''പുരുഷന്റെ സ്‌നേഹവും സ്ത്രീയുടെ സ്‌നേഹവും ഒരുപോലെയല്ല, തന്നെ ആഹ്ലാദിപ്പിക്കുന്നവളെ മാത്രമേ പുരുഷന് സ്‌നേഹിക്കാന്‍ കഴിയൂ സ്ത്രീക്ക് അവളെ വേദനിപ്പിക്കുന്നവനെയും സ്‌നേഹിക്കാന്‍ കഴിയും'
കെ.ആര്‍.മീരയുടെ ഏറെ പ്രചാരം നേടിയ വാചകങ്ങളാണ് ഇവ. എഴുത്തുകാര്‍ക്ക് ഇങ്ങനെ കാല്പനികമായി പറയാന്‍ കഴിയുമെങ്കിലും എങ്ങനെയാണ് ഒരാള്‍ക്ക് വേദനിപ്പിക്കുന്നയാളെ സ്‌നേഹിക്കാന്‍ കഴിയുക എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇത്തരം ബന്ധങ്ങളില്‍ പലതിലും ഉള്ളത് ട്രോമാ ബോണ്ടിങ് (trauma bonding) ആവാം. ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ആയി മാറിയിട്ടും ഇറങ്ങിപ്പോകാന്‍ കഴിയാതെ എന്തിന്റെയൊക്കെയോ പേരില്‍ ആ ബന്ധത്തില്‍ തുടരുന്ന പലരും ട്രോമാ ബോണ്ടിംഗില്‍ ആണ്.
എന്താണ് ട്രോമാ ബോണ്ടിംഗ്?
നിങ്ങളെ ഒരാള്‍ മാനസികമായോ ശാരീരികമായോ ഉപദ്രവിക്കുന്നുണ്ടെന്ന് (abuse) തിരിച്ചറിയുകയും എന്നാല്‍ അതില്‍ നിന്ന് മാറി മറ്റൊരു ജീവിതം നിങ്ങള്‍ക്ക് ആലോചിക്കാന്‍ പറ്റാതെ വരികയും ചെയ്യുന്ന അവസ്ഥയാണ് ട്രോമാ ബോണ്ടിംഗ്. ''അയാള്‍ എന്നെ അടിച്ചത് എന്നോട് സ്‌നേഹം ഉള്ളതുകൊണ്ടാണ്'' എന്ന് പറയുന്ന ഒരാളെയെങ്കിലും നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ലേ? അയാള്‍ക്ക് എന്തൊക്കെ പറഞ്ഞാലും എന്നോട് സ്‌നേഹമുണ്ട്. എനിക്ക് അയാള്‍ ഇല്ലാതെ ജീവിക്കാന്‍ പറ്റില്ല എന്നൊക്കെ പറയുന്ന കൂട്ടുകാരെ നമ്മള്‍ കണ്ടിട്ടുണ്ടാവും. ഇങ്ങനെയുള്ള എല്ലാത്തരം റിലേഷന്‍ഷിപ്പുകളിലും ട്രോമാ ബോണ്ട് കാണാന്‍ സാധിക്കും.
മറ്റൊരു ഉദാഹരണമാണ് പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്. കേരളം അടുത്ത കാലത്ത് ഏറെ ചര്‍ച്ച ചെയ്ത ഗാര്‍ഹിക പീഡന കേസായിരുന്നു പന്തീരാങ്കാവിലേത്. ഭര്‍ത്താവിന് എതിരെ കൊടുത്ത ആദ്യ പരാതി പിന്‍വലിക്കുകയും അത് വീട്ടുകാരുടെ നിര്‍ബന്ധത്തില്‍ കൊടുത്തതാണെന്നും പെണ്‍കുട്ടി പറഞ്ഞത് സോഷ്യല്‍ മീഡിയ ഒരുപാട് ചര്‍ച്ച ചെയ്തതാണ്.
ട്രോമാ ബോണ്ട് ഒരുതരം ചക്രം (cycle) ആണ്. ചില സമയങ്ങളില്‍ അതിയായ സ്‌നേഹവും കരുതലും (love bombing) പ്രകടിപ്പിക്കുകയും പിന്നീട് ചില സമയങ്ങളില്‍ മാനസികമായും ശാരീരികമായും വേദനിപ്പിക്കുകയും (abuse) ചെയ്യും. ട്രോമാ ബോണ്ടുകള്‍ ഉണ്ടാവുന്നത് പലപ്പോഴും അധികാര പ്രയോഗത്തിലൂടെ ആണ്. ഇരയാക്കപ്പെടുന്നവര്‍ പലപ്പോഴും ദുര്‍ബലരാവും, ഇടക്കിടെ മാറി വരുന്ന പീഡനത്തിലും (punishment) സ്‌നേഹത്തിലും (reward) ഇവര്‍ ആശയക്കുഴപ്പത്തിലാവും.
ഈ അടുത്ത് മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ കാര്യത്തിലും നമുക്ക് ഇത് കാണാന്‍ കഴിയും. എന്തൊക്കെ ചെയ്താലും അയാള്‍ക്ക് എന്നോട് സ്‌നേഹമുണ്ട് എന്നാണ് ഈ പെണ്‍കുട്ടി സുഹൃത്തിന് അയച്ച മെസേജ്. ഇതിനു മറ്റൊരു ഉദാഹരണമാണ് പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്. കേരളം അടുത്ത കാലത്ത് ഏറെ ചര്‍ച്ച ചെയ്ത ഗാര്‍ഹിക പീഡന കേസായിരുന്നു പന്തീരാങ്കാവിലേത്. ഭര്‍ത്താവിന് എതിരെ കൊടുത്ത ആദ്യ പരാതി പിന്‍വലിക്കുകയും അത് വീട്ടുകാരുടെ നിര്‍ബന്ധത്തില്‍ കൊടുത്തതാണെന്നും പെണ്‍കുട്ടി പറഞ്ഞത് സോഷ്യല്‍ മീഡിയ ഒരുപാട് ചര്‍ച്ച ചെയ്തതാണ്. എന്നാല്‍ അധികം വൈകാതെ തന്നെ പെണ്‍കുട്ടി ഇയാളുടെ പീഡനത്തിന് ഇരയായി ആശുപത്രിയില്‍ അഡ്മിറ്റ് ആവേണ്ടി വന്നപ്പോളാണ് കാര്യങ്ങള്‍ വ്യക്തമായത്. പൊന്നേ കരളേ എന്നൊക്കെ വിളിച്ചു മാപ്പ് പറയുമ്പോള്‍ അത് വിശ്വസിച്ചു കൂടെ പോവുക ആയിരുന്നു തന്റെ മകള്‍ എന്ന് പിന്നീട് പെണ്‍കുട്ടിയുടെ അച്ഛന്‍ പറയുകയുണ്ടായി.
പ്രശ്‌നമാണ് എന്ന് അറിഞ്ഞിട്ടും പെണ്‍കുട്ടികള്‍ എന്ത് കൊണ്ടാണ് രക്ഷപെടാന്‍ ശ്രമിക്കാത്തത്? ഇതിന് ഒരുപാട് കാരണങ്ങള്‍ ഉണ്ട്. വിവാഹത്തിന് വ്യക്തിയേക്കാള്‍ പ്രാധാന്യം കൊടുക്കുന്ന ഒരു സമൂഹമാണ് കേരളത്തിലുള്ളത്.
ഓരോ മരണങ്ങള്‍ക്ക് ശേഷവും ''ഇറങ്ങി പോരാമായിരുന്നില്ലേ?'' എന്ന ചോദ്യങ്ങളാണ് മുഴങ്ങി കേള്‍ക്കുക, ഡിവോഴ്‌സ് ഒരു ടാബൂ ആയി കാണുന്ന സമൂഹം ആണെങ്കില്‍ പോലും ഇത്തരം കേസുകളില്‍ പലപ്പോഴും ഇരകള്‍ ആശങ്കയിലാവുന്നതാണു ഇറങ്ങിപ്പോക്കുകളെ തടയുന്നത്. നിരന്തരമായ ശാരീരിക മാനസിക പീഡനം നേരിടുമ്പോഴും കുറച്ചു സമയം മാത്രം കിട്ടുന്ന സ്‌നേഹത്തില്‍ വിശ്വസിച്ചാണ് ഇരകള്‍ ബന്ധത്തില്‍ തുടരുക. ഇനി ഇങ്ങനെ ഉണ്ടാകില്ല എന്നും നീ എന്നെ ദേഷ്യം പിടിപ്പിച്ചത് കൊണ്ടല്ലേ ഞാന്‍ അങ്ങനെ ചെയ്തത് (gaslighting) എന്നിങ്ങനെ പോകുന്നു ഇതിന്റെ രീതി (pattern).
തട്ടിക്കൊണ്ടുവന്നു ബന്ദിയാക്കി വച്ചിരിക്കുന്നവരോട് ബന്ദികള്‍ക്ക് തോന്നിയ അടുപ്പത്തെ സ്റ്റോക്ക്‌ഹോം സിന്‍ഡ്രോം (stockholme syndrome) എന്ന് വിളിക്കും. പുറത്തിറങ്ങിയാല്‍ തനിക്ക് ഒന്നും ചെയ്യാനില്ല എന്നും ഉടമ തന്റെ സംരക്ഷകന്‍ ആണെന്നും ഇവര്‍ കരുതും. ഇതിനെ നമുക്ക് ട്രോമാ ബോണ്ടിനോട് താരതമ്യം ചെയ്യാം. ഒരു പ്രശ്‌നമാണ് എന്ന് അറിഞ്ഞിട്ടും പെണ്‍കുട്ടികള്‍ എന്ത് കൊണ്ടാണ് രക്ഷപെടാന്‍ ശ്രമിക്കാത്തത്? ഇതിന് ഒരുപാട് കാരണങ്ങള്‍ ഉണ്ട്. വിവാഹത്തിന് വ്യക്തിയേക്കാള്‍ പ്രാധാന്യം കൊടുക്കുന്ന ഒരു സമൂഹമാണ് കേരളത്തിലുള്ളത്. ഭര്‍ത്താവിനെ പിരിഞ്ഞു നില്‍ക്കുന്ന ഒരു സ്ത്രീ കുടുംബത്തിന് നാണക്കേടുണ്ടാക്കും എന്നാണ് ഇന്നും നമ്മുടെ ധാരണ. വിവാഹം എന്നാല്‍ അഡ്ജസ്റ്റ് ചെയ്യല്‍ മാത്രമല്ല എന്നും ശാരീരിക മാനസിക പീഡനങ്ങള്‍ സഹിച്ചു ജീവിക്കേണ്ടതില്ലെന്നും പെണ്‍കുട്ടികള്‍ തിരിച്ചറിയണം.
സമാധാനവും സ്‌നേഹവുമുള്ള കുടുംബാന്തരീക്ഷം നല്‍കാന്‍ സാധിക്കുന്നില്ല എങ്കില്‍ പിരിഞ്ഞു നില്‍ക്കുന്നതില്‍ തെറ്റൊന്നുമില്ല എന്ന് ആളുകള്‍ മനസിലാക്കണം.
സ്വന്തം തീരുമാനം തെറ്റായി പോകുമോ എന്ന സംശയം പലപ്പോഴും സ്ത്രീകളെ ഡിവോഴ്‌സില്‍ നിന്ന് പിന്തിരിപ്പിക്കാറുണ്ട്. ഇവിടെ നിന്ന് ഇറങ്ങിയാല്‍ മറ്റൊരു ജീവിതമില്ല എന്ന തോന്നല്‍, സാമ്പത്തിക അരക്ഷിതാവസ്ഥയും പലപ്പോഴും വെല്ലുവിളി ആവാറുണ്ട്. കുട്ടികളുടെ ഭാവിയെ കരുതിയാണ് പലരും എല്ലാം സഹിക്കുന്നത്, എന്നാല്‍ വീട്ടിലെ സംഘര്‍ഷങ്ങള്‍ കുട്ടികളില്‍ മാനസികപ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നത് ആരും തിരിച്ചറിയുന്നില്ല. സമാധാനവും സ്‌നേഹവുമുള്ള കുടുംബാന്തരീക്ഷം നല്‍കാന്‍ സാധിക്കുന്നില്ല എങ്കില്‍ പിരിഞ്ഞു നില്‍ക്കുന്നതില്‍ തെറ്റൊന്നുമില്ല എന്ന് ആളുകള്‍ മനസിലാക്കണം.
നിസ്സഹായത ആണ് മറ്റൊരു പ്രശ്‌നം, ഇനി ഒന്നും ചെയ്യാനില്ല എന്ന് സ്വയം വിശ്വസിക്കുകയും ഇതേ കാരണം കൊണ്ട് പിന്നീട് രക്ഷപ്പെടാന്‍ ഉള്ള ശ്രമങ്ങള്‍ ഉപേക്ഷിക്കുകയുമാണ് പലരും ചെയ്യുക. ഇങ്ങനെ ഒക്കെ സംഭവിച്ചത് എന്റെ തെറ്റ് കൊണ്ടാണെന്നും ഇതിനി മാറാന്‍ പോകുന്നില്ല എന്നും ഇവര്‍ കരുതും. ഇത് പിന്നീട് നിരാശയിലേക്കും വിഷാദത്തിലേക്കും വഴി വെക്കാം. 1960ല്‍ സൈക്കോളജിസ്റ്റ് മാര്‍ട്ടിന്‍ സെലിഗ്മാന്‍ മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ഇങ്ങനെ ഒരു പെരുമാറ്റം (learned helplenssess) കാണുകയും പിന്നീട് ഇത് മനുഷ്യരിലും ഉണ്ടാവാറുണ്ട് എന്ന് തെളിയിക്കുകയും ചെയ്തു.
ജീവിതത്തില്‍ സന്തോഷവും സമാധാനവും താന്‍ അര്‍ഹിക്കുന്നുണ്ടെന്നും ഇതൊന്നും സ്വന്തം തെറ്റ് കൊണ്ടല്ല സംഭവിക്കുന്നതെന്നും തിരിച്ചറിയുക എന്നതാണ് രക്ഷപ്പെടാനുള്ള ആദ്യ പടി. ഉറ്റവരോട് തുറന്നു സംസാരിക്കുക. ഒറ്റക്കാണ് എന്ന തോന്നലില്‍ നിന്ന് മുക്തി നല്‍കാന്‍ ഈ തുറന്നു പറച്ചിലുകള്‍ സഹായിക്കും. ബന്ധങ്ങളില്‍ വ്യക്തമായ അതിര്‍വരമ്പുകള്‍ നിശ്ചയിക്കുക, വേണ്ടി വന്നാല്‍ മാറി താമസിക്കുക. സ്വന്തം കഴിവുകളില്‍ ശ്രദ്ധ കൊടുക്കുകയും സാമ്പത്തിക സ്വാതന്ത്ര്യം നേടുകയും വളരെ പ്രധാനമാണ്. അതിക്രമം അതിരു വിടുന്നതായി തോന്നിയാല്‍ നിയമസഹായം തേടാവുന്നതാണ്.