ഇന്ന് അന്താരാഷ്ട്ര ജലദിനം. സര്‍വത്രയുണ്ടെങ്കിലും, തുള്ളിപോലും കുടിക്കാനാവാതെ വലയുകയാണ് ഭൂമിയുടെ അവകാശികള്‍. ഓരോ ജീവനും വിലയേറിയതാണ്. ദാഹിച്ചു തളര്‍ന്നുവീഴുന്ന ഓരോ ജീവനെയും ചേര്‍ത്തുനിര്‍ത്തണം. ഒപ്പം, പ്രകൃതി കനിഞ്ഞുനല്കിയ ജലസ്രോതസ്സിനെ ജീവനെപ്പോലെ സംരക്ഷിക്കേണ്ടതുമുണ്ട്.
ഒരേസമയം തന്നെ ജീവാമൃതവും, സര്‍വ്വനാശിനിയും ആകാന്‍ കഴിയുന്ന പഞ്ചഭൂതങ്ങളിലെ പ്രധാനി. ശുദ്ധജലം ജീവന്റെ ആധാരമെങ്കിലും ഇന്നും 2.2 ബില്ല്യണ്‍ മനുഷ്യകുലത്തിന് ആവശ്യത്തിന് ലഭ്യമാകാതിരിക്കുകയും, മറുവശത്തുതന്നെ പ്രകൃതി കനിഞ്ഞനുഗ്രഹിച്ചു നല്‍കിയ ജലസ്രോതസ്സുകള്‍ മാലിന്യങ്ങളാല്‍ നിറച്ചു ഉപയോഗശൂന്യമാക്കുന്ന ജനത. ജലം വിലമതിക്കുന്നത് അത് ജീവന്റെ ആധാരമായതുകൊണ്ട് മാത്രമല്ല, ജീവിതത്തിലെ ഒരു നിമിഷവും അവ ജീവനെ തൊടുന്നതുകൊണ്ടു കൂടിയാണ്.
ചുട്ടുപൊള്ളിക്കിടക്കുന്ന ഭൂമിയിലേക്ക് ഒരു മഴത്തുള്ളിയായി പെയ്തുവീഴുമ്പോള്‍ മനം കുളിര്‍പ്പിക്കുന്ന ഈ ജലം തന്നെയാണല്ലോ മുമ്പൊരിക്കല്‍ പ്രളയമായി നമ്മെ ശ്വാസം മുട്ടിച്ചതെന്ന കാര്യം നാം ഓര്‍ക്കുമ്പോള്‍ ജലത്തിന്റെ സ്വഭാവമാറ്റം നാം ആഴത്തില്‍ മനസിലാക്കേണ്ടതുണ്ട്.
സ്ത്രീ-പുരുഷ സമത്വത്തിന് കഴിഞ്ഞ കുറേനാളുകളായി നാം വലിയ പ്രാധാന്യം നല്‍കിവരികയാണല്ലോ. സര്‍വ്വമേഖലകളിലും സ്ത്രീ പ്രാതിനിധ്യവും, അവര്‍ക്കുനല്‍കുന്ന പരിഗണനകളും കുറയുന്ന ഘട്ടത്തിലാണ് ഇത്തരം ജെന്‍ഡര്‍ സമത്വം, ഫെമിനിസം തുടങ്ങിയ വാക്കുകളുടെ പ്രയോഗം സമൂഹത്തില്‍ ഉയര്‍ന്നുവരുന്നത്. എന്നാല്‍ അങ്ങനെയൊരു സ്ത്രീ മുന്നേറ്റത്തിന് വേണ്ടിയല്ല സമൂഹം പാത്രമാകേണ്ടത്. പകരം സ്വതസിദ്ധമായി തന്നെ ഒരേ പരിഗണന സ്ത്രീയ്ക്കും പുരുഷനും നല്‍കിക്കൊണ്ടാവണം. ഈ ജലദിനം അത്തരമൊരു ആശയമാണ് ഉള്‍ക്കൊള്ളുന്നത്. ജലം അതിനൊരു മാതൃക സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഒഴുകുന്ന പ്രതലത്തിലോ, പതിക്കുന്ന മണ്ണിലോ, ജീവനേകുന്ന ജീവജാലങ്ങളിലൂടെ ശരീരത്തിലോ ഒക്കെത്തന്നെ വേര്‍തിരിവിന്റെ ലവലേശമില്ലാതെ തന്റെ സാന്നിധ്യം ഉറപ്പാക്കുന്ന ജലം. തന്റെ ആവശ്യകത നിലനില്പിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമാണെന്ന് കാട്ടിക്കൊടുക്കുന്ന സാന്നിധ്യം. പഞ്ചഭൂതങ്ങളില്‍ ജലത്തിനല്ലാതെ എന്തിനാണ് അത്തരമൊരു മാതൃകയാവാന്‍ കഴിയാത്തത്?
ശുദ്ധജലത്താല്‍ അനുഗ്രഹിക്കപ്പെട്ട നമ്മള്‍ കേരളീയര്‍ക്ക്, ഭൂഗോളത്തിന്റെ മറുപുറത്തു ശുദ്ധജലം കിട്ടാക്കനിയായി കുഴഞ്ഞുവീണും, ചത്തുമലച്ചും ജീവനുകള്‍ മണ്മറഞ്ഞുപോകുമ്പോള്‍ അത്തരം പരിതാപകരമായ അവസ്ഥകള്‍ പത്രങ്ങളിലെ ഒറ്റക്കോളം വാര്‍ത്തകള്‍ മാത്രമായേ അവശേഷിക്കുകയുള്ളൂ
ചുട്ടുപൊള്ളിക്കിടക്കുന്ന ഭൂമിയിലേക്ക് ഒരു മഴത്തുള്ളിയായി പെയ്തുവീഴുമ്പോള്‍ മനം കുളിര്‍പ്പിക്കുന്ന ഈ ജലം തന്നെയാണല്ലോ മുമ്പൊരിക്കല്‍ പ്രളയമായി നമ്മെ ശ്വാസം മുട്ടിച്ചതെന്ന കാര്യം നാം ഓര്‍ക്കുമ്പോള്‍ ജലത്തിന്റെ സ്വഭാവമാറ്റം നാം ആഴത്തില്‍ മനസിലാക്കേണ്ടതുണ്ട്. മരണാസന്നയായി കിടക്കുന്ന ജീവന് നാം തൊട്ടുകൊടുക്കുന്നത് ഒരിറ്റു ജലമാണ്. ജീവന്റെ തിരിച്ചുവരവിലെ ഏകപ്രതീക്ഷ ആ ഒരിറ്റുജലം മാത്രമാണ്. ആ ജലമാണ് ഭീമാകാരമായ രൂപം പേറി മുമ്പൊരിക്കല്‍ നമ്മെ സുനാമിയുടെ രൂപത്തില്‍ വിഴുങ്ങിയത്. ഈ ജലം തന്നെയാണ് കൂറ്റന്‍ മലകളെ, എന്റെ മുന്നില്‍ നീയെത്ര ദുര്‍ബ്ബലന്‍ എന്ന് ഓര്‍മിപ്പിച്ചുകൊണ്ട് പുത്തുമലയിലും കവളപ്പാറയിലും ദുരന്തമായി പെയ്തിറങ്ങിയത്. ഇവയിലൊക്കെ ഒരു പ്രധാനപ്പെട്ട കാര്യമുള്ളത്, ജലത്തിന്റെ ദുരന്തമുഖങ്ങള്‍ എല്ലാം തന്നെ അതിന്റെ സ്വതസിദ്ധമായ മുഖമായിരുന്നില്ല എന്നതാണ്. അവയൊക്കെ മനുഷ്യന്റെ പ്രകൃതിയുടെ സ്വച്ഛതയിലേക്കുന്ന കടന്നുകയറ്റത്തിന്റെ മറുപടിയായിരുന്നു. അവിടെയാണ് നാം ജലത്തെ മനസ്സിലാക്കേണ്ടതും ജലത്തെ കരുതേണ്ടതും. ഇത്തരത്തില്‍ ബഹുമുഖവ്യക്തിത്വം പേറുന്ന ജലത്തിന്റെ ഓര്‍മ്മകളിലേക്കുമുള്ള ഒരു യാത്രയായി ഈ ജലദിനത്തെ വിശേഷിപ്പിക്കാം.
ജീവജാലങ്ങളുടെ ദാഹമകറ്റുക എന്ന അടിസ്ഥാന ആവശ്യത്തിനൊപ്പം അതിന് ശാന്തിയുടെയും, സമാധാനത്തിന്റെയും, കരുതലിന്റെയുമൊക്കെ മറ്റൊരു ഉദാത്തമായ മാനം കൂടിയുണ്ട്. ലോകത്ത് ഇനിയൊരു യുദ്ധമുണ്ടാകുകയാണെങ്കില്‍ അത് ജലത്തിന്റെ പേരില്‍ ആയിരിക്കുമെന്ന് പറയപ്പെടുന്നതിനു പിന്നില്‍ അതിന്റെ ആവശ്യകതയ്ക്കൊപ്പം ജലം ജീവന്റെ നാനാതലങ്ങളില്‍ സ്പര്‍ശിച്ചു പോരുന്നതിന്റെ പ്രാധാന്യം കൂടി വിലയിരുത്തിയാണ്.
എന്നാല്‍, ശുദ്ധജലത്താല്‍ അനുഗ്രഹിക്കപ്പെട്ട നമ്മള്‍ കേരളീയര്‍ക്ക്, ഭൂഗോളത്തിന്റെ മറുപുറത്തു ശുദ്ധജലം കിട്ടാക്കനിയായി കുഴഞ്ഞുവീണും, ചത്തുമലച്ചും ജീവനുകള്‍ മണ്മറഞ്ഞുപോകുമ്പോള്‍ അത്തരം പരിതാപകരമായ അവസ്ഥകള്‍ പത്രങ്ങളിലെ ഒറ്റക്കോളം വാര്‍ത്തകള്‍ മാത്രമായേ അവശേഷിക്കുകയുള്ളൂ. പക്ഷേ, ഒന്നോര്‍ക്കേണ്ടതുണ്ട്. ഈ സ്രോതസ്സുകള്‍ വരുംകാലമെല്ലാം അതുപോലെ ഉണ്ടാവുമെന്ന് ഉറപ്പുപറയാനാകില്ല. ദിനംപ്രതി മലിനമായിക്കൊണ്ടിരിക്കുകയും, കൊടുംവേനലുകള്‍ ജലത്തിന്റെ ഉറവകളെ നമ്മുടെ മണ്ണില്‍ നിന്നും അകറ്റുകയും ചെയ്യുമ്പോള്‍ നാം കരുതിയിരിക്കണം; ആ പരീക്ഷണങ്ങള്‍ക്കായി. അല്ലെങ്കില്‍, ആ പരീക്ഷണങ്ങള്‍ ഒഴിവാക്കുവാനുള്ള ശ്രമങ്ങളുമായി.
ഭൂമിയില്‍ മൂന്നില്‍ രണ്ടുഭാഗവും ജലത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നെങ്കിലും വെറും 3% മാത്രമാണ് ശുദ്ധജലം. അതില്‍ത്തന്നെ 2.5% ജലമാകട്ടെ ജീവജാലങ്ങള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കായി ലഭ്യമാകുന്നുമില്ല. മണ്ണിലും, പോളാര്‍ ഐസുകളിലും, ഹിമാനികളിലും തളച്ചിടപ്പെട്ടുകിടക്കുന്നു. അതിന്റെയും ബാക്കിയായ വെറും 0.5% ജലം മാത്രമാണ് ലോകത്തെ കോടാനുകോടി ജീവജാലങ്ങളുടെ ജീവന്‍ നിലനിര്‍ത്തുന്നത്. ആ തുച്ഛമായ സ്രോതസ്സില്‍ നിന്നാണ് മനുഷ്യന്‍ ജലം പാഴാക്കിക്കളയുന്നതും, മലിനമാക്കുകയും ചെയ്യുന്നത്. ഈ ഗുരുതരമായ വീഴ്ചയാണ് ഒരുപക്ഷേ, ഈ ജലദിനത്തില്‍ നാം ഏറ്റവുമധികം പരിഗണിക്കേണ്ട മറ്റൊരു വിഷയം.
ജലത്തിന് ആദ്ധ്യാത്മികവും, മതാധിഷ്ഠിതവുമായ ചില മാനങ്ങള്‍ കൂടിയുണ്ട്. ക്ഷേത്രങ്ങളിലെ പവിത്ര വിഗ്രഹങ്ങള്‍ തഴുകിവരുന്ന തീര്‍ത്ഥജലവും, പള്ളികളില്‍ മാമോദീസ മുങ്ങുന്ന പുണ്യജലവും ഒക്കെ ജലവിശുദ്ധിയുടെ മറ്റുചില തലങ്ങള്‍ ആണല്ലോ. അത്തരത്തില്‍ വിലയിരുത്തുമ്പോള്‍ ജലം എന്നത് വിശ്വാസികളുടെ പുണ്യം പേറുന്ന ചില ഉദാത്തമായ ബിംബങ്ങള്‍ കൂടിയാണ്. അവിടെയും, ജലത്തിന് നിര്‍വ്വചനങ്ങള്‍ വ്യത്യസ്തമാകുകയാണ്. വാക്കുകള്‍ക്കും, വിശ്വാസങ്ങള്‍ക്കും അതീതമായ ചില മാനങ്ങള്‍ കൈവരികയാണ്. അങ്ങനെയൊരു തേടലില്‍ കൂടി ഈ ജലദിനത്തെ നമുക്ക് അടയാളപ്പെടുത്താവുന്നതുമാണ്.
ഓരോരുത്തരും ജലത്തെ നെഞ്ചിലേറ്റുന്നത് ഓരോ തരത്തിലാവും. പക്ഷേ, അവയെല്ലാം ചെന്നവസാനിക്കുന്നത് ജീവന്റെ നിലനില്‍പ്പിലേക്കുതന്നെ ആണെന്നുള്ളതാണ് ഇവയിലെല്ലാം പൊതുവായ കാര്യവും.
മനുഷ്യശരീരത്തിലെ ജലത്തിന്റെ അളവ് പരിശോധിക്കുമ്പോള്‍, ഏറെ രസകരമായ പല കാര്യങ്ങളും എടുത്തുപറയാന്‍ കഴിയും. മനുഷ്യന്റെ തലച്ചോറിന്റെ 70% ജലം ആണ്. ലോകത്തു ഉണ്ടായിക്കൊണ്ടിരിക്കുന്ന 80% രോഗങ്ങളുടെയും മൂലകാരണം ജലമാണ്. ലോകത്തില്‍ തന്നെ ശുദ്ധമല്ലാത്ത ജലം ഓരോ മണിക്കൂറിലും ഏതാണ്ട് 200 കുട്ടികളുടെ ജീവനാണ് കവരുന്നത്. അങ്ങനെയങ്ങനെ എത്രയോ പ്രത്യേകതകളാണ് ജലത്തിന് ഉള്ളത്. ഭക്ഷണമില്ലാതെ ഒരു മനുഷ്യന് ഏതാണ്ട് ഒരുമാസം വരെ ജീവിക്കാന്‍ കഴിയുമ്പോള്‍, വെള്ളം ഇല്ലാതെ വെറും ഒരു ആഴ്ചയ്ക്കപ്പുറം ജീവന്‍ നിലനില്‍ക്കില്ല എന്നതാണ് ഏറെ ശ്രദ്ധേയം.
ജലത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും, ജലം നമുക്കും, നമുക്ക് ജലം ആരെന്നും, എന്തെന്നും ഒക്കെയുള്ള ചിന്തകളും, കഥകളും പങ്കുവെക്കേണ്ടതുണ്ട്. ജലം നമ്മളെ സംരക്ഷിക്കുന്നതിനെക്കുറിച്ചും, നമ്മള്‍ തിരിച്ചും നമ്മുടെതന്നെ നിലനില്‍പ്പിനായി ജലത്തെ കരുതിവയ്ക്കുന്നതിനെ കുറിച്ചുമൊക്കെ ഉറക്കെത്തന്നെ വാചാലരാകണം. ഒപ്പം, ഈ ജലദിനത്തിന്റെ പശ്ചാത്തലത്തില്‍ ജലത്തെ വിലകല്പിക്കേണ്ടത് പ്രകൃത്യായുള്ള ജലസ്രോതസ്സിനെ അതിന്റെ ചാരിത്ര്യത്തോടെ കാണുകയും, ജലസംഭരണത്തിലും, ജലവിതരണത്തിലും കൂടുതല്‍ ഫലപ്രദമായ വഴികള്‍ തേടുകയും ചെയ്യേണ്ടതുണ്ട്. കുടിവെള്ളം, ആരോഗ്യ-ശുചിത്വമേഖല ഇവയിലൊക്കെ ജലത്തിന്റെ ഇടപെടലുകള്‍, സാമൂഹ്യ-സാമ്പത്തിക-ഉല്‍പ്പാദന രംഗങ്ങളില്‍ ജലത്തിന്റെ പ്രാധാന്യം, അതിനൊപ്പം സാംസ്‌കാരികവും, ആധ്യാത്മികവുമായ തലങ്ങളിലെ പ്രാധാന്യവും കൂടി കണക്കിലെടുത്താവണം ജലത്തിന്റെ വിലകല്പിക്കപ്പെടേണ്ടത്.
അതികഠിനമായ ചൂടുകാലാവസ്ഥയില്‍ നമ്മുടെ ജലസ്രോതസ്സുകള്‍ വറ്റിവരളുമ്പോള്‍ ദാഹമകറ്റാന്‍ പാറിപ്പറന്നലയുന്ന പക്ഷികള്‍, മൃഗങ്ങള്‍, നാം മനുഷ്യര്‍ നികത്തി വീടുവച്ച ഭൂമിയിലൂടെ പണ്ട് സ്വച്ഛമായി ഒഴുകിയിരുന്ന നദികളുടെ അസാന്നിധ്യം മൂലം നാടുവിട്ടുപോയ എത്രയോ നാട്ടുപക്ഷികള്‍. വരാതായ ദേശാടനപ്പക്ഷികള്‍. ജലം കനിയാത്തയിടങ്ങളില്‍ അത് കരുതിയുപയോഗിച്ചുകൊണ്ട് മണ്ണില്‍ സ്വര്‍ണ്ണം വിളയിക്കുന്ന കര്‍ഷകര്‍, കൊടും വേനലില്‍ കരിഞ്ഞുണങ്ങുന്ന വൃക്ഷലതാതികള്‍. ഓരോരുത്തര്‍ക്കുമുണ്ട് ജലത്തിന്റെ വിലമതിക്കുന്നതിന്റെ കഥകള്‍ പറയുവാന്‍. ഓരോരുത്തരും ജലത്തെ നെഞ്ചിലേറ്റുന്നത് ഓരോ തരത്തിലാവും. പക്ഷേ, അവയെല്ലാം ചെന്നവസാനിക്കുന്നത് ജീവന്റെ നിലനില്‍പ്പിലേക്കുതന്നെ ആണെന്നുള്ളതാണ് ഇവയിലെല്ലാം പൊതുവായ കാര്യവും.