എന്നാണ്. 'വ്യത്യസ്തമായ ഭൂഭാഗങ്ങള്‍ തേടി ഞാന്‍ അലയാറുണ്ട്, പക്ഷെ തിരിച്ചെത്തുന്നത് എന്റെ നിളാ തീരത്താണ്. അറിയാത്ത അത്ഭുതങ്ങളെ ഉള്ളില്‍ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാള്‍ എനിക്കിഷ്ടം ഞാനറിയുന്ന എന്റെ നിളാനദിയെയാണ്' എന്ന് തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

കൂടല്ലൂരിനെ വിമർശിച്ചവർക്ക് ഫോക്നറിലൂടെ മറുപടി നൽകിയ എംടി
പിടിക്കാനാഞ്ഞ എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി; മമ്മൂട്ടിയുടെ എം.ടി

എംടി എഴുതിയതേറെയും നായര്‍ തറവാടുകളുടെ കഥയായിരുന്നു എന്നതിന്റെ പേരിലും അദ്ദേഹം ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഫ്യൂഡല്‍ പശ്ചാത്തലത്തില്‍ കഥകള്‍ പറയുമ്പോഴും ഒരിക്കലും അതിനെ മഹത്വവത്കരിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ല എന്നത് അദ്ദേഹത്തിന്റെ വിമര്‍ശകര്‍ കാണാതെ പോകുന്നു. തന്റെ ആദ്യ നോവല്‍ അവസാനിപ്പിക്കുന്നത് തന്നെ നാലുകെട്ട് പൊളിച്ചുകളഞ്ഞ് കുറേക്കൂടി കാറ്റും വെളിച്ചവും കയറുന്ന ഒരു വീടുവെക്കണം എന്നു പറഞ്ഞു കൊണ്ടാണ്.

കൂടല്ലൂരിനെ വിമർശിച്ചവർക്ക് ഫോക്നറിലൂടെ മറുപടി നൽകിയ എംടി
എം.ടി.വാസുദേവൻ നായർ, മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭ

നിരന്തരം നവീകരിച്ചുകൊണ്ടിരുന്ന ഭാവുകത്വമായിരുന്നു എംടിയെ മറ്റെഴുത്തുകാരില്‍നിന്ന് വ്യത്യസ്തനാക്കിയത്. പ്രഗത്ഭരായ പല എഴുത്തുകാരും തങ്ങളെ തന്നെ സ്വയം അനുകരിച്ചു കൊണ്ടിരുന്നപ്പോള്‍, എംടിയുടെ രചനാലോകത്തിന് അനുസ്യൂതമായ വളര്‍ച്ചയുണ്ടായിരുന്നു. 'ഷെര്‍ലക്കില്‍' എത്തുമ്പോള്‍ ആ വളര്‍ച്ച വളരെ പ്രകടമാണ്. ലോക സാഹിത്യത്തിലെ ഏറ്റവും നവീനമായ ചലനങ്ങളെ പോലും തിരിച്ചറിയാന്‍ കഴിയുന്ന അപാരമായ വായനയായിരുന്നു എംടിയുടെ ശക്തി. 'ഏകാന്തതയുടെ നൂറു വര്‍ഷങ്ങളെ' കുറിച്ച് കേരളത്തില്‍ ആദ്യമായി സംസാരിച്ചയാള്‍ എംടിയായിരുന്നു. പിന്നീടാണ് ആ നോവലിന് നൊബേല്‍ സമ്മാനം ലഭിക്കുന്നത്.

കൂടല്ലൂരിനെ വിമർശിച്ചവർക്ക് ഫോക്നറിലൂടെ മറുപടി നൽകിയ എംടി
വായിക്കാനാര്‍ക്കും ബാധ്യതയില്ല. പക്ഷേ നമ്മള്‍ അവരെ വായിപ്പിക്കണം; എം.ടി.വാസുദേവൻ നായർ അഭിമുഖം

യാതൊരു അരക്ഷിതബോധവുമില്ലാതെ, നവീനമായ ഭാവുകത്വങ്ങളെ ഉള്‍ക്കൊള്ളാനുള്ള കഴിവാണ് എംടി എന്ന പത്രാധിപനെ വ്യത്യസ്തനാക്കിയത്. തന്റേതില്‍നിന്ന് തികച്ചും വ്യത്യസ്തമായ ശൈലിയും പ്രമേയങ്ങളും സ്വീകരിച്ച, തനിക്കുശേഷം വന്ന എഴുത്തുകാരുടെ പ്രതിഭയെ തിരിച്ചറിയാനും പ്രോത്സാഹിപ്പിക്കാനും അപാരമായ ആത്മവിശ്വാസമുള്ള ഒരു എഴുത്തുകാരനു മാത്രമേ കഴിയുമായിരുന്നുള്ളൂ. മലയാളത്തിലെ ആധുനികരായ എഴുത്തുകാരുടെയെല്ലാം ആദ്യകാല കഥകള്‍ പ്രസിദ്ധീകരിക്കാന്‍ എംടി പ്രദര്‍ശിപ്പിച്ച ധൈര്യം മറ്റെഴുത്തുകാരില്‍നിന്നും അദ്ദേഹത്തെ വേര്‍തിരിച്ച് നിര്‍ത്തുന്നു.

ചലച്ചിത്രകാരന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ രണ്ട് തലങ്ങളിലായിരുന്നു. കലാമൂല്യമുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ആ മാധ്യമത്തിലുള്ള കയ്യടക്കം അദ്ദേഹം പ്രകടിപ്പിച്ചു. നിലവാരമുള്ള തിരക്കഥകള്‍ മുഖ്യധാര സംവിധായകര്‍ക്ക് നല്‍കി സിനിമയിലെ വ്യവസായവും കലയും തമ്മിലുള്ള അതിര്‍വരമ്പുകളെ നേര്‍ത്തതാക്കി. അദ്ദേഹം ഒരു ജീവിത നിയോഗം പോലെ ഏറ്റെടുത്തതാണ് തുഞ്ചന്‍ പറമ്പിലെ എഴുത്തച്ഛന്‍ സ്മാരകം. ആ സ്ഥാപനത്തെ വളര്‍ത്തുന്നതിലും പരിപാലിക്കുന്നതിലും അദ്ദേഹം കാണിച്ച സമര്‍പ്പണ ബോധം അന്യാദൃശ്യമായിരുന്നു.

പ്രകടമായ രാഷ്ട്രീയ അഭിപ്രായങ്ങള്‍ നടത്തിയിരുന്ന ആളായിരുന്നില്ല എംടി വാസുദേവന്‍ നായര്‍. പക്ഷെ തന്റേതായ രീതിയില്‍ തന്റെ രാഷ്ട്രീയ ബോധം അദ്ദേഹം പ്രകടിപ്പിച്ചുകൊണ്ടിരുന്നു. ബാബറി മസ്ജിദ് ധ്വംസനത്തിന് തൊട്ടുപിന്നാലെയാണ് പുനരുത്ഥാന വാദത്തെ പൊളിച്ചടുക്കുന്ന പരിണയം എന്ന സിനിമ അദ്ദേഹം എഴുതുന്നത്. അധികാരത്തിന്റെ മുഖത്തുനോക്കി സത്യം പറയുന്നതിനുള്ള ധൈര്യം തൊണ്ണൂറാം വയസ്സിലും അദ്ദേഹം പ്രദര്‍ശിപ്പിച്ചത് സമീപകാലത്ത് നാം കണ്ടതാണ്. വായനയിലൂടെ വളര്‍ന്ന മലയാളികളുടെ പല തലമുറകള്‍ക്ക് എംടിയെ സ്പര്‍ശിക്കാതെ, സ്വാംശീകരിക്കാതെ കടന്നുപോകാന്‍ കഴിഞ്ഞിട്ടില്ല. ഇനിയും കഴിയുകയുമില്ല.

Related Stories

No stories found.
logo
The Cue
www.thecue.in