

'ഗ്രൗണ്ടഡായി' ഇരിക്കുക എന്ന വ്യക്തി വിശേഷണത്തിന്റെ ഉത്ഭവം 'ഗ്രൗണ്ട്' എന്ന വാക്കില്‍ നിന്നാണോ എന്നറിയില്ല. ക്രിക്കറ്റ് ഗ്രൗണ്ടിലും പുറത്തും ഒരുപോലെ മണ്ണില്‍ ചവിട്ടി നില്‍ക്കാന്‍ കഴിയുന്നതുകൊണ്ടാകാം സഞ്ജു സാംസണ്‍ എന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പ്രിയങ്കരനായി മാറ്റുന്നത്. സമീപകാല ലോക ക്രിക്കറ്റിലെയും ഇന്ത്യന്‍ കായികലോകത്തെയും ഏറ്റവും പ്രചോദിപ്പിക്കുന്ന ഇന്നിങ്‌സായി മാറുകയാണ് സഞ്ജു സാംസണിന്റെ കഥ.
പണക്കൊഴുപ്പ് കൊണ്ടും പ്രതിഭാ ധാരാളിത്തം കൊണ്ടും അധികാരം കൊണ്ടും ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ബോര്‍ഡായ ബിസിസിഐയുടെ കീഴില്‍ ഹോം സാഹചര്യങ്ങളില്‍ ഇന്ത്യ നിലനിര്‍ത്തിയ ഈ ലോകകപ്പിന് പത്തരമാറ്റ് തിളക്കമൊന്നുമില്ല. ബംഗ്ലാദേശിനെ പുറത്തിരുത്തിയും പാകിസ്ഥാനോട് ഹസ്തദാനം നിരസിച്ചും അധികാര ദുര്‍വിനിയോഗം നടത്തി ക്രിക്കറ്റിന്റെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് നശിപ്പിച്ച ടൂര്‍ണമെന്റ് ഓര്‍മ്മിക്കപ്പെടേണ്ടതും ആഘോഷിക്കപ്പെടേണ്ടതും സഞ്ജു സാംസണ്‍ എന്ന സ്‌പോര്‍ട്‌സ്മാന്റെ അവിശ്വസനീയമായ വീണ്ടെടുപ്പിലൂടെയാണ് (Redemption) ഉയിര്‍ത്തേഴുന്നേല്‍പ്പിലൂടെയാണ്.
ഫ്രാഞ്ചൈസി ക്രിക്കറ്റ് അരങ്ങ് വാഴുന്ന കാലത്ത് ദേശീയ ക്രിക്കറ്റിന് പഴയതു പോലെ കാഴ്ചക്കാരില്ല. ട്വന്റി 20യുടെ വാണിജ്യ സാധ്യതയിലേക്ക് ക്രിക്കറ്റ് പരിമിതപ്പെട്ടു തുടങ്ങി. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉള്‍പ്പടെയുള്ള ക്രിക്കറ്റ് ബോര്‍ഡുകളെല്ലാം ഏകദിന-ടെസ്റ്റ് മത്സരങ്ങള്‍ അവരുടെ ക്രിക്കറ്റ് കലണ്ടറില്‍ നിന്ന് വെട്ടിച്ചുരുക്കി. മൂന്നും നാലും ടീമുകള്‍ മത്സരിച്ച ത്രിരാഷ്ട്ര-ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റുകളും ഷാര്‍ജാ കപ്പുമൊക്കെ ഇന്ന് 90സ് കിഡ്‌സിന്റെ ദീപ്ത സ്മരണകള്‍ മാത്രമായി. നോട്ട്ബുക്കില്‍ നിന്നും നെയിം സ്ലിപ്പുകളില്‍ നിന്ന് വരെ കായികതാരങ്ങള്‍ അപ്രത്യക്ഷമായി തുടങ്ങി. ഇവിടെയാണ് കേരളം പോലെയൊരു ഭൂമികയില്‍ നിന്ന് എത്തുന്ന സഞ്ജു സാംസണ്‍ ഇന്ത്യയിലാകെയും കേരളത്തില്‍ പ്രത്യേകിച്ചും ഒരു ഐക്കണ്‍ പ്ലെയറായി മാറുന്നത്. ചലച്ചിത്ര താരങ്ങളെ പോലെ ഫാന്‍സ് അസോസിയേഷനോ പിആറോ ഒന്നുമില്ല സഞ്ജുവിന്. എന്നിട്ടും മലയാളിയുടെ പൊതുമണ്ഡലത്തില്‍ സഞ്ജു ഇടം കണ്ടെത്തുന്നു. തികച്ചും ജൈവികമായ ഒരു ഇടംപിടിക്കലാണ് അത്.
ക്രിക്കറ്റ് കാണാത്തവര്‍ പോലും സഞ്ജുവിനെ കാണാന്‍ ടെലിവിഷന്‍ സ്‌ക്രീനിന്റെ മുന്നിലെത്തുന്നു. പത്രം കിട്ടിയാല്‍ ഉടന്‍ പിന്നിലെ സ്‌പോര്‍ട്‌സ് പേജ് മറിച്ചുനോക്കുന്ന പണ്ടെങ്ങോ മറന്ന ശീലത്തിലേക്ക് നമ്മള്‍ തിരിച്ചു പോകുന്നു. ഒരു ത്രില്ലര്‍ സിനിമയേക്കാള്‍ അനിശ്ചിതത്വങ്ങളും ഉദ്വേഗവും നിറഞ്ഞതായിരുന്നു സഞ്ജുവിന്റെ ഇതുവരെയുള്ള യാത്ര. പ്രിവിലേജുകള്‍ ഒന്നുമില്ലാത്ത, ഡല്‍ഹി പൊലീസിലെ ഒരു കോണ്‍സ്റ്റബിള്‍ മാത്രമായിരുന്ന സാംസണ്‍ വിശ്വനാഥന്റെ മകന്‍ പിന്നിട്ട വഴികളും പൊരുതി നേടിയ വിജയങ്ങളും ഏതൊരു വളര്‍ന്നു വരുന്ന കായികതാരത്തിനും ആവേശവും പ്രതീക്ഷയും മാതൃകയുമാണ്.
സഞ്ജുവിന്റെ ജയപരാജയങ്ങളില്‍ വൈകാരികമായി പ്രതികരിക്കുമ്പോള്‍ ചിലപ്പോഴെങ്കിലും 'outspoken' ആയി പോകുന്നില്ലേ സാംസണ്‍ വിശ്വനാഥന്‍ എന്ന പിതാവ് എന്ന് ചിന്തിക്കുന്നവരാണ് മലയാളികള്‍. 'നീ നിന്റെ സ്വപ്നങ്ങളെ പിന്തുടരുക, പക്ഷേ അതിലേക്ക് കുറുക്കുവഴികള്‍ ഇല്ലെന്ന് ഉറപ്പാക്കൂ' എന്നതായിരുന്നു രമേശ് ടെന്‍ഡുല്‍ക്കര്‍ മകന് നല്‍കിയ ഉപദേശം. തന്റെ കരിയറില്‍ ഉടനീളം സച്ചിന്‍ പിതാവിന്റെ വാക്ക് പ്രാവര്‍ത്തികമാക്കി. 'എത്ര വലിയ ക്രിക്കറ്ററായാലും വന്ന വഴി മറക്കരുത്, പഴയ കൂട്ടുകാരെ മറക്കരുത്' എന്ന അച്ഛന്റെ പാഠം സഞ്ജുവും ഹൃദയത്തില്‍ സൂക്ഷിക്കുന്നുണ്ട്. വിഴിഞ്ഞത്തെ ഒരു പ്രാദേശിക പരിപാടിക്കു വേണ്ടി ഇന്ത്യന്‍ ക്യാംപില്‍ നിന്ന് സഞ്ജു ഓടിയെത്തിയതും അച്ഛന്റെ വാക്കുകള്‍ക്ക് വിലകല്‍പ്പിക്കുന്നത് കൊണ്ടുതന്നെ. ഭാരമേറിയ ക്രിക്കറ്റ് കിറ്റുമായി സഹോദരന്‍ സാലിക്കൊപ്പം വിഴിഞ്ഞത്ത് കൂടി നടന്നുപോകുമ്പോള്‍ ലിഫ്റ്റ് കൊടുത്ത ഓട്ടോ ചേട്ടന്‍മാരെ കാണികള്‍ക്കിടയില്‍ നിന്ന് തിരിച്ചറിയാനും പ്രശസ്തിയുടെ കൊടുമുടിയിലും സഞ്ജു മറക്കുന്നില്ല. സഞ്ജുവിന്റെ പ്രതിഭക്കും കഠിനാദ്ധ്വാനത്തിനുമൊപ്പം സാംസണ്‍ വിശ്വനാഥനെന്ന പിതാവ് കണ്ട സ്വപ്നം കൂടിയാണ് ഈ വേള്‍ഡ് കപ്പിലെ വണ്ടര്‍ ബോയിയായി മാറിയ സഞ്ജു സാംസണിന്റെ പരിണാമം.
ഇഷാന്‍ കിഷനുമായി താരതമ്യം ചെയ്തു വിവാദമുണ്ടാക്കാന്‍ യൂട്യൂബ് ചാനല്‍ അവതാരകന്‍ ശ്രമിച്ചപ്പോള്‍ 'ഇഷാനും സൂപ്പര്‍ സ്റ്റാറല്ലേ. ആ കുഞ്ഞും കളിക്കട്ടെ. സ്‌പോര്‍ട്‌സില്‍ കഴിവാണ് മാനദണ്ഡം. സ്‌പോര്‍ട്‌സില്‍ എനിക്ക് സ്വാര്‍ത്ഥതയില്ലെയെന്ന്' പറയുന്ന സാംസണ്‍ വിശ്വനാഥന്റെ സ്പിരിറ്റാണ് മകനും പിന്തുടരുന്നത്.
സ്‌പെഷ്യലിസ്റ്റ് ബാറ്ററായിരുന്ന രാഹുല്‍ ദ്രാവിഡിനെ വിക്കറ്റ് കീപ്പറാക്കി ഏഴ് ബാറ്റര്‍മാരെയും നാല് ബൗളര്‍മാരെയും പരീക്ഷിച്ച ജോണ്‍ റൈറ്റ് - സൗരവ് ഗാംഗുലി കാലം ഉണ്ടായിരുന്നു ഇന്ത്യക്ക്. നയന്‍ മോംഗിയ, സബാ കരീം, എം.എസ്.കെ. പ്രസാദ്, ദീപ്ദാസ് ഗുപ്ത, പാര്‍ഥിവ് പാട്ടേല്‍, ദിനേശ് കാര്‍ത്തിക്ക് തുടങ്ങി അര ഡസനോളം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരെ മാറിമാറി പരീക്ഷിച്ച ഭൂതകാലവും ഉണ്ടായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിന്. നീട്ടി വളര്‍ത്തിയ മുടിയും ഹെലികോപ്റ്റര്‍ ഷോട്ടുമായി മഹേന്ദ്ര സിങ് ധോണി കളം നിറഞ്ഞതോടെ കളം മാറി കളിയും മാറി. പിന്നീടുള്ള ഒന്നര പതിറ്റാണ്ട് 'മാഹി വേ..' ആയിരുന്നു. ക്യാപ്റ്റന്‍ കൂളായും വിക്കറ്റ് കീപ്പറായും ധോണി ഐതിഹാസിക താരമായി ഉയര്‍ന്നപ്പോള്‍ അരഡസനോളം വിക്കറ്റ് കീപ്പര്‍മാര്‍ അവരുടെ ഊഴം കാത്ത് ക്യൂവിലുണ്ടായിരുന്നു.
ടിനു യോഹന്നാനെയും എസ്. ശ്രീശാന്തിനെയും പിന്തുണയ്ക്കാന്‍ എസ്.കെ. നായര്‍ എന്നൊരു ബിസിസിഐ സെക്രട്ടറി ഉണ്ടായിരുന്നു മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത്. എന്നാല്‍ സഞ്ജുവിന് ഗോഡ്ഫാദര്‍മാര്‍ ആരും ഉണ്ടായിരുന്നില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗെന്ന ആഭ്യന്തര പ്‌ളാറ്റ്‌ഫോമും പ്രതിഭയും മാത്രമായിരുന്നു സഞ്ജു സാംസണിന്റെ മൂലധനം. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി അരങ്ങേറിയ ആദ്യസീസണില്‍ തന്നെ വരവറിയിച്ച് എമേര്‍ജിങ് പ്ലെയറായി. ഐപിഎലില്‍ അരങ്ങേറി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴേക്കും സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്കുള്ള വിളിയെത്തി. എന്നാല്‍ സഞ്ജുവിനു ശേഷം അരങ്ങേറിയ പലര്‍ക്കും അവസരങ്ങള്‍ വാരിക്കോരി കൊടുത്തപ്പോഴും പത്ത് വര്‍ഷത്തിനിടെ സഞ്ജുവിന് ട്വന്റി-ട്വന്റിയില്‍ അവസരം ലഭിച്ചത് 62 മത്സരങ്ങളില്‍ മാത്രം. അതിലധികം മത്സരങ്ങളില്‍ സഞ്ജു ഇന്ത്യന്‍ ടീമിന്റെ ഡഗ്ഔട്ടില്‍ ഇരുന്നിട്ടുണ്ട്.
ഏകദിനത്തില്‍ പതിനാറ് മത്സരങ്ങളില്‍ നിന്ന് 56.67 ബാറ്റിങ് ശരാശരിയുള്ള താരമാണ് സഞ്ജു. സൗത്ത് ആഫ്രിക്കയിലെ മരണ പിച്ചില്‍ പൊരുതിയ നേടിയ കന്നി സെഞ്ച്വറിക്ക് ശേഷമുള്ള അടുത്ത പരമ്പരയില്‍ സഞ്ജുവിന് പതിനഞ്ചംഗ ടീമില്‍ പോലും ഇടം കിട്ടിയില്ല. 2024 ലോകകപ്പില്‍ വിയര്‍പ്പ് തുന്നിയിട്ട കുപ്പായവുമായി അമേരിക്കയിലേക്ക് വിമാനം കയറിയെങ്കിലും ലോകകപ്പ് ജയിച്ച ഇന്ത്യന്‍ ടീമിനുവേണ്ടി ഒരു മത്സരത്തില്‍ പോലും കളത്തിലിറങ്ങാന്‍ സഞ്ജുവിനായില്ല.
രോഹിത്ത് ശര്‍മ്മ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ എന്നിവര്‍ വിരമിച്ചതിനു ശേഷമാണ് സഞ്ജു ട്വന്റി 20 ടീമില്‍ സ്ഥിര സാന്നിധ്യമാകുന്നത് തന്നെ. ഗൗതം-സൂര്യകുമാര്‍ സഖ്യത്തില്‍ ഓപ്പണറായി പ്രൊമോഷന്‍ ലഭിച്ചപ്പോള്‍ സഞ്ജു തകര്‍ത്തടിച്ചു. തുടരെത്തുടരെ മൂന്ന് സെഞ്ച്വറികള്‍. ഏകദിന-ടെസ്റ്റ് ക്യാപ്റ്റനായി അരങ്ങേറിയ ഗില്ലിനെ മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനായി ഉയര്‍ത്തി കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ ട്വന്റി ട്വന്റിയിലേക്ക് പ്രതിഷ്ഠിച്ചപ്പോള്‍ സഞ്ജുവിന് ഓപ്പണര്‍ സ്ഥാനം നഷ്ടമായി. പിന്നീട് പല പൊസിഷനുകളില്‍ പല റോളുകളില്‍ സഞ്ജുവിനെ മാറിമാറി പരീക്ഷിച്ചു. ടീമിനു വേണ്ടി നായകന്റെ വേഷമല്ല പ്രതിനായകന്റെയും കോമാളിയുടെയും വേഷം വരെ കെട്ടിയാടേണ്ടി വരുമെന്ന് പറഞ്ഞ് സഞ്ജു എല്ലാം ചിരിയിലൊതുക്കി.
തിലക് വര്‍മ്മക്കൊപ്പം ഏഷ്യാകപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ നിര്‍ണ്ണായക കൂട്ടുകെട്ട് പടുത്തുയര്‍ത്തിയെങ്കിലും തിലകിന്റെ പ്രകടനത്തില്‍ സഞ്ജുവിന്റെ പ്രകടനത്തിന്റെ മാറ്റ് കുറഞ്ഞു. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ രണ്ടാം മത്സരത്തിലും മഴമൂലം ഉപേക്ഷിച്ച ആദ്യ മത്സരത്തിലും മാത്രമാണ് അവസരം ലഭിച്ചത്. സഞ്ജുവിനു പകരക്കാരനായി എത്തിയ ജിതേഷ് ശര്‍മ്മ ഫിനിഷറുടെ റോളില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ലോകകപ്പ് ടീമിലേക്ക് ജിതേഷും അഗാര്‍ക്കറിന്റെയും ഗംഭീറിന്റെയും ആശീര്‍വാദത്തോടെ വൈസ് ക്യാപ്റ്റന്‍ ഗില്ലും ഇടം കണ്ടെത്തുമെന്ന് എല്ലാവരും വിലയിരുത്തി. എന്നാല്‍ വൈസ് ക്യാപ്റ്റന് ടീമില്‍ സ്ഥാനം നഷ്ടപ്പെട്ടു. ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍ത്തു കളിച്ച് വന്ന ഇഷാന്‍ കിഷന്‍ സഞ്ജുവിനൊപ്പം ബാക്കപ്പ് വിക്കറ്റ് കീപ്പറായി ഓപ്പണിങ് സ്ലോട്ടില്‍ ടീമിലെത്തി. റിങ്കു സിങ് ഫിനിഷറുടെ റോളില്‍ എത്തിയതോടെ ജിതേഷ് ശര്‍മ്മ പുറത്തായി.
പലതവണ തഴഞ്ഞു, തിരസ്‌കരിക്കപ്പെട്ടു, അവഗണിക്കപ്പെട്ടു, പരിഹസിക്കപ്പെട്ടു, സ്വന്തം കഴിവിനെ തന്നെ സംശയിച്ചു, ആകാശ് ചോപ്ര പോലെയുള്ള ഇത്തിള്‍ കണ്ണികള്‍ മുതല്‍ ഗാവസ്‌കറിനെ പോലെയുള്ള ഇതിഹാസ താരങ്ങളുടെ വരെ വിമര്‍ശനങ്ങളുടെ ചൂടറിഞ്ഞു. സഞ്ജു കേവലം പി.ആര്‍. താരമാണെന്ന് അപഹസിക്കപ്പെട്ടു. കരിയര്‍ ഇതോടെ അവസാനിക്കുമെന്ന് പോലും വിധിയെഴുതപ്പെട്ടു. കൊല്‍ക്കത്തയിലെ വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള നിര്‍ണ്ണായക സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ വിജയ ശില്‍പ്പിയാകും മുമ്പ് വരെ ടീമിലെ സഹതാരങ്ങളില്‍ ചിലരെങ്കിലും അയാളുടെ പ്രതിഭയില്‍ സംശയിച്ചു.
ജിതേഷ് ശര്‍മ്മയുടെയും ഗില്ലിന്റെ പുറത്താകലും ഇഷാന്‍ കിഷനൊപ്പമുള്ള അതിജീവന പോരാട്ടവും സഞ്ജുവിനെ സമ്മര്‍ദ്ദത്തിലാക്കി. സഞ്ജുവിന്റെ ബാറ്റിങ് ദൗര്‍ബല്യങ്ങള്‍ കൂടി തുറന്നു കാട്ടപ്പെട്ടപ്പോള്‍ ലോകകപ്പിന് മുമ്പുള്ള ന്യൂസിലന്‍ഡ് പരമ്പരയില്‍ മലയാളി താരം ദുരന്തമായി മാറി. അവസാന ട്വന്റി 20 മത്സരത്തില്‍ തിരുവനന്തപുരത്തെ ഹോം ഗ്രൗണ്ടിലും നാട്ടുകാരുടെ മുന്നില്‍ പരാജിതനായി സഞ്ജു തലതാഴ്ത്തി. ഇഷാന്‍ കിഷന് വിക്കറ്റ് കീപ്പര്‍ ഗ്ലൗസും ഒഴിഞ്ഞ് കൊടുക്കേണ്ടി വന്നു. അഭിഷേകും സൂര്യയും ഇഷാനും ഫോമിലേക്ക് ഉയര്‍ന്നപ്പോള്‍ സഞ്ജു ഫോം കണ്ടെത്താനാകാതെ വിഷമിച്ചു.
അമേരിക്കക്ക് എതിരെയുള്ള ആദ്യ മത്സരത്തില്‍ ഇഷാന്‍ ഓപ്പണറായും വിക്കറ്റ് കീപ്പറുമായും കളത്തിലിറങ്ങിയപ്പോള്‍ സഞ്ജു ബെഞ്ചിലായി. അഭിഷേകിന്റെ അസാന്നിധ്യത്തില്‍ നമീബിയക്കെതിരെ ഓപ്പണറായി ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ച സഞ്ജു മൂന്നു സിക്‌സറും ഒരു ബൗണ്ടറിയും നേടി മികച്ച തുടക്കം സമ്മാനിച്ചെങ്കിലും 22 റണ്‍സെടുത്ത് മടങ്ങി. പാകിസ്താനെതിരെ അഭിഷേക് തിരിച്ചെത്തിയപ്പോള്‍ സഞ്ജു വീണ്ടും പുറത്തിരുന്നു. അഭിഷേക് തുടര്‍ച്ചയായും മൂന്ന് തവണയും ഇഷാന്‍ ഒരു തവണയും സംപൂജ്യരായി മടങ്ങിയതോടെ ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് പ്രതിസന്ധിയിലായി. ഓഫ് സ്പിന്നര്‍ ട്രാപ്പിനെ അതിജീവിക്കാന്‍ കഴിയാതെ അഭിഷേക് കുഴങ്ങി. സൗത്ത് ആഫ്രിക്കയോട് സൂപ്പര്‍ എട്ട് മത്സരത്തില്‍ പരാജയപ്പെട്ടതോടെ ഇന്ത്യയ്ക്കു ശേഷിക്കുന്ന മത്സരങ്ങള്‍ നോക്കൗട്ടായി മാറി.
സിംബാംബ്‌വേക്കെതിരായ നിര്‍ണ്ണായ മത്സരത്തില്‍ സഞ്ജു വീണ്ടും ഓപ്പണറായി. ഇത്തവണയും 25ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും സഞ്ജുവിന്റെ സാന്നിധ്യത്തില്‍ പവര്‍പ്ലേയില്‍ സ്പിന്നര്‍മാരെ ഇറക്കാന്‍ സികന്ദര്‍ റാസ മടിച്ചു. അഭിഷേകിന് ആത്മവിശ്വാസത്തോടെ ബാറ്റ് വീശാനായി. അര്‍ദ്ധ സെഞ്ച്വറിയും നേടി. 3.4 ഓവറില്‍ അഭിഷേകിനൊപ്പം ഒന്നാം വിക്കറ്റില്‍ 43 റണ്‍സ് ഓപ്പണിങ് കൂട്ടുകെട്ട് സമ്മാനിച്ചാണ് സഞ്ജു മടങ്ങിയത്.
ഗ്രൂപ്പ് എട്ടിലെ ഇന്ത്യയുടെ അവസാന മത്സരം രണ്ട് തവണ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ജീവന്‍മരണ പോരാട്ടം. 196 വിജയ ലക്ഷ്യവുമായി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് പത്ത് വീതം റണ്‍സെടുത്ത അഭിഷേകിനെയും ഇഷാനെയും നഷ്ടമായി. സമീപകാല ഇന്ത്യന്‍ ക്രിക്കറ്റിലെയും തന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സും പുറത്തെടുത്ത സഞ്ജു തന്നിലെ ക്രിക്കറ്ററിനെ പുനര്‍നിര്‍മ്മിച്ച ദിനമായിരുന്നു. കൊല്‍ക്കത്തയിലെ സൂപ്പര്‍ സണ്‍ഡേയെ സഞ്ജു സാംസണ്‍ഡേയാക്കി. ഇന്ത്യ വിജയതീരം പുല്‍കും വരെ കരുതലോടെ പക്വതയോടെ കളം നിറഞ്ഞ് സഞ്ജു കളിച്ചു. 2011 സെമിയില്‍ ഓസ്‌ട്രേലിയക്കെതിരെ യുവരാജ് സിങ്ങിന്റെയും ഓസ്‌ട്രേലിയക്കെതിരെ ലോകകപ്പ് സെമിയില്‍ തകര്‍ത്താടിയ ജെമിമ റോഡ്രിഗസിന്റെയും ഇന്നിങ്‌സുകളെ അനുസ്മരിപ്പിക്കുന്ന അവീസ്മരണീയമായ ഇന്നിങ്‌സ്.
സെമിയില്‍ ഇംഗ്ലണ്ടിനെതിരെയും ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെയും സഞ്ജു ഉത്തരവാദിത്വത്തോടെ കളം നിറഞ്ഞു. '97','89','89' സ്‌കോറുകളുമായി തുടര്‍ച്ചയായി മൂന്നു സെഞ്ച്വറി നേട്ടത്തിന് അടുത്ത് എത്തിയെങ്കിലും വ്യക്തിഗത നേട്ടങ്ങള്‍ക്കായി കാത്ത് നില്‍ക്കാതെ 200 അടുത്ത് സ്‌ട്രൈക്ക് റേറ്റില്‍ അയാള്‍ ബാറ്റ് വീശി. അഞ്ചേ അഞ്ച് മത്സരങ്ങള്‍ മാത്രം കളിച്ച് ടൂര്‍ണമെന്റിലെ താരമായിട്ടാണ് ചേട്ടന്റെ മടക്കം.
പലതവണ തഴഞ്ഞു, തിരസ്‌കരിക്കപ്പെട്ടു, അവഗണിക്കപ്പെട്ടു, പരിഹസിക്കപ്പെട്ടു, സ്വന്തം കഴിവിനെ തന്നെ സംശയിച്ചു, ആകാശ് ചോപ്ര പോലെയുള്ള ഇത്തിള്‍ കണ്ണികള്‍ മുതല്‍ ഗാവസ്‌കറിനെ പോലെയുള്ള ഇതിഹാസ താരങ്ങളുടെ വരെ വിമര്‍ശനങ്ങളുടെ ചൂടറിഞ്ഞു. സഞ്ജു കേവലം പി.ആര്‍. താരമാണെന്ന് അപഹസിക്കപ്പെട്ടു. കരിയര്‍ ഇതോടെ അവസാനിക്കുമെന്ന് പോലും വിധിയെഴുതപ്പെട്ടു. കൊല്‍ക്കത്തയിലെ വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള നിര്‍ണ്ണായക സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ വിജയ ശില്‍പ്പിയാകും മുമ്പ് വരെ ടീമിലെ സഹതാരങ്ങളില്‍ ചിലരെങ്കിലും അയാളുടെ പ്രതിഭയില്‍ സംശയിച്ചു. മുമ്പ് വിക്കറ്റ് സെലിബ്രേഷനില്‍ പോലും അയാളെ ഒറ്റപ്പെടുത്തി നിര്‍ത്തുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ക്ഷമയോടെ അയാള്‍ കാത്തിരുന്നു. കൊല്‍ക്കത്ത വിജയത്തോടെ സഹതാരങ്ങളും അയാളെ ചേര്‍ത്ത് പിടിച്ചു. അത് സഞ്ജു ആര്‍ജ്ജിച്ചെടുത്ത ബഹുമാനമാണ്. ഒരുപാട് പേര്‍ക്ക് ഉയിര്‍ത്തേഴുനേല്‍ക്കാന്‍ ഊര്‍ജ്ജം നല്‍കുന്ന തിരിച്ചുവരവായി സഞ്ജുവിന്റെ ഹാട്രിക്ക് നോക്കൗട്ട് നോക്കുകള്‍ മാറി.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നേടിയ 99 സെഞ്ച്വറികളേക്കാള്‍ മഹത്വമുണ്ട് കെനിയക്കെതിരെ ഇംഗ്ലണ്ടില്‍ നേടിയ സെഞ്ച്വറിയ്ക്ക്. അച്ഛന്റെ ചിത കത്തി തീരും മുമ്പേയാണ് സച്ചിന്‍ വീണ്ടും ഇംഗ്ലണ്ടിലേക്ക് വിമാനം കയറുന്നത്. മറഡോണയ്ക്കു ശേഷം ഒരു ലോകകപ്പ് കിരീടം എന്ന സ്വപ്നത്തിന്റെ ഭാരം സ്വന്തം ചുമലിലേറ്റിയ ലയണല്‍ മെസ്സിയെ ഓര്‍മയില്ലേ. ഒരിക്കല്‍ ചുണ്ടിനും കപ്പിനും ഇടയില്‍ നഷ്ടപ്പെട്ട കിരീടം, ലോകകപ്പിലും കോപ്പ അമേരിക്കയിലും പരാജയപ്പെട്ട നാളുകള്‍, ലക്ഷ്യം കാണാതെ പോയ പെനാല്‍റ്റി കിക്കുകള്‍. വീണ്ടും ഒരു ലോകകപ്പ് എത്തിയപ്പോള്‍ തോറ്റാണ് മെസിയും അര്‍ജ്ജറ്റീനയും തുടങ്ങിയത്. ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് അപ്രതീക്ഷിത തോല്‍വി. പിന്നീട് നടന്ന മത്സരങ്ങളില്‍ ഗോളടിച്ചും അസിസ്റ്റ് ചെയ്തും പൊരുതി നേടിയ വിജയങ്ങള്‍. കലാശ പോരാട്ടത്തില്‍ വിജയം കൈപ്പിടിയിലൊതുങ്ങും എന്നു കരുതിയിരിക്കുമ്പോള്‍ കിലിയന്‍ എംബാപ്പെയുടെ കുതിപ്പ്. ഒടുവില്‍ എല്ലാ അനിശ്ചത്വങ്ങളുടെയും മേല്‍ ഖത്തറില്‍ മെസ്സി ഖലീഫയായി.
സച്ചിന്റെയും വിനോദ് ക്ലാംബിയുടെയും സമകാലികനായിട്ടും ഒരിക്കല്‍ പോലും ഇന്ത്യന്‍ ജേഴ്‌സി അണിയാന്‍ ഭാഗ്യം ലഭിക്കാതെ പോയ അമോല്‍ മജുംദാര്‍. ഇന്ത്യന്‍ വനിതാ ടീം ആദ്യമായി ലോകകപ്പില്‍ മുത്തമിടുമ്പോള്‍ അവരെ പരീശിലിപ്പിക്കാനുള്ള നിയോഗം അമോലിനായിരുന്നു. മിഡില്‍ ക്ലാസ് കുടുംബത്തിന്റെ പ്രതീക്ഷകളുടെ ഭാരവുമായി ടിക്കറ്റ് എക്‌സാമിനറായി ജീവിച്ച് തീരുമായിരുന്ന മഹേന്ദ്ര സിങ് ധോണി ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായി മാറിയതും മറ്റൊരു ചരിത്രം.
അവിശ്വസനീയമായ ഒട്ടേറെ അതിജീവനങ്ങളുടെ മായികലോകം കൂടിയാണ് സ്‌പോര്‍ട്‌സ്. അതൊരു വല്ലാത്ത മാജിക്ക് ഡ്രഗ്ഗാണ്. ഒരു പക്ഷേ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നെങ്കില്‍ സഞ്ജു ഈ ലോകകപ്പില്‍ മറ്റ് പല താരങ്ങളെ പോലെ ഒരു ശരാശരി പ്രകടനവുമായി പരിമിതപ്പെട്ടു പോകുമായിരുന്നു. പ്രതിബന്ധങ്ങളാണ് യഥാര്‍ത്ഥ പൊട്ടന്‍ഷ്യല്‍ പുറത്തെടുക്കാന്‍ പ്രതിഭകളെ പരുവപ്പെടുത്തുന്നത്.
''എനിയ്ക്കു രസമീ നിമ്‌നോന്നതമാം
വഴിയ്ക്കു തേരുരുള്‍ പായിക്കല്‍;
ഇതേതിരുള്‍ക്കുഴിമേലുരുളട്ടേ,
വിടില്ല ഞാനീ രശ്മികളെ...' അമ്പാടിയിലേക്ക് വീണ്ടുമെന്ന ഇടശ്ശേരി കവിതയിലെ ശ്രീകൃഷ്ണന്റെ തേരാളിയുടെ ആത്മഗതം ഓര്‍മ്മയില്ലേ.
കാത്തിരിപ്പിനും കഠിനാദ്ധ്വാനങ്ങള്‍ക്കും തിരസ്‌കാരങ്ങള്‍ക്കുമൊടുവില്‍ സഞ്ജു വിശ്വനാഥ് സാംസണ്‍ ഇന്ത്യയുടെ ദേശീയ ഹീറോയാകുന്നത് കാലത്തിന്റെ കാവ്യനീതിയാണ്. സഞ്ജുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹിക മാധ്യമങ്ങളില്‍ യുദ്ധം നടക്കുമ്പോഴും അതിലൊന്നും ഉള്‍പ്പെടാതെ ജയപരാജയങ്ങളെ സമചിത്തയോടെ നേരിടുന്ന സഞ്ജുവിനെ കാണാം. ലോകകപ്പ് കിരീടവും നേടി ടൂര്‍ണമെന്റിലെ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ട രാത്രിയില്‍ പോലും സ്റ്റേഡിയത്തിന്റെ ഒരു കോണില്‍ ശാന്തനായി ഇരിക്കുന്ന സഞ്ജുവിനെ കാണാം. വ്യക്തിഗത നേട്ടങ്ങള്‍ക്കായി ഒരിക്കലും സഞ്ജു കളിക്കാറില്ല. അവസാന മൂന്നു മത്സരങ്ങളിലും സെഞ്ച്വറി നേടാന്‍ സഞ്ജുവിന് കഴിയുമായിരുന്നു. അപ്പോഴും ടീം ടോട്ടല്‍ ഉയര്‍ത്താനാണ് സഞ്ജു ബാറ്റ് വീശിയത്.
വനിതാദിനത്തില്‍ സഞ്ജു സാംസണ്‍ കപ്പ് ഉയര്‍ത്തിയപ്പോള്‍ പിന്നണിയിലെ താരം, അത് ചാരുലത രമേശാണ്. ന്യൂസിലാന്‍ഡ് പര്യടനത്തിനു ശേഷം തകര്‍ന്നു പോയ സഞ്ജുവിനെ തോളോട് ചേര്‍ത്ത് പിടിക്കുന്ന ചാരുവിന്റെ സ്റ്റോറി ഓര്‍മയില്ലേ. വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം ഏരീസ് പ്ലക്‌സില്‍ രാവിലത്തെ ഷോ കഴിഞ്ഞ് ഇറങ്ങുമ്പോള്‍ ചാരുലതയും സഞ്ജുവും അടുത്ത ഷോയ്ക്കായി നടന്നു വരുന്നു. അത്ര തിരക്കുള്ള ദിവസമല്ല. രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ടിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളു. സഞ്ജു വളരെ ദുഃഖിതനായിരുന്നു. അദ്ദേഹത്തെ കണ്ട ആവേശത്തില്‍ ഹസ്തദാനം നല്‍കിയപ്പോള്‍ അത്രത്തോളം ദുര്‍ബലമായ ഹാന്‍ഡ് ഷെയ്ക്കാണ് എനിക്ക് തിരികെ ലഭിച്ചത്. എത്രത്തോളം സഞ്ജുവിന്റെ മനസ്സ് കലുഷിതമായിരുന്നു എന്ന് ഊഹിക്കാവുന്നതേയുണ്ടായിരുന്നു. ഇന്ത്യയില്‍ കോടിക്കണക്കിന് ആരാധകരുള്ള താരമാണ് സഞ്ജു അപ്പോഴും. എന്നെ പോലെ ഒരാള്‍ സഞ്ജുവിനെ തിരിച്ചറിയുന്നത് ഒരു ചെറിയ കാര്യമാണ്. എന്നിരുന്നാലും തന്റെ നല്ലപാതിയായ സഞ്ജുവിനെ ഓരോ വ്യക്തികളും തിരിച്ചറിയുമ്പോള്‍ ചാരുലതയുടെ കണ്ണുകളില്‍ നിറയുന്ന സന്തോഷവും അഭിമാനവും ഞാന്‍ നേരിട്ട് കണ്ടറിഞ്ഞു അന്ന്.
സഞ്ജു നല്‍കിയ സമ്മാനങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടത് എന്താണെന്ന് ചോദിച്ചപ്പോള്‍ വിലപിടിപ്പുള്ള സമ്മാനങ്ങളുടെ പേരല്ല ചാരുലത പറഞ്ഞത് മറിച്ച് എല്ലാ വര്‍ഷവും പിറന്നാളിന് സഞ്ജു സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കുന്ന കത്തുകളാണ് ഏറ്റവും പ്രിയപ്പെട്ടതെന്നാണ് പറഞ്ഞത്. ലോകം മുഴുവന്‍ ക്രൂശിക്കുമ്പോഴും ചേര്‍ത്തുപിടിക്കാനും സഞ്ജുവിന്റെ കഴിവില്‍ പൂര്‍ണ്ണമായും വിശ്വസിക്കുകയും ചെയ്യുക എളുപ്പമല്ല. തന്റെ വിരമിക്കല്‍ പ്രസംഗത്തില്‍ സച്ചിന്‍ പറയുന്നുണ്ട് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പാര്‍ട്‌നര്‍ഷിപ്പ്, അത് അഞ്ജലിക്കൊപ്പമാണെന്ന്. ചാരുലതയും അഞ്ജലിയും സ്വന്തം കരിയറുകള്‍ ഉപേക്ഷിച്ച് പാര്‍ട്‌നര്‍മാരുടെ കരിയറിനൊപ്പം നിലയുറപ്പിച്ചവരാണ്. സഞ്ജുവിന്റെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പ്രകടനവും തിരിച്ചുവരവും പാര്‍ട്ണറായ ചാരുലതയ്ക്കൂടി അവകാശപ്പെട്ടതാണ്.