

നിവിൻ പോളി, ബലചന്ദ്രമേനോൻ എന്നിവരെ മുഖ്യകഥാപാത്രമാക്കി ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിലും ട്രെയ്‌ലറും ഈ മാസം 17ന് പുറത്തിറക്കും. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് അണിയറപ്രവർത്തകർ പങ്കുവെച്ചു. എല്ലാ കഥകൾക്കും ഒരു നിമിഷമുണ്ട്, ഞങ്ങളുടേത് തുടങ്ങുന്നത് പതിനേഴിനാണ് എന്നെഴുതി കുറിപ്പുമായിട്ടാണ് പോസ്റ്റർ പുറത്തുവന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർ.ഡി ഇലുമിനേഷൻസ് എൽഎൽപിയുമാണ് ചിത്രം നിർമ്മിക്കുന്നത്.
കേരളത്തിൽ ചർച്ചയായ ചില രാഷ്ട്രീയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ചിത്രത്തിന്റെ തിരക്കഥ ബി ഉണ്ണികൃഷ്ണൻ എഴുതിയിരിക്കുന്നത്. രണ്ട് ചിത്രങ്ങൾക്ക് ശേഷം വീണ്ടും ഉണ്ണികൃഷ്ണൻ തിരക്കഥാ രചനയിലേക്ക് തിരിച്ചുവരികയാണ്. കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി തൊണ്ണൂറോളം ദിവസങ്ങളെടുത്താണ് ചിത്രം പൂർത്തിയായത്. ഏറെ നാളുകളായി മലയാള സിനിമയിൽ കാണാത്ത ഴോണറായ പൊളിറ്റിക്കൽ ഡ്രാമ ഗണത്തിലാണ് ഈ ചിത്രം. പെരുന്നാൾ റിലീസായി ചിത്രം തീയ്യേറ്ററുകളിലെത്തും എന്നാണ് സൂചന. സിനിമ ജീവിതത്തിന്റെ അമ്പതാം വർഷത്തിൽ ബാലചന്ദ്രമേനോൻ അതിശക്തമായ കഥാപാത്രവുമായി തിരിച്ചെത്തുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.
വൻ താരനിരയാണ് ചിത്രത്തിൽ ഉള്ളത്. ഷറഫുദ്ധീൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, ആൻ അഗസ്റ്റിൻ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിശാന്ത് സാഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ് , ചിരാഗ് ജാനി, അനീന, നന്ദിനി ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നാലായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകളേയും ആയിരത്തിലേറെ പോലീസുകാരേയും അണിനിരത്തി ഒക്ടോബറിൽ തിരുവനന്തപുരത്ത് നടത്തിയ സെക്രട്ടേറിയേറ്റ് വളയൽ സമരത്തിന്റെ ചിത്രീകരണം വലിയ വാർത്തയായിരുന്നു. ഇത്രയും അധികം ആളുകളെ ഉൾപ്പെടുത്തി വലിയ സീക്വൻസ് മുമ്പ് മലയാളച്ചിത്രത്തിൽ അധികം ഉണ്ടായിട്ടില്ല. ആയിരത്തിലേറെ ജൂനിയർ ആർട്ടിസ്റ്റുകളെ അണിനിരത്തിക്കൊണ്ടുള്ള രംഗങ്ങൾ കൊച്ചിയിലും ചിത്രീകരിച്ചിരുന്നു.
ചന്ദ്രു സെൽവരാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം നിർവഹിക്കുന്നത് ജസ്റ്റിൻ വർഗീസ്. ബൈജു ഗോപാലൻ, വി.സി പ്രവീൺ എന്നിവർ സഹനിർമാതാക്കൾ ആകുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ കൃഷ്ണമൂർത്തി, ദുർഗ ഉണ്ണികൃഷ്ണൻ എന്നിവരാണ്. എഡിറ്റർ- മനോജ് സി.എസ്, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, പ്രൊഡക്ഷൻ കണ്ട്രോളർ- അരോമ മോഹൻ, ആർട്ട് ഡയറക്ടർ- അജി കുറ്റ്യാനി, മേക്കപ്പ്- റോണക്‌സ് സേവ്യർ, കോസ്റ്റ്യും- സിജി തോമസ്, ചീഫ് അസ്സോ. ഡയറക്ടർ- ഷാജി പാടൂർ, അസോസിയേറ്റ് ഡയറക്ടർ- സുഗീഷ് എസ്ജി, പിആർഒ- സതീഷ് എരിയാളത്ത്, സ്റ്റിൽസ്- അമൽ ജെയിംസ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്. പിആർ&മാർക്കറ്റിംഗ്- കണ്ടന്റ് ഫാക്ടറി.