പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നും സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടിക്ക് സ്റ്റേ; അന്തിമ ഉത്തരവ് വരും വരെ അംഗമായി തുടരാം

പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നും സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടിക്ക് സ്റ്റേ; അന്തിമ ഉത്തരവ് വരും വരെ അംഗമായി തുടരാം
Published on

കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നു നിർമാതാവ് സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടിക്ക് താത്കാലിക സ്റ്റേ. സാന്ദ്ര തോമസിന്റെ അംഗത്വം റദ്ദാക്കിയ നടപടി എറണാകുളം സബ് കോടതിയാണ് സ്‌റ്റേ ചെയ്തത്. സാന്ദ്ര തോമസ് നല്‍കിയ ഉപഹര്‍ജിയിലാണ് എറണാകുളം സബ് കോടതി സ്‌റ്റേ നല്‍കിയത്. പുറത്താക്കിയ നടപടി ചോദ്യം ചെയ്ത് സാന്ദ്ര തോമസ് സമർപ്പിച്ച ഹർജിയിലാണ് നടപടി. ഹർജി തീർപ്പാക്കുന്നതു വരെയാണ് ഇടക്കാല സ്റ്റേ. അന്തിമ ഉത്തരവ് വരും വരെ സാന്ദ്ര തോമസിന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ അം​ഗമായി തുടരാം. തന്നെ പുറത്താക്കിയ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സാന്ദ്ര എറണാകുളം സബ്കോടതിയെ സമീപിച്ചത്.

അച്ചടക്ക ലംഘനം കാണിച്ചാണ് നേരത്തെ അസോസിയേഷനിൽ നിന്നു സാന്ദ്ര തോമസിനെ പുറത്താക്കിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ നടി സംഘടയ്ക്കെതിരെ ഉന്നയിച്ച വിമർശനങ്ങളിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിശദീകരണം ചോദിച്ചിരുന്നു. ഈ വിശദീകരണം തൃപ്തികരമല്ലെന്നു കണ്ടതിനെ തുടർന്നു കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. ഇതും തൃപ്തികരമല്ലെന്നു കണ്ടെത്തി അച്ചടക്കം ലംഘിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് പുറത്താക്കിയത്.

സംഘടനയുടെ നേതൃത്വത്തിനെതിരെ നേരത്തെ സാന്ദ്ര തോമസ് പരാതി നൽകിയിരുന്നു. സിനിമാവിതരണവുമായി ബന്ധപ്പെട്ട ഒരു യോഗത്തിൽ വിളിച്ചുവരുത്തി അസോസിയേഷനിലെ ഭാരവാഹികൾ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചു എന്നായിരുന്നു പരാതി. ഇതിനെതുടർന്ന് ഭാരവാഹികൾക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സാന്ദ്ര തോമസിനെതിരെ സംഘടന അച്ചടക്ക നടപടി സ്വീകരിച്ചത്. വിശദീകരണം നൽകാതെയാണ് പുറത്താക്കിയതെന്നും വിഷയത്തിൽ കോടതി ഇടപെടണമെന്നുമാണ് സാന്ദ്ര തോമസ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്. പുറത്താക്കിയതിന് പിന്നാലെ അസോസിയേഷനെതിരെ സാന്ദ്ര കടുത്ത വിമർശനങ്ങൾ സാന്ദ്ര ഉന്നയിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in