തലക്ക് വിലയിട്ട ആർഎസ്എസുമായി പിണറായി സന്ധി ചെയ്യുമോ?, എന്തിനാണ് കുതിരപ്പുറത്ത് ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നത്?: എം.സ്വരാജ് അഭിമുഖം
സംഘപരിവാറുമായി ഇടതുപക്ഷം സന്ധി ചെയ്യുന്നുവെന്ന യുഡിഎഫ് പ്രചരണം മലയാളികളുടെ സാമാന്യയുക്തിയെ വെല്ലുവിളിക്കുന്നതാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നവർക്ക് ഒരു കോടി രൂപ ഇനാം നൽകുമെന്ന് ഉജ്ജയിനിയിൽ വച്ച് ആർ എസ് എസ് നേതാവ് പരസ്യആഹ്വാനം ചെയ്തത് ഏതാനും വർഷങ്ങൾക്ക് മുമ്പാണ്. ഇന്ത്യയിൽ മറ്റ് ഏതെങ്കിലും നേതാവിനെ വകവരുത്താന‍് ആർഎസ്എസ് നേതാവ് ഇങ്ങനെ ഒരു ആഹ്വാനം നടത്തിയിട്ടുണ്ടോ, കോൺഗ്രസ് നേതാക്കൾക്കെതിരെ ഇങ്ങനെ ആഹ്വാനത്തെക്കുറിച്ച് ആർഎസ്എസ് ചിന്തിച്ച് പോലും കാണില്ല. ഇന്ത്യയിലെ വർഗീയവാദികളിൽ ഒന്നാമനെന്ന് പലരും ചൂണ്ടിക്കാട്ടുന്ന ആർഎസ്എസ് ആചാര്യൻ ഗോൾവാൾക്കറുടെ ജന്മശതാബ്ദി ഉദ്ഘാടനം ചെയ്തത് വിഡി സതീശനാണ്. വർഗീയതയുമായി സന്ധി ചെയ്യുന്നത് വലതുപക്ഷം മാത്രമാണ്. സംഘപരിവാർ വർഗീയതക്കെതിരെ രാജ്യത്ത് ഏറ്റവും ശക്തമായ പ്രചരണം നടത്തുന്ന ഏക പ്രസ്ഥാനം സിപിഎമ്മായത് കൊണ്ടാണ് അവർ പക പുലർത്തുന്നത്.
സാദിഖലി തങ്ങളുടേത് കുറ്റകരമായ നിലപാട്
പാലക്കാട് യുഡിഎഫ് - എസ്ഡിപിഐ ജമാഅത്തെ ഇസ്ലാമി ബന്ധം ആരോപണമല്ല, വസ്തുതയാണ്. ഇക്കാര്യത്തിൽ സാദിഖലി തങ്ങളുടേത് കുറ്റകരമായ നിലപാടാണ്. നിയമാനുസൃതമായ കേരളത്തിൽ പുറത്തിറങ്ങുന്ന മാധ്യമങ്ങളിൽ തന്നെയാണ് പാലക്കാട് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പരസ്യം ചെയ്തത്. വർഗീയ ചേരിയിൽ നിന്ന് ഒരാൾ മതനിരപേക്ഷ ചേരിയിലേക്ക് ഒരാൾ വന്നാൽ സ്വാഗതം ചെയ്യണമെന്നതിൽ തർക്കമില്ല. പക്ഷേ സംഘപരിവാറിൽ നിന്ന് കോൺഗ്രസിലേക്ക് വന്ന സന്ദീപ് വാര്യർ ആർഎസ്എസിനെ തള്ളിപ്പറഞ്ഞിട്ടുണ്ടോ എന്ന് നോക്കണം.
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമാനി റസിഡന്റ് എഡിറ്ററുമായ എം സ്വരാജുമായി ദ ക്യു എഡിറ്റർ മനീഷ് നാരായണൻ നടത്തിയ അഭിമുഖത്തിന്റെ ഒന്നാം ഭാഗം.