സൂക്ഷിക്കുക! അവിടെ ജമാഅത്തെ ഇസ്ലാമിക്കാരുണ്ട്

സൂക്ഷിക്കുക! അവിടെ ജമാഅത്തെ ഇസ്ലാമിക്കാരുണ്ട്
Published on

യവന പുരാണത്തില്‍ ട്രോജന്‍ യുദ്ധത്തില്‍ ട്രോയ് നഗരം പിടിച്ചെടുത്തു യുദ്ധം ജയിക്കാന്‍ ഒഡിസിയസ്സിനെയും കൂട്ടരെയും സഹായിച്ചത് മരം കൊണ്ടുണ്ടാക്കിയ ഒരു ട്രോജന്‍ കുതിരയായിരുന്നു. യുദ്ധത്തില്‍ തോറ്റ് ഗ്രീക്കുകാര്‍ തിരിച്ചു പോയെന്ന് കരുതി ട്രോജന്‍മാര്‍ മരക്കുതിരയെ ജയാഘോഷത്തിന്റെ ഭാഗമായി ട്രോയ് നഗരത്തിനകത്തേക്ക് കയറ്റുമ്പോള്‍ അവരറിഞ്ഞിരുന്നില്ല ഒഡീസിയസ്സിന്റെ നേതൃത്വത്തില്‍ തങ്ങളുടെ ശത്രുക്കള്‍ മരക്കുതിരയുടെ അകത്ത് ഒളിച്ചിരിക്കുന്നുണ്ടെന്ന കാര്യം. രാത്രി എല്ലാവരും ഉറങ്ങി കഴിഞ്ഞപ്പോള്‍ കുതിരയുടെ വയറ്റില്‍ നിന്നും പുറത്തിറങ്ങിയ ഗ്രീക്കുകാര്‍ ട്രോജന്‍സിനെ കീഴ്പ്പെടുത്തി ട്രോയ് നഗരം പിടിച്ചെടുത്തു എന്നതാണ് കഥ.

സൂക്ഷിക്കുക! അവിടെ ജമാഅത്തെ ഇസ്ലാമിക്കാരുണ്ട്
എത്ര വര്‍ഷമാണ് ജീവപര്യന്തം തടവിന്റെ കാലാവധി? ജയിലിലെ ജോലികള്‍ക്ക് തടവുകാര്‍ക്ക് കൂലി കൊടുക്കാറുണ്ടോ? Watch Interview

കേരള രാഷ്ട്രീയത്തിലെ മുസ്‌ളീം വര്‍ഗീയതയുടെ ട്രോജന്‍ കുതിരകളാണ് മാധ്യമ പത്രവും അവരുടെ വാരികയും മീഡിയ വണ്‍ ചാനലും. ജമാഅത്തെ ഇസ്ലാമിയുടെ വര്‍ഗീയ രാഷ്ട്രീയത്തെയാണ് ഈ മാധ്യമ കുതിരകള്‍ അതിന്റെ ഉദരത്തില്‍ പേറുന്നത്. തുടക്കത്തില്‍ പലര്‍ക്കും ഇത് മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും, സമയമായി എന്ന തോന്നല്‍ കൊണ്ടോ അമിതാത്മവിശ്വാസം കൊണ്ടോ തങ്ങളുടെ സങ്കുചിതമായ വര്‍ഗീയ രാഷ്ട്രീയത്തെ ജമാഅത്തെ ഇസ്ലാമി അവരുടെ മാധ്യമങ്ങളിലൂടെ പകല്‍ വെളിച്ചത്തില്‍ തന്നെ പുറത്തെടുത്തു തുടങ്ങിയപ്പോള്‍ കാര്യങ്ങള്‍ ഏറെക്കുറെ വ്യക്തത വന്നിട്ടുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഷഹീദ് ഭഗത് സിംഗിന് നേരെ ജമാഅത്തെ ഇസ്ലാമി ശൂറാ അംഗവും മീഡിയവണ്‍ മാനേജിങ് എഡിറ്റര്‍ സി. ദാവൂദ് നടത്തിയ പരാമര്‍ശം. ഭഗത് സിംഗിന് നേരെയുള്ള അധിക്ഷേപം കേവലം ദാവൂദിന്റെ നാക്ക് പിഴയല്ല, മറിച്ച് അത് ഭഗത് സിംഗ് അടക്കമുള്ളവര്‍ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തില്‍ ഉയര്‍ത്തിപ്പിടിച്ച സ്വാതന്ത്ര്യം, സോഷ്യലിസം, യുക്തിചിന്ത തുടങ്ങിയ ആധുനിക ആശയധാരയോടുള്ള ജമാഅത്തെ ഇസ്ലാമിയുടെ നിലപാടാണ്. അങ്ങേയറ്റം പരിഹാസ്യമായ നിലയില്‍ ഭഗത് സിംഗിനെ പോലൊരു ചരിത്ര പുരുഷനെ അവഹേളിച്ചിച്ചിട്ടും ഇടതുപക്ഷത്തിന്റെ ഭാഗത്തു നിന്നും ചില പ്രതിഷേധങ്ങള്‍ ഉണ്ടായതൊഴിച്ചാല്‍ മീഡിയാ വണ്ണിനെതിരെയോ ജമാഅത്തെ ഇസ്ലാമിക്കെതിരെയോ കാര്യമായ പ്രതിഷേധ ശബ്ദം കേരളത്തില്‍ ഉണ്ടായില്ല എന്നത് അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്ന ഒന്നാണ്.

കേരളത്തിലെ ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്നു എന്ന വ്യാജേന മാധ്യമപ്രവര്‍ത്തനത്തിന്റെയും സാമൂഹ്യ പ്രവര്‍ത്തനത്തിന്റെയും മണ്ഡലത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും അവസരങ്ങള്‍ ഒത്തുവരുമ്പോഴെല്ലാം തങ്ങളുടെ ഇസ്ലാമിസ്റ്റ് വര്‍ഗ്ഗീയ രാഷ്ട്രീയ വിഷം കുത്തി വച്ച് മുതലെടുപ്പിന് ശ്രമിക്കുകയുമാണ് ജമാഅത്തെ ഇസ്ലാമി ചെയ്തു പോരുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയത്തെയും അവരുടെ കേരളത്തിലെ അപകടരമായ പൊതുബോധ നിര്‍മ്മിതിയിലെ സ്വാധീനത്തെയും കുറിച്ചാണ് ഈ ലേഖനത്തില്‍ പരിശോധിക്കുന്നത്.

ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയം

ആര്‍.എസ്.എസ് രൂപീകരിച്ചതിന് 16 വര്‍ഷങ്ങള്‍ക്ക് ശേഷം 1941 ലാണ് മൗലാന അബുല്‍ അഅ്ലാ മൗദൂദിയുടെ നേതൃത്വത്തില്‍ ജമാഅത്തെ ഇസ്ലാമിക്ക് സംഘടനാ രൂപം കൈവരുന്നത്. എന്താണ് ജമാഅത്തെ ഇസ്ലാമി എന്ന് ചോദിച്ചാല്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ അത് ആര്‍.എസ്.എസ് ന്റെ 'ഇസ്ലാമിക്' വകഭേദമാണ് എന്ന് തന്നെ പറയാം. സ്വതന്ത്രപൂര്‍വ്വ ഇന്ത്യയില്‍ രൂപം കൊണ്ട ഈ രണ്ട് സംഘടനകളും സ്വാതന്ത്യ സമരത്തില്‍ പങ്കെടുത്തില്ല എന്ന് മാത്രമല്ല പ്രായോഗികമായും ആശയപരമായും അതിനെ എതിര്‍ക്കുകയും ചെയ്തു.

സൂക്ഷിക്കുക! അവിടെ ജമാഅത്തെ ഇസ്ലാമിക്കാരുണ്ട്
35 കോടി രൂപ ലാഭവിഹിതം സര്‍ക്കാരിന് കൈമാറി കെഎസ്എഫ്ഇ

ആധുനികതയിലൂടെ മനുഷ്യസമൂഹം നേടിയെടുത്ത മൂല്യങ്ങള്‍ക്കെതിരെയുള്ള കലാപമാണ് ജമാഅത്തെ ഇസ്ലാമിയുടെ മുഖ്യ രാഷ്ട്രീയ പ്രമേയം. ജനാധിപത്യം, ദേശീയവാദം, മതനിരപേക്ഷത, സോഷ്യലിസം, കമ്യൂണിസം, പരിശുദ്ധമല്ലാത്ത പരമ്പരാഗത ഇസ്ലാം എന്നിവയെ എല്ലാം പുതിയ കാലത്തെ ജാഹിലിയ്യകളായാണ് (മുഹമ്മദ് നബിയുടെ ജനനത്തിന് മുന്‍പ് അറേബ്യക്കാര്‍ക്ക് ഉണ്ടായിരുന്ന ഇരുണ്ട ജീവിത കാലത്തെയാണ് ജാഹിലിയ്യ എന്ന അറബ് പദം കൊണ്ട് ഉദ്ദേശിക്കുന്നത്) മൗദൂദി കണ്ടത്. അതുകൊണ്ട് തന്നെ ഈ മൂല്യങ്ങളെ ഇല്ലായ്മ ചെയ്ത് ഇസ്ലാമിക വ്യവസ്ഥ പുലരുന്ന ഒരു മതരാഷ്ട്രം സ്ഥാപിക്കുക എന്നതാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം.

അതേസമയം തങ്ങളുടെ ആശയ സംഹിത പ്രകാരമുള്ള ഭരണം സ്ഥാപിക്കുന്നത് വരെ എതിര്‍പ്പില്ലാതെ പ്രവര്‍ത്തനം നടത്താന്‍ അവര്‍ ജനാധിപത്യത്തെ വ്യാജമായി സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടാണ് വളരെ വൈകിയാണെങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവരൊരു പാര്‍ട്ടിയുണ്ടാക്കിയത്. ജമാഅത്തെ ഇസ്ലാമിയുടെ ഈ ആഭ്യന്തര വൈരുദ്ധ്യത്തെക്കുറിച്ച്, പൊളിറ്റിക്കല്‍ ഇസ്ലാം ഇന്‍ ദ ഇന്ത്യന്‍ സബ്‌കോണ്ടിനന്റ് : ദ ജമാഅത്തെ ഇസ്ലാമി എന്ന പുസ്തകത്തില്‍ ഫ്രെഡറിക് ഗ്രെയര്‍ ഇങ്ങനെ പറയുന്നു ''തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ വിജയത്തിന് ജമാഅത്തെ ഇസ്ലാമിക്കു മുന്‍പിലുള്ള വലിയ പ്രതിബന്ധം, ജനാധിപത്യത്തോടുള്ള അതിന്റെ വ്യാജവും സംശയാത്മകവുമായ ബന്ധമാണ്. ഒരു ഭാഗത്ത് സമഗ്രാധിപത്യ ഇസ്ലാമിക രാഷ്ട്ര സങ്കല്‍പത്തെ ജമാഅത്തെ ഇസ്ലാമി പ്രഘോഷിക്കുകയും പരിരംഭണം ചെയ്യുകയും ചെയ്യുന്നു. മറുഭാഗത്ത് തങ്ങളുടെ 'ഹുകൂമത്തെ ഇലാഹി' (അള്ളാഹുവിന്റെ ഭരണം) സ്ഥാപിതമാവാത്ത ഇടങ്ങളില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ലഭിക്കണമെങ്കില്‍ അനിസ്ലാമികമെന്ന് അധിക്ഷേപിച്ച ജനാധിപത്യം കൂടിയേ തീരൂ എന്ന് ജമാഅത്തെ ഇസ്ലാമി തിരിച്ചറിയുന്നു. ഇവയ്ക്കു രണ്ടിനുമിടയില്‍ ഞാണിന്‍മേല്‍ കൂടി നടക്കേണ്ട ഗതികേടിന്റെ ചരിത്രമാണ് ഇന്ത്യാ ഉപവന്‍കരയിലെ ജമാഅത്തെ ഇസ്ലാമികളുടേത്'

ജമാഅത്തെ ഇസ്ലാമിയുടെ കേരളത്തിലെ തുടക്കം തന്നെ ഒരു വേഷപകര്‍ച്ചയിലൂടെയായിരുന്നു. മൗദൂദിയന്‍ ആശയങ്ങളില്‍ ആകൃഷ്ടനായ വി.പി. മുഹമ്മദലി, മൗദൂദിയുടെ കൂടെ രണ്ടു വര്‍ഷത്തോളം ചിലവഴിച്ചതിന് ശേഷമാണ് മൗദൂദിസം പ്രചരിപ്പിക്കാനായി കേരളത്തിലേക്ക് തിരിച്ചു വരുന്നത്. വളാഞ്ചേരിയില്‍ ഒരു പള്ളി കേന്ദ്രീകരിച്ചു മൗദൂദിയന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയ അദ്ദേഹം കേരളത്തില്‍ ജമാഅത്തെ ഇസ്ലാമി നേരിട്ട് സ്ഥാപിക്കാന്‍ തുടക്കത്തില്‍ മുതിര്‍ന്നില്ല. മറിച്ചു 'സന്മാര്‍ഗ്ഗകാംക്ഷികളുടെ കൂട്ടായ്മ' എന്ന മനോഹരമായ അര്‍ഥം വരുന്ന 'ജംഇയ്യത്തുല്‍ മുസ്തര്‍ശിദീന്‍' എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങി 1948 ലാണ് ഈ കൂട്ടായ്മയെ ജമാഅത്തെ ഇസ്ലാമി കേരള ഘടകമായി മാറ്റുന്നത്. മലബാറിലേ മുസ്ലീങ്ങളില്‍ രൂപപ്പെട്ടു വന്ന സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് അനുഭാവമായിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ തുടക്കം മുതലുള്ള സുപ്രധാന ശത്രു.

ജനാധിപത്യത്തിനും സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ക്കും മതേതര വിദ്യാഭ്യാസത്തിനും തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും എന്തിന് സര്‍ക്കാര്‍ ജോലിക്കുപോലും എതിരായി പ്രബോധനം നിരന്തരം ലേഖനം എഴുതിയ കാലമായിരുന്നു അത്. എന്നാല്‍ ആധുനിക വിദ്യാഭ്യാസം നേടി മുസ്ലിം സമുദായം മുന്നേറുന്ന പശ്ചാത്തലത്തില്‍ ആധുനിക ലോകമൂല്യങ്ങളെ അപ്പാടെ തിരസ്‌കരിക്കുന്നത് കൊണ്ട് തങ്ങള്‍ക്ക് ഒരു കാലത്തും സ്വീകാര്യത കിട്ടില്ലെന്ന് മനസ്സിലാക്കിയ ജമാഅത്തെ ഇസ്ലാമിക്കാര്‍ തങ്ങളുടെ പ്രചാരണം മറ്റൊരു വഴിയിലേക്ക് തിരിച്ചു വിടുകയായിരുന്നു. പക്ഷേ എന്നിട്ടും മുസ്ലിം സമുദായത്തിനകത്ത് നേരിട്ട് കാര്യമായ സ്വാധീനം ചെലുത്താന്‍ ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്ര വാദത്തിന് കഴിഞ്ഞില്ല.

മാധ്യമത്തിന്റെ മാരീച വേഷം

രൂപീകരിച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തങ്ങളുടെ ചെപ്പടി വിദ്യകളൊന്നും കൊണ്ട് കാര്യമായി സ്വാധീനം ചെലുത്താന്‍ കഴിയാതെ വന്നപ്പോഴാണ് 1987ല്‍ മാധ്യമം പത്രവും 1998ല്‍ മാധ്യമം വാരികയും ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ തുടങ്ങുന്നത്. ഈ മാധ്യമ സ്ഥാപനങ്ങളെ ചുറ്റിപ്പറ്റി വ്യാജമായൊരു പുതിയ രാഷ്ട്രീയത്തെ രൂപപ്പെടുത്താന്‍ ജമാഅത്തെ ഇസ്ലാമി ശക്തമായി ഇന്നും തുടരുന്ന ശ്രമങ്ങള്‍ വഴി തങ്ങളുടെ ആശയ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുമുണ്ട്.

സൂക്ഷിക്കുക! അവിടെ ജമാഅത്തെ ഇസ്ലാമിക്കാരുണ്ട്
റോബിന്‍ ഉത്തപ്പ; നടന്ന് സിക്‌സടിക്കാന്‍ പഠിപ്പിച്ചവന്‍

തീവ്രവര്‍ഗ്ഗീയ സംഘടനകള്‍ അവരുടെ സംഘടനാ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ലോകത്താകമാനം സ്വീകരിക്കുന്ന പൊതുവഴിയാണ് ചാരിറ്റിയുടെയും, സാമൂഹ്യ സേവനത്തിന്റെയും, ഭക്തിയുടെയും, വിശ്വാസത്തിന്റെയും വേഷപ്പകര്‍ച്ചകള്‍ എന്നത്. നമ്മുടെ രാജ്യത്ത് ഏറ്റവും വിജയകരമായി ആ രീതി നടപ്പിലാക്കിയത് സംഘപരിവാര്‍ ആണെന്ന് കാണാം. കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയും പയറ്റുന്നത് ഇതേ തന്ത്രമാണ്. കേരളീയ പൊതുമണ്ഡലത്തിലെ രാഷ്ട്രീയ ആഖ്യാന രൂപീകരണത്തില്‍ സംഘടനാപരമായി തങ്ങള്‍ക്ക് ഉള്ളതിനേക്കാള്‍ സ്വാധീനം ചെലുത്താന്‍ ജമാഅത്തെ ഇസ്ലാമിക്ക് കഴിയുന്നത് ഈ വേഷപകര്‍ച്ചയിലൂടെയാണ്. സംഘടനാപരമായി ദുര്‍ബലമായിരിക്കുമ്പോഴും മറ്റേത് രാഷ്ട്രീയ പ്രസ്ഥാനത്തേക്കാളും കാര്യക്ഷമമായി സിനിമയടക്കമുള്ള കേരളത്തിലെ സാംസ്‌കാരിക വ്യവസായങ്ങളില്‍ ഇടപെടാന്‍ അവര്‍ക്കു കഴിയുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പോക്‌സോ കേസില്‍ സ്‌കൂള്‍ അധ്യാപകനും ജമാഅത്തെ ഇസ്ലാമിയുടെ കലാസാഹിത്യ സംഘടനയായ 'തനിമ'യുടെ നേതാവ് അറസ്റ്റ് ചെയ്യപ്പെട്ടത്. അറിയപ്പെടുന്ന സിനിമാ നടന്‍ ആയിട്ട് കൂടി അതൊരു മുഖ്യ വാര്‍ത്തയാകാതെ ശ്രദ്ധിക്കാന്‍ ജമാഅത്തെ ഇസ്ലാമിക്ക് കഴിഞ്ഞു എന്നത് അവരുടെ മാധ്യമ സ്വാധീനത്തിന്റെ അടയാളം കൂടിയാണ്.

കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെതും സമുദായ സംഘടനകളുടേതായുമായി നിരവധി പത്രങ്ങളും മാധ്യമ സ്ഥാപനങ്ങളുമുണ്ട്. അതെ സമയം ജമാഅത്തെ ഇസ്ലാമി നേരിട്ട് നിയന്ത്രിക്കുന്ന മാധ്യമം പത്രവും വാരികയും മീഡിയവണ്‍ ചാനലും അത്തരമൊരു ലേബലിലല്ല പ്രവര്‍ത്തിച്ചു പോരുന്നത്. ജമാഅത്തെ ഇസ്ലാമി അങ്ങനെയൊരു പൊതു സ്വീകാര്യത നിര്‍മ്മിച്ചെടുത്തത് ആ സ്ഥാപനങ്ങളുടെ തുടക്കത്തില്‍ സ്വീകാര്യരായ വ്യക്തികളെ മുന്നില്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്നതിലൂടെയാണ്. തങ്ങളുടെ ഇസ്ലാമിസ്റ്റ് രാഷ്ട്രീയം കൃത്യമായി പ്രചരിപ്പിക്കുമ്പോള്‍ തന്നെ പരിസ്ഥിതി, ദളിത് സ്വത്വപ്രശ്ങ്ങള്‍, വികസന പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച ഉത്തരാധുനിക സമീപനങ്ങള്‍ കൊണ്ട് തങ്ങളുടെ വര്‍ഗീയ രാഷ്ട്രീയത്തെ മറച്ചു പിടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട് 1996ല്‍ നജീബുള്ളയെ തൂക്കിലേറ്റി അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്തതിന്റെ പിറ്റേ ദിവസം മാധ്യമ പത്രം എഴുതിയ എഡിറ്റോറിയലിന്റെ തലക്കെട്ട് ' വിസ്മയം പോലെ താലിബാന്‍ പട' എന്നതായിരുന്നു. സോഷ്യലിസ്റ്റായിരുന്ന നജീബുള്ളയെ വെടിവച്ചു കൊന്ന്, ആ ശവശരീരം വലിച്ചിഴച്ച് കാബൂള്‍ നഗരം മുഴുവന്‍ ചുറ്റിയ ശേഷമാണ് താലിബാന്‍ ഭീകരര്‍ ആ ശരീരം തൂക്കിലേറ്റുന്നത്. ആധുനിക മനുഷ്യ ചരിത്രത്തിലെ ഏറ്റവും പ്രാകൃതമായ ആ ചെയ്തിക്ക് നേതൃത്വം കൊടുത്ത സംഘടനയെയാണ് അതിന്റെ പിറ്റേന്ന് ഇങ്ങനെ വാഴ്ത്തിയത് എന്നോര്‍ക്കണം.

ദിവസങ്ങള്‍ക്ക് മുന്‍പ് അമേരിക്കന്‍ പിന്തുണയോടെ സിറിയയിലെ സര്‍ക്കാരിനെ അട്ടിമറിച്ചു എച്ച്.ടി.എസ് എന്ന തീവ്രവാദ സംഘടനയുടെ നേതാവ് അബു മുഹമ്മദ് അല്‍-ജുലാനി ഭരണംപിടിച്ചതിന്റെ പിറ്റേന്ന് 'ജൗലാനി വീര്യം' എന്ന വാഴ്ത്തു പാട്ടാണ് മാധ്യമം പത്രമെഴുതിയത്. ഐസിസ് നേതാവ് അബുബക്കര്‍ അല്‍ ബാഗ്ദാദിയുടെ മുന്‍ സഹപ്രവര്‍ത്തകനും സിറിയയില്‍ അല്‍ക്വയിദയുടെ ഘടകം രൂപീകരിക്കുന്നതിന് ചുമതല ഉണ്ടായിരുന്ന ആളായിരുന്നു ജുലാനി എന്നോര്‍ക്കണം. ഇസ്ലാമിക തീവ്രവാദത്തിന്റെ ആഗോളതലത്തിലെ മുഖ്യ പ്രയോജകരെ ഇങ്ങനെ വാഴ്ത്തുന്ന 'മാധ്യമത്തോട്' ചേര്‍ന്ന് നില്‍ക്കാനോ സഹകരിക്കാനോ കേരളത്തിലെ ഒരു കൂട്ടം മതേതര ബുദ്ധിജീവികള്‍ക്ക് മടിയില്ലാതാകുന്നത് പൊതുമണ്ഡലത്തിലെ അതിന്റെ വേഷപകര്‍ച്ച തിരിച്ചറിയാന്‍ കഴിയാത്തത് കൊണ്ടാണോ എന്നറിയില്ല. പൊതു സ്വീകാര്യത നേടിയെടുക്കാനുള്ള ഒരു വര്‍ഗ്ഗീയ സംഘടനയുടെ തന്ത്രങ്ങളില്‍ കരുക്കളായി തീരാതിരിക്കാനുള്ള ജാഗ്രത ഇനിയെങ്കിലും കേരളത്തിലെ മതേതരവാദികള്‍ പാലിക്കണം.

സൂക്ഷിക്കുക! അവിടെ ജമാഅത്തെ ഇസ്ലാമിക്കാരുണ്ട്
എന്ത്കൊണ്ട് ഏഷ്യാനെറ്റ് വിട്ടു?, വല്ലാത്തൊരു കഥക്ക് ഇനി പുതിയ ഇടം | Babu Ramachandran Interview

ലിബറല്‍ ജനാധിപത്യത്തിന്റെ ഘടനയെ കാര്യമായി മാറ്റാതെ തന്നെ മുസ്ലീങ്ങളെ രണ്ടാം തരം പൗരന്മാരാക്കി തീര്‍ക്കാന്‍ ശ്രമിക്കുന്ന ഒരു ഭരണകുടമുള്ള രാജ്യത്താണ് നാം ജീവിക്കുന്നത്. ആളുകളുടെ പേരുകള്‍ നോക്കി മതം തിരിച്ചറിഞ്ഞു ബുള്‍ഡോസറുകള്‍ കൊണ്ട് ജീവിത സമ്പാദ്യം മുഴുവന്‍ ഇടിച്ചു നിരത്താന്‍ മടിയില്ലാത്ത ഭരണാധിപന്മാരുള്ള രാജ്യത്തെ മുസ്ലിം സമുദായമടക്കമുള്ള പല ന്യൂനപക്ഷങ്ങളുടെയും ആശങ്കകള്‍ ഗൗരവമുള്ളതുമാണ്. അതിനെ അഭിസംബോധന ചെയ്യുക എന്നത് മതനിരപേക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യക്കാരുടെയെല്ലാം ചുമതലയുമാണ്. അതെ സമയം ന്യൂനപക്ഷ സമുദായങ്ങള്‍ രാജ്യത്ത് നേരിടുന്ന ഈ പ്രശ്‌നങ്ങള്‍ക്ക് ന്യൂനപക്ഷ വര്‍ഗീയതയുടെ സംഘാടനം കൊണ്ട് പരിഹാരം കാണാന്‍ കഴിയില്ല. ഒരു മതരാഷ്ട്രവാദത്തിന്റെ ആക്രമണങ്ങളെ നേരിടേണ്ടത് മറ്റൊരു മതരാഷ്ട്ര വാദം കൊണ്ടല്ലെന്നും മറിച്ച് ഭരണഘടനയില്‍ ഊന്നിയുള്ള മതനിരപേക്ഷത കൊണ്ടാണെന്നുമുള്ള വസ്തുത നാം മറന്നു പോകരുത്. ജമാഅത്തെ ഇസ്ലാമി അടക്കമുള്ള മതരാഷ്ട്രവാദികള്‍ സജീവമായി പ്രവര്‍ത്തിക്കണം എന്നാണ് സംഘപരിവാറും ആഗ്രഹിക്കുന്നത്. കാരണം അവരുടെ നേതൃത്വത്തിലുള്ള ഹിന്ദുരാഷ്ട്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കത് കാര്യങ്ങള്‍ എളുപ്പമാക്കും. ശക്തമായ മതരാഷ്ട്രവാദ രാഷ്ട്രീയം പേറുമ്പോഴും കേരളത്തിന്റെ മതേതര പൊതുമണ്ഡലത്തില്‍ ജമാഅത്തെ ഇസ്ലാമിയോട് ആ നിലയിലൊരു വിമര്‍ശനമുണ്ടോ എന്ന് ഇനിയെങ്കിലും പരിശോധിക്കേണ്ടതാണ്.

നേരത്തെ പി.കെ. ബാലകൃഷ്ണനെയും ഇപ്പോള്‍ പ്രമോദ് രാമനെയും പോലുള്ള തികഞ്ഞ മതേതരവാദികളെ മുന്നിര്‍ത്തി മതേതര പൊതുമണ്ഡലത്തിനകത്തു നിന്ന് അതിനെ തുരക്കുന്ന പണിയാണ് ജമാഅത്തെ ഇസ്ലാമിക്കാര്‍ എടുക്കുന്നത്. ഒരു കപ്പലിനെ മുക്കാന്‍ അതിനെ പുറത്തു നിന്ന് അക്രമിക്കുന്നതിനേക്കാള്‍ നല്ലത് അകത്തു കയറി വിള്ളല്‍ ഉണ്ടാക്കുകയാണെന്ന യുദ്ധം തന്ത്രം പോലെ.

കോട്ടക്കല്‍ കഷായത്തില്‍ 'പരിശുദ്ധ നെയ്യ്' ചേര്‍ക്കുമ്പോള്‍

2020 ജൂലായ് ആറിന് സിറാജ് പത്രത്തിന്റെ വെബ്ഡെസ്‌കില്‍ ''കോട്ടക്കല്‍ കഷായ'ത്തില്‍ 'പരിശുദ്ധ നെയ്യ്' ചേര്‍ക്കുമ്പോള്‍ 'എന്ന തലക്കെട്ടില്‍ രസകരമായൊരു ലേഖനം വന്നിരുന്നു. കേരള രാഷ്ട്രീയത്തില്‍ സമീപകാലത്ത് വന്ന ഏറ്റവും സുപ്രധാനമായൊരു മാറ്റത്തെ മനോഹരമായി അടയാളപ്പെടുത്തിയ ആ ലേഖനം ജമാഅത്തെ ഇസ്ലാമിയുടെയും മുസ്ലിം ലീഗിന്റെയും അപകടകരമായ ഐക്യത്തെ വിമര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു.

മതരാഷ്ട്രത്തിലൂന്നിയ തീവ്രനിലപാട് ഉള്ളത്‌കൊണ്ട് തന്നെ മുസ്ലിം സമുദായത്തിലെ ബഹുഭൂരിപക്ഷം വരുന്ന മതേതരവാദികളും ജമാഅത്തെ ഇസ്ലാമിയെ കാര്യമായി തന്നെ എതിര്‍ത്തു പോന്നിരുന്നു. മാധ്യമം പത്രത്തിലൂടെ മുസ്ലിം സമുദായത്തിലേക്ക് ആശയ പ്രചാരണം ജമാഅത്തെ ഇസ്ലാമി ശക്തമാക്കിയ ഘട്ടത്തില്‍ കേരളത്തിലെ മുസ്ലിം സമുദായത്തില്‍ ഏറ്റവും സ്വാധീനമുള്ള പാര്‍ട്ടി എന്ന നിലയില്‍ മുസ്ലിം ലീഗിന് അതിനെ ശക്തമായി നേരിടേണ്ടി വന്നു. ഇതിന്റെ ഭാഗമായി ചന്ദ്രിക പത്രാധിപര്‍ സി പി സൈതലവി പാര്‍ട്ടി പത്രത്തില്‍ 'ജമാഅത്തെ ഇസ്ലാമി: ഒരു ചെളിയും കലരാത്ത പരിശുദ്ധ നെയ്യ്' എന്ന പേരില്‍ ജമാഅത്തെ ഇസ്ലാമിയെ ശക്തമായി വിമര്‍ശിച്ചു ലേഖന പരമ്പരയെഴുതി. 2005ല്‍ ഈ ലേഖനപരമ്പര സമാഹരിച്ചു അതെ പേരില്‍ തന്നെ പുസ്തകമായും പ്രസിദ്ധീകരിച്ചു. മുസ്ലിം തീവ്രവാദത്തിന് താത്വിക മാനങ്ങള്‍ നല്‍കിയത് സയ്യിദ് ഖുതുബും മൗദൂദിയുമാണെന്ന് ലീഗ് നേതാക്കള്‍ സ്റ്റേജിലും പത്രത്തിലും പ്രചരിപ്പിച്ചിരുന്ന കാലമായിരുന്നു. അങ്ങനെയൊരു ലീഗ് ഇവിടെ ഉണ്ടായിരുന്നു.

2010ല്‍ തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ പ്രൊഫ. ടി.ജെ ജോസഫിന്റെ കൈവെട്ടിയതിനെ തുടര്‍ന്ന് കേരളത്തില്‍ രൂപംകൊണ്ട വര്‍ഗീയത വിരുദ്ധ നിലപാടിന്റെ പശ്ചാത്തലത്തില്‍ കോട്ടക്കലില്‍ മത തീവ്രവാദത്തിനെതിരെ മുസ്ലിം ലീഗ് വിവിധ മത സംഘടനകളെ പങ്കെടുപ്പിച്ചു കൊണ്ടൊരു സമ്മേളനം വിളിച്ചു ചേര്‍ത്തു. ലീഗ് വിളിച്ച സമ്മേളനത്തില്‍ നിന്ന് എന്‍ഡിഎഫിനൊപ്പം ജമാഅത്തെ ഇസ്ലാമിയും ഒഴിവാക്കപ്പെട്ടു. ന്യൂമാന്‍ കോളേജിലെ ചോദ്യപ്പേപ്പര്‍ വിഷയത്തെ ആളിക്കത്തിച്ച് പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികളുടെ ചെയ്തിക്ക് ആശയപരിസരം സൃഷ്ടിച്ചത് 'മാധ്യമം' പത്രമായത് കൊണ്ട് മാത്രമല്ല ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്ര വാദത്തോടുള്ള വിയോജിപ്പ് കൊണ്ടു കൂടിയാണ് അന്ന് ലീഗ് ജമാഅത്തെ ഇസ്ലാമിക്കാരെയും ആ സമ്മേളനത്തില്‍ നിന്നും ഒഴിവാക്കിയത്. കൈവെട്ടിന് നേതൃത്വം കൊടുത്ത എന്‍ഡിഎഫും ജമാഅത്തെ ഇസ്ലാമിയും ഒരേ തൂവല്‍ പക്ഷികള്‍ ആണെന്ന് അന്ന് ലീഗിനറിയാമായിരുന്നു. ലീഗിന്റെ ഈ കടുത്ത നിലപാടില്‍ പ്രകോപിതരായ ജമാഅത്തെ ഇസ്ലാമി മറുപടി എഴുതാന്‍ നിയോഗിച്ചത് അന്നത്തെ എസ്‌ഐഒ പോരാളി സി ദാവൂദിനെയായിരുന്നു. 'തീവ്രവാദത്തിനെതിരെ കോട്ടക്കല്‍ കഷായം' എന്ന പേരില്‍ ലീഗിനെ പരിഹസിച്ചു ദാവൂദ് തന്റെ പേനയുന്തി.

സൂക്ഷിക്കുക! അവിടെ ജമാഅത്തെ ഇസ്ലാമിക്കാരുണ്ട്
പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നും സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടിക്ക് സ്റ്റേ; അന്തിമ ഉത്തരവ് വരും വരെ അംഗമായി തുടരാം

ദാവൂദ് പരിഹസിച്ച ലീഗിന്റെ കോട്ടക്കല്‍ കഷായവും സി. പി. സൈതലവി പരിഹസിച്ച ജമാഅത് പരിശുദ്ധ നെയ്യും കൂടിക്കലരുന്നത് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്താണ്. അതിന് അവസരമൊരുക്കിയതോ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും. 2020 ഒക്ടോബര്‍ മാസത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും യു.ഡി.എഫ് കണ്‍വീനറുമായിരുന്ന എം.എം. ഹസന്‍ ജമാഅത്തെ ഇസ്ലാമി അമീറിനെ വീട്ടില്‍ പോയി കണ്ടത് യുഡി.എഫില്‍ തന്നെ ചര്‍ച്ചയായിരുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്സിന്റെ ജമാഅത്തെ ഇസ്ലാമിയുമായുള്ള പരസ്യസഖ്യം സത്യത്തില്‍ പുതിയതല്ല എന്ന് സാരം. രാഷ്ട്രീയ ആഖ്യാനങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ഒരുപാട് മുന്നോട്ട് പോയ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തിരഞ്ഞെടുപ്പ് ജയത്തിനു അനിവാര്യമാണെന്ന് മാറിയ കോണ്‍ഗ്രസ്സ്- ലീഗ് നേതൃത്വത്തിന് തോന്നിയത് കൊണ്ടാകാം ഈ ദുരന്തം സംഭവിച്ചത്. തുര്‍ക്കിയിലെ ക്രിസ്ത്യന്‍ ചര്‍ച്ച് ഹാഗിയ സോഫിയ പള്ളിയാക്കി മാറ്റുന്നതിനുള്ള പ്രസിഡന്റ് എര്‍ദോഗാന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് സാദിഖ് അലി ശിഹാബ് തങ്ങള്‍ ലേഖനം എഴുതിയോടെ ലീഗ് നേതൃത്വം ആശയപരമായി പൂര്‍ണ്ണമായും ജമാഅത്തെ ഇസ്ലാമിക്ക് കീഴ്‌പ്പെട്ടെന്ന് ബോധ്യപ്പെട്ടു.

എന്നാല്‍ അതെ സമയം ജമാഅത്തെ ഇസ്ലാമിയുടെ ആശയപരമായ മുന്നേറ്റത്തെ ചെറുക്കാന്‍ കേരളത്തിലെ സുന്നി മുസ്ലീം പൗരോഹിത്യം ശക്തമായ നിലപാട് സ്വീകരിക്കുന്നതായി കാണാം. ജമാഅത്തെ ഇസ്ലാമിയുടെ ആശയ ലോകത്തെ തിരസ്‌കരിക്കുക എന്നത് അവരുടെ ദൈവശാസ്ത്രപരമായ ചുമതല കൂടിയായി കേരളത്തിലെ വലിയൊരു വിഭാഗം മുസ്ലീം പൗരോഹിത്യം കാണുന്നുണ്ട്. നിലവിലെ സമസ്ത-ലീഗ് സംഘര്‍ഷത്തിന്റെ മൂലകാരണങ്ങളില്‍ ഒന്ന് ഇതാണ്. നമുക്ക് മുന്നില്‍ കക്ഷി രാഷ്ട്രീയത്തിന്റെതായാണ് മാധ്യമങ്ങള്‍ അതവതരിപ്പിക്കുന്നതെങ്കിലും അത് മുസ്ലീം സമുദായത്തിനകത്തെ മതനിരപേക്ഷവാദികളും മതരാഷ്ട്രവാദികളും തമ്മിലുള്ള ആഭ്യന്തര സംഘര്‍ഷത്തിന്റെ ഭാഗമാണ്.

സൂക്ഷിക്കുക! അവിടെ ജമാഅത്തെ ഇസ്ലാമിക്കാരുണ്ട്
'ജനഗണമനയ്ക്ക് രണ്ടാം ഭാഗമുണ്ടെന്ന് വെറുതെ തള്ളിയതാണ്, അങ്ങനെ ഒന്ന് അവർ ആലോചിച്ചിട്ട് പോലുമില്ല': സുരാജ് വെഞ്ഞാറമ്മൂട്

മുസ്ലിം പൗരോഹിത്യത്തിന്റെ എതിര്‍പ്പുകള്‍ക്കിടയിലും, മുസ്ലിം ലീഗിനെ കീഴ്പ്പെടുത്തുക വഴി കേരളത്തിലെ മുസ്ലിം സമുദായത്തിനകത്ത് നിര്‍ണ്ണായക ശക്തിയാകാന്‍ കഴിയും എന്ന ആത്മവിശ്വാസം ജമാഅത്തെ ഇസ്ലാമിക്കാരെ സംബന്ധിച്ച് ഒരുപരിധിവരെയുണ്ട്. ആ അമിതാത്മവിശ്വാസത്തിന്റെ കുന്തളിപ്പാണ് ഭഗത് സിംഗിന് എതിരായിവരെ പരസ്യമായ അധിക്ഷേപം ചൊരിയാന്‍ അവര്‍ക്ക് ഊര്‍ജ്ജം പകരുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ ഈ സ്വാധീനത്തെ ആശയപരമായി നിലവില്‍ ചെറുക്കാന്‍ ശ്രമിക്കുന്നത് ഇടതുപക്ഷം മാത്രമാണ്. ആ ഇടതുപക്ഷത്തെ മുസ്ലിം സമുദായവിരുദ്ധരാക്കി തീര്‍ക്കാനുള്ള ശക്തമായ വ്യാജ പ്രചാരണങ്ങളാണ് ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള മാധ്യമ സ്ഥാപനങ്ങളും അതിലെ സന്ധ്യാചര്‍ച്ചകളും നടത്തുന്നത്. മതരാഷ്ട്രവാദികളുടെ ഈ ദുഷ്പ്രചാരണം കേരളത്തിന്റെ മതനിരപേക്ഷ അന്തരീക്ഷത്തെ തന്നെ തകര്‍ക്കുന്ന ഒന്നാണ് എന്ന് തിരിച്ചറിയാന്‍ തിരഞ്ഞെടുപ്പ് വിജയം മാത്രം ലക്ഷ്യമായുള്ള മുസ്ലിം ലീഗിനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനും കഴിയുന്നില്ല. ഭഗത് സിംഗിനെ പോലെ ത്യാഗനിര്‍ഭരവും ആവേശപൂര്‍ണ്ണവുമായ ഒരു ജീവിതം ജീവിച്ച ചരിത്ര പുരുഷനെ ജമാഅത്തെ ഇസ്ലാമി അവഹേളിക്കുമ്പോഴും മൗനം പാലിക്കുന്ന കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവരെ കൂടുതല്‍ അപകടത്തിലേക്ക് നയിക്കുക മാത്രമേ ഉള്ളൂ.

ഇന്ത്യയിലെ ജമാഅത്തെ ഇസ്ലാമി അല്‍ ഹിന്ദും ജമാഅത്തെ ഇസ്ലാമി പാകിസ്താനും (JIP) ബംഗ്‌ളാദേശ് ജമാഅത്തെ ഇസ്ലാമിയും ആശയപരമായും സംഘടനാപരമായും ഒരേ വേരുകളില്‍ നിന്നുള്ളവയാണ്. ബംഗ്ലാദേശിലെ സ്വാതന്ത്ര്യസമരത്തെ തകര്‍ക്കാന്‍ പാകിസ്താന്‍ അനുകൂല നിലപാടുമായി കൂട്ടക്കൊലകളും കൂട്ടബലാല്‍സംഗങ്ങളും നടത്തിയതിന് യുദ്ധക്കുറ്റവാളികളായി ശിക്ഷിക്കപ്പെട്ടവരാണ് ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമി. അവര്‍ ശിക്ഷിക്കപ്പെടുന്ന കാലത്ത് കേരളത്തില്‍ അതിനെതിരെ പ്രചാരണവും ശിക്ഷിക്കപ്പെടുന്ന കുറ്റവാളികളോടുള്ള ഐക്യദാര്‍ഢ്യവും കേരളത്തിലെ ജമാഅത്തെ ഇസ്ലാമിക്കാര്‍ നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ ജമാഅത്തെ ഇസ്ലാമി കാര്യമായ സ്വാധീനം നേടിയാല്‍ ഏത് വിധത്തില്‍ ഇടപെടുമെന്നത് പാകിസ്താന്റെ അനുഭവത്തില്‍ നിന്നും മനസ്സിലാകാത്തവര്‍ നിലവിലെ ബംഗ്ലാദേശിലേക്ക് ഒന്ന് കണ്ണ് തുറന്ന് നോക്കിയാല്‍ മതി. അതുകൊണ്ട് രാഷ്ട്രീയ കേരളത്തെ സംബന്ധിച്ചിടത്തോളം സംഘപരിവാറിനെ ഏത് തീവ്രതയില്‍ എതിര്‍ക്കുന്നുവോ അതിലൊട്ടും കുറയാതെ ജമാഅത്തെ ഇസ്ലാമിയെയും അവരുടെ രാഷ്ട്രീയ പ്രചാരണത്തെയും എതിര്‍ത്ത് തോല്‍പ്പിക്കേണ്ടതുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in