
അങ്ങ് നീണ്ട റണ്ണപ്പെടുത്ത് പേസ് ബൗളര്‍മാര്‍ ഓടി വരുന്ന സമയത്ത്, ക്രീസില്‍ നിന്ന് പതിയെ മുന്നോട്ട് നടന്ന് വന്ന് ഷോട്ടുകളിക്കുന്ന ഒരു ബാറ്ററുണ്ടായിരുന്നു ഇന്ത്യക്ക്. ക്രീസില്‍ നിന്ന് നടന്ന് മുന്നോട്ട് വരുക എന്നാല്‍, അത് സാധാരണ ഒരു സ്റ്റെപ്പ് ഔട്ടല്ല. പന്തിനെ മുന്നേ പിടിക്കാനായുള്ള വേഗതയോ ചാട്ടമോ അല്ല അവിടെ മറിച്ച്, ഇയാള്‍ മുന്നോട്ട് നടക്കുകയാണ് ചെയ്യുക. കൈയ്യില്‍ ബാറ്റുമായി എവിടെയോ വേഗത്തില്‍ പോകുമെന്ന പോലെ രണ്ട് സ്റ്റെപ്പ് മുന്നോട്ട് നടക്കുന്നു, അതിനൊപ്പമാണ് പുള്‍ ഷോട്ടുകളും ഡ്രൈവുകളുമെല്ലാം. അധികകാലം ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ലാത്തൊരാള്‍. പേരിന് ഒരു സെഞ്ച്വറി പോലും കണക്കിലില്ലാത്തയാള്‍. പക്ഷേ അയാളുടെ കളി കണ്ടവര്‍ പറയും, ലോക ക്രിക്കറ്റിനെ പോലും നടന്ന് കൊണ്ട് സിക്‌സ് അടിക്കാമെന്ന് കാണിച്ചയാള്‍ അയാളായിരിക്കുമെന്ന്. അതെ മലയാളികള്‍ പാതി സ്വന്തമെന്ന് പറഞ്ഞ് അഹങ്കരിച്ചിരുന്ന റോബിന്‍ ഉത്തപ്പ.
ഇംഗ്ലണ്ടിനെതിരെ 2006ലായിരുന്നു ഉത്തപ്പയുടെ ഏകദിന അരങ്ങേറ്റം. ഇന്ത്യ സീരീസ് വിജയം ഉറപ്പിച്ച ശേഷമുള്ള അവസാന മത്സരത്തില്‍ രാഹുല്‍ ദ്രാവിഡിനൊപ്പം ഓപ്പണറായിട്ടായിരുന്നു ഉത്തപ്പ ആദ്യമായി ക്രീസിലെത്തിയത്. തുടക്കം പിഴച്ചില്ല, ഒന്നാം വിക്കറ്റില്‍ 166 റണ്‍സിന്റെ പാര്‍ടണര്‍ഷിപ്പ്. ആദ്യ അര്‍ധസെഞ്ചുറി. അപ്രതീക്ഷിതമായി റണ്ണൗട്ടാകുമ്പോള്‍ നേടിയത് 86 റണ്‍സ്. എന്നാല്‍ പിന്നീട് വര്‍ഷം ഒരുപാട് കഴിഞ്ഞിട്ടും അയാളുടെ മികച്ച സ്‌കോര്‍ അതേ 86 തന്നെയായി നിലനിന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.
2007ലെ ആദ്യ ട്വന്റി 20 ലോകകപ്പിലായിരിക്കും ഉത്തപ്പയെ ഇന്ത്യന്‍ പ്രേക്ഷകര്‍ ശരിക്കും കണ്ട് തുടങ്ങുന്നത്. സീനിയര്‍ താരങ്ങള്‍ വിശ്രമിച്ചപ്പോള്‍ അന്ന് ധോണിയുടെ നേതൃത്വത്തിലെ ടീമില്‍ ഇടം നേടി ദക്ഷിണാഫ്രിക്കയിലേക്ക് പോയ പട്ടികയില്‍ അയാളുമുണ്ടായിരുന്നു. രോഹിത് ശര്‍മയ്ക്കും, ദിനേഷ് കാര്‍ത്തിക്കിനും, യൂസഫ് പഠാനുമെല്ലാമൊപ്പം റോബിന്‍ ഉത്തപ്പയും. പാകിസ്താനുമായുള്ള ആദ്യമത്സരത്തില്‍ തുടക്കം തന്നെ ഗംഭീറും സേവാഗും യുവരാജുമെല്ലാം പുറത്തായപ്പോള്‍ അന്ന് പിടിച്ച് നിന്നത് റോബിന്‍ ഉത്തപ്പയായിരുന്നു. ക്രിക്കറ്റ് ആരാധകര്‍ അധികം കണ്ടിട്ടില്ലാത്ത നടന്ന് കൊണ്ടുള്ള സിക്‌സര്‍ അയാള്‍ അന്ന് കാണിച്ച് തന്നു. അയാളുടെ ആര്‍ബികെ ബാറ്റ് തൊട്ട പന്ത് ബൗളര്‍ക്ക് മുകളിലൂടെ പറന്ന് ഗാലറിയില്‍ പതിച്ചപ്പോള്‍, ദാറ്റ് ഈസ് എ സൂപ്പര്‍ ഹിറ്റ് എന്നായിരുന്നു കമന്ററി. 50 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്‌കോററായെങ്കിലും മത്സരം ടൈയിലും പിന്നീട് ചരിത്രപ്രസിദ്ധമായ ബോള്‍ ഔട്ടിലും എത്തി. അവിടെയും ധോണി പന്തെറിയാന്‍ തിരഞ്ഞെടുത്തവരില്‍ മൂന്നാമന്‍ ഉത്തപ്പയായിരുന്നു. തൊപ്പി വെച്ച് മുന്നോട്ട് ചാടിവന്ന് സ്റ്റംപ് തെറിപ്പിച്ച് അയാള്‍ കാണികളെ നോക്കി തന്റെ തൊപ്പിയൂരി സലാം പറഞ്ഞത് ഇന്നും ആ വിജയത്തിന്റെ ഓര്‍മയില്‍ പെട്ടതാണ്.
ട്വന്റി20 വേള്‍ഡ് കപ്പിന് ശേഷം ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടിയ താരങ്ങളിലൊന്ന് ഉത്തപ്പയായിരുന്നു. ഓസീസ് മണ്ണില്‍ സിബി സീരീസില്‍ ബ്രെറ്റ് ലീയെ അടക്കം നടന്നുകൊണ്ടുള്ള സിക്‌സര്‍ ഉത്തപ്പ പഠിപ്പിച്ചുകൊടുത്തിരുന്നു. പക്ഷേ കരിയറില്‍ വലിയൊരു മുന്നേറ്റമുണ്ടാക്കാനുള്ള തരം ഒരിന്നിംഗ്‌സ് കാഴ്ചവെക്കാന്‍ കഴിഞ്ഞില്ല. ഐഎപിഎല്ലിലും മികച്ച പ്രകടനമുണ്ടായിട്ടുണ്ടെങ്കിലും നേരത്തെ പറഞ്ഞ സെഞ്ചുറി കണക്ക് പോലും ഉത്തപ്പയുടെ പേരിലില്ല. അതുകൊണ്ട് തന്നെ ഇടയ്‌ക്കൊക്കെ ടീമില്‍ ഇടം പിടിച്ചും, പിന്നീട് പുറത്തായും വീണ്ടും ഇടം പിടിച്ചുമെല്ലാമായി വളരെ കുറച്ച് മത്സരങ്ങള്‍ മാത്രമാണ് അയാള്‍ ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞത്. ഇന്ത്യക്കായി 46 ഏകദിനങ്ങളും 13 ട്വന്റി20യും മാത്രം.
ഇന്ത്യ ഓസ്‌ട്രേലിയയെ ചേസ് ചെയ്ത് തോല്‍പ്പിക്കുന്ന രണ്ട് ഏകദിനത്തില്‍ മത്സരങ്ങള്‍ തമ്മിലുള്ള അകലം പത്ത് വര്‍ഷമുണ്ടായിരുന്നുവെന്ന് പറഞ്ഞാല്‍ ഇന്നത്തെ ആരാധകര്‍ക്ക് വിശ്വസിക്കാന്‍ കഴിയുമോ. 98ലെ ഷാര്‍ജാ കപ്പിലെ സച്ചിന്റെ ക്ലാസിക് ചേസിന് ശേഷം ഇന്ത്യ ഓസീസിനെ ഒരു ഏകദിനത്തില്‍ ചേസ് ചെയ്ത് തോല്‍പ്പിക്കുന്നത് 2007ലായിരുന്നു. അന്ന് വെറും 193 റണ്‍സ് മാത്രമെടുത്ത ഓസീസിനെ വീഴ്ത്താനിറങ്ങിയ ഗാംഗുലിയും സച്ചിനുമെല്ലാം ആദ്യമേ വീണു. 66 റണ്‍സിന് 6 വിക്കറ്റ് എന്ന നിലയിലെത്തിയാല്‍ ഒരു തുടക്കക്കാരന്‍ വീണുപോയേക്കാവുന്ന, അല്ലെങ്കില്‍ ഡിഫന്‍സീവായേക്കാവുന്ന ഒരു മാച്ച്. ഇയാളെന്ത് ചെയ്യാനാ എന്ന് വിചാരിച്ചിരിക്കുമ്പോഴേക്കും ഓസീസ് പടയെ അമ്പരപ്പിച്ചുകൊണ്ട് സിക്‌സു കൊണ്ടായിരുന്നു ഉത്തപ്പ മറുപടി പറഞ്ഞത്. പിന്നീട് ക്രീസില്‍ നടന്നുകൊണ്ടുള്ള തന്റെ ട്രേഡ് മാര്‍ക്ക് ഷോട്ട്. ഭാഗ്യക്കേടോ, അംപയറിന്റെ മോശം ഡിസിഷനോ, 47 റണ്‍സെടുത്ത് നില്‍ക്കെ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്താകുമ്പോള്‍ ഇന്ത്യക്ക് ജയിക്കാന്‍ വെറും 65 റണ്‍സ് മാത്രം മതിയെന്ന നിലയിലേക്ക് അയാളെത്തിച്ചിട്ടുണ്ടായിരുന്നു. പിന്നീട് മുരളി കാര്‍ത്തിക്കും സഹീര്‍ ഖാനും ചേര്‍ന്ന് ഒന്‍പതാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇന്ത്യയെ വിജയത്തിലെത്തിക്കുമ്പോഴായിരുന്നു ഓസീസിനെതിരെയുള്ള പത്ത് വര്‍ഷത്തിന് ശേഷമുള്ള ഒരു ചേസിംഗ് ജയം ഇന്ത്യ സ്വന്തമാക്കുന്നത്. ഉത്തപ്പയായിരുന്നു അന്ന് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
റോബിന്‍ ഉത്തപ്പയുടെ കരിയറില്‍ എടുത്ത് പറയാന്‍ മറ്റൊരു ഇന്നിംഗ്‌സ് കൂടിയുണ്ട്. ആ കളി പൂര്‍ണമായും ചരിത്രത്തില്‍ എഴുതപ്പെട്ടിരിക്കുന്നത് മറ്റൊരു ഇന്ത്യന്‍ ബാറ്ററുടെ പേരിലാണെങ്കിലും ആ കളി കണ്ടവര്‍ റോബിന്‍ ഉത്തപ്പയെയും എന്നും ചേര്‍ത്ത് പിടിക്കും. രോഹിത് ശര്‍മയുടെ ഐതിഹാസികമായ 264 റണ്‍സ് നേടിയ കൊല്‍ക്കത്ത ഇന്നിംഗ്‌സ്. അന്ന് നാല്‍പ്പത്തൊന്നാം ഓവറിലാണ് റോബിന്‍ ഉത്തപ്പ ക്രീസിലെത്തുന്നത്. ഇന്ത്യന്‍ സ്‌കോര്‍ അപ്പോള്‍ 282ന് 4. രോഹിത് ശര്‍മ 131 പന്തില്‍ 156 റണ്‍സ് നേടി നില്‍ക്കുന്ന സമയം. മാലപ്പടക്കം പോലെ സിക്‌സറുകള്‍ പെയ്ത മാച്ചില്‍ ഉത്തപ്പ നടന്ന് സിക്‌സറുകള്‍ പായിച്ചിട്ടില്ല. അയാള്‍ അതിന് ഒരിക്കല്‍ പോലും ശ്രമിച്ചില്ല എന്നതാണ് സത്യം. അത് ചെയ്തിരുന്നുവെങ്കില്‍, വേണമെങ്കില്‍ അന്ന് അയാള്‍ക്കും ഒരു കലാശക്കൊട്ട് നടത്തുന്ന ബാറ്ററാകാമായിരുന്നു. എന്നാല്‍ അതിന് പകരം അയാള്‍ നേരിട്ട പന്തുകളെല്ലാം സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തു. ഒന്‍പത് ഓവറുകള്‍ ബാക്കി നില്‍ക്കെ ക്രീസിലെത്തിയിട്ടും അയാള്‍ നേരിട്ടത് പതിനാറ് പന്തുകള്‍ മാത്രം. അതില്‍ നേടിയത് പതിനാറ് റണ്‍സും. കാരണം അന്ന് ഇന്ത്യന്‍ ഫാന്‍സ് ആഗ്രഹിച്ചത് രോഹിത് ശര്‍മയുടെ സിക്‌സറുകളായിരുന്നു. അതിന് വേണ്ടി കൃത്യമായി ഉത്തപ്പ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തു കൊടുത്തുകൊണ്ടിരുന്നു. നൂറ് റണ്‍സിന് മേലധികം അപ്പുറത്ത് രോഹിത് അടിച്ചുകൂട്ടുകയും ചെയ്തു.
ഫിയര്‍ലെസ്സ് ക്രിക്കറ്റ് കളിക്കാന്‍ അയാള്‍ റെഡിയാണെന്ന് അയാളുടെ ഷോട്ടുകളില്‍ നിന്ന് ആദ്യ മത്സരം മുതലേ പ്രേക്ഷകര്‍ക്ക് അറിയാമായിരുന്നു. സേഫ് ക്രിക്കറ്റല്ലായിരുന്നു അയാളുടെ രീതി. പേസ് ബൗളര്‍മാരെ ഒരുതരത്തിലും അയാള്‍ ഭയന്നുമില്ല. ഗ്രൗണ്ടിന് ഏത് ഭാഗത്തേക്കും സിക്‌സറുകള്‍ പായിക്കാന്‍, അത് നടന്നോ അല്ലാതെയോ, ക്രീസിന് മുന്നിലേക്കോ, പിന്നിലേക്കോ ആയിക്കോട്ടെ എന്നായിരുന്നു അയാള്‍ കണ്ടിരുന്നത്. അത് കാണാന്‍ വല്ലാത്തൊരു ചന്തം തന്നെയായിരുന്നു എന്ന് പറഞ്ഞാലും തെറ്റില്ല. അതുകൊണ്ട് തന്നെയായിരിക്കാം റെക്കോര്‍ഡുകളുടെ കണക്കുപുസ്തകത്തില്‍ പേരില്ലാഞ്ഞിട്ടും റോബിന്‍ ഉത്തപ്പയെ പ്രേക്ഷകര്‍ മറക്കാത്തത്. ഇന്നും അയാളെ ഓര്‍ക്കുമ്പോള്‍ ലോകക്രിക്കറ്റിനെ നടന്ന് കൊണ്ട് സിക്‌സറടിക്കാന്‍ പഠിപ്പിച്ചവന്‍ എന്ന് അയാളെ വിശേഷിപ്പിക്കുന്നത്.