conversation with maneesh narayanan

ഭരണത്തുടര്‍ച്ചയിലെ വിവാദങ്ങള്‍ പ്രചാരണ തന്ത്രം, ഒന്നാം പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ചവർ ഇപ്പോള്‍ അത് നല്ലതെന്ന് പറയുന്നു; എം.സ്വരാജ്

മനീഷ് നാരായണന്‍

ഒന്നാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണ്ണക്കടത്ത് നടത്തിയെന്ന് പറഞ്ഞവരാണ് രണ്ടാം പിണറായി സര്‍ക്കാരിനെ ഇകഴ്ത്തിക്കാട്ടാന്‍ ആദ്യ സര്‍ക്കാര്‍ മികച്ചതെന്ന് പറയുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ്. ഭരണത്തുടര്‍ച്ചയില്‍ രണ്ടാം പിണറായി സര്‍ക്കാരിനെ ഇകഴ്ത്തുന്നതിനായാണ് ഒന്നാം പിണറായി സര്‍ക്കാരിനെ മികച്ചതെന്ന് ഇവര്‍ പറയുന്നത്. അത്തരം വാദങ്ങള്‍ പൊള്ളയും സവിശേഷമായ പ്രചാരണ തന്ത്രവുമാണ്. ഇത് തുടര്‍ന്നുകൊണ്ടിരിക്കും. സിപിഎമ്മിന്റെ ഇന്നത്തെ നേതാക്കളെ അധിക്ഷേപിക്കുന്നതിനായി പഴയ നേതാക്കന്‍മാരെ മഹാന്‍മാരെന്ന് വിശേഷിപ്പിക്കാറുണ്ട്. ഈ മഹാന്‍മാരായ നേതാക്കളെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നവര്‍ ജീവിച്ചിരുന്ന കാലത്ത് ക്രൂരമായി ആക്രമിക്കപ്പെട്ടിരുന്നു. കൃഷ്ണപിള്ള, ഇഎംഎസ്, എകെജി, നായനാര്‍ തുടങ്ങിയവര്‍ അധിക്ഷേപത്തിന് ഇരയാക്കപ്പെട്ടിരുന്നുവെന്നും ദ ക്യു അഭിമുഖത്തില്‍ സ്വരാജ് പറഞ്ഞു.

സ്വരാജ് പറഞ്ഞത്

പൊതുസമൂഹത്തിന് മുന്നില്‍ സര്‍ക്കാരിന്റെ രണ്ടാമൂഴത്തിന് വിശ്വാസ്യത നഷ്ടമാകുന്നുവെന്നത് പൊള്ളയായ വാദമാണെന്ന് മാത്രമല്ല അതൊരു സവിശേഷമായ പ്രചാരണമാണ്. അതൊരു തര്‍ക്കശാസ്ത്രത്തിന്റെ കൂടി ഭാഗമാണ്. അതായത് നിങ്ങളെ കഠിനമായി എതിര്‍ക്കണമെങ്കില്‍ ഏതെങ്കിലുമൊരു തലത്തില്‍ നിങ്ങളെ ആദ്യമൊന്ന് അനുകൂലിക്കുക എന്നത് ഒരു തന്ത്രമാണ്. ആ തന്ത്രമാണ് പലപ്പോഴും സിപിഎമ്മിന്റെ ഇന്നത്തെ നേതാക്കന്‍മാരെ ക്രൂരമായി അധിക്ഷേപിക്കുമ്പോള്‍ പണ്ട് ഇങ്ങനെയായിരുന്നില്ല എന്ന് പറയും. പണ്ട് നേതാക്കന്‍മാരൊക്കെ നല്ലവരായിരുന്നു. എത്ര മഹാന്‍മാരായ നേതാക്കന്‍മാരായിരുന്നു സിപിഐഎമ്മിലുള്ളത്. സിപിഎമ്മിലെ പഴയ നേതാക്കന്‍മാരൊക്കെ എത്ര മഹാന്‍മാരായിരുന്നു ഇപ്പോള്‍ എല്ലാം തകര്‍ന്നുപോയി എന്നൊക്കെ പറയാറുണ്ട്.

സത്യത്തില്‍ ഈ മഹാന്‍മാരായ നേതാക്കന്‍മാരെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നവര്‍ ജീവിച്ചിരുന്ന കാലത്ത് അവരും ഇതേപോലെ ക്രൂരമായി ആക്രമിക്കപ്പെട്ടിരുന്നു. കൃഷ്ണപിള്ള, ഇഎംഎസ്, എകെജി, നായനാര്‍ എല്ലാവരും. ആ ചരിത്രം ഒരു രാഷ്ട്രീയ വിദ്യാര്‍ത്ഥിക്ക് കൗതുകം ഉണ്ടാക്കുന്നതാണ്. കൊള്ളാവുന്ന കുടുംബങ്ങളിലെ ചെറുപ്പക്കാരെ വഴിതെറ്റിക്കുന്ന തെമ്മാടി എന്ന് കൃഷ്ണപിള്ളയെക്കുറിച്ച് കേരളത്തിലെ ഒരു പ്രധാന പത്രമാണ് എഴുതിയത്. ഇഎംഎസിനെ പട്ടിയായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണ്‍ വരച്ചതു അതേ പത്രമാണ്. ഇപ്പോള്‍ എന്തൊക്കെ വിരോധമുണ്ടെങ്കിലും അതൊക്കെ കാലത്തില്‍ വന്ന മാറ്റമായിരിക്കും. സിപിഎമ്മിന്റെ ഒരു നേതാവിനെ പട്ടിയാക്കി വരച്ച് പ്രസിദ്ധീകരിക്കാന്‍ സാധ്യത കുറവാണ്. വരുമോ എന്ന് എനിക്ക് അറിയില്ല. പക്ഷേ അന്ന് അങ്ങനെ പോലും ചെയ്തു.

അഴിമതിയാരോപണം ഉന്നയിച്ചു ഇഎംഎസിന് എതിരെ. എകെജി മരണാസന്നനായി കിടക്കുമ്പോഴും യൂത്ത് കോണ്‍ഗ്രസിന്റെ പ്രകടനം ആ ആശുപത്രിയുടെ മുന്നില്‍ വിളിച്ച മുദ്രാവാക്യം കാലന്‍ വന്ന് വിളിച്ചിട്ടും പോകാത്തതെന്തെടോ ഗോപാലാ എന്നാണ്. മനുഷ്യത്വരഹിതമായി ആക്രമിക്കപ്പെട്ടവരാണ് അക്കാലത്തെ പാര്‍ട്ടി നേതാക്കന്‍മാരൊക്കെ. പക്ഷേ, ഇപ്പോള്‍ നോക്കൂ നിങ്ങള്‍. ഇതേ ശക്തികള്‍ ഇന്നത്തെ നേതാക്കന്‍മാരെ ഇകഴ്ത്താന്‍ പറയുന്നത് അന്നത്തെ നേതാക്കന്‍മാര്‍ മഹാന്‍മാരായിരുന്നു എന്നാണ്. കഴിഞ്ഞ സെപ്റ്റംബര്‍ 5ന് മാതൃഭൂമി ദിനപത്രത്തിന്റെ മുഖപ്രസംഗം. ആ മുഖപ്രസംഗത്തിലെ ഒരു വാചകം ഇങ്ങനെയാണ്. കേരള ഏറ്റവും മികച്ച സര്‍ക്കാര്‍ എന്ന് എല്ലാവരും അംഗീകരിക്കുന്നത് 87-91ലെ നായനാര്‍ ഗവണ്‍മെന്റായിരുന്നു. ഞാന്‍ അദ്ഭുതപ്പെട്ടുപോയി.

ഞാന്‍ ഈ പറയുന്ന കാലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. പക്ഷേ എസ്എഫ്‌ഐയുടെ പ്രവര്‍ത്തകനാണ് അന്നും. എല്ലാ ദിവസവും പത്രം വായിക്കുന്നുണ്ട്. മാതൃഭൂമി പത്രം എല്ലാ ദിവസവും നായനാര്‍ ഗവണ്‍മെന്റിനെ അതിനിശിതമായി വിമര്‍ശിക്കുകയാണ്. ശക്തമായി ആക്രമിക്കുന്ന ഒരു കാലമാണ് അന്ന്. പക്ഷേ, ഇത്രയും കാലം കഴിഞ്ഞപ്പോള്‍ അതേ മാതൃഭൂമി പറയുന്നു കേരളത്തിന്റെ ചരിത്രത്തിലെ, അതാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്, ചരിത്രത്തിലെ ഏറ്റവും മികച്ച ഗവണ്‍മെന്റായിരുന്നു അതെന്ന് പറയുന്നു. ഈ തന്ത്രമാണ് രണ്ടാം പിണറായി ഗവണ്‍മെന്റിനെ ഇകഴ്ത്തണമെങ്കില്‍, ആ പ്രചാരവേല ജനങ്ങളുടെ ഇടയില്‍ സ്വീകാര്യമാകണമെങ്കില്‍ ഒന്നാം പിണറായി ഗവണ്‍മെന്റിനെ ഒന്ന് പുകഴ്ത്തുക എന്നതാണ്.

പക്ഷേ, ജനങ്ങളുടെ ഓര്‍മ്മ അത്ര വേഗം മറഞ്ഞുപോയില്ലെങ്കില്‍ നമുക്കറിയാം ഈ ഒന്നാം പിണറായി ഗവണ്‍മെന്റിന്റെ കാലത്ത് ഇവരെല്ലാവരും എന്താണ് സ്വീകരിച്ചിരുന്നത് എന്ന്. ഒന്നാം പിണറായി ഗവണ്‍മെന്റിന്റെ കാലമെന്ന് പറഞ്ഞാല്‍ മൂന്നു കൊല്ലം മുന്‍പുള്ള കാലമല്ലേ? എത്ര നീചമായ ആക്രമണം ഒന്നാം പിണറായി ഗവണ്‍മെന്റിന് എതിരെയെടുത്തു. ഇതൊരു നല്ല ഗവണ്‍മെന്റാണെന്ന് ആരെങ്കിലും അന്ന് പറഞ്ഞിട്ടുണ്ടോ? അന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തിയെന്നാണ് ആക്ഷേപിച്ചത്. ഇതിങ്ങനെ വന്നുകൊണ്ടിരിക്കും. ഞാന്‍ പറയുന്നത് ഈ ഗവണ്‍മെന്റിന്റെ തുടര്‍ച്ച വരുമ്പോള്‍ ആ ഗവണ്‍മെന്റിനെ ഇകഴ്ത്താന്‍ രണ്ടാം പിണറായി ഗവണ്‍മെന്റ് മികച്ചതായിരുന്നു എന്ന് പറയും. അത് കാത്തിരിക്കാം എന്നാണ് തോന്നുന്നത്.

ചിരിപ്പൂരം ഒരുക്കി മലയാളത്തിന്റെ വിന്റേജ് യൂത്തന്മാർ, 'ധീരൻ' ജൂലൈ 4 ന് തിയറ്ററുകളിൽ

'Vismaya Mohanlal' എന്ന് എഴുതിയിരിക്കുന്നത് ലാലേട്ടൻ തന്നെ: അനീഷ് ഗോപാൽ അഭിമുഖം

ഷൂട്ട് ചെയ്യുന്ന സമയത്ത് പോലും 'ഹിസ് ഹൈനസ് അബ്ധുള്ള'യുടെ ക്ലൈമാക്സ് എഴുതിയിട്ടില്ലായിരുന്നു: ജഗദീഷ്

മൈക്ക് തട്ടി കണ്ണ് നൊന്തു വെള്ളവും വന്നു, മാധ്യമപ്രവർത്തകനെ എല്ലാവരും കുറ്റപ്പെടുത്തുന്നത് കണ്ടാണ് മോഹൻലാൽ ഫോണിൽ വിളിച്ചത്: സനിൽ കുമാർ

എന്‍റെ ജീവിതത്തിലെ ആദ്യത്തെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ചോക്ലേറ്റ് ആയിരുന്നു: സംവൃത സുനില്‍

SCROLL FOR NEXT