ക്രൈം ഫിക്ഷൻ ഇഷ്ടപ്പെടുന്ന എംടിക്ക്, അന്ന് ഞാനൊരു പുസ്തകം സമ്മാനമായി നൽകി

ക്രൈം ഫിക്ഷൻ ഇഷ്ടപ്പെടുന്ന എംടിക്ക്, അന്ന് ഞാനൊരു പുസ്തകം സമ്മാനമായി നൽകി
Published on

മലയാളത്തില്‍ നിന്ന് എംടി കടന്നു പോകുമെന്ന് ഞാന്‍ വിശ്വസിക്കുന്നതേയില്ല. കാരണം മലയാള ഭാഷയിലെ വിവിധങ്ങളായ മേഖലകളെ അദ്ദേഹം അത്രയേറെ സ്വാധീനിച്ചിട്ടുണ്ട്. എഴുത്തിലും ജീവിതത്തിലും എംടി എല്ലാ കാര്യങ്ങളിലും വ്യത്യസ്തത പുലര്‍ത്തി. മറ്റുള്ളവര്‍ എന്ത് ചിന്തിക്കുന്നു എന്ന് പരിഗണിക്കാതെ സ്വന്തം ശരികളിലൂടെ യാത്ര ചെയ്ത ഒരാൾ. ഒരാളുടെ അതിന്റെ ശരിതെറ്റുകള്‍ നല്ലതോ ചീത്തയോ എന്ന് വിലയിരുത്താന്‍ മറ്റ് മനുഷ്യര്‍ക്ക് അധികാരമോ അവകാശമോ സ്വാതന്ത്ര്യമോ ഇല്ല. എംടി എങ്ങനെയാണോ അങ്ങനെ, എം ടി കൃതികളിൽ പ്രതിഫലിച്ച കാഴ്ചപ്പാടുകൾ എങ്ങനെയാണോ അങ്ങനെ വിനയത്തോടെ സ്വീകരിക്കാന്‍ മാത്രമേ അദ്ദേഹത്തിന് ശേഷം ജനിച്ച തലമുറകളില്‍ പെട്ടവര്‍ക്ക് സ്വാതന്ത്ര്യമുള്ളു.

എംടി അദ്ദേഹത്തിന്റെ രചനകളിലൂടെ ആണധികാര വ്യവസ്ഥ യെ പോഷിപ്പിച്ചു എന്നു ചില അഭിപ്രായങ്ങൾ കേൾക്കാറുണ്ട്. പക്ഷേ കേരള സമൂഹം അതിനു പരിചയമുള്ള ഒരു അധികാര വ്യവസ്ഥയിൽ നിന്നു മറ്റൊന്നിലേക്കു സംക്രമിക്കുന്ന സാഹചര്യങ്ങളിൽ ജനിച്ചു വളർന്ന ഒരാൾ എന്ന നിലയിൽ, സമകാലികരെ അപേക്ഷിച്ചു കൂടുതൽ മനുഷ്യത്വത്തോടെ ലോകത്തെയും സാമൂഹികനിയമങ്ങളെയും വിശകലനം ചെയ്യുന്നവയാണ് എം ടിയുടെ രചനകൾ. പ്രത്യേകിച്ചും അക്കാലത്തെ തലമുതിർന്ന എഴുത്തുകാരാൽ മെനഞ്ഞെടുക്കപ്പെട്ട ഒരു വ്യക്തിത്വമായിരുന്നു എംടിയുടേത് എന്നകാര്യം പരിഗണിക്കുമ്പോൾ . അക്കാലത്തെ ഏറ്റവും പ്രമുഖരായ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും നിറഞ്ഞ കോഴിക്കോടന്‍ മണ്ഡലം എംടിയെ തുടക്കം മുതല്‍ തന്നെ ലോക സാഹിത്യവുമായും ലോകരാഷ്ട്രീയവുമായും ബന്ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ടാകണം.

സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ നോവലായ നാലുകെട്ടില്‍, ഫ്യൂഡൽ ലോകത്തിലെ മുറിവേറ്റ ഒരു നായര്‍ യുവാവിന്റെ വേദനകളും അമര്‍ഷങ്ങളും നീരസങ്ങളുമാണ് പ്രതിഫലിച്ചത്. കഥയിൽ ആ നാലുകെട്ട് പൊളിച്ചു കളയപ്പെട്ടു. പക്ഷെ, എം ടി വ്യക്തിയെന്ന നിലയിൽ തന്റെ ബാല്യ, കൗമാര, യൗവ്വനങ്ങളിലെ ബന്ധങ്ങളുടെ ഓർമകളുടെ തടവുകാരനായിരുന്നു എന്നു തോന്നാറുണ്ട്. പില്‍ക്കാലത്ത് അദ്ദേഹം പുതിയ പ്രമേയങ്ങളും പുതിയ ആശയങ്ങളും സ്വീകരിച്ചപ്പോഴും ബന്ധങ്ങളുടെ ബന്ധനം ഒരു വാസ്തുശില്പമായി അവയിൽ നിറഞ്ഞിട്ടുണ്ട്. എഴുത്തുകാർക്ക് എഴുതിതീർക്കാനുള്ള കഥ തീരുവോളം അവർ അതിൽ നിന്നു രക്ഷപ്പെടാൻ അതിന്റെ ഒരു മുറിയിൽനിന്നു മറ്റൊന്നിലേക്ക് ഓടിക്കൊണ്ടിരിക്കും‌. എം. ടിയുടെ കാര്യത്തിൽ അദ്ദേഹം പുറത്തേക്കുള്ള വാതിലുകൾ തന്നെയാണു തുറക്കാൻ ശ്രമിച്ചത്. ഓരോ പ്രായത്തിലും അദ്ദേഹത്തിന്റെ കൃതികൾ ആ കാലത്തെ സമൂഹത്തെയും ആ സമൂഹത്തിന് ആഗ്രഹിക്കാവുന്നതിനപ്പുറത്തേക്കുള്ള കാര്യങ്ങളെയും രേഖപ്പെടുത്താന്‍ ശ്രമിച്ചിരുന്നു എന്നതാണ് അതിന്റെ തെളിവ്. കേരളത്തില്‍ നിലനിന്നു പോകുന്ന ആണധികാരത്തിന്റെ പ്രചോദകനും സംരക്ഷകനുമായി എംടിയെ വിമർശിക്കുന്നത് നിരർഥമാകുന്നത് അതുകൊണ്ടാണ്. അക്കാലത്തെ അപേക്ഷിച്ച് ആണധികാരത്തെയും മനുഷ്യാന്തസ്സിനെയും കുറിച്ചു ധാരാളം ചർച്ചകൾ നടക്കുന്ന ഇക്കാലത്ത് പോലും എഴുത്തുകാർ ഇതേ വ്യവസ്ഥയിൽ കുരുങ്ങി നിൽക്കുന്നുണ്ട്. അതു സ്വാഭാവികമായും നമുക്കാർക്കും നാം ജീവിക്കുന്ന സമൂഹത്തില്‍ നിന്നും, നാം ജീവിക്കുന്ന കാലത്തില്‍ നിന്നും പൂര്‍ണ്ണമായ ഒരു വിമോചനം സാധ്യമല്ലാത്തതു മൂലമാണ്.

ഏതു തരം കൃതിയിലും എഴുതിയ ആളിന്റെ ആന്തരികമായ രഹസ്യ മുറിവിന്റെ ചോരയോ പഴുപ്പോ പാടോ ഉണ്ടാകും‌. അതൊരു വിരലടയാളമായി എല്ലാ രചനകളിലും പതിഞ്ഞു കിടക്കും. എംടിയുടെ കാര്യത്തില്‍ ആണധികാര വ്യവസ്ഥയില്‍ വീര്‍പ്പുമുട്ടുന്ന ഒരു 'ആണധികാരി'യുടെ മുറിവിലെ ചോര പുരണ്ട വിരൽപ്പാടാണത്. ആ മുറിവ് നിലനിൽക്കെത്തന്നെ പുതിയ ആശയങ്ങളിലേക്ക് ചില്ലകള്‍ നീട്ടാന്‍ ശ്രമിച്ചിരുന്നു എംടി എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അദ്ദേഹത്തിന്റെ പില്‍ക്കാല കഥകളും തിരക്കഥകളും പരിഗണിക്കുമ്പോള്‍ ആ മാറ്റവും പരിണാമവും പ്രകടമാണ്. ചെറിയ ചെറിയ ഭൂകമ്പങ്ങള്‍, ഷെര്‍ലക്ക് എന്നിവയൊക്കെ മാറിവരുന്ന കാലത്തിനൊപ്പം വളരുന്ന, സ്വയം പുതുക്കുന്ന എഴുത്തുകാരനെ പ്രതിഫലിപ്പിക്കുന്നു. കാലത്തിനൊത്ത് പരിണമിച്ച് മെച്ചപ്പെട്ട വ്യക്തിയായി, മെച്ചപ്പെട്ട ദര്‍ശനത്തിലേക്ക് ബോധപൂർവം പരിണമിക്കുന്ന ഒരാളായാണ് എംടി ഈ കഥകളില്‍ സാന്നിധ്യമറിയിക്കുന്നത്.

ഈ എഴുത്തുകാരനോടുള്ള എന്റെ ഏറ്റവും വലിയ കടപ്പാട്, അദ്ദേഹം തന്റെ സമകാലികരെ അപേക്ഷിച്ച് സ്ത്രീകളെയും മനുഷ്യാവസ്ഥകളെയും കഴിയുന്നത്ര യാഥാർഥ്യബോധത്തോടെ ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നതിലാണ്. അദ്ദേഹത്തിന്റെ പല സ്ത്രീ കല്പനകളും വാര്‍പ്പുമാതൃകകൾക്കു‌ പുറത്താണ്.

തന്നെത്തന്നെയും ജീവിതത്തെ സംബന്ധിച്ച ആശയങ്ങളെയും നവീകരിക്കാനുള്ള ശ്രമം അദ്ദേഹത്തിന്റെ പ്രായക്കാരായ എഴുത്തു'കാരന്‍മാര്‍' വിരളമായേ പ്രകടിപ്പിച്ചിട്ടുള്ളൂ എന്നതുകൂടി പരിഗണിക്കുമ്പോൾ മലയാളിക്ക് നന്ദിയും കടപ്പാടും തന്നെയാണ് എം ടിയോടു തോന്നേണ്ടത്. കാരണം തന്റെ കാലത്ത് ഒതുങ്ങി നില്‍ക്കാതെ കാലത്തിനൊപ്പം, മനുഷ്യര്‍ക്കൊപ്പം, മനുഷ്യരുടെ മാറുന്ന ആവശ്യങ്ങള്‍ക്കൊപ്പം, മനുഷ്യാവകാശങ്ങള്‍ സംബന്ധിച്ച പുതിയ കാഴ്ചപ്പാടുകള്‍ക്കൊപ്പം അദ്ദേഹം നിലകൊണ്ടു

എഴുത്തുകാര്‍ പൊതുവേ വിജയിക്കാത്ത ഒരു മണ്ഡലമാണ് ഭരണ നിര്‍വഹണം. പക്ഷേ എംടിയെപ്പോലെ ഒരു മുഴുവന്‍ സമയ എഴുത്തുകാരന് അതും ഫലപ്രദമായി നിര്‍വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സിനിമയും നാടകവുമൊക്കെ സംവിധാനം ചെയ്യണമെങ്കില്‍ ഒരു സംഘത്തോടൊപ്പം പ്രവര്‍ത്തിക്കാനും ഒരുപാട് ആളുകളെ ഇണക്കി കൂടെ നിര്‍ത്താനും കഴിയണം. വളരെ കര്‍ക്കശക്കാരനും അന്തര്‍മുഖനുമായി അറിയപ്പെട്ടിരുന്ന എംടി എത്രയോ മികവോടെയാണ് സംവിധാനത്തിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത്. മറ്റൊരു അദ്ഭുതം അദ്ദേഹത്തിന്റെ സുഹൃദ് വലയമാണ്. തുഞ്ചന്‍പറമ്പ് സ്മാരക ട്രസ്റ്റും അതിനോട് ചേര്‍ന്ന ഗവേഷണ കേന്ദ്രവും സ്ഥാപിച്ചത് എംടിയുടെ പ്രയത്‌നത്താലാണ്. കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ ആയിരിക്കെ ഇന്ത്യയിലെ എല്ലാ ഭാഷകളിലെയും പ്രധാന എഴുത്തുകാരെ കൊണ്ടുവന്ന് കേരളത്തിൽ അദ്ദേഹം സംഘടിപ്പിച്ച ഭാഷാ ഉത്സവം ആണ് നമ്മുടെ ആദ്യ സാഹിത്യോൽസവം എന്നു പറയാം. മറ്റ് എഴുത്തുകാരെ മലയാളത്തിലേക്ക് കൊണ്ടുവരാനും അവര്‍ക്ക് നമ്മളെ പരിചയപ്പെടുത്തി കൊടുക്കാനും അദ്ദേഹത്തിനു നിർബന്ധം ഉണ്ടായിരുന്നു.

സ്വാര്‍ത്ഥമായ ഏതെങ്കിലും ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയല്ല, അതിനപ്പുറം മലയാള ഭാഷ അറിയപ്പെടണം, മലയാളത്തിന് ഒരു പ്രത്യേക അന്തസ്സുണ്ടാകണം എന്ന ആഗ്രഹമാണ് എംടിയെ ഇതിനൊക്കെ പ്രേരിപ്പിച്ചത് എന്നുവേണം കരുതാന്‍. പത്രപ്രവര്‍ത്തകനായ എംടിയും തിരക്കഥാകൃത്തായ എംടിയും എഴുത്തുകാരനായ എംടിയും പ്രവര്‍ത്തിച്ചത് മലയാള ഭാഷയ്ക്കും എഴുത്തിനും എഴുത്തുകാര്‍ക്കും ആ പ്രത്യേകമായ അന്തസ്സ് നിലനിര്‍ത്താന്‍ വേണ്ടിയാണ്.

അദ്ദേഹം ഏറ്റവും പുതിയ എഴുത്തുകാരുടെപോലും കൃതികള്‍ ശ്രദ്ധയോടെ വായിച്ചിരുന്നു എന്നുള്ളത് വളരെ പ്രസിദ്ധമാണ്. അതും ആ വ്യക്തികളോടുള്ള താല്‍പര്യം കൊണ്ടായിരിക്കില്ല, മറിച്ച് മലയാളം എങ്ങനെ മാറുന്നു, സാഹിത്യം എങ്ങനെ മാറുന്നു എന്നറിയാനുള്ള ആകാംക്ഷ കൊണ്ടുതന്നെ ആയിരിക്കണം. എംടിയുടെ എല്ലാ രചനകളെയും, എല്ലാ പ്രവര്‍ത്തനങ്ങളെയും മലയാളത്തിനുള്ള അര്‍ച്ചനകളായി നമുക്ക് പരിഭാഷപ്പെടുത്താം. ഭാഷയെ സ്‌നേഹിക്കുന്നത് നിസ്സാര കാര്യമല്ല. സ്വന്തം സാഹിത്യം നിലനില്‍ക്കണമെങ്കില്‍ ഭാഷ വേണം എന്നതുകൊണ്ട് മാത്രമല്ല, ഭാഷ നിലനില്‍ക്കുന്നതിന്റെ ഒപ്പം വേണം സാഹിത്യവും നിലനില്‍ക്കേണ്ടതെന്ന കാഴ്ചപ്പാടാണ് അദ്ദേഹത്തെ നയിച്ചത്. ആ പാഠമാണ് പിന്‍തലമുറയ്ക്ക് അദ്ദേഹം പകര്‍ന്ന് നല്‍കുന്നതും.

എന്റെ എഴുത്തുഭാഷയെ ഏറ്റവും സ്വാധീനിച്ചിട്ടുള്ള എഴുത്തുകാരനാണ് എംടി. വ്യക്തിപരമായി അദ്ദേഹവുമായി അടുത്ത് ഇടപഴകിയിട്ടില്ല. 2007ലാണെന്ന് തോന്നുന്നു ഞാന്‍ ആദ്യമായി അദ്ദേഹത്തിന്റെ ഒരു പ്രഭാഷണം കേള്‍ക്കുന്നത്. 2001ലാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. മാതൃഭൂമിയുടെ ഒരു പുസ്തക പ്രകാശനത്തില്‍ വെച്ചായിരുന്നു അത്. ടി എന്‍ ഗോപകുമാറിന്റെ പുസ്തകം അദ്ദേഹം പ്രകാശനം ചെയ്യുകയും ഞാന്‍ ഏറ്റുവാങ്ങുകയും ചെയ്തു. പിന്നീട് ഹരിതവിദ്യാലയം എന്ന റിയാലിറ്റി ഷോയുടെ ഫിനാലെ തുഞ്ചന്‍പറമ്പില്‍ വെച്ച് നടത്തിയപ്പോള്‍ അദ്ദേഹത്തെ മുഖാമുഖം കണ്ടു.

എഴുത്തുകാരനായ എംടിയെപ്പോലെ ഒരു പെര്‍ഫെക്ഷനിസ്റ്റാണ് പ്രഭാഷകനായ എംടി പോലും. ഒരിക്കല്‍ പെരിന്തല്‍മണ്ണയില്‍ പൂന്താനം സാഹിത്യോത്സവത്തിലേക്ക് എന്നെ ക്ഷണിച്ചു. ഞാന്‍ എഴുതിത്തുടങ്ങിയ കാലമാണ്, പത്രപ്രവര്‍ത്തകയായി ജോലി ചെയ്യുന്ന കാലം. അന്ന് തിരിച്ചു വരുമ്പോള്‍ സംഘാടകന്‍ പറഞ്ഞു, തൊട്ടു മുന്‍പുള്ള വര്‍ഷം മുഖ്യപ്രഭാഷകനായി വന്നത് എംടി വാസുദേവന്‍ നായരാണ്. കോഴിക്കോട്ട് നിന്ന് താനാണ് അദ്ദേഹത്തെ കൂട്ടിക്കൊണ്ടു വന്നത് എന്ന്. എം ടി കാറില്‍ കയറിക്കഴിഞ്ഞ് എനിക്കൊരു അരമണിക്കൂര്‍ ചിന്തിക്കാന്‍ വേണം എന്ന് പറഞ്ഞു. ആ അരമണിക്കൂര്‍ അദ്ദേഹം സംസാരിച്ചില്ല. കുറച്ചു നേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം എം ടി പറഞ്ഞു, ഞാന്‍ അവിടെ പറയാനുള്ള കാര്യങ്ങള്‍ മനസില്‍ അടുക്കി വെയ്ക്കുകയായിരുന്നു എന്ന്. ആ സംഘാടകന്‍ അതു പറഞ്ഞു കേട്ടപ്പോള്‍ അദ്ഭുതം തോന്നി. എംടിയെപ്പോലെ ഒരാള്‍ ഒരു പ്രഭാഷണത്തിന് പോലും കൊടുക്കുന്ന ധ്യാനത്തിന്റെ നിമിഷങ്ങള്‍! ഏറ്റെടുത്ത ഓരോ ദൗത്യത്തിനും ഓരോ കര്‍മ്മത്തിനും അത്രയേറെ പൂര്‍ണ്ണമായ സമര്‍പ്പണവും പ്രയത്‌നവും അദ്ദേഹം നൽകിയിട്ടുണ്ടാവണം.

ഞാന്‍ അദ്ദേഹത്തെ അവസാനം കാണുന്നത് കോഴിക്കോട്ട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ വെച്ചാണ്. അന്ന് കുറച്ച് അവശനായിരുന്നു. ശബ്ദമൊക്കെ കുഴഞ്ഞു തുടങ്ങിയിരുന്നു. അദ്ദേഹം അങ്ങനെ സംസാരിക്കുന്നത് കണ്ടുകൊണ്ടിരിക്കുന്നതു തന്നെ സങ്കടകരമായിരുന്നു. കാരണം എന്റെയും എന്റെ തലമുറയുടെയും മനസിലുള്ള എംടിക്ക് എന്നും യുവത്വമാണ്. ധിക്കാരിയായ, ബീഡി വലിച്ച് നിളയിലേക്ക് നോക്കി നില്‍ക്കുന്ന, അരക്കയ്യന്‍ ഷര്‍ട്ടും മടക്കിക്കുത്തിയ മുണ്ടുമായി നില്‍ക്കുന്ന എംടിയുടെ ചിത്രമാണ് എന്നും മനസിലുള്ളത്. കാലമെത്ര കടന്നുപോയെന്നും, എത്ര വയസായെന്നും എന്നെ ഓര്‍മിപ്പിച്ച ഒരു വേദിയായിരുന്നു കെഎല്‍എഫിന്റേത്. അതിന് മുന്‍പ് 2020ലാണ് അദ്ദേഹത്തെ നേരിട്ട് കണ്ട് സംസാരിച്ചത് . കോഴിക്കോട് വെച്ച് എനിക്കൊരു സര്‍ജറി തീരുമാനിച്ചിരുന്നു. അതിന്റെ തലേന്ന് എനിക് എംടിയെ കണ്ട് സംസാരിക്കണമെന്ന് ആഗ്രഹമുണ്ടായി. അമ്പതു കൊല്ലം കേരളത്തില്‍ ജീവിച്ചിട്ടും എംടിയെ കണ്ട് സംസാരിക്കാതെ എഴുത്തുകാരിയെന്നോ വായനക്കാരിയെന്നോ സ്വയം വിശേഷിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് തോന്നി. അങ്ങനെ അദ്ദേഹത്തെ പോയി കാണുകയും ഒരുപാട് നേരം സംസാരിക്കുകയും ഫോട്ടോകള്‍ എടുക്കുകയും ചെയ്തു. ക്രൈം ഫിക്ഷൻ ആണ് എം ടിക്കു വായിക്കാൻ ഇഷ്ടം‌ എന്നറിഞ്ഞു ഞാൻ എംടിക്ക് ഒരു പുസ്തകം സമ്മാനിച്ചു. ആഗ്രഹിച്ച സമ്മാനം‌ കിട്ടിയ കുട്ടിയെപ്പോലെ അതു തിരിച്ചും മറിച്ചും നോക്കുന്ന എം ടിയാണ് എന്റെ ഓർമയിൽ.

Related Stories

No stories found.
logo
The Cue
www.thecue.in