
എംടി എന്ന രണ്ടക്ഷരങ്ങളില്‍ അറിയപ്പെടുന്ന വാസുദേവന്‍ നായര്‍ മലയാളത്തിന്റെ ഹൃദയമിടിപ്പാണ് എന്ന് ഇനിയുള്ള കാലമാണ് കൂടുതല്‍ ബോധ്യപ്പെടുക. കാരണം എംടി ഒരു വികാരമാണ്. മലയാളിയെ സംബന്ധിച്ചിടത്തോളം അങ്ങനെ ഒരു വികാരമായി തീര്‍ന്ന എഴുത്തുകാരന്‍ വേറെയില്ല. എന്നെ സംബന്ധിച്ചിടത്തോളം എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മഞ്ഞ് എന്ന നോവല്‍ ആദ്യം വായിക്കുന്നത്. ആ കുട്ടിക്ക് അന്ന് അതങ്ങനെ മനസിലായില്ല. പിന്നീട് ഓരോ തവണ വായിക്കുമ്പോഴും ആ നോവല്‍ വലുതായി വലുതായി വരുകയും അതൊരു മഞ്ഞില്‍ തെളിയുന്ന കവിത പോലെ അതിമനോഹരമായ നോവല്‍ ആയിട്ട് പില്‍ക്കാല വായനകളിലും പിന്നീട് കോളേജ് അധ്യാപകനായി പഠിപ്പിക്കുമ്പോഴുമൊക്കെ അതിങ്ങനെ മലയാളത്തിലെ ഏറ്റവും വിശുദ്ധമായ നോവലായിട്ട് മാറുന്നുണ്ട്. എംടിയുടെ നോവലുകളും കഥകളുമൊക്കെ തന്നെ പിന്നെ മലയാളികളെ വശീകരിച്ചതുപോലെ എന്നെയും വശീകരിച്ചിട്ടുണ്ട്.
വ്യക്തിപരമായിട്ട് എണ്‍പതുകള്‍ തൊട്ടു മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കഥകളും ലേഖനങ്ങളുമെഴുതുന്ന ഒരാള്‍ എന്ന നിലയില്‍ എംടിയുടെ വാത്സല്യം അനുഭവിക്കാന്‍ ഭാഗ്യം കിട്ടിയ ഒരു എഴുത്തുകാരനാണ് ഞാന്‍. അദ്ദേഹത്തിന് എന്നോട് വാത്സല്യം ഉള്ളതായി പലപ്പോഴും കണ്ടുമുട്ടുമ്പോഴൊക്കെ തോന്നിയിട്ടുണ്ട്. അതിന്റെ ഒരു ധൈര്യത്തിലാണ് 2003ല്‍ ഞാന്‍ കോഴിക്കോട് വരികയും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിന്റെ ഒരു പൊതുയോഗം ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നത്. ചില റിപ്പോര്‍ട്ടുകളും ഒന്ന് രണ്ട് പരമ്പരകളും ഒഴിച്ചാല്‍ പത്രങ്ങളില്‍ ഒന്നും ഈ വിഷയം വ്യാപകമായിട്ട് വരുന്നില്ലെന്ന് അന്ന് അദ്ദേഹത്തിനോട് ഞാന്‍ വിശദമായി പറഞ്ഞു. അവിടുത്തെ അനുഭവങ്ങളൊക്കെ അരമണിക്കൂറോളം ദീര്‍ഘമായി വിശദീകരിച്ചു. അവസാനം അദ്ദേഹം തലകുലുക്കി കൊണ്ട് ഞാന്‍ വന്നോളാം എന്ന് പറയുകയും കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ നടക്കുന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. അത് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമ്മേളനത്തിന്റെ ആദ്യഘട്ടത്തില്‍ ഉണ്ടായിട്ടുള്ള വലിയൊരു മുന്നേറ്റവും ശക്തി പകരലുമായിരുന്നു.
സാമൂഹ്യ പ്രശ്‌നങ്ങളോട് ഒരെഴുത്തുകാരനുള്ള പ്രതിബദ്ധതയാണ് അതില്‍ നിന്ന് വ്യക്തമായത്. അന്ന് വണ്ടിയുടെ വാടക കൊടുക്കാനോ പെട്രോളിന്റെ പൈസ കൊടുക്കാനോ ഞാന്‍ ശ്രമിച്ചിട്ട് അദ്ദേഹം എന്നെ വല്ലാതെ നിരുത്സാഹപ്പെടുത്തി. പണം ഡ്രൈവര്‍ക്ക് കൊടുക്കുന്നത് അദ്ദേഹം കണ്ടെത്തുകയും അത് തിരിച്ചു കൊടുപ്പിക്കുകയമുണ്ടായി. ആ വിഷയത്തോടുള്ള കമ്മിറ്റ്‌മെന്റ് ആണ്. 2011ല്‍ എന്റെ കോളേജില്‍ വന്നിട്ട് ഞങ്ങള്‍ നടത്തുന്ന സാഹിത്യ വേദി കൂട്ടായ്മയുടെ സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ തകഴി ജന്മ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യാനാണ് പിന്നീട് വന്നത്. സാധാരണ എംടി പലയിടത്തും 5 മിനിട്ടും 10 മിനിട്ടും പ്രസംഗിച്ചു നിര്‍ത്താറുണ്ട്.
പക്ഷേ അന്ന് അദ്ദേഹം അരമണിക്കൂര്‍ നേരം ദീര്‍ഘമായി തകഴിയെ കുറിച്ചുള്ള ബന്ധത്തെക്കുറിച്ചും സൗഹൃദത്തിന്റെ ഓര്‍മ്മകളും, മറ്റു പലയിടത്തും പറയാത്ത കാര്യങ്ങള്‍ വിശദമായി സംസാരിച്ചത് ഓര്‍ക്കുന്നുണ്ട്. പിന്നെ വടക്കോട്ട് പലപ്പോഴും വരുബോള്‍ 2003 ആയാലും 2011ല്‍ ആയാലും എന്റെ വീട്ടില്‍ വരികയും ഭക്ഷണം കഴിക്കാനും വിശ്രമിക്കാനുമു ള്ള ഒരു ഇടം ആയിട്ട് എന്നോടുള്ള ഒരു പ്രത്യേക മമത കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്.
ആ സമയത്ത് ബേക്കല്‍ കോട്ടയില്‍ ഒരു ദിവസം രാജഗോപാലനും ഞാനും കൂടി ലൈബ്രറി കൗണ്‍സിലിന്റെ ഒരു പരിപാടിക്ക് വന്നതാണ്. അപ്പം ഞങ്ങള്‍ മൂന്നു പേരും കൂടി ബേക്കല്‍ കോട്ടയില്‍ പോയതും അന്ന് ആ അസ്തമയം കാണുന്ന സമയത്ത് ബേക്കല്‍ കോട്ടയില്‍ അന്ന് ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു അസ്തമയ സൗന്ദര്യം അന്നവിടെ കാണുകയുണ്ടായി. ഞങ്ങള്‍ അത് സംസാരിക്കുകയും അസ്തമയത്തിന്റെ ഒരു അസാധാരണമായ ആകാശത്തില്‍ വിരിയുന്ന വര്‍ണ്ണഭംഗികള്‍ നോക്കികൊണ്ട് ഇരുട്ടാവുന്നതുവരെ അവിടെ നിന്നതുമൊക്കെ ബേക്കല്‍ കോട്ടയുടെ പടിഞ്ഞാറന്‍ തീരത്ത് കടല്‍ മുനമ്പത്ത് നിന്നതും പാറക്കെട്ടുകള്‍ക്ക് മുകളില്‍ നിന്നതുമൊക്കെ മനസ്സിലുണ്ട്. അങ്ങനെ ഒരുപാട് ഓര്‍മ്മകള്‍ ഉണ്ട്.
ഞങ്ങള്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ നിന്നും ഒരു പുസ്തകം പബ്ലിഷ് ചെയ്തിരുന്നു. 100 ബഷീര്‍ എന്ന പുസ്തകം. എംടി വാസുദേവന്‍ നായര്‍ തൊട്ട് സന്തോഷ് ഏച്ചിക്കാനം വരെയുള്ള 100 പേരെഴുതുന്ന ബഷീര്‍ ഓര്‍മ്മകളാണ്. അതുകൊണ്ടാണ് നൂറ് ബഷീര്‍ എന്ന് പേരിട്ടത്. അദ്ദേഹം അതിലേക്ക് പുതിയൊരു ലേഖനം തന്നു. മുന്നേ എവിടെയും പബ്ലിഷ് ചെയ്യാത്ത ആ ലേഖനം പിന്നെ എവിടെയും കണ്ടിട്ടില്ല. അങ്ങനെ കുറെ ഓര്‍മ്മകള്‍ എംടിയുമായി ബന്ധപ്പെട്ടതായുണ്ട്. ഇന്നിവിടെ വരികയും ചേതനയറ്റ ശരീരത്തിനു മുന്നില്‍ നില്‍ക്കുകയും ചെയ്യുമ്പോള്‍ ഒരുപാട് ഓര്‍മ്മകള്‍ നമ്മെ പൊതിയുന്നുണ്ട് കാരണം ഇങ്ങനെ ഒരു പരിവേഷമുള്ള എഴുത്തുകാരന്‍ മലയാളത്തില്‍ മുന്‍പ് ഉണ്ടായിട്ടില്ലല്ലോ.
സകലരംഗത്തും വിജയിക്കുകയും തിരക്കഥ ആയാലും നോവലായാലും നാടകം ആയാലും കഥയായാലും അതിലൊക്കെ രാജാവായി തീരുകയും വിരാജിക്കുകയും ചെയ്ത ഒരെഴുത്തുകാരന്‍ വേറെയില്ലല്ലോ മലയാളത്തില്‍. അങ്ങനെ ഒരു വലിയ മനുഷ്യന്‍ പടിയിറങ്ങി പോകുമ്പോള്‍ അതുണ്ടാക്കുന്നത് വലിയൊരു നഷ്ടം തന്നെയാണ്. പക്ഷേ എംടിക്ക് മരണമില്ല. വൈക്കം മുഹമ്മദ് ബഷീറിനെ പോലെ മരണമില്ലാത്ത കുറച്ച് എഴുത്തുകാരേയുള്ളൂ. ബാക്കിയൊക്കെ മരിച്ചു പോകുന്നവരാണെന്ന് തോന്നും. പക്ഷേ എംടിയുടെ രചനകള്‍ അദ്ദേഹം എപ്പോഴും എപ്പോഴും നമ്മുടെ ഇടയില്‍ ജീവിച്ചിരിക്കുന്ന ഒരു മനുഷ്യനാക്കി മാറ്റുന്നുണ്ട്.