

"ഒരു മീനിനോട് മരത്തിൽ കയറാൻ പറയുകയും, അതിന്റെ കഴിവ് അതുകൊണ്ട് അളക്കുകയും ചെയ്താൽ, അത് ജീവിതം മുഴുവൻ തന്നെ കഴിവില്ലാത്തതാണെന്ന് വിശ്വസിക്കും."ഐൻസ്റ്റീനോട് ചേർത്തുപറയപ്പെടുന്ന ഈ വാക്കുകൾ യഥാർത്ഥത്തിൽ അദ്ദേഹം പറഞ്ഞതാണോ എന്നതിൽ പലർക്കും അഭിപ്രായവ്യത്യാസമുണ്ട്. പക്ഷെ ആ വാക്കുകളുടെ ആശയം ഇന്ന് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തെ നോക്കുമ്പോൾ അതീവ പ്രസക്തമാണ്. ഓഗസ്റ്റ് 12 ലോക യുവജന ദിനം. യുവാക്കളുടെ സ്വപ്നങ്ങളെക്കുറിച്ചും ഊർജത്തെക്കുറിച്ചും രാജ്യത്തിന്റെ ഭാവിയെക്കുറിച്ചും സംസാരിക്കുന്ന ദിവസം . എന്നാൽ ഈ ദിനത്തിൽ ചോദിക്കാൻ ഒരു ചോദ്യം കൂടിയുണ്ട്. നമ്മുടെ യുവാക്കളുടെ കഴിവ് നമ്മൾ ശരിക്കും അളക്കുന്നുണ്ടോ, അതോ പരീക്ഷ എഴുതാനുള്ള കഴിവ് മാത്രമാണോ അളക്കുന്നത്?
ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ യുവജനശക്തിയുള്ള രാജ്യങ്ങളിലൊന്നാണ്. ലോകം "ഡെമോഗ്രാഫിക് ഡിവിഡൻഡ്" എന്ന് വിശേഷിപ്പിക്കുന്ന വലിയൊരു അവസരമാണത്.15–29 വയസ് പ്രായമുള്ളവരുടെ എണ്ണം ആകെ ജനസംഖ്യയുടെ ഏകദേശം നാലിലൊന്നാണ്. അതേസമയം, യുവജന തൊഴിലില്ലായ്മയും മത്സരപരീക്ഷകളിലെ അമിത സമ്മർദ്ദവും സംബന്ധിച്ച ആശങ്കകൾ വിവിധ ദേശീയ അന്താരാഷ്ട്ര റിപ്പോർട്ടുകളിലും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. യുവാക്കളെ ഒരു ശക്തിയാക്കുന്നത് അവരുടെ എണ്ണം മാത്രമല്ല. അവരുടെ കഴിവുകളെ കണ്ടെത്തുകയും വളർത്തുകയും ചെയ്യാനുള്ള ഒരു സമൂഹത്തിന്റെ ശേഷിയാണ്.
നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിലേക്ക് ഒന്ന് നോക്കൂ. കുട്ടികൾ വർഷങ്ങളോളം പഠിക്കുന്നു. ഉറക്കം നഷ്ടപ്പെടുത്തി, ആഘോഷങ്ങൾ മാറ്റിവെച്ച്, കുടുംബത്തിന്റെ പ്രതീക്ഷകൾ ചുമലിലേറ്റി അവർ മുന്നോട്ട് പോകുന്നു. എന്നാൽ ആ വർഷങ്ങളുടെ അധ്വാനം പലപ്പോഴും ഒതുങ്ങിപ്പോകുന്നത് ഏതാനും മണിക്കൂർ മാത്രം നീളുന്ന ഒരു പരീക്ഷയിലേക്കാണ്. ആ ദിവസം കുട്ടിക്ക് പനിയുണ്ടാകാം. മനസ്സിൽ ഭയം നിറഞ്ഞിരിക്കാം. വീട്ടിൽ ഒരു വലിയ വിഷമം ഉണ്ടായിരിക്കാം. ചിലപ്പോൾ യാത്രയിലെ ചെറിയ ബുദ്ധിമുട്ട് പോലും ഏകാഗ്രത തകർക്കാം. പക്ഷേ പരീക്ഷയ്ക്ക് ഇതൊന്നും അറിയില്ല. അത് ഉത്തരക്കടലാസ് മാത്രം നോക്കും. ഒരു ദിവസത്തെ പ്രകടനം ജീവിതകാലത്തെ കഴിവിന് പകരമാകുന്ന നിമിഷമാണ് അവിടെ സംഭവിക്കുന്നത്. ഇതു പറയുമ്പോൾ പലർക്കും ആദ്യം ഓർമ്മ വരിക നീറ്റ് പോലുള്ള പ്രവേശന പരീക്ഷകളായിരിക്കും. അതിനെക്കുറിച്ച് സമൂഹം വലിയ ചർച്ചകളും പ്രക്ഷോഭങ്ങളും കണ്ടിട്ടുണ്ട്. പക്ഷേ വിഷയം ഒരു പരീക്ഷയല്ല. നീറ്റ് ഒരു ലക്ഷണമാണ്. രോഗം അതിലും വലുതാണ്.
നമ്മുടെ സമൂഹം മനുഷ്യരെ അളക്കാൻ ഇപ്പോഴും വളരെ ചെറിയ അളവുകോലുകളാണ് ഉപയോഗിക്കുന്നത്. ഒരു ഇന്റർവ്യൂവിൽ പത്ത് മിനിറ്റ് സംസാരിച്ചാൽ ഒരു ഉദ്യോഗാർത്ഥിയുടെ മുഴുവൻ വ്യക്തിത്വവും മനസ്സിലാക്കാമെന്ന് നാം കരുതുന്നു. മൂന്ന് മണിക്കൂർ പരീക്ഷ എഴുതിയാൽ ഒരു വിദ്യാർത്ഥിയുടെ ഭാവി തീരുമാനിക്കാമെന്നും വിശ്വസിക്കുന്നു. മാർക്ക് ഷീറ്റിലെ കുറച്ച് അക്കങ്ങൾ നോക്കി ഒരാളുടെ ബുദ്ധിയും സാധ്യതകളും വിലയിരുത്തുന്നു.
പക്ഷേ മനുഷ്യൻ അത്ര ലളിതമായ ഒരു സമവാക്യമല്ല. ചിലർ മികച്ച ഓർമ്മശക്തിയുള്ളവരായിരിക്കാം. മറ്റൊരാൾക്ക് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള അസാധാരണമായ കഴിവുണ്ടാകാം. ചിലർക്ക് സംഘത്തെ നയിക്കാൻ കഴിയും. ചിലർക്ക് പുതിയ ആശയങ്ങൾ സൃഷ്ടിക്കാൻ കഴിയും. ചിലർക്ക് മനുഷ്യരെ മനസ്സിലാക്കാൻ കഴിയും. ചിലർക്ക് ജീവിതം തന്നെ ഒരു ക്ലാസ് മുറിയാണ്. ഇതൊന്നും എല്ലാ പരീക്ഷകൾക്കും അളക്കാൻ കഴിയില്ല. അതുകൊണ്ടാണ് ഇന്ന് ലോകത്തിലെ മികച്ച വിദ്യാഭ്യാസ സംവിധാനങ്ങൾ തുടർച്ചയായ മൂല്യനിർണയത്തിനും പ്രോജക്ടുകൾക്കും ഗവേഷണ പ്രവർത്തനങ്ങൾക്കും പ്രായോഗിക പഠനത്തിനും കൂടുതൽ പ്രാധാന്യം നൽകുന്നത്. ഒരു വിദ്യാർത്ഥി ഒരു ദിവസം എങ്ങനെ എഴുതിയെന്നതിലല്ല, ഒരു വർഷം എങ്ങനെ വളർന്നു എന്നതിലാണ് അവർ ശ്രദ്ധിക്കുന്നത്.
നമ്മളും ആ ചോദ്യത്തിലേക്ക് തിരിഞ്ഞുനോക്കേണ്ട സമയമാണിത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം റാങ്ക് പട്ടിക ഉണ്ടാക്കലാണോ, മനുഷ്യരെ രൂപപ്പെടുത്തലാണോ? മാർക്ക് നല്ലതായാൽ ജീവിതവും നല്ലതാകുമെന്ന് വിശ്വസിച്ച തലമുറയിൽ നിന്നാണ് നാം വരുന്നത്. എന്നാൽ ഇന്ന് ജീവിതം നമ്മെ പഠിപ്പിക്കുന്നത് മറ്റൊന്നാണ്. ലോകം ആവശ്യപ്പെടുന്നത് ഓർമ്മശക്തി മാത്രമല്ല, സഹകരണം, സർഗാത്മകത, ആശയവിനിമയം, വിമർശനാത്മക ചിന്ത, മാറ്റങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവ്, മാനസിക ആരോഗ്യം എന്നിവയും കൂടിയാണ്. ദൗർഭാഗ്യവശാൽ ഇവയിൽ പലതും ഇന്നും നമ്മുടെ മൂല്യനിർണയ സംവിധാനങ്ങളുടെ പ്രധാന ഭാഗമായിട്ടില്ല.
മാറിമറിയുന്ന സാങ്കേതികവിദ്യയുടെ ലോകത്ത്, ഒരേ രീതിയിലുള്ള ജോലികൾ വീണ്ടും വീണ്ടും ആവർത്തിച്ചു ചെയ്യുന്ന പതിവ് ശൈലികൾക്ക് നിർമ്മിതബുദ്ധി പകരംവെക്കുന്ന കാലമാണിത്. അതിനാൽ, പഴയതുപോലെ കേവലം ഓർമ്മശക്തിയോ പരമ്പരാഗത നൈപുണ്യങ്ങളോ മാത്രം കൈമുതലാക്കി മുന്നോട്ടുപോകാൻ ഇന്നത്തെ യുവതലമുറയ്ക്കാവില്ല. കേട്ടറിഞ്ഞ അറിവുകൾക്കപ്പുറം, നാളെ അഭിമുഖീകരിക്കേണ്ടി വരുന്ന പുതിയ പ്രതിസന്ധികളെയും ചോദ്യങ്ങളെയും സ്വന്തം ചിന്തയും സർഗ്ഗാത്മകതയും കൊണ്ട് നേരിടാൻ യുവത പ്രാപ്തരാകേണ്ടതുണ്ട്. അപാരമായ സാധ്യതകളുടെ ഈ ലോകത്ത്, ലഭ്യമായ വിഭവങ്ങളെ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തി പുതിയ പരിഹാരങ്ങൾ കണ്ടെത്താനും സ്വയം വഴിവെട്ടി മുന്നേറാനുമുള്ള ശേഷിയാണ് ഇനിയുള്ള കാലത്ത് യുവാക്കൾ കൈവരിക്കേണ്ടത്.
എല്ലാ പൂക്കളും ഒരേ ദിവസം വിരിയുന്നില്ല. മുള ചില ആഴ്ചകൾക്കുള്ളിൽ വളരും. ചന്ദനമരം വർഷങ്ങളെടുക്കും. അതുകൊണ്ട് ചന്ദനമരം പരാജയപ്പെട്ടുവെന്ന് ആരും പറയില്ല. ഓരോ വളർച്ചയ്ക്കും അതിന്റേതായ സമയം ഉണ്ട്. യുവാക്കളും അങ്ങനെയാണ്. ചിലർ ഇരുപതാം വയസ്സിൽ തന്നെ സ്വന്തം വഴി കണ്ടെത്തും. ചിലർ മുപ്പതിലാണ് വിരിയുക. ചിലർ അതിനുശേഷം. ജീവിതം ആരെയും ഒരേ സമയക്രമത്തിൽ വളരാൻ നിർബന്ധിക്കുന്നില്ല. പക്ഷേ നമ്മുടെ പരീക്ഷകളും നിയമന സംവിധാനങ്ങളും പലപ്പോഴും അങ്ങനെ ചെയ്യുന്നു. അതുകൊണ്ടുതന്നെ പരാജയത്തിന്റെ ഭാരം പല യുവാക്കളും സ്വന്തം കഴിവില്ലായ്മയായി തെറ്റിദ്ധരിക്കുന്നു.
യഥാർത്ഥത്തിൽ പരാജയപ്പെട്ടിരിക്കുന്നത് പലപ്പോഴും ആ യുവാവല്ല, അയാളെ വിലയിരുത്തിയ രീതിയാണ്. ഈ ലോക യുവജന ദിനത്തിൽ യുവാക്കൾക്ക് നമുക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനം പ്രചോദനപ്രസംഗങ്ങളല്ല. അവരുടെ കഴിവുകൾക്ക് നീതി ചെയ്യുന്ന ഒരു മൂല്യനിർണയ സംവിധാനമാണ്. പരീക്ഷകൾ ഇല്ലാതാകണമെന്നല്ല പറയുന്നത്. പരീക്ഷകൾ ആവശ്യമാണ്. മത്സരവും ആവശ്യമാണ്. നിലവാരവും അനിവാര്യമാണ്. പക്ഷേ അവ ഒരു മനുഷ്യന്റെ മുഴുവൻ സാധ്യതകളെ നിർവചിക്കുന്ന അവസാന വാക്കാകരുത്.
ഒരു രാജ്യത്തിന്റെ സമ്പത്ത് സ്വർണമോ എണ്ണയോ അല്ല, അതിലെ മനുഷ്യരാണ്. ആ മനുഷ്യരിൽ ഏറ്റവും വലിയ നിക്ഷേപം യുവാക്കളാണ്. ആ നിക്ഷേപത്തെ ഒരു ദിവസത്തെ പരീക്ഷയിലൂടെ അളക്കുന്നത്, ഒരു പുസ്തകം അതിന്റെ പുറംചട്ട നോക്കി വിലയിരുത്തുന്നതുപോലെയാണ്. ലോക യുവജന ദിനം നമ്മെ ഓർമ്മിപ്പിക്കേണ്ടത് ഇത്രമാത്രമാണ്, ഓരോ യുവാവും ഒരു മാർക്ക് ലിസ്റ്റല്ല. ഓരോ യുവാവും ഇനിയും പൂർണമായി വായിച്ചുതീരാത്ത ഒരു പുസ്തകമാണ്. ആ പുസ്തകം മുഴുവൻ വായിക്കാൻ ക്ഷമയുള്ള ഒരു സമൂഹം നമുക്ക് ഉണ്ടാകണം. അപ്പോഴാണ് യുവാക്കളെ വിജയിപ്പിക്കുന്ന രാജ്യമല്ല, യുവാക്കളെ മനസ്സിലാക്കുന്ന രാജ്യം എന്ന നിലയിൽ ഇന്ത്യ വളരുക.