മലയാളത്തിന്റെ നാലുകെട്ടില്‍

മലയാളത്തിന്റെ നാലുകെട്ടില്‍
Published on

എം.ടിയെ എന്നാണ് വായിച്ചുതുടങ്ങിയതെന്ന് ഓര്‍ത്തെടുക്കുകയായിരുന്നു ഞാന്‍. നഷ്ടപ്രതാപങ്ങളുടെ സ്മരണകളില്‍ വര്‍ത്തമാന ജീവിതപ്രാരബ്ധങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യരുടെ കഥകള്‍ അനുഭവിപ്പിച്ച നാലുകെട്ട് തന്നെയാണ് ആദ്യത്തെ ഓര്‍മ്മ. അകത്തളങ്ങളിലെ കണ്ണീരും വിശപ്പും സ്വപ്നങ്ങളും കാമനകളും വരച്ചിട്ട രചനകളിലൂടെ പിന്നെയും എം.ടിയെ അറിഞ്ഞുകൊണ്ടിരുന്നു. മൃദുവായും ഒതുക്കത്തിലും പറഞ്ഞുപറഞ്ഞ് ഹിമത്തണുപ്പ് പോലെ പൊതിഞ്ഞ് തണുത്തുറഞ്ഞ പ്രണയമായി മഞ്ഞ്. തങ്ങളുടെ ജീവിതസായന്തനത്തില്‍ നഷ്ടപ്രണയത്തെ ഇത്തിരിയെങ്കിലും നുകരാന്‍ ആഗ്രഹിക്കുന്ന, അല്ലെങ്കില്‍ ആ ഓര്‍മ്മകളെ ഊഷ്മളമായി സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യജീവിതങ്ങളെ കാണിച്ച് തരുന്ന വാനപ്രസ്ഥം.

മലയാളത്തിന്റെ നാലുകെട്ടില്‍
ക്രൈം ഫിക്ഷൻ ഇഷ്ടപ്പെടുന്ന എംടിക്ക്, അന്ന് ഞാനൊരു പുസ്തകം സമ്മാനമായി നൽകി

കാലത്തിലെ സേതുമാധവന്‍, നീലത്താമരയിലെ ഹരിദാസന്‍, ആണ്‍ജീവിതങ്ങളിലെ സ്വാര്‍ത്ഥങ്ങളെയും സ്വത്വങ്ങളെയും എം.ടി എത്ര തന്‍മയത്വത്തോടെ അടയാളപ്പെടുത്തിയിരിക്കുന്നു. വടക്കന്‍ വീരഗാഥയിലെ ചന്തുവും പെരുന്തച്ചനും എം.ടിയുടെ കടാക്ഷമേല്‍ക്കുമ്പോള്‍ എങ്ങനെയാണ് ഹൃദയത്തില്‍ കുടിയിരുത്താനുതകുന്ന വീരനായകരായി പരിണമിക്കപ്പെടുന്നതെന്ന് വിസ്മയിച്ചിട്ടുണ്ട്.

ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട എഴുത്തുകാര്‍ക്കുപോലും മലയാള സാഹിത്യമെന്നാല്‍ എം.ടി തന്നെ ആയിരിക്കേ എന്റെ മനസ്സില്‍ അദ്ദേഹം ഒരു വടവൃക്ഷമായി നിറഞ്ഞു നിന്നതില്‍ എന്തത്ഭുതമാണുള്ളത്! അതുല്യമായ രചനാ വൈഭവത്താല്‍ അദ്ദേഹം തന്റെ എഴുത്തിനെയും കഥാപാത്രങ്ങളെയും ഉദാത്തമായൊരു തലത്തിലെത്തിക്കുന്നതെങ്ങനെയെന്ന് അത്ഭുതാതിരേകം കൊണ്ടിട്ടുണ്ട്.

മലയാളത്തിന്റെ നാലുകെട്ടില്‍
യൗവനത്തിന്റെ കള്‍ട്ടാണ് എംടി, യൗവനത്തെ ഏറ്റവും ഭംഗിയായി അവതരിപ്പിച്ച എഴുത്തുകാരന്‍

ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ വരയുടെ പ്രൗഢിയോടെ കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ച രണ്ടാമൂഴത്തിലെ ഭാഗങ്ങള്‍ വായിക്കുന്തോറും എം.ടി മനസ്സില്‍ ഒരു മഹാമേരുവായി വളര്‍ന്നു. മഹാഭാരതം എന്ന ഇതിഹാസത്തെ അദ്ദേഹം എത്ര ആഴത്തിലാണ് പഠിച്ചിട്ടുണ്ടാവുക! അതില്‍ വ്യാസന്‍ ചേര്‍ത്തുവെച്ച നിശ്ശബ്ദതയില്‍ നിന്നാണ് താന്‍ രണ്ടാമൂഴം സൃഷ്ടിച്ചെടുത്തത് എന്ന് എം.ടി പറഞ്ഞായി കേട്ടിട്ടുണ്ട്. പിന്നീട് വരുന്നവര്‍ക്ക് വേണ്ടി മാറ്റിവെച്ച അര്‍ത്ഥപൂര്‍ണ്ണമായ നിശ്ശബ്ദതകള്‍! അക്ഷരങ്ങള്‍ തീര്‍ക്കുന്ന അന്ത:സംഘര്‍ഷങ്ങളുടെ ഐതിഹാസികമായ മഹാപ്രപഞ്ചം പ്രയത്നവും പ്രതിഭയും ഒന്നുചേര്‍ന്നാല്‍ സംഭവിക്കുന്ന അത്ഭുതമല്ലാതെ വേറെന്താണ്.

മലയാളത്തിന്റെ നാലുകെട്ടില്‍
എംടിയുടെ രാഷ്ട്രീയം

അതുവരെ അലൗകികതലത്തില്‍ നിന്നിരുന്ന കഥാപാത്രങ്ങളെ മജ്ജയും മാംസവും ഭ്രമങ്ങളും സ്വപ്നങ്ങളുമൊക്കെയുള്ള പച്ചമനുഷ്യരായി എം.ടി രണ്ടാമൂഴത്തില്‍ പുനര്‍ജനിപ്പിച്ചു. യോദ്ധാവായ പ്രിയതമന്റെ വീരകഥകളില്‍ ഉള്ളുണര്‍ന്ന് സിംഹികയാവുന്ന ദ്രൗപദി, ശ്യാമസൗന്ദര്യത്തിന്റെ മൂര്‍ത്തരൂപം, വിയര്‍ക്കുമ്പോള്‍ വായുവിലലിയുന്ന താമരപ്പൂമണം! അരക്കില്ലത്തില്‍ തങ്ങള്‍ക്ക് പകരക്കാരായി വെന്തെരിഞ്ഞ് തീരുന്ന നിഷാദസ്ത്രീയെയും മക്കളേയുംപറ്റി ''കാട്ടാളരാണ്. പാപചിന്ത വേണ്ടാ'' എന്ന് മക്കളോട് പറയുന്ന കുന്തിയുടെ പ്രതിരൂപങ്ങളെ പിന്നീടും എവിടെയൊക്കെയോ കാണുകയും കേള്‍ക്കുകയും ചെയ്തു.

രൗദ്രഭീമന്റെ വൈകാരിക തലങ്ങളെ അനുവാചകരിലേക്കെത്തിച്ച ചതിയന്‍ ചന്തുവിന് സ്‌നേഹാര്‍ദ്രമായ മറ്റൊരു മുഖമുണ്ടെന്ന് എം ടി കാണിച്ചുതന്നു. പരിണയം, സുകൃതം തുടങ്ങി അദ്ദേഹത്തിന് മാത്രം കൈയ്യൊപ്പ് ചാര്‍ത്താനാവുന്ന തിരക്കഥകള്‍. ''അസംതൃപ്തമായ ആത്മാവിന് വല്ലപ്പോഴും വീണുകിട്ടുന്ന ആഹ്‌ളാദത്തിന്റെ അസുലഭനിമിഷങ്ങള്‍ക്ക് വേണ്ടി, സ്വാതന്ത്ര്യത്തിന് വേണ്ടി, ഞാനെഴുതുന്നു. ആ സ്വാതന്ത്ര്യമാണ് എന്റെ അസ്തിത്വം. അതില്ലെങ്കില്‍ ഞാന്‍ കാനേഷുമാരി കണക്കിലെ ഒരക്കം മാത്രമാണ്.''

കാഥികന്റെ പണിപ്പുരയിലെ എം.ടിയുടെ തന്നെ വാക്കുകളാണ് ഇവ. എന്നാല്‍ എന്റെ ആത്മാവിന് വീണുകിട്ടിയ അസുലഭനിമിഷങ്ങളുടെ, അത് നല്‍കിയ ആഹ്‌ളാദത്തിന്റെ ഓര്‍മ്മകളാണ് ഞാന്‍ പങ്ക് വെക്കുന്നത്.

ഞാന്‍ ഇന്ത്യാവിഷനിലുള്ള സമയം. എംടി അന്ന് ചാനല്‍ ചെയര്‍മാന്‍. എം.ടിക്ക് കോഴിക്കോട് ഇന്ത്യാവിഷന്‍ ഓഫീസില്‍ ഒരു മുറിയുണ്ട്. എല്ലാ ദിവസവും അവിടെവരും. ഞാന്‍ കോഴിക്കോട് ഓഫീസില്‍ ചെല്ലുമ്പോഴെല്ലാം ദൂരെ മാറിനിന്ന് അദ്ദേഹം വരുമ്പോഴും പോകുമ്പോഴും നോക്കിനില്‍ക്കും. അപ്പോഴെല്ലാം ചിറികോട്ടി ഒരു മധുരച്ചിരി തരും. ആ ചിരിയില്‍ ഞാന്‍ പുഷ്പ്പിക്കും! ഞാന്‍ ചാനല്‍ പ്രവര്‍ത്തനവുമായി ദുബായിലുള്ളപ്പോഴാണ് ഡോക്ടര്‍ മുനീര്‍ വിളിക്കുന്നത്.

മലയാളത്തിന്റെ നാലുകെട്ടില്‍
എംടി മലയാളത്തിന്റെ ഹൃദയമിടിപ്പായിരുന്നുവെന്ന് ഇനിയാണ് ബോധ്യപ്പെടുക

'നീ എവിടെയും പോകരുത്. എം.ടി സാര്‍ അങ്ങോട്ട് വരുന്നുണ്ട്. കുറച്ചുദിവസം നീ അദ്ദേഹത്തിന്റെ കൂടെ നില്‍ക്കണം.' മുനീര്‍ കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞുതന്നു. 'അദ്ദേഹം വേറെ ആവശ്യത്തിന് വരുന്നതാണ്. കൂടെ ഗിരീഷ് പുത്തഞ്ചേരിയും കുറച്ചാളുകളുമുണ്ടാവും.' എം.ടിയുടെ കൂടെയുണ്ടാവുക. സന്തുഷ്ടിയും സമൃദ്ധിയും ഒന്നിച്ചുവന്ന അവസ്ഥ. മനസ്സ് നിറയെ ആഹ്ലാദം. അതോടൊപ്പം വല്ലാത്തൊരു പേടിയും.

ഷാര്‍ജാ എയര്‍പ്പോര്‍ട്ടില്‍ വിമാനമിറങ്ങിയ എം.ടിയെയും സംഘത്തേയും സ്വീകരിക്കാന്‍ ധാരാളം ആളുകള്‍. ഒരു ദിവസം നേരത്തെ സ്ഥലത്തെത്തിയ കോഴിക്കോട് മുന്‍ മേയര്‍ ടി.പി ദാസേട്ടനാണ് കാര്യങ്ങളൊക്കെ അറേഞ്ച് ചെയ്യുന്നത്. ദാസേട്ടന്‍ എന്നെയും എം.ടി സാറിനേയും ഒരു കാറില്‍ കയറ്റി. ഞങ്ങള്‍ താമസസ്ഥലമായ റോളാ റെസിഡന്‍സിയിലേക്ക് പുറപ്പെട്ടു.

മലയാളത്തിന്റെ നാലുകെട്ടില്‍
എംടി; മലയാളി ചേര്‍ത്തുവെക്കുന്ന മലയാളിത്തമുള്ള രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങള്‍

അവിടെ എനിക്കും എം.ടി സാറിനുമായി ഒരു സ്യുട്ട് റൂം. ഈ മനുഷ്യനോട് എങ്ങനെയാണ് ഒന്നടുക്കുക എന്ന് സംഭ്രമിച്ചുനില്‍ക്കേ ഡോക്ടര്‍ മുനീര്‍ വീണ്ടും വിളിച്ചു. ഞാന്‍ സാറിന് ഫോണ്‍ കൊടുത്തു. ഫോണ്‍ സംഭാഷണത്തിനിടയില്‍ എം.ടി സാര്‍ തലചരിച്ച് എന്നെ നോക്കുന്നു. ആ മുഖത്തു തെളിഞ്ഞുനിന്ന പുഞ്ചിരി. ഹാവൂ, എന്തോ ഒരാശ്വാസം. സംഭാഷണം കഴിഞ്ഞതിന് ശേഷം ഫോണ്‍ തിരിച്ചു തന്നു. ഞാന്‍ ഉടനേ ടീച്ചറുടെ നമ്പര്‍ ഡയല്‍ ചെയ്തു സാറിന് കൊടുത്തു.

'എത്തിയ വിവരം വീട്ടില്‍ പറയണ്ടേ?' ഫോണ്‍ വാങ്ങി ടീച്ചറോട് സംസാരിച്ച് തിരിച്ചുതന്നു. പിന്നെ ചോദിക്കാതെതന്നെ എന്റെ ഷര്‍ട്ടിന്റെ പോക്കറ്റിലുള്ള മൊബൈല്‍ഫോണ്‍ എടുക്കുന്നു, ആരോടൊക്കെയോ സംസാരിക്കുന്നു. ഞാന്‍ പൂര്‍ണ്ണമായും അദ്ദേഹത്തിന് കംഫര്‍ട്ട് ആയിരിക്കുന്നു. അദ്ദേഹമെന്നെ ചേര്‍ത്തുപിടിച്ചു. ജീവിതത്തില്‍ എന്തൊക്കെയോ നേടിയ സന്തോഷം. എന്റെയുള്ളില്‍ ആനന്ദത്തിന്റെ ആറാട്ടാണ്. പിന്നീടുള്ള ദിവസങ്ങള്‍ അദ്ദേഹം സ്വന്തം വ്യക്തിജീവിതത്തിലെ സ്വകാര്യതകള്‍ പങ്കുവെച്ചു. ചിലപ്പോള്‍ സങ്കടപ്പെട്ടു. തമാശകള്‍ പറഞ്ഞു. ചിലപ്പോള്‍ സ്‌നേഹാര്‍ദ്രമായ ഏതോ ലോകത്ത് ലയിച്ച് മൗനിയായി ഇരുന്നു.

നാട്ടിലേക്ക് തിരിച്ചുപോകാനൊരുങ്ങുമ്പോള്‍ ഞാന്‍ അടുത്തുപോയി വിനയത്തോടെ പറഞ്ഞു: 'സാര്‍ എന്നില്‍നിന്ന് വല്ല തെറ്റും പറ്റിയെങ്കില്‍ പൊറുക്കണം.' അത് കേട്ടപ്പോള്‍ സാര്‍ സ്‌നേഹനിറവോടെ ചേര്‍ത്തുപിടിച്ച് പറഞ്ഞു: 'ഖാലിദ്, ചില ബന്ധങ്ങള്‍ മറക്കാന്‍ പറ്റില്ല.' അനന്യമായ ആ സ്‌നേഹനിറവില്‍ ഞാന്‍ മൗനിയായി! ഇതൊക്കെയല്ലേ ജീവിതത്തിലെ വലിയ നേട്ടങ്ങള്‍, സുകൃതങ്ങള്‍, അനുഗ്രഹങ്ങള്‍! ആ സ്‌നേഹബന്ധം ഇന്നും തുടരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in