
തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സുരേഷ് ഗോപി നേടിയ വിജയം വ്യക്തിപ്രഭാവം മൂലം മാത്രമല്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. സുരേഷ് ഗോപിയുടെ വിജയം അദ്ദേഹത്തിന്റെ വ്യക്തിപരമായ കഴിവിന്റെ കൂടി അടിസ്ഥാനത്തിലാണ്. പക്ഷേ അതുകൊണ്ടു മാത്രം വിജയിക്കില്ല. സുരേഷ് ഗോപി ചെയ്ത സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെയൊക്കെ അഡ്വാന്റേജുണ്ടായിരുന്നു. പക്ഷേ അതുമാത്രമാണെങ്കില്‍ 2019ല്‍ സുരേഷ് ഗോപി തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു, 2021ല്‍ തൃശൂര്‍ അസംബ്ലി മണ്ഡലത്തിലും സ്ഥാാര്‍ത്ഥിയായിരുന്നു. എന്നിട്ടും വിജയിച്ചില്ല. ഒരു വര്‍ഷം സംഘടനാപരമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ കൂടിയാണ് സുരേഷ് ഗോപിയുടെ വിജയമെന്നും ദ ക്യു അഭിമുഖത്തില്‍ രമേശ് പറഞ്ഞു.
എം.ടി.രമേശിന്റെ വാക്കുകള്‍
സുരേഷ് ഗോപിയുടെ വിജയം അദ്ദേഹത്തിന്റെ വ്യക്തിപരമായ കഴിവിന്റെ കൂടി അടിസ്ഥാനത്തിലാണ്. പക്ഷേ, അതുകൊണ്ട് മാത്രം ജയിക്കില്ലല്ലോ? കേരളത്തില്‍ ഏതു പാര്‍ട്ടിയുമാകട്ടെ, എവിടെയെങ്കിലും സ്വന്തം വ്യക്തിപ്രഭാവം കൊണ്ട് മാത്രം ജയിക്കുമോ? നാളെ മമ്മൂട്ടിയോ മോഹന്‍ലാലോ ഏതെങ്കിലും മണ്ഡലത്തില്‍ പോയി സ്വതന്ത്രനായി മത്സരിച്ചാല്‍ ജയിക്കുമോ? തമിഴ്‌നാട്ടിലൊക്കെ ജയിക്കുമായിരിക്കും. കേരളത്തില്‍ നമുക്ക് സിനിമാ നടന്‍മാരോട് ആഭിമുഖ്യമുണ്ട്, താല്‍പര്യമുണ്ട്. പക്ഷേ, ഒരു പൊളിറ്റിക്കല്‍ വിക്ടറിയിലേക്കൊന്നും അത് പോകില്ല. സുരേഷ് ഗോപിക്ക് തൃശൂരുണ്ടാക്കാന്‍ സാധിച്ച വലിയൊരു ഇമേജുണ്ട്.
സിനിമക്കാരനെന്ന നിലയില്‍ മാത്രമല്ല, അദ്ദേഹം ചെയ്ത സാമൂഹ്യ പ്രവര്‍ത്തനങ്ങളുണ്ട്. ഏതൊരാള്‍ക്കും പരാതി പറയാന്‍ പറ്റുന്ന, പ്രയാസങ്ങള്‍ പറയാന്‍ പറ്റുന്ന ഒരു വ്യക്തിയായിരുന്നു സുരേഷ് ഗോപി. അദ്ദേഹം കേള്‍ക്കുമായിരുന്നു, എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്ന സഹായങ്ങളൊക്കെ ചെയ്യുമായിരുന്നു. അതിന്റെയൊരു അഡ്വാന്റേജുണ്ടായിരുന്നു. പക്ഷേ അതുമാത്രമാണെങ്കില്‍ 2019ല്‍ സുരേഷ് ഗോപി തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു, ജയിച്ചില്ലല്ലോ? 2021ല്‍ തൃശൂര്‍ അസംബ്ലി മണ്ഡലത്തില്‍ അദ്ദേഹം സ്ഥാനാര്‍ത്ഥിയായിരുന്നു, ജയിച്ചില്ലല്ലോ? ഒരു വ്യക്തിയുടെ മാത്രം ഇമേജാണെങ്കില്‍ അന്ന് ജയിക്കേണ്ടതല്ലേ? സുരേഷ് ഗോപിയെന്ന് പറയുന്ന വലിയ ഒരു സിംബലിനെ പാര്‍ട്ടി സംഘടന പ്രയോജനപ്പെടുത്തുമ്പോഴാണ് ജയിക്കുന്നത്.
സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം വലിയ അഡ്വാന്റേജായിരുന്നു. പക്ഷേ, അതോടൊപ്പം പാര്‍ട്ടി മെഷിനറി നന്നായി പ്രവര്‍ത്തിച്ചു. എനിക്ക് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിന്റെ ചുമതലയുണ്ടായിരുന്നു. ഒരു വര്‍ഷം ഞാനത് നോക്കിയതാണ്. കോഴിക്കോട് സ്ഥാനാര്‍ത്ഥിയായതിന് ശേഷമാണ് ഞാന്‍ കോഴിക്കോടേക്ക് പോകുന്നത്. എനിക്കറിയാണ് അവിടെ നടന്ന തയ്യാറെടുപ്പ്. ഒരു വര്‍ഷം കേരളത്തില്‍ മറ്റൊരിടത്തും ചെയ്യാത്ത രീതിയില്‍ എല്ലാ ബൂത്തിലും പാര്‍ട്ടി മെഷിനറി സജീവമാക്കിയിരുന്നു. ഏതാണ്ട് 40,000ലേറെ പുതിയ വോട്ട് ഞങ്ങള്‍ ചേര്‍ത്തു. ആ കോണ്‍ഫിഡന്‍സിന്റെ പുറത്താണ് ഞങ്ങള്‍ ജയിക്കും എന്ന് പറയുന്നത്. അത് ബിജെപി നേരിട്ട് ചേര്‍ത്ത വോട്ടാണ്, മെഷിനറി കറക്ടായിരുന്നു. തുടര്‍ച്ചയായി പരിപാടികള്‍ നടത്തി.
പ്രധാനമന്ത്രിയുടെ രണ്ടോ മൂന്നോ പ്രോഗ്രാം നടത്തി. അമിത് ഷായുടെ പ്രോഗ്രാം നടത്തി. ഒരു വര്‍ഷം തൃശൂരിലെ പ്രവര്‍ത്തകര്‍ക്ക് വിശ്രമിക്കാന്‍ അവസരം ഞങ്ങള്‍ കൊടുത്തിട്ടില്ല. കാരണം ജയിക്കണമെന്നത് ഒരു വാശിയായിരുന്നു. ആ വാശി പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകര്‍ക്ക് വന്നപ്പോള്‍ അവര്‍ എല്ലാം മറന്ന് രംഗത്തിറങ്ങി. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വവും തൃശൂര്‍ മണ്ഡലത്തില്‍ ഒരു വര്‍ഷം ഞങ്ങള്‍ നടത്തിയ സംഘടനാപരമായ തയ്യാറെടുപ്പിന്റെയും ഭാഗമായിട്ടാണ് ഞങ്ങള്‍ ജയിച്ചിട്ടുള്ളത്. അത് എല്ലാ സ്ഥലത്തും നടത്താന്‍ ഞങ്ങള്‍ക്ക് സാധിക്കും. ഏതു തെരഞ്ഞെടുപ്പിലും പാര്‍ട്ടിയും സ്ഥാനാര്‍ത്ഥിയും ഒകേ കെമിസ്ട്രിയില്‍ വരുമ്പോഴാണ് ജയിക്കാന്‍ സാധിക്കുക. സ്ഥാനാര്‍ത്ഥി നല്ലതായതു കൊണ്ടു മാത്രം ജയിക്കില്ല.
സംഘടനാ മെഷിനറിയുള്ളതുകൊണ്ടു മാത്രവും ജയിക്കില്ല. തൃശൂരില്‍ രണ്ട് കെമിസ്ട്രിയും ഒരുമിച്ചു വന്നപ്പോള്‍ ഞങ്ങള്‍ ജയിച്ചു. തൃശൂരിന്റെ അതേ ശൈലി പാലക്കാട് അനുവര്‍ത്തിക്കുന്നതില്‍ എവിടെയാണ് വീഴ്ചകളുണ്ടായതെന്ന് പരിശോധിക്കപ്പെടേണ്ടതാണ്. 28 കൗണ്‍സിലര്‍മാരുണ്ട്. അവരെയെല്ലാം പൂര്‍ണ്ണമായി ഉപയോഗിച്ചിട്ടുണ്ടോ, അവരുടെയൊക്കെ സ്ഥലത്ത് വോട്ട് വര്‍ദ്ധിച്ചിട്ടുണ്ടോ, പുതിയ വോട്ട് ചേര്‍ത്തിട്ടുണ്ടോ, ഇതൊക്കെ വിശദമായി പരിശോധിക്കേണ്ടതാണ്.