ലൈഫ്, ഇരുപത് ലക്ഷം പേരുടെ അന്തസ് ഉയർത്തിയ ദൗത്യം, പാർട്ടി അമ്മയെപ്പോലെ; പിണറായി വിജയൻ അഭിമുഖം|Conversation with Maneesh Narayanan

ലൈഫ് മിഷൻ സ്വന്തമായി വീടില്ലാതിരുന്ന ഇരുപത് ലക്ഷം ആളുകളുടെ അന്തസ്സ് ഉയർത്തിയ ദൗത്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ദ ക്യുവിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ. വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകാതെ മണ്ണടിഞ്ഞ ധാരാളം ആളുകൾ നമ്മുടെ നാട്ടിലുണ്ട്. അവർക്കെല്ലാം വീട് കൊടുക്കുക, വീട് നിർമാണത്തിനായുള്ള പദ്ധതികൾ ഏകോപിപ്പിക്കുക, അതുവരെ നൽകിയിരുന്ന നാമമാത്രമായ ഫണ്ടിന് പകരം നാല് ലക്ഷം രൂപയുടെ വീട് നിർമിക്കുക, അതൊരു നല്ല വീടാകുക എന്ന ആശയമാണ് ലൈഫ് മിഷനായി രൂപപ്പെട്ടത്. വീടിനായി അപേക്ഷയുമായി ധാരാളം പേർ എത്തിയതോടെയാണ് ഇങ്ങനയൊരു ആലോചനയുണ്ടായത്. അഞ്ച് ലക്ഷം വീടുകൾ പൂർത്തിയായി. മനസിന് വലിയ തൃപ്തി തോന്നുന്ന ഒരു കാര്യമാണ്. അതിദാരിദ്ര്യം ഇല്ലാതാക്കിയതും ഇതുപോലെ തന്നെയാണ്. സർക്കാരിന്റെ ബാധ്യത ഇതു തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാർട്ടി അമ്മയെപ്പോലെ

പാർട്ടി അമ്മയെപ്പോലെയാണ്. ഓരോ സഖാവും എല്ലാം തികഞ്ഞയാളായിരിക്കില്ല. അവർക്കുണ്ടാകുന്ന കുറവുകൾ തിരുത്തി മുന്നോട്ടു നയിക്കുന്ന നിലയായിരിക്കും പാർട്ടി സ്വീകരിക്കുക. വളർന്ന് എത്തേണ്ടിടത്ത് എത്തി പിന്നീട് പാർട്ടിക്കെതിരായി മാറുന്ന നിലയാണ് ചിലരിൽ നിന്നുണ്ടാകുന്നത്. അത് ഒട്ടും സന്തോഷിപ്പിക്കുന്ന ഒന്നല്ല. പക്ഷേ അതുകൊണ്ട് പാർട്ടിക്കെന്തെങ്കിലും സംഭവിക്കുമെന്ന് കരുതേണ്ടതില്ല

നിക്ഷേപക സൗഹൃദ സംസ്ഥാനം

കേരളത്തെ ഒരു നിക്ഷേപക സൗഹൃദ സംസ്ഥാനമാക്കി മാറ്റാനായി. 2016ൽ അധികാരത്തിൽ വന്നപ്പോൾ എന്തുകൊണ്ട് നിക്ഷേപക സൗഹൃദ സംസ്ഥാനമായി മാറ്റിക്കൂടാ എന്ന ചിന്ത വന്നു. അന്ന് കേരളത്തിന് വളരെ മോശം പേരാണ്. ട്രേഡ് യൂണിയനുകളൊക്കെ വ്യവസായങ്ങൾക്ക് എതിരാണെന്ന പ്രചാരണം നടന്നു വരികയായിരുന്നു. കേരളത്തിൽ നിക്ഷേപം നടത്തിയിരുന്ന ചില പ്രധാനപ്പെട്ട വ്യവസായികളോട് ഇത് സംബന്ധിച്ച് ചോദിച്ചപ്പോൾ തീർത്തും വിപരീതമായ മറുപടിയാണ് ലഭിച്ചത്. അവർ വർഷങ്ങളായി കേരളത്തിലുണ്ട്. മോശം അനുഭവങ്ങൾ അവർക്കില്ല എന്ന് പറഞ്ഞു. അവരുമായി സംസാരിച്ചപ്പോൾ ചില നിർദേശങ്ങൾ ഉയർന്നു. നിയമങ്ങൾ ഭേദ​ഗതി ചെയ്യേണ്ടതടക്കം ​ഗവൺമെന്റ് പരിഹരിക്കേണ്ട ചില കാര്യങ്ങളുണ്ടായിരുന്നു. ഏഴ് നിയമങ്ങളും പത്തോളം ചട്ടങ്ങളും ഭേദ​ഗതി ചെയ്തു. വ്യവസായങ്ങളോടുള്ള മനോഭാവം മാറ്റിയെടുക്കാനുമായി. നിക്ഷേപം നടത്താൻ തയ്യാറായി വരുന്നവർക്കുണ്ടാകുന്ന കാലതാമസം ഒഴിവാക്കാനും നടപടിയെടുത്തു.

ബിജെപിക്ക് സീറ്റൊന്നും ലഭിക്കില്ല

വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് സീറ്റുകളൊന്നും ലഭിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ബിജെപി വലിയ പ്രതീക്ഷയോടെ തെരഞ്ഞെടുപ്പിനെ നേരിടുന്നു എന്നുള്ളത് ശരിയാണ്. പക്ഷേ കേരളം ബിജെപിയെ സ്വീകരിക്കാൻ പോകുന്നില്ല. കാരണം മതനിരപേക്ഷതയുടെ വിളനിലമാണ് കേരളം. മതനിരപേക്ഷതക്ക് അനുകൂലമല്ല ബിജെപി എന്നത് എല്ലാവർക്കും പൂർണ്ണ ബോധ്യമുള്ള കാര്യമാണ്. അതിന്റെ പ്രതിഫലനം തെരഞ്ഞെടുടപ്പിൽ ഉണ്ടാകുമെന്നും പിണറായി വിജയൻ പറഞ്ഞു‍.

Related Stories

No stories found.
logo
The Cue
www.thecue.in