

യുഎഇയിലെ കായിക പ്രേമികളുടെ കൂട്ടായ്മയായ അസോസിയേഷൻ ഓഫ് ഇന്‍റർനാഷണൽ സ്‌പോർട്‌സ് കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ഫ്ലെക്സ്പ്രോ ബാഡ്മിന്‍റൺ പ്രീമിയർ ലീഗിന്‍റെ മൂന്നാം സീസൺ മത്സരങ്ങൾ നവംബർ 16 നും 23 നുമായി നടത്തും. മധ്യപൂർവദേശത്ത് ആദ്യമായി ഫ്രാഞ്ചൈസി അടിസ്ഥാനത്തിൽ നടക്കുന്ന ബാഡ്മിന്‍റൺ ലീഗാണിത്. യുഎഇയിൽ കായിക സംസ്കാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2022-ൽ ജമാൽ ബാക്കറുടെ നേതൃത്വത്തിൽ സ്ഥാപിച്ചതാണ് അസോസിയേഷൻ ഓഫ് ഇന്‍റർനാഷണൽ സ്‌പോർട്‌സ് കമ്മ്യൂണിറ്റി.
ദുബായ് സ്‌പോർട്‌സ് കൗൺസിലിന്‍റെ അംഗീകാരത്തോടെ നടക്കുന്ന മത്സരങ്ങൾ നിയന്ത്രിക്കുന്നത് ബിഡബ്ല്യുഎഫ് സർട്ടിഫൈഡ് അമ്പയർമാരും ഒഫീഷ്യൽസുമാണ്. ഇത്തവണ 6 ഫ്രാഞ്ചൈസി ടീമുകളിലായി 240-ൽ അധികം കളിക്കാർ പങ്കെടുക്കും. 300-ലേറെ താരങ്ങളാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്.ദുബായിലെ എൻഗേജ് സ്പോർട്സ് അരീനയിൽ രാവിലെ 10 മുതൽമത്സരങ്ങൾ തുടങ്ങും. പുരുഷ ഡബിൾസ്, മിക്സഡ് ഡബിൾസ്, ട്രിപ്പിൾസ്, കോമ്പിനേഷൻ മാച്ചുകൾ തുടങ്ങിയ വിവിധ ഫോർമാറ്റുകളിൽ മത്സരങ്ങൾ നടക്കും. ടൂർണമെന്‍റിന് മുന്നോടിയായി ട്രോഫി അനാച്ഛാദനം നടന്നു.