
ലാഭവിഹിതമായ 35 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് കൈമാറി പൊതുമേഖലാ സ്ഥാപനമായ കെഎസ്എഫ്ഇ. ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാലിന് കമ്പനി ചെയര്‍മാന്‍ കെ. വരദരാജന്‍ ചെക്ക് കൈമാറി. 2023-24 സാമ്പത്തിക വര്‍ഷത്തിലെ ലാഭവിഹിതമാണ് കൈമാറിയത്. 489 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. 81,751 കോടി രൂപയാണ് ആകെ വിറ്റുവരവ്. കെഎസ്എഫ്ഇ എംഡി ഡോ. എസ്.കെ.സനില്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ കെ.മനോജ്, ബി.എസ്.പ്രീത, ജനറല്‍ മാനേജര്‍ (ഫിനാന്‍സ്) എസ്.ശരത്ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. ഈ സാമ്പത്തിക വര്‍ഷം ഇതിനകം 90,000 കോടി രൂപയുടെ വിറ്റുവരവ് കമ്പനി നേടിയിട്ടുണ്ട്. ഒരുലക്ഷം കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യം.
അടച്ചു തീര്‍ത്ത മൂലധനം കെഎസ്എഫ്ഇ ഇരട്ടിയായി ഉയര്‍ത്തിയത് അടുത്തിടെയാണ്. 00 കോടി രൂപയായിരുന്ന അടച്ചു തീര്‍ത്ത ഓഹരി മൂലധനം 200 കോടിയായാണ് ഉയര്‍ത്തിയത്. അംഗീകൃത ഓഹരി മൂലധനം 100 കോടിയില്‍നിന്ന് 250 കോടി രൂപയായി ഉയര്‍ത്തിക്കൊണ്ടാണ് അടച്ചുതീര്‍ത്ത ഓഹരി മൂലധനം വര്‍ധിപ്പിക്കാന്‍ സാധിച്ചത്.
കെഎസ്എഫ്ഇയുടെ കരുതല്‍ ഫണ്ട് ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ ബോണസ് ഷെയര്‍ അനുവദിക്കണമെന്ന കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന് സര്‍ക്കാര്‍ അംഗീകാരം നല്‍കുകയും ചെയ്തു. നൂറു ശതമാനം ഓഹരിയും സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സര്‍ക്കാര്‍ കമ്പനിയാണ് കെഎസ്എഫ്ഇ. 1969ല്‍ ആരംഭിച്ച കമ്പനിയുടെ തുടക്കത്തിലെ അടച്ചു തീര്‍ത്ത മൂലധനം രണ്ടു ലക്ഷം രൂപയായിരുന്നു.