വനിതാ ക്രിക്കറ്റില്‍ റെക്കോര്‍ഡുകളുടെ ബെഞ്ച്മാര്‍ക്ക് സൃഷ്ടിച്ച ഇന്ത്യന്‍ താരം. അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി കുറിച്ച പ്ലെയര്‍, ടെസ്റ്റില്‍ ഡബിള്‍ സെഞ്ചുറി നേടിയ പ്രായം കുറഞ്ഞ താരം. വനിതാ ഏകദിന ക്രിക്കറ്റില്‍ 7000 റണ്‍സ് പിന്നിടുന്ന ആദ്യത്തെ താരം. ഏകദിനത്തില്‍ തുടര്‍ച്ചയായി ഏഴ് അര്‍ദ്ധ സെഞ്ചുറികള്‍ നേടിയ ക്രിക്കറ്റര്‍. വനിതാ ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്‍. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലുമായി ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്തുകൊണ്ട് ലേഡി ടെന്‍ഡുല്‍ക്കര്‍ ഓഫ് ഇന്ത്യന്‍ വിമന്‍സ് ക്രിക്കറ്റ് എന്ന് അറിയപ്പെട്ട താരം. ക്വീന്‍ ഓഫ് ഇന്ത്യന്‍ ക്രിക്കറ്റ് മിതാലി രാജ്.
1990കളില്‍ ഭരതനാട്യം പഠിക്കണോ അതോ ക്രിക്കറ്റ് കളിക്കണോ എന്ന് ഒരു ഇന്ത്യന്‍ പെണ്‍കുട്ടിയോട് ചോദിച്ചാല്‍ എന്തായിരിക്കും സംഭവിക്കുക. മിതാലി രാജ് എന്ന തമിഴ്‌നാട്ടുകാരായ മാതാപിതാക്കളുടെ കുട്ടി പക്ഷേ, ക്രിക്കറ്റാണ് തെരഞ്ഞെടുത്തത്. മിതാലിയെ ഒരു ഭരതനാട്യം നര്‍ത്തകിയാക്കണമെന്നായിരുന്നു അമ്മ ലീലാ രാജിന്റെ ആഗ്രഹം. രണ്ടാം ക്ലാസ് മുതല്‍ തന്നെ മിതാലി ഭരതനാട്യം പരിശീലിച്ചു തുടങ്ങിയിരുന്നു. ഭരതനാട്യത്തില്‍ നിന്ന് നേടിയ കഴിവുകള്‍ തന്റെ ക്രിക്കറ്റ് ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് മിതാലി തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. വ്യോമസേനയില്‍ നിന്ന് റിട്ടയര്‍ ചെയതശേഷം ബാങ്ക് ഉദ്യോഗസ്ഥനായി മാറിയ അച്ഛന്‍ ദൊരൈ രാജ് മകളുടെ വൈകി ഉണരുന്ന ശീലം ഇല്ലാതാക്കാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു ക്രിക്കറ്റ് പരിശീലനം. മകന്‍ പരിശീലിക്കുന്ന സെക്കന്തരാബാദിലെ സെന്റ് ജോണ്‍സ് ക്രിക്കറ്റ് കോച്ചിംഗ് ഫൗണ്ടേഷനില്‍ ദൊരൈ രാജ് മിതാലിയെ ചേര്‍ത്തു. അച്ഛന്റെ സ്‌കൂട്ടറില്‍ ഇരുന്ന് ഉറങ്ങിക്കൊണ്ട് സെന്റ് ജോണ്‍സിലേക്ക് എത്തിയിരുന്ന എട്ടു വയസുകാരിയായ മിതാലിയെ കോച്ചായിരുന്ന ജ്യോതി പ്രസാദിന് ഓര്‍മയുണ്ട്.
ബൗണ്ടറിയില്‍ ഇരുന്ന് സ്‌കൂളിലെ ഹോം വര്‍ക്കുകള്‍ തീര്‍ത്തതിന് ശേഷം ഗ്രൗണ്ടിലേക്കിറങ്ങുന്ന അവള്‍ ബാറ്റെടുത്ത് കുറച്ച് നേരം കളിക്കും. ഇതിനിടയില്‍ അവള്‍ ബോളുകളെ നേരിടുന്ന രീതി ജ്യോതി പ്രസാദിന്റെ ശ്രദ്ധയാകര്‍ഷിച്ചു. ടെന്നീസ് ബോള്‍ കൊണ്ട് ബൗള്‍ ചെയ്യാനും കോച്ച് ആവശ്യപ്പെട്ടു. അവളിലെ പ്രതിഭ തിരിച്ചറിയാന്‍ ജ്യോതി പ്രസാദിന് അധികം സമയം വേണ്ടിവന്നില്ല. ഒരു ഉറക്കംതൂങ്ങിയായ കൊച്ചു പെണ്‍കുട്ടിയില്‍ നിന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ പുലിക്കുട്ടിയായ ക്രിക്കറ്ററിലേക്കുള്ള വളര്‍ച്ചയുടെ കഥയാണ് മിതാലി രാജ് എന്ന ക്രിക്കറ്ററുടെ ജീവിതം.
ജ്യോതി പ്രസാദിന്റെ നിര്‍ദേശം അനുസരിച്ച് മിതാലിയെ സമ്പത്ത് കുമാര്‍ എന്ന കോച്ചിന് കീഴില്‍ പരിശീലനത്തിന് അയച്ചു. കര്‍ക്കശക്കാരനെന്ന് പേരുകേട്ട കോച്ചായിരുന്നു സമ്പത്ത് കുമാര്‍. നിങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ 14 വയസാകുമ്പോള്‍ ഇവളെ രാജ്യത്തിന് വേണ്ടി കളിക്കുന്ന പ്ലെയറാക്കി മാറ്റാമെന്നാണ് സമ്പത്ത് കുമാര്‍ മിതാലിയുടെ മാതാപിതാക്കളോട് അന്ന് പറഞ്ഞത്. അതോടെ പത്തു വയസുകാരിയായ മിതാലിക്ക് ഭരതനാട്യം ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് കടുത്ത പരിശീലനത്തിന്റെ നാളുകള്‍. ആറു മണിക്കൂര്‍ വരെ നീളുന്ന കോച്ചിഗ് സെഷനുകള്‍ക്ക് ശേഷവും ഗെയിമിലെ കൃത്യതയ്ക്കായുള്ള പരിശീലനങ്ങള്‍. കല്ലുകള്‍ ഉപയോഗിച്ച് ക്യാച്ചിംഗ് പരിശീലനം. വൈകിട്ട് 6 മണി മുതല്‍ എട്ടു മണി വരെ അരണ്ട പ്രകാശത്തിലുള്ള ബാറ്റിംഗ് പരിശീലനം. അങ്ങനെ മിതാലിയുടെ കഴിവുകള്‍ സമ്പത്ത് രാകി മിനുക്കിയെടുത്തു.
1997ല്‍ ലോകകപ്പ് സെലക്ഷന്‍ ക്യാമ്പിലേക്ക് മിതാലി തെരഞ്ഞെടുക്കപ്പെട്ടപ്പോളാണ് ഒരു വാഹനാപകടത്തില്‍ സമ്പത്ത് കൊല്ലപ്പെട്ടത്. അത് അവളെ തകര്‍ത്തു. തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നതിന് തൊട്ടുമുന്‍പായി രണ്ടു കൈകളും തല്ലിത്തകര്‍ക്കപ്പെട്ടതു പോലെ തോന്നിയെന്നാണ് മിതാലി പിന്നീട് പ്രതികരിച്ചത്. 14 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ലോകകപ്പ് ടീമിലെടുക്കാന്‍ സെലക്ടര്‍മാര്‍ തയ്യാറായതുമില്ല. അതോടെ ആരോടും സംസാരിക്കാതെ തന്നിലേക്കു തന്നെ ഒതുങ്ങിക്കൂടിയ ഒരു പെണ്‍കുട്ടിയായി താന്‍ മാറിയെന്നും മിതാലി ഓര്‍മിക്കുന്നുണ്ട്. പക്ഷേ, അതും പൊസിറ്റീവായി കാണുന്ന ഒരു താരത്തെയാണ് മിതാലിയില്‍ പിന്നീട് കണ്ടത്. ആ ഒതുങ്ങിക്കൂടല്‍ താന്‍ ആരാണെന്ന് സ്വയം മനസിലാക്കാനും തന്റെ കഴിവുകള്‍ വികസിപ്പിക്കാനുമുള്ള അവസരമായി അവള്‍ കണ്ടു. 1999 ജൂണ്‍ 26നായിരുന്നു രാജ്യാന്തര ക്രിക്കറ്റില്‍ മിതാലിയുടെ അരങ്ങേറ്റം. അയര്‍ലന്‍ഡിനെതിരെ ഇംഗ്ലണ്ടിലെ മില്‍റ്റന്‍ കെയിന്‍സില്‍ വെച്ച് നടന്ന മത്സരത്തില്‍ 114 റണ്‍സ് സ്‌കോര്‍ ചെയ്തുകൊണ്ട് അരങ്ങേറ്റം അവള്‍ ആഘോഷമാക്കി. പതിനാറാം വയസിലാണ് മിതാലി ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയുടെ രേഷ്മ ഗാന്ധിയും അന്ന് സെഞ്ചുറി കുറിച്ചു. രേഷ്മയുടെയും അരങ്ങേറ്റ മത്സരമായിരുന്നു അത്.
പിന്നീട് മിതാലി കളിച്ചു നേടിയതൊക്കെ റെക്കോര്‍ഡുകളായിരുന്നു എന്ന് പറയാം. അതുകൊണ്ടുതന്നെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ റെക്കോര്‍ഡുകളുടെ ബെഞ്ച്മാര്‍ക്ക് സൃഷ്ടിച്ച താരമായാണ് മിതാലിയെ കണക്കാക്കുന്നത്. 2001-2002 സീസണിലാണ് മിതാലി ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. ഇംഗ്ലണ്ടിനെതിരെ ടോണ്ടനില്‍ നടന്ന മാച്ചില്‍ മിതാലി നേടിയ 214 റണ്‍സ് എന്ന സ്‌കോര്‍ നേടി. ഫോര്‍ത്ത് പൊസിഷന്‍ ബാറ്റിംഗില്‍ ഈ സ്‌കോര്‍ ഇപ്പോഴും മറികടക്കപ്പെടാതെ തുടരുകയാണ്. ഇരട്ട സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും ഇതിലൂടെ മിതാലിക്ക് ലഭിച്ചു. വനിതാ ടെസ്റ്റില്‍ തന്നെ രണ്ടാമത്തെ വലിയ സ്‌കോറാണ് ഇത്. ഏറ്റവും കൂടുതല്‍ നീണ്ട കരിയറില്‍ രണ്ടാം സ്ഥാനം, ഏകദിന കരിയറില്‍ ഒന്നാം സ്ഥാനം, 22-ാമത്തെ വയസില്‍ ക്യാപ്റ്റനായിക്കൊണ്ട് ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന പേര്, 155 ഏകദിനങ്ങളില്‍ ഇന്ത്യയെ നയിച്ചുകൊണ്ട് ഏറ്റവും കൂടുതല്‍ കാലം ക്യാപ്റ്റനായെന്ന ബഹുമതി, ഒരു ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുത്ത താരം, 64 ക്യാച്ചുകളെടുത്തുകൊണ്ട് വണ്‍ഡേയില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുത്ത നാലാമത്തെ താരം, ഏഴാം വിക്കറ്റില്‍ ഏറ്റവും വലിയ പാര്‍ട്‌നര്‍ഷിപ്പ്, വണ്‍ഡേയില്‍ 7805 റണ്‍സുകള്‍ എടുത്ത ആദ്യ താരം. അഞ്ച് 90കള്‍ എടുത്തുകൊണ്ട് ഏറ്റവും കൂടുതല്‍ നയന്റീസ് എടുത്ത താരം, വണ്‍ഡേയില്‍ തുടര്‍ച്ചയായി ഏഴ് അര്‍ദ്ധ സെഞ്ചുറികള്‍, 74 ഇന്നിംഗ്‌സുകള്‍ തുടര്‍ച്ചയായി ഡക്ക് ആകതെ കളിച്ച താരം, ട്വന്റി 20യില്‍ ഫാസ്റ്റസ്റ്റ് 2000 റണ്‍സ് എന്നിങ്ങനെ നേട്ടങ്ങള്‍ അനേകം.
ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളിലുമായി 10,868 റണ്‍സുകളാണ് മിതാലിയുടെ സമ്പാദ്യം. ടെസ്റ്റില്‍ 699 റണ്‍സും വണ്‍ഡേയില്‍ 7805 റണ്‍സും ട്വന്റി20യില്‍ 2364 റണ്‍സും. 43.68 റണ്‍സ് ആവറേജുമായി 12 ടെസ്റ്റുകളും 50.68 റണ്‍സ് ആവറേജുമായി 232 വണ്‍ഡേകളും 37.52 ആവറേജുമായി 89 ടി20 കളുമാണ് മിതാലി കളിച്ചത്. 22 വര്‍ഷവും 274 ദിവസവും അവള്‍ വണ്‍ഡേയില്‍ നിറഞ്ഞു നിന്നു. 5992 റണ്‍സുമായി ഇംഗ്ലണ്ടിന്റെ ഷാര്‍ലറ്റ് എഡ്വേര്‍ഡ്‌സും 5298 റണ്‍സുമായി വെസ്റ്റ് ഇന്‍ഡീസിന്റെ സ്റ്റെഫാനി ടെയ്‌ലറും 5045 റണ്‍സുമായി ന്യൂസിലന്‍ഡിന്റെ സൂസി ബെയ്റ്റ്‌സും മാത്രമാണ് വണ്‍ഡേയില്‍ 5000 കടന്ന മറ്റു താരങ്ങള്‍.
2022 ജൂണിലായിരുന്നു മിതാലി തന്റെ റിട്ടയര്‍മെന്റ് പ്രഖ്യാപിച്ചത്. 50 വര്‍ഷത്തോളം നീളുന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ സൂപ്പര്‍ സ്റ്റാറുകള്‍ എന്ന് പറയാന്‍ അത്രയധികം താരങ്ങളില്ല. വനിതാ ക്രിക്കറ്റിന് പുരുഷ ക്രിക്കറ്റിന്റെയത്രയും പ്രാധാന്യം ലഭിച്ചിരുന്നില്ല എന്നതാണ് ഇതിന് ഏറ്റവും പ്രധാനപ്പെട്ട കാരണം. ടെസ്റ്റുകളും ഏകദിനങ്ങളും തന്നെ വളരെ കുറവ്. അങ്ങനെയൊരു കാലത്തു നിന്ന് താരതമ്യേന കൂടുതല്‍ പരിഗണന കിട്ടുന്ന ഒരു കാലഘട്ടത്തിലേക്ക് ഇന്ത്യന്‍ വനിതാ ക്രിക്കറ്റിനെ നയിച്ചയാളാണ് മിതാലി രാജ്.