കേരള സാഹിത്യ അക്കാദമി ആദ്യമായിട്ടാണ് അങ്ങനെയൊരു സാഹിത്യ സമ്മേളനം നടത്തുന്നത്; മികച്ച സംഘാടകനായ എംടി

കേരള സാഹിത്യ അക്കാദമി ആദ്യമായിട്ടാണ് അങ്ങനെയൊരു സാഹിത്യ സമ്മേളനം നടത്തുന്നത്; മികച്ച സംഘാടകനായ എംടി
Published on

എംടിയുടെ മരണം ഓരോ മലയാളിയും വ്യക്തിപരമായ നഷ്ടമായെടുക്കും എന്നതാണ് എന്റെ വിചാരം. അക്കൂട്ടത്തില്‍ എനിക്ക് ഒരിത്തിരി അധികം സങ്കടപ്പെടാനും വ്യസനിക്കാനും വകുപ്പുണ്ട്. എനിക്കൊരു അനാഥത്വം തന്നെ അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ കുറേ പതിറ്റാണ്ടായിട്ട് അദ്ദേഹം എന്നോട് കാണിച്ച വാത്സല്യം, അത് എന്റെ ജീവിതത്തിലെ ഭാഗ്യങ്ങളില്‍ ഒന്നായാണ് ഞാന്‍ കാണുന്നത്. അദ്ദേഹം ഏത് പണിയേറ്റെടുത്താലും അത് വളരെ ശുഷ്‌കാന്തിയോടു കൂടി, അത്യധ്വാനം ചെയ്ത് വിജയിപ്പിക്കണം എന്ന് വിചാരിക്കുന്ന ആളാണ്. അദ്ദേഹത്തിന്റെ കൂടെ രണ്ട് പ്രസ്ഥാനങ്ങളില്‍ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതില്‍ ഒന്ന് കേരള സാഹിത്യ അക്കാദമിയാണ്. അദ്ദേഹമാണ് എന്നെ അതിലേക്ക് നോമിനേറ്റ് ചെയ്തത്. ഒരു തവണ മാത്രമേ അദ്ദേഹം അതിന്റെ പ്രസിഡന്റായിട്ടുള്ളു. എന്തൊരു ശുഷ്‌കാന്തിയോടു കൂടിയാണ് അദ്ദേഹം കാര്യങ്ങള്‍ നടത്തിയിരുന്നത്, എന്തൊരു ശ്രദ്ധയായിരുന്നു അതിലൊക്കെ? കാര്യങ്ങള്‍ നേരത്തേ ആസൂത്രണം ചെയ്യുന്നതില്‍, ആളുകളെ ബന്ധപ്പെടുന്നതില്‍. നല്ല ഒന്നാന്തരം സംഘാടനകനാണ് എംടി.

നമുക്കിപ്പം അറിയുന്നത് അദ്ദേഹം നല്ല കഥാകൃത്താണ്, നോവലിസ്റ്റാണ് നല്ല തിരക്കഥാകൃത്താണ്, നല്ല പത്രാധിപരാണ് നല്ല സംവിധായകനാണ്, അങ്ങനെ പല കാര്യങ്ങളാണ്. പക്ഷേ അദ്ദേഹം നല്ല സംഘാടകനാണ്. കേരള സാഹിത്യ അക്കാദമിയില്‍ അദ്ദേഹം പ്രസിഡന്റാകുമ്പോള്‍ മാധവിക്കുട്ടിയാണ് വൈസ് പ്രസിഡന്റ്. ഞാന്‍ ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നു. എന്നെയാണ് അന്ന് സാഹിത്യലോകത്തിന്റെ ചുമതല ഏല്‍പിച്ചത്. ഞാനാണ് അതിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് കണ്‍വീനര്‍. എന്നുപറഞ്ഞാല്‍ എക്‌സിക്യൂട്ടീവ് എഡിറ്ററാണ്. ആദ്യമായിട്ടാണ് എന്നാണ് എന്റെ ഉത്തമബോധ്യം, ഒരു അഖിലേന്ത്യാ സാഹിത്യ സമ്മേളനം വെച്ചു. അത് തൃശൂരിലായിരുന്നു. ഇന്ത്യയിലെ നാനാഭാഗത്തുമുള്ള നിരവധി ഭാഷകള്‍, കന്നഡം, തമിഴ്, മലയാളം, ഒഡിയ, ഹിന്ദി, ബംഗാളി അതിലൊക്കെ അദ്ദേഹത്തിന് സുഹൃത്തുക്കളുണ്ട്. അവരൊക്കെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തി. അദ്ദേഹം അവിടെയൊക്കെ പോയി പ്രസംഗിക്കുന്ന ഒരാളാണ്. സിനിമയുടെ വഴിക്കും പത്രപ്രവര്‍ത്തനം വഴിയുമൊക്കെ അവര്‍ക്ക് അദ്ദേഹത്തിനെ അറിയാം. പിന്നെ അദ്ദേഹത്തിന്റെ കൃതികളുടെ പരിഭാഷ അവിടെയൊക്കെയുണ്ട്. കേരളത്തിന് പുറത്തുള്ള നമ്മുടെ പെരുമകളില്‍ പ്രധാനം എംടിയുടെ പേരാണ്. ഒന്ന് ബഷീര്‍ ആയിരിക്കും, ഒന്ന് മാധവിക്കുട്ടിയായിരിക്കും, വേറൊന്ന് ഒ.വി.വിജയനായിരിക്കും, അങ്ങനെ. വളരെ ഗംഭീരമായിട്ട് നടന്ന ഒരു സംഗതിയാണ് അന്നത്തെ ആ അഖിലേന്ത്യാ സാഹിത്യ സമ്മേളനം. കേരള സാഹിത്യ അക്കാദമി ആദ്യമായിട്ടാണ് അങ്ങനെയൊന്ന് നടത്തുന്നത്.

അദ്ദേഹത്തിന്റെ കൂടെ ഞാന്‍ പ്രവര്‍ത്തിച്ച മറ്റൊരു സ്ഥാപനം തൃശൂര്‍ തുഞ്ചന്‍ സ്മാരകമാണ്. അതിലേക്കും എന്നെ നോമിനേറ്റ് ചെയ്തത് എംടി തന്നെയാണ്. അവിടെ കൊല്ലത്തില്‍ രണ്ടുമൂന്ന് പരിപാടികളുണ്ട്. അതില്‍ ഒന്ന് വിദ്യാരംഭമാണ്. വേറൊന്ന് തുഞ്ചന്‍ ഉത്സവമാണ്. പിന്നെ വേറൊന്ന് രാമായണ മാസാചരണമാണ്. അതില്‍ ഏറ്റവും പ്രധാനം തുഞ്ചന്‍ ഉത്സവമാണ്. അതൊക്കെ അദ്ദേഹം മാസങ്ങള്‍ക്ക് മുന്‍പ് ആസൂത്രണം ചെയ്യും. അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ അദ്ദേഹം വിളിക്കും. അവിടേക്ക് ആളുകള്‍ വരുന്നത് അദ്ദേഹം ക്ഷണിക്കുന്നതുകൊണ്ടും അദ്ദേഹത്തിന്റെ കേന്ദ്രമായതുകൊണ്ടുമാണ്. അവിടുത്തെ ഒരു ചെടി, ഒരു മരം, അവിടുത്തെ ഹാളിന്റെ ഒരു തൂണ്, അതിന്റെ ചുമര്, അല്ലെങ്കില്‍ അവിടുത്തെ പ്രവേശന കവാടം, എല്ലാം അദ്ദേഹം ശ്രദ്ധിക്കും. അവിടെയൊരു സരസ്വതീ മണ്ഡപമുണ്ട്. അതൊക്കെ എന്തൊരു ഭംഗിയാണ്. കേരളത്തിലാണെന്ന് തോന്നില്ല. കാരണം അദ്ദേഹം ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ഇത്തരം സ്മാരകങ്ങളൊക്കെ കണ്ടിട്ടുണ്ട്. ഒരുദാഹരണം പറഞ്ഞാല്‍, അദ്ദേഹം ലണ്ടനില്‍ പോകുമ്പോള്‍ ഷേക്‌സ്പിയര്‍ സ്മാരകം. ഷേക്‌സ്പിയറുടെ ജന്മഗ്രാമത്തിലുള്ള ആ സ്മാരകം. അത്തരം കാര്യങ്ങളൊക്കെ കണ്ട്, ചെന്നു കാണാന്‍ പറ്റുന്നതൊക്കെ ചെന്നുകണ്ട്, അല്ലാത്തതൊക്കെ വായിച്ചു മനസിലാക്കി, സുഹൃത്തുക്കളോട് ചര്‍ച്ച ചെയ്‌തൊക്കെ മനസിലാക്കും. ഇന്ന് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാംസ്‌കാരിക കേന്ദ്രം ഏതാണെന്ന് ചോദിച്ചാല്‍ തുഞ്ചന്‍ സ്മാരകമാണ്. 30 കൊല്ലത്തില്‍ അധികം കാലം അദ്ദേഹം അതിന്റെ പ്രസിഡന്റായിരുന്നു. അദ്ദേഹം ഉള്ളതുകൊണ്ട് മാധ്യമങ്ങളുടെ ശ്രദ്ധകിട്ടും, ബഹുജനങ്ങളുടെ പങ്കാളിത്തം ഉണ്ടാകും. അവിടേക്ക് വേണ്ടി അദ്ദേഹം ധാരാളം പണം സ്വരൂപിച്ചിട്ടുണ്ട്.

കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും അതിന് കൊടുക്കുന്ന ഗ്രാന്റിനേക്കാള്‍ കൂടുതല്‍ പണം എംടി സ്വന്തം നിലയ്ക്ക് പിരിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ജ്ഞാനപീഠം കിട്ടി, അത് കിട്ടിയതിന് ശേഷം അദ്ദേഹം ബോംബെയില്‍ ചെല്ലുമ്പോള്‍ ലീല ഹോട്ടലിന്റെ അന്നത്തെ ചെയര്‍മാന്‍ ലീല കൃഷ്ണന്‍ നായര്‍ ഒരു വിരുന്ന് കൊടുത്തു. ആ വിരുന്നിന് എംടി ഒരു ഉപാധി വെച്ചു. തുഞ്ചന്‍ പറമ്പിലേക്ക് എന്ത് തരും എന്നതാണ് ചോദ്യം. തുഞ്ചന്‍ പറമ്പിലേക്ക് ഇത്ര രൂപ തരും എന്നുണ്ടെങ്കിലേ അദ്ദേഹം ആ പരിപാടിക്ക് പോവുകയുള്ളു. അദ്ദേഹം കയ്യില്‍ നിന്ന് എടുത്തു കൊടുക്കുകയല്ല. എന്നാല്‍ കയ്യില്‍ നിന്ന് എടുത്തു കൊടുത്തതും എനിക്ക് അറിയാം. എപ്പോഴുമല്ല, ചില സമയങ്ങളില്‍. കെട്ടിടങ്ങള്‍ ഉണ്ടാക്കുന്നതില്‍ വളരെ പാണ്ഡിത്യവും പ്രാപ്തിയും ഉള്ളയാളാണ് എംടി. നമുക്ക് അത് വിശ്വസിക്കാന്‍ പറ്റില്ല. നമ്മുടെ സാംസ്‌കാരിക പ്രവര്‍ത്തകരില്‍ ഏറ്റവും പ്രമുഖന്‍ ആരാണെന്ന് ചോദിച്ചാല്‍ അത് എംടിയാണ്. അത് മാതൃകാപരമാണ്. തുഞ്ചന്‍പറമ്പ് ഇനിയിപ്പോള്‍ അദ്ദേഹത്തിന്റെ മരണത്തോടു കൂടി അനാഥമാകും. അതിന് എന്തുവരും എന്ന് എനിക്ക് അറിഞ്ഞുകൂടാ. വായന, എഴുത്ത്, സാഹിത്യമൊക്കെ ജീവിതത്തിലെ വളരെ വിലപിടിച്ച കാര്യങ്ങളാണെന്ന് കഴിഞ്ഞ ഒരു 60 കൊല്ലമായി മലയാളികളെ ബോധ്യപ്പെടുത്തിയതില്‍ അദ്ദേഹത്തിന് വലിയ പങ്കുണ്ട്. അദ്ദേഹത്തിന്റെ സാഹിത്യ ജീവിതം മാത്രമല്ല, അദ്ദേഹത്തിന്റെ സാംസ്‌കാരിക പ്രവര്‍ത്തനവും അതിലേക്ക് അതിലേക്ക് അത്രയെങ്കിലും മുതല്‍ക്കൂട്ടിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in