എംടി; മലയാളി ചേര്‍ത്തുവെക്കുന്ന മലയാളിത്തമുള്ള രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങള്‍

എംടി; മലയാളി ചേര്‍ത്തുവെക്കുന്ന മലയാളിത്തമുള്ള രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങള്‍
Published on

ഇതിഹാസതുല്യമായ ജീവിതമാണ് എംടി വാസുദേവന്‍ നായരുടേത്. ഒരു ഭാഷാ സമൂഹത്തെയാകെ സ്വാധീനിക്കാന്‍ കഴിഞ്ഞ മറ്റൊരു മലയാളി എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍ നായരെപ്പോലെ മറ്റാരും ഉണ്ടാവില്ല എന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഒരു ഭാഷാ സമൂഹം എന്നു പറയുമ്പോള്‍ മലയാളികളെ ഒന്നടങ്കം സ്വാധീനിച്ചിട്ടുള്ള ഒരു എഴുത്തുകാരനാണ് എം.ടി.വാസുദേവന്‍ നായര്‍. എനിക്ക് മുന്‍പുള്ള തലമുറ എംടിയെ വളരെ ആഴത്തില്‍ വായിച്ചിരുന്നു. അവരില്‍ നിന്നാണ് എംടി എന്നൊരു എഴുത്തുകാരനുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നത്. പിന്നീട് ഞാനും എന്റെ തലമുറയില്‍ പെട്ടവരും എംടി വാസുദേവന്‍ നായരെ വായിക്കുന്നു. എനിക്ക് പിന്നാലെ വന്ന ആളുകളും എംടിയെ വായിക്കുന്നു. തലമുറകളെ ഇങ്ങനെ സ്വാധീനിക്കാന്‍ കഴിഞ്ഞ എത്ര എഴുത്തുകാരുണ്ട് മലയാളത്തില്‍? ആ അര്‍ത്ഥത്തില്‍ പ്രതിഭാധനമായ ഒരു ജീവിതം തന്നെയായിരുന്നു എംടിയുടേത് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. എംടി എന്ന് പറയുമ്പോള്‍ അത് രണ്ട് ഇംഗ്ലീഷ് അക്ഷരമാണ് സത്യത്തില്‍. പക്ഷേ, ഇത്രയേറെ മലയാളിത്തമുള്ള മറ്റ് രണ്ട് അക്ഷരങ്ങള്‍ ഈ ഭാഷയിലുണ്ട് എന്ന് ഞാന്‍ വിചാരിക്കുന്നില്ല. കാരണം എംടി എന്ന് പറയുമ്പോള്‍ അത് രണ്ട് ഇംഗ്ലീഷ് അക്ഷരമായിരിക്കുമ്പോളും എല്ലാ മലയാളികളും ചേര്‍ത്തുവെക്കുന്ന, അവരുടെ ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് അക്ഷരങ്ങളായി മാറിയിട്ടുണ്ട് എന്നുള്ളത് വളരെ പ്രധാനമാണ്.

എംടി; മലയാളി ചേര്‍ത്തുവെക്കുന്ന മലയാളിത്തമുള്ള രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങള്‍
പുഴയുടെ മേഘച്ചിറകുകള്‍

എംടി വാസുദേവന്‍ നായരുടെ പുസ്തകങ്ങളാണ് ഒരര്‍ത്ഥത്തില്‍ എന്നെ ഗൗരവമായ വായനയിലേക്ക് കൊണ്ടുവന്നിട്ടുള്ളത്. അതിന് മുന്‍പൊക്കെ സാധാരണ പൈങ്കിളി സാഹിത്യം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ചില നോവലുകളൊക്കെയാണ് വായിച്ചിട്ടുള്ളത്. പിന്നീട് ഞാന്‍ കോളേജിലേക്ക് ഒക്കെയെത്തുമ്പോളാണ് എംടി വാസുദേവന്‍ നായര്‍ എന്ന് ഒരു എഴുത്തുകാരനുണ്ട് എന്ന് അറിയുന്നത്. അങ്ങനെയാണ് ഞാന്‍ എംടിയുടെ പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങുന്നത്. എന്നെ സംബന്ധിച്ചിടത്തോളം വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു എംടിയുടെ നോവലുകള്‍ എന്ന് പറയുന്നത്. നോവലുകള്‍ മാത്രമല്ല, ചെറുകഥകളും. എന്നെ ആദ്യവും അവസാനവും ആകര്‍ഷിച്ചിട്ടുള്ളത് എംടിയുടെ ഭാഷാശൈലിയാണ്, രചനാ സൗകുമാര്യമാണ്. ഇത്ര മനോഹരമായി മലയാള ഭാഷയെ ഉപയോഗിച്ചിട്ടുള്ള ഗദ്യകാരന്‍മാര്‍ വളരെ കുറവാണ്. ഉദാഹരണമായി പറഞ്ഞാല്‍ നാലുകെട്ട് അല്ലെങ്കില്‍ അസുരവിത്ത്, കാലം, രണ്ടാമൂഴം ഇങ്ങനെയൊക്കെയുള്ള നോവലുകള്‍ സാമാന്യം വലിപ്പമുള്ള നോവലുകളാണ്. എന്നാല്‍ ഈ നോവലുകള്‍ നിങ്ങള്‍ വായിച്ചു തീരുമ്പോള്‍ ഇതില്‍ ഏതെങ്കിലും ഒരു വാക്കോ ഒരു വാക്യമോ അനാവശ്യമായിരുന്നു എന്ന് നിങ്ങള്‍ക്ക് കണ്ടെത്താനേ കഴിയില്ല എംടിയില്‍. അത് ചെറുകഥയിലാണ് ഏറ്റവും മനോഹരമായിട്ട് നമുക്ക് കാണാന്‍ കഴിയുക. ഒരു വാക്കോ ഒരു വാക്യമോ അനാവശ്യമായി ഉപയോഗിക്കാത്ത ഒരു എഴുത്തുകാരന്‍, അത് ഇത്രയും വലിയ കൃതികള്‍ എഴുതുമ്പോള്‍ എവിടെയെങ്കിലുമൊക്കെ ചില പദപ്രയോഗങ്ങള്‍ അനാവശ്യമായി കടന്നുവരാം. അനാവശ്യമായി ചില സന്ദര്‍ഭങ്ങള്‍ കടന്നുവരാം. ഇപ്പോഴൈത്തെ കാലത്തൊക്കെ സാഹിത്യകാരന്‍മാര്‍ക്ക് എഡിറ്റര്‍മാരുണ്ടല്ലോ. നിങ്ങള്‍ ഒരു കൃതി എഴുതിക്കഴിഞ്ഞാല്‍ എഡിറ്റര്‍ അത് വായിച്ചിട്ട്, ഫൈനല്‍ കട്ടൊക്കെ നടത്തിയിട്ടാണ് അത് പബ്ലിഷിംഗിലേക്ക് പോകുക. എംടിയുടെ കാലത്ത് അങ്ങനെയൊന്നുമില്ല. എംടി തന്നെയാണ് എംടിയുടെ നോവലുകളുടെ എഡിറ്ററും. ആ അര്‍ത്ഥത്തില്‍ എനിക്ക് തോന്നിയിട്ടുള്ളത് എംടി ഒരു മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണല്ലോ, പത്രാധിപര്‍ കൂടിയായിരുന്നല്ലോ. ആ ഒരു എഡിറ്റിംഗ് സ്വഭാവം അദ്ദേഹത്തിന് ഗുണപ്രദമായിട്ടുണ്ട് എന്ന് ഞാന്‍ വിചാരിക്കുന്നു. ആദ്യം അദ്ദേഹം എഡിറ്ററായിരുന്നോ അതോ അദ്ദേഹം ഒരു നോവലിസ്റ്റായിരുന്നോ എന്നുള്ള കാര്യത്തിലൊക്കെ വേണമെങ്കില്‍ നമുക്ക് തര്‍ക്കിക്കാം. പക്ഷേ, ഒരു എഡിറ്റര്‍ അദ്ദേഹത്തിനുള്ളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് നമുക്ക് കാണാം. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് വളരെ സൂക്ഷ്മമായി ഭാഷയെ, വാക്കുകളെ ഉപയോഗിക്കുന്ന ശൈലി എംടിയോളം വഴക്കത്തോടെ ചെയ്യുന്ന വേറെ എഴുത്തുകാരെ ഞാന്‍ കണ്ടിട്ടില്ല. അത് എന്റെ മാത്രം അനുഭവമായിരിക്കാന്‍ യാതൊരു സാധ്യതയുമില്ല. എംടിയെ വായിച്ചിട്ടുള്ള എല്ലാ മലയാളികളുടെയും അനുഭവം അതു തന്നെയായിരിക്കും.

മറ്റൊരു കാര്യം ഞാന്‍ ശ്രദ്ധിച്ചിട്ടുള്ളത്, എംടിയുടെ കഥാപാത്രങ്ങള്‍, അല്ലെങ്കില്‍ ചില കഥാസന്ദര്‍ഭങ്ങള്‍ ഒരു മൗനത്തെയുണ്ടാക്കും, അല്ലെങ്കില്‍ ഒരു നിശബ്ദതയെ ഉണ്ടാക്കും. അത് എംടി അവിടെ എവിടെയെങ്കിലും എഴുതി വെക്കുന്നതല്ല. മറിച്ച് ആ വായനക്കാരന് അത് അനുഭവവേദ്യമാകും. ആ രീതിയിലൊക്കെ ഭാഷയെ, ഭാഷയ്ക്കിടയിലുള്ള മൗനത്തെ, ഭാഷയിലൂടെ സംജാതമാക്കുന്ന നിശബ്ദതയെയൊക്കെ ഇത്ര ക്രാഫ്‌റ്റോടു കൂടി മലയാളത്തില്‍ ഉപയോഗിച്ചിട്ടുള്ള അപൂര്‍വം എഴുത്തുകാരില്‍ ഒരാളാണ് എംടി. എന്റെ തലമുറയെ മാത്രമല്ല, എനിക്ക് മുന്‍പേയുള്ള തലമുറയെ അദ്ദേഹം സ്വാധീനിച്ചിരുന്നു, എനിക്ക് പിന്നാലെ വരുന്ന തലമുറയെയും അദ്ദേഹം സ്വാധീനിച്ചിട്ടുണ്ട്. ഞാന്‍ വിചാരിക്കുന്നത് അടുത്തൊരു രണ്ട് തലമുറയെക്കൂടി സ്വാധീനീക്കുന്ന എഴുത്തുകാരനായി എംടി വാസുദേവന്‍ നായര്‍ തുടരും. അഞ്ച് തലമുറയെ സ്വാധീനിക്കാന്‍ കഴിയുകയെന്നത് അത്യപൂര്‍വ്വമായ ഭാഗ്യമാണ്. നമ്മള്‍ ജീവിക്കുന്ന കാലഘട്ടത്തില്‍ തന്നെ നമ്മള്‍ അപ്രസക്തരായി പോകുന്ന ഒരവസ്ഥയുണ്ടല്ലോ. അങ്ങനെയൊക്കെയാണ് പല എഴുത്തുകാരുടെയും എഴുത്തുജീവിതം എന്ന് പറയുന്നത്. അതില്‍ നിന്നൊക്കെ വ്യത്യസ്തനായി എംടി ഇങ്ങനെ ഒരു വടവൃക്ഷം പോലെ മലയാളത്തില്‍ നില്‍ക്കുകയാണ്. ഒരുപക്ഷേ, എംടി അദ്ദേഹത്തിന്റെ രചനയില്‍ കൗശലത്തോടു കൂടിയോ ബുദ്ധിയോടു കൂടിയോ എടുത്തിട്ടുള്ള ഒരു തീരുമാനം എന്ന് പറയുന്നത് തന്റെ അറിവിന്റെ പരിസരങ്ങളില്‍ ഒതുങ്ങി നിന്നുകൊണ്ട് മാത്രം പ്രമേയങ്ങളെ തെരഞ്ഞെടുക്കുക, തനിക്ക് നേരിട്ട് അറിയാവുന്നവരെ കഥാപാത്രങ്ങളാക്കുക, ആ രീതിയിലുള്ള ഒരു രചനാതന്ത്രം ആദ്യം മുതല്‍ തന്നെ എംടി പ്രയോഗിക്കുന്നത് കാണാം.

എംടി; മലയാളി ചേര്‍ത്തുവെക്കുന്ന മലയാളിത്തമുള്ള രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങള്‍
പിടിക്കാനാഞ്ഞ എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി; മമ്മൂട്ടിയുടെ എം.ടി

കേരളീയ പശ്ചാത്തലത്തിന് പുറത്ത് അപൂര്‍വമായി മഞ്ഞ് എന്ന് പറയുന്ന നോവല്‍ ഉണ്ട് എന്നതൊഴിച്ചാല്‍, അല്ലെങ്കില്‍ ഏതാനും ചെറുകഥകളുണ്ട്, അതൊക്കെ എംടി പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്തതാണ്, എംടിക്ക് എംടിയില്‍ നിന്നു തന്നെ വിച്ഛേദിച്ച് പുറത്തേക്ക് പോകാന്‍ വേണ്ടി ചെയ്തിട്ടുള്ള പരീക്ഷണങ്ങളാണ്. പക്ഷേ എംടിയുടെ എല്ലാ പ്രധാനപ്പെട്ട കൃതികളും കേരളീയ പശ്ചാത്തലം, പ്രത്യേകിച്ച് മലബാറിന്റെ ഒരു പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് എംടി എഴുതിയിട്ടുള്ളത്. അവിടെത്തന്നെ വളരെ ചുരുങ്ങിയ ഒരു കഥാപരിസരമായിരിക്കും എംടിയുടേത്. നമ്മുടെ സാഹിത്യത്തിലുള്ള പല എഴുത്തുകാരും ഒരു ചരിത്ര സംഭവത്തെ, ഒരു ചരിത്ര കാലഘട്ടത്തെയൊക്കെ ആവിഷ്‌കരിക്കാന്‍ ശ്രമിക്കുമ്പോള്‍, അല്ലെങ്കില്‍ സാമൂഹികമായ ഒരു ജീവിതത്തെ ആവിഷ്‌കരിക്കാന്‍ ശ്രമിക്കുമ്പോള്‍- കാലം എന്ന നോവല്‍ ഒരു ഉദാഹരണമായി നമുക്ക് പറയാം. സേതു എന്നൊരു കഥാപാത്രമുണ്ടല്ലോ, ആ കേന്ദ്രകഥാപാത്രത്തിന്റെ വ്യക്തിഗതമായ അനുഭവങ്ങളും മനോനിലയുമാണ് ആ നോവലിന്റെ ഇതിവൃത്തമെന്ന് പറയുന്നത്. അയാളുടെ വ്യക്തിജീവിതത്തില്‍ കടന്നുവരുന്ന കുറേ കഥാപാത്രങ്ങള്‍, അയാള്‍ സഞ്ചരിക്കുന്ന കുറേ കഥാപരിസരങ്ങള്‍, ഒരു പ്രദേശം. ഇത്രയൊക്കെയേയുള്ളു എംടിയുടെ ഇതിവൃത്തം എന്ന് പറയുന്നത്. അതിനുള്ളില്‍ നിന്ന് എംടി ഉദ്പാദിപ്പിക്കുന്ന ഒരു ഭാവനാ പ്രപഞ്ചമുണ്ടല്ലോ. ആ ഭാവനാ പ്രപഞ്ചത്തോട് മലയാളികള്‍ പെട്ടെന്ന് ഐക്യപ്പെട്ടു എന്നുള്ളതാണ്. ഫ്യൂഡലിസത്തിന്റെ തകര്‍ച്ച, അതുമായി ബന്ധപ്പെട്ട് നായര്‍ സമുദായത്തിലുണ്ടായിട്ടുള്ള അരക്ഷിതാവസ്ഥ, അതില്‍ നിന്ന്, അത്തരം കുടുംബങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന യുവത്വങ്ങള്‍. ഇങ്ങനെയൊക്കെയുള്ളൊരു അവസ്ഥയാണ് എംടി യഥാര്‍ത്ഥത്തില്‍ എഴുതിയിട്ടുള്ളത്. പക്ഷേ അത് വായിച്ച മലയാളി, അത് ആര് വായിക്കുന്നോ, അയാള്‍ ആ കഥാപാത്രമായി മാറുകയാണ്. സേതുവിന് എന്നും ഒരാളോട് മാത്രമേ സ്‌നേഹമുണ്ടായിരുന്നുള്ളു, അത് സേതുവിനോട് മാത്രമായിരുന്നു എന്ന് സുമിത്ര പറയുന്ന കഥാസന്ദര്‍ഭത്തെ വായിക്കാത്തതോ, മനസിലാക്കാത്തതോ ഉള്‍ക്കൊള്ളാത്തതോ അനുഭവിക്കാത്തതോ ആയ ഒരു മലയാളിയും ഉണ്ടാകും എന്ന് ഞാന്‍ വിചാരിക്കുന്നില്ല. അത്രയധികം എഴുത്തുകാരന്‍ ഈ വായനക്കാരനോട് താദാത്മ്യപ്പെടുന്ന, അല്ലെങ്കില്‍ എഴുത്തും വായനയും സ്വന്തം അനുഭവമായി മാറുന്ന അപൂര്‍വമായ സിദ്ധി ലഭിച്ചിട്ടുള്ള അനുഗ്രഹീതനായ എഴുത്തുകാരനാണ് എംടി വാസുദേവന്‍ നായര്‍. മലയാളത്തില്‍ എംടിക്ക് ശേഷം വന്ന എല്ലാ കഥാകൃത്തുക്കളിലും, എംടിയുടെ കാലത്ത് ജീവിച്ചിരുന്ന കഥാകൃത്തുക്കളിലും ഏറിയും കുറഞ്ഞും ഒരു എംടി വാസുദേവന്‍ നായരുണ്ട്. നിങ്ങളൊരു എഴുത്തുകാരനല്ലെങ്കിലും നിങ്ങളത് വായിക്കുന്ന ഒരാളാണെങ്കിലും നിങ്ങളില്‍ ഒരു എംടി വാസുദേവന്‍ നായരുണ്ട്. ആ അര്‍ത്ഥത്തില്‍ മലയാളിയെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു എഴുത്തുകാരനുണ്ട് എന്ന് ഞാന്‍ വിചാരിക്കുന്നില്ല.

അത് അദ്ദേഹത്തിന്റെ ഭാഷാ ശൈലിയുടെ, രചനാതന്ത്രത്തിന്റെ, ഇതിവൃത്തം തെരഞ്ഞെടുക്കുന്നതില്‍ കാണിക്കുന്ന സൂക്ഷ്മതയുടെയൊക്കെ ഭാഗമായി സംഭവിച്ചു പോയിട്ടുള്ളതാണ്. അത് മനഃപൂര്‍വമാണോ എന്നൊന്നും അറിയില്ല. എംടി പുലര്‍ത്തിയിട്ടുള്ള ആ ഒരു സൂക്ഷ്മത, വാക്കുകള്‍, വാക്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ എംടി കാട്ടിയിട്ടുള്ള സൂക്ഷ്മത ഏത് എഴുത്തുകാരനെയും അതിശയിപ്പിക്കുന്ന ഒന്നാണ്. എന്നു മാത്രമല്ല, എംടി ഒരു മാതൃകയായിരുന്നു, ഒരു ബിംബമായിരുന്നു മലയാളിയെ സംബന്ധിച്ചിടത്തോളം. എംടി ഒരു നോവലിസ്റ്റാണ്, തിരക്കഥാകൃത്താണ്, പത്രാധിപരാണ്, ഉപന്യാസകാരനാണ്, ചലച്ചിത്ര സംവിധായകനാണ്. എംടി രണ്ട് പാട്ടുകളും എഴുതിയിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങള്‍ എന്ന സിനിമയില്‍. എനിക്ക് തോന്നുന്നു യൂസഫലി കേച്ചേരിക്ക് അസുഖമായപ്പോള്‍ എംടി പാട്ടും എഴുതിയിട്ടുണ്ട്. കവിതയെഴുതാനായിരുന്നു ആഗ്രഹിച്ചിരുന്നതെന്ന് എംടി പറഞ്ഞിട്ടുമുണ്ട്. ആ അര്‍ത്ഥത്തിലൊക്കെ എംടി ഒരു ബഹുമുഖ പ്രതിഭയെന്ന് വിശേഷിപ്പിക്കാവുന്ന അപൂര്‍വ്വം ആളുകളില്‍ ഒരാളാണ്. ആ അര്‍ത്ഥത്തിലൊക്കെ പ്രതിഭാധനമായ ജീവിതം, ഇതിഹാസതുല്യ ജീവിതം ജീവിച്ച് മലയാളിയെ താന്‍ ജീവിച്ച കാലയളവിലും ഇനി വരുന്ന കാലഘട്ടത്തിലും സ്വാധീനിക്കാന്‍ കഴിയും വിധത്തില്‍ ഇത്ര തലയെടുപ്പോടു കൂടി നിന്നിട്ടുള്ള മലയാളി വ്യക്തിത്വം എന്ന് പറയുന്നത് അത്യപൂര്‍വമാണ്, അങ്ങനെയൊരാളെയാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്.

എംടി; മലയാളി ചേര്‍ത്തുവെക്കുന്ന മലയാളിത്തമുള്ള രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങള്‍
എം ടി എന്ന കടൽ

എന്റെ ജീവിതത്തില്‍ വലിയ സ്വാധീനമാണ് എംടി ഉണ്ടാക്കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ച് പില്‍ക്കാലത്ത് എനിക്ക് ഒരുപാട് വിയോജിപ്പുകള്‍ ഉണ്ടായിട്ടുണ്ട്. ആ വിയോജിപ്പുകള്‍ ഉണ്ടായിരിക്കുമ്പോള്‍ പോലും നിങ്ങള്‍ക്ക് എംടിയെ സ്‌നേഹിക്കാതിരിക്കാന്‍ കഴിയില്ല. എംടിയുടെ കൃതികളെ സ്‌നേഹിക്കാതിരിക്കാന്‍ കഴിയില്ല. എംടിയുടെ കഥാപാത്രങ്ങളെ ഇഷ്ടപ്പെടാതിരിക്കാന്‍ കഴിയില്ല. അതാണ് എംടിയുടെ സ്വാധീനം എന്നു പറയുന്നത്. മറ്റൊന്ന് എന്നെ അത്ഭുതപ്പെടുത്തിയത് എംടി വാസുദേവന്‍ നായര്‍ എഴുതിക്കൊണ്ടിരുന്ന കാലത്തു തന്നെയാണ് ആധുനികത മലയാള സാഹിത്യത്തിലേക്ക് വരുന്നത്. ഖസാക്കിന്റെ ഇതിഹാസത്തെ പോലെ ഒരു നോവലുണ്ടാവുന്നു. അതുപോലെ തന്നെ സേതുവിന്റെ പാണ്ഡവപുരം, മുകുന്ദന്റെ ഡല്‍ഹി, ആനന്ദിന്റെ ആള്‍ക്കൂട്ടം ഇങ്ങനെയൊക്കെയുള്ള കൃതികള്‍ ഉണ്ടാകുന്നുണ്ട്. അതൊക്കെ ഒരു പ്രത്യേകതരം വായനക്കാരെ ഉണ്ടാക്കുകയും മലയാളത്തിന്റെ സാഹിത്യ ഭാവുകത്വത്തെ മാറ്റിത്തീര്‍ക്കാന്‍ കഴിയുംവിധം സ്വാധീനം ചെലുത്തുകയുമൊക്കെ ചെയ്തിട്ടുണ്ട്. പക്ഷേ, എംടിക്ക് ആ സ്വാധീനം ഉണ്ടായിട്ടില്ലല്ലോ. എംടി ഒരിക്കലും അത്തരമൊരു സ്വാധീനത്തിലേക്ക് വഴങ്ങാന്‍ സ്വയം തയ്യാറായിട്ടില്ലെന്നാണ് ഞാന്‍ വിചാരിക്കുന്നത്. അവിടെനിന്ന് എംടി എംടിയെ എപ്പോഴും അകറ്റി നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഏറ്റവും നന്നായി പുസ്തകങ്ങള്‍ വായിക്കുന്ന ഒരാളാണ് എംടി. എംടി വായിക്കുന്നതുപോലെ ലോകസാഹിത്യം വായിക്കുന്ന വളരെ അപൂര്‍വം ആളുകളേ നമുക്കിടയിലുള്ളു. പക്ഷേ, ആ ലോകസാഹിത്യമൊക്കെ വായിക്കുമ്പോഴും എംടി എപ്പോഴും പറയുന്നതു പോലെ എനിക്ക് അറിയുന്ന നിളയാണ് ഇഷ്ടം എന്ന് പറഞ്ഞിട്ട് അവിടുത്തെ കഥാപരിസരത്തില്‍ നില്‍ക്കാനാണ് എംടി ശ്രമിച്ചിട്ടുള്ളത്.

എന്നെ അദ്ഭുതപ്പെടുത്തിയിട്ടുള്ള ഒരു കാര്യം വിവിധ തരത്തിലുള്ള രചനാ സങ്കേതങ്ങള്‍ നന്നായി ബോധ്യമുള്ള, ഏറ്റവും ഒടുവില്‍ ഇപ്പോള്‍ മാജിക്കല്‍ റിയലിസം പോലെ, മാര്‍കേസ് ഉപയോഗിച്ചിട്ടുള്ള ആ രചനാ സങ്കേതത്തെക്കുറിച്ചൊക്കെ നന്നായി അറിയാവുന്ന ഒരാളാണ് എംടി വാസുദേവന്‍ നായര്‍. പക്ഷേ അദ്ദേഹത്തിന്റെ ഒരു കൃതിയിലും അത്തരത്തിലുള്ള സങ്കേതങ്ങള്‍ ഉപയോഗിച്ച് കണ്ടിട്ടില്ല. ഒരു നേര്‍രേഖയില്‍ കഥപറഞ്ഞു പോകുന്ന രീതിയാണ് യഥാര്‍ത്ഥത്തില്‍ എംടിയില്‍ ഉള്ളത്. വളരെ സരളവും ലളിതവുമാണ് എംടിയുടെ രചനാശൈലി. അത് ആര്‍ക്കും വളരെ എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രചനാ രീതിയും കഥാന്തരീക്ഷവുമൊക്കെയാണ്. അവിടെ നിന്ന് തന്നെ മാറ്റി പ്രതിഷ്ഠിക്കാനുള്ള ശ്രമം എംടി നടത്തിയിട്ടില്ല. ഒരുപക്ഷേ, തന്റെ യുഎസ്പി ഇതാണ് എന്ന് എംടിക്ക് മറ്റാരേക്കാളും നല്ല ബോധ്യമുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് എംടി നിലയുറപ്പിച്ചിട്ടുള്ളത്. മലയാളിയെ സംബന്ധിച്ച് എംടി എന്ന എഴുത്തുകാരന്‍ അടുത്തൊരു രണ്ടു തലമുറയെക്കൂടി സ്വാധീനിക്കുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ കൃതികള്‍ നിലനില്‍ക്കുക. ഇനിയിപ്പോള്‍ രണ്ടു തലമുറയെക്കൂടിയേ ഈ എഴുത്തുകാരന്‍ സ്വാധീനിക്കുകയുള്ളോ എന്നൊക്കെ ചോദിച്ചാല്‍, വളരെ പരിമിതപ്പെടുത്തിക്കളഞ്ഞോ എന്ന് ചോദിച്ചാല്‍ അദ്ഭുതപ്പെടേണ്ടതില്ല. കാരണം, സി.വി.രാമന്‍പിള്ളയെന്ന നോവലിസ്റ്റ് ഇപ്പോള്‍ നമ്മളെ സ്വാധീനിക്കുന്നുണ്ടോ? അല്ലെങ്കില്‍ തകഴി ശിവശങ്കരപ്പിള്ള എന്ന് പറയുന്ന നോവലിസ്റ്റ് നമ്മളെ സ്വാധീനിക്കുന്നുണ്ടോ? എത്ര പേര്‍ തകഴിയെ വായിക്കുന്നുണ്ട്, അല്ലെങ്കില്‍ എത്രപേര്‍ കാരൂരിന്റെ കഥകള്‍ വായിക്കുന്നുണ്ട്. എഴുത്തുകാരായിട്ടുള്ളവരും എഴുത്തിനെ ഗൗരവമായി സമീപിക്കുന്നവരും എഴുത്തിനെ പഠിക്കുന്നവരുമൊക്കെ അക്കാഡമിക്കായി അവരെ വായിക്കുന്നുണ്ടാകാം. വായിക്കുകയും ചെയ്യണം. ചിലപ്പോള്‍ ഇഷ്ടത്തോടെ വായിക്കുന്നുണ്ടാവാം.

എംടി; മലയാളി ചേര്‍ത്തുവെക്കുന്ന മലയാളിത്തമുള്ള രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങള്‍
വായിക്കാനാര്‍ക്കും ബാധ്യതയില്ല. പക്ഷേ നമ്മള്‍ അവരെ വായിപ്പിക്കണം; എം.ടി.വാസുദേവൻ നായർ അഭിമുഖം

ഞാന്‍ ഇപ്പോഴും തകഴിയുടെ കയര്‍ ആവര്‍ത്തിച്ച് വായിക്കുന്ന ഒരാളാണ്. എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ള എഴുത്തുകാരനാണ് തകഴി, ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരനാണ് തകഴി. പക്ഷേ അങ്ങനെ എല്ലാവരും അത് വായിച്ചുകൊള്ളണമെന്നില്ല. ജീവിച്ചിരുന്ന സമയത്ത് സ്വാധീനം ചെലുത്തുന്നു പിന്നീട് അടുത്ത തലമുറയിലേക്ക് കൂടി സ്വാധീനം ചെലുത്തുന്നു അതിന് അപ്പുറത്തേക്ക് എഴുത്തുകാര്‍ ലോകത്ത് ഒരിടത്തും ജീവിച്ചിരിക്കുന്നില്ല. അപൂര്‍വ്വം കൃതികള്‍ മാത്രമേ കാലാതിവര്‍ത്തിയായി നിലനില്‍ക്കുകയുള്ളു. എംടി വാസുദേവന്‍ നായര്‍ അങ്ങനെ കാലാതിവര്‍ത്തിയായി നിലനില്‍ക്കാന്‍ സാധിക്കുന്ന എന്തെങ്കിലും വലിയ ഒരു ഗ്രന്ഥം എഴുതിയതായി ഞാന്‍ മനസിലാക്കുന്നുമില്ല. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ പരിമിതികളുണ്ടായിരുന്നു. ആ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടു തന്നെ ഒരു ഭാഷാസമൂഹത്തെ ഒന്നടങ്കം സ്വാധീനിക്കാന്‍ കഴിയുകയെന്നത് അത്യപൂര്‍വമായ കാര്യമാണ്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ എഴുത്തുജീവിതത്തെ വളരെ അനുഗ്രഹീതമായിട്ട് ഞാന്‍ കാണുന്നത്. അതുകൊണ്ട് തന്നെയാണ് മലയാളിയെ സംബന്ധിച്ച് വളരെ അഭിമാനകരമായ, എപ്പോഴും ഓര്‍ത്ത് അഭിമാനിക്കാന്‍ കഴിയുന്ന ഒരു വ്യക്തിത്വമായി എംടി വാസുദേവന്‍ നായരെ ഒരു മനുഷ്യരും കാണുന്നത് അവര്‍ക്ക് അവരെത്തന്നെ കാണാന്‍, അദ്ദേഹത്തിന്റെ കൃതികളിലൂടെ, അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിലൂടെ അവരെത്തന്നെ കാണാന്‍ കഴിയുന്ന ഒരു അന്തരീക്ഷം. ഒരു കണ്ണാടി നിങ്ങള്‍ക്ക് മുന്നില്‍ പിടിക്കുന്നതു പോലെ വളരെ മനോഹരമായ ഭാഷയില്‍ എഴുതുവാനും മനോഹരമായ കഥാന്തരീക്ഷത്തെ ഉണ്ടാക്കുവാനും മനോഹരമായ കഥാപാത്രങ്ങളെ നിര്‍മിക്കാനുമൊക്കെ കഴിഞ്ഞിട്ടുള്ള ഒരെഴുത്തുകാരനാണ്. ആ എഴുത്തുകാരന്റെ സ്വാധീനം എന്ന് പറയുന്നത് ചെറുതല്ല. നിങ്ങള്‍ മലയാളത്തിലെ ഏത് ചെറുകഥ വായിച്ചാലും ആ ചെറുകഥയുടെ ഏതെങ്കിലും ഒരു പാരഗ്രാഫില്‍ ഒരു എംടി വാസുദേവന്‍ നായര്‍ നുഴഞ്ഞുകയറും. ഞാന്‍ എംടിയുടെ സ്വാധീനത്തില്‍ പെടില്ലെന്ന ബോധത്തോടു കൂടി എഴുതിയാലും നിങ്ങളറിയാതെ ഏതെങ്കിലും ഒരു നിമിഷത്തില്‍ എംടി വാസുദേവന്‍ നായര്‍ നിങ്ങളുടെ തലച്ചോറിലൂടെ കടന്ന് നിങ്ങളുടെ തൂലികയിലൂടെ നിങ്ങളുടെ ഭാഷയായി വന്ന് നിങ്ങളുടെ താളില്‍ വീഴുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. അത്രയേറെ സ്വാധീനമാണ് എംടി മലയാളികളുടെ മേല്‍ ചെലുത്തിയിട്ടുള്ളത്. മലയാളിയുടെ നോവല്‍ സാഹിത്യത്തില്‍, കഥാ സാഹിത്യത്തില്‍ ഒക്കെ അദ്ദേഹം സ്വാധീനം ചെലുത്തി.

എംടി; മലയാളി ചേര്‍ത്തുവെക്കുന്ന മലയാളിത്തമുള്ള രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങള്‍
എം.ടി.വാസുദേവൻ നായർ, മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭ

ഒരര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ കഥകളുടെ എക്‌സ്‌റ്റെന്‍ഷനാണ് അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങള്‍. ഒരിക്കലും കൊമേഴ്‌സ്യല്‍ സിനിമയുടെ സൂത്രവാക്യം വെച്ചിട്ട് സിനിമ എഴുതിയിട്ടുള്ള ആളല്ല എംടി. അപ്പോഴും അതിന് കാഴ്ചക്കാരുണ്ടായിരുന്നു. പഞ്ചാഗ്നി, ആള്‍ക്കൂട്ടത്തില്‍ തനിയെ, സദയം എന്നീ സിനിമകള്‍. ഇങ്ങനെയൊക്കെ കൊമേഴ്‌സ്യലി ഹിറ്റായിട്ടുള്ള സിനിമകളുണ്ട്, ആവറേജ് ഹിറ്റ്, വലിയൊരു സൂപ്പര്‍ഹിറ്റ് സിനിമയുണ്ടാക്കുന്ന ആളുമല്ല. ഒരു വടക്കന്‍ വീരഗാഥ എന്നത് രണ്ടാമൂഴം പോലെയുള്ള ഒരു രചനയാണല്ലോ. രണ്ടാമൂഴത്തില്‍ ഭീമനെ നായകനാക്കുന്നു, വടക്കന്‍ വീരഗാഥയില്‍ പ്രതിനായകനായിരുന്ന ചന്തുവിനെ നായക സ്ഥാനത്തേക്ക് കൊണ്ടുവരുന്നു. അല്ലെങ്കില്‍ ചന്തുവിന്റെ വേറൊരു വശം നമുക്ക് കാണിച്ചു തരുന്നു. ആ അര്‍ത്ഥത്തിലൊക്കെ എഴുത്തിന്റെ ഒരു എക്സ്റ്റന്‍ഷനായിട്ടേ അദ്ദേഹത്തിന്റെ സിനിമയെയും കാണുന്നുള്ളു. നിര്‍മാല്യം എന്നത് നിശ്ചയമായും ഈ കാലഘട്ടത്തില്‍ അതിനെ അനുസ്മരിക്കാതെ പോകരുതല്ലോ. നിര്‍മാല്യം പോലൊരു സിനിമ എടുക്കുകയും ഇപ്പോഴും പറയാറുണ്ടല്ലോ വെളിച്ചപ്പാട് ദേവിയുടെ വിഗ്രഹത്തിലേക്ക് തുപ്പുന്ന ആ സീന്‍ ഈ കാലത്ത് എടുക്കാന്‍ കഴിയില്ല, ഇനി വരുന്ന കാലത്ത് എടുക്കാന്‍ കഴിയുമോ എന്ന് ആശങ്കയുള്ള ആളാണ് ഞാന്‍. കാരണം ഒരു ദേവീ വിഗ്രഹത്തിലേക്ക് ഒരു വെളിച്ചപ്പാട് തുപ്പുക എന്ന് പറഞ്ഞാല്‍ അതിനപ്പുറം ഒരു വര്‍ഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെടാന്‍ മറ്റൊന്നും വേണ്ട എന്നുള്ളതാണ്. അങ്ങനെയൊരു ധൈര്യം കാണിച്ചയാളാണ് എംടി.

എംടി; മലയാളി ചേര്‍ത്തുവെക്കുന്ന മലയാളിത്തമുള്ള രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങള്‍
കൂടല്ലൂരിനെ വിമർശിച്ചവർക്ക് ഫോക്നറിലൂടെ മറുപടി നൽകിയ എംടി

സിനിമയുടെ ഗ്രാമറിലും എംടി വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. സിനിമയുടെ ഗ്രാമറിനെ എംടി അദ്ദേഹത്തിന്റേതായ ശൈലിയിലേക്ക് കൊണ്ടുവന്നിട്ടുമുണ്ട്. കേരളത്തിലെ ഏത് ആക്ടറിനോട് ചോദിച്ചാലും, അത് ആണാകട്ടെ, പെണ്ണാകട്ടെ അത് എംടിയുടെ കഥാപാത്രത്തെയാണെന്ന് പറയും. അത് മമ്മൂട്ടിയെ സംബന്ധിച്ചാണെങ്കിലും മോഹന്‍ലാലിനെ സംബന്ധിച്ചാണെങ്കിലും ഏറ്റവും പുതിയ നായികയെ സംബന്ധിച്ചാണെങ്കിലും എംടിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നത് അവരുടെ കരിയറിലെ ഏറ്റവും വലിയ സ്വപ്‌നമായിട്ടും പ്രതീക്ഷയായിട്ടും കരുതുന്നവരുണ്ട്. ഏതൊരു സിനിമാക്കാരന്റെയും സ്വപ്‌നമാണ് എംടിയുടെ തിരക്കഥ ലഭിക്കുക എന്നുള്ളത്. എത്രയോ സിനിമക്കാര്‍ തിരക്കഥയ്ക്കായി എംടിയെ സമീപിച്ചിട്ടുണ്ട്. അത് എംടി ഒരു ബോക്‌സോഫീസ് തിരക്കഥ തരുമെന്നതു കൊണ്ടല്ല. മറിച്ച് എംടിയുടെ സിനിമ ചെയ്യുക എന്നതാണ്. എംടിയുമായിട്ട് മലയാളികളുടെ ആത്മബന്ധം എന്ന് പറയുന്നത് വളരെ ശക്തമാണ്. എംടിയുടെ നിര്യാണത്തിലൂടെ സംഭവിക്കുന്ന ശൂന്യതയുണ്ടല്ലോ. അത് അഗാധമായ ശൂന്യതയാണ്. എഴുത്തിന്റെ മേഖലയിലും പത്രപ്രവര്‍ത്തന രംഗത്തും ചലച്ചിത്ര രംഗത്തുമൊക്കെ എംടിയുണ്ടാക്കിയ സ്വന്തം അടയാളങ്ങളുണ്ടല്ലോ. ആ അടയാളങ്ങള്‍ മാഞ്ഞുപോകാതെ മലയാളികളുടെ മനസില്‍ എക്കാലവും നിലനില്‍ക്കണമെന്ന് തന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം മലയാളത്തില്‍ എംടി അടുത്ത നൂറു വര്‍ഷത്തേക്കെങ്കിലും ജീവിച്ചിരിക്കും എന്നുതന്നെയാണ് ഞാന്‍ കരുതുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in