

ആറേഴു വര്‍ഷം മുമ്പ് രൂപപ്പെടുകയും ക്രമേണ പെരുകി സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷത്തിലേക്കു വളരുകയും ചെയ്ത കടുത്ത മനുഷ്യാവകാശ ലംഘനത്തിന്റെയും നിയമനിഷേധത്തിന്റെയും ഏറ്റവും പരിതാപകരമായ അനുഭവമാണ് മാധ്യമ മേഖലയില്‍നിന്ന് ഉയരുന്നത്.
മംഗളം, മാധ്യമം എന്നീ മാധ്യമസ്ഥാപനങ്ങളിലെ ജീവനക്കാര്‍ മാനേജ്‌മെന്റുകളില്‍ നിന്ന് നേരിട്ടുകൊണ്ടിരിക്കുന്നത് ചൂഷണം എന്ന വാക്ക് പോലും മതിയാകാത്തത്ര മനുഷ്യത്വ രാഹിത്യവും നിയമ നിഷേധവുമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (KUWJ) സംസ്ഥാന പ്രസിഡന്റ് കെ.പി.റെജി. ശമ്പള കുടിശ്ശികയുടെ പേരില്‍ രണ്ട് വര്‍ഷത്തോളമായി ജീവനക്കാര്‍ സമരം ചെയ്യുന്നത് ജോലി ചെയ്തുകൊണ്ട് തന്നെയാണ്. എന്നാല്‍ ജീവനക്കാരുടെ ആവശ്യങ്ങള്‍ക്ക് ചെവികൊടുക്കാതെ അവരെ പീഡിപ്പിക്കുന്ന നിലപാടുകളാണ് മാനേജ്‌മെന്റുകള്‍ സ്വീകരിച്ചു വരുന്നത്. സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി ബഹുജന മാര്‍ച്ച് പ്രഖ്യാപിച്ചതോടെ മംഗളം മാനേജ്‌മെന്റ് ചില അനുകൂല നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും മാധ്യമത്തിലെ ജീവനക്കാരില്‍ പലര്‍ക്കും അനിശ്ചിതത്വം ഉണ്ടാക്കിയ മാനസിക സമ്മര്‍ദ്ദം മൂലം മനശാസ്ത്ര ചികിത്സ തേടേണ്ട സാഹചര്യം പോലുമുണ്ടായി. കെ.പി.റെജി സംസാരിക്കുന്നു.
മാധ്യമം, മംഗളം എന്നീ പത്രങ്ങളില്‍ ജീവനക്കാരുടെ സമരം നടന്നു വരികയാണല്ലോ. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?
ആറേഴു വര്‍ഷം മുമ്പ് രൂപപ്പെടുകയും ക്രമേണ പെരുകി സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷത്തിലേക്കു വളരുകയും ചെയ്ത കടുത്ത മനുഷ്യാവകാശ ലംഘനത്തിന്റെയും നിയമനിഷേധത്തിന്റെയും ഏറ്റവും പരിതാപകരമായ അനുഭവമാണ് മാധ്യമ മേഖലയില്‍നിന്ന് ഉയരുന്നത്. ലോകമെങ്ങും നടക്കുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങളും ശമ്പളനിഷേധം അടക്കം നീതികേടുകളും ജനങ്ങള്‍ക്കു മുന്നില്‍ നിരത്തിക്കൊണ്ടിരിക്കുന്ന മാധ്യമങ്ങളില്‍ രണ്ടു വര്‍ഷത്തെ ശമ്പളം ബാക്കിയാക്കി മനുഷ്യര്‍ പണിയെടുത്തുവരുന്നത് മാധ്യമങ്ങള്‍ക്കു പുറത്ത് അധികമാരും അറിയുന്നില്ല എന്നതാണ് ഈ കൊടിയ നീതിനിഷേധത്തിന്റെ ഭീതിദമായ വശം. യൂണിറ്റ് അടിസ്ഥാനത്തില്‍ ശമ്പളവിതരണം നടക്കുന്ന മംഗളത്തില്‍ ഏഴു മുതല്‍ 24 മാസം വരെയാണു ശമ്പളകുടിശ്ശിക. മാധ്യമത്തില്‍ ഫെബ്രുവരി പത്താം തീയതി ആകുമ്പോഴും സെപ്റ്റംബറിലെ ശമ്പളത്തിനു കാത്തിരിക്കുകയാണു തൊഴിലാളികള്‍. അഞ്ചു മാസത്തെ ശമ്പള കുടിശ്ശിക.
മാധ്യമവും മംഗളവും അടക്കം 11 മാധ്യമ സ്ഥാപനങ്ങളിലെ ശമ്പള കുടിശ്ശിക പ്രശ്‌നം ഉന്നയിച്ച് കേരള പത്രപ്രവര്‍ത്തക യുണിയന്‍ 2021ല്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. രണ്ടു മാസത്തിനകം മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തി പ്രശ്‌നത്തിനു പരിഹാരം കാണണമെന്ന് തൊഴില്‍ വകുപ്പിനു നല്‍കിയ നിര്‍ദേശത്തോടെയാണ് ഹൈക്കോടതി ഈ ഹര്‍ജി തീര്‍പ്പാക്കിയത്. ഇതു പ്രകാരം ലേബര്‍ കമീഷണറേറ്റില്‍നിന്ന് വിവിധ മാനേജ്‌മെന്റുകളുമായി ചര്‍ച്ചക്കു തുടക്കമിടുകയും ചെയ്തു. ഇതിനിടെ മാധ്യമത്തില്‍ മാനേജ്‌മെന്റും തൊഴിലാളികളുമായി ചില ധാരണയില്‍ എത്തിയതിനെ തുടര്‍ന്ന് അവരുമായി തൊഴില്‍ വകുപ്പ് ഈ ഘട്ടത്തില്‍ കാര്യമായ ചര്‍ച്ച നടത്തുകയുണ്ടായില്ല. ഹൈക്കോടതി നിര്‍ദേശ പ്രകാരം തുടക്കമിട്ട ചര്‍ച്ചയില്‍ മംഗളം മാനേജ്‌മെന്റ് പല ഉറപ്പുകളും നല്‍കിയെങ്കിലും അവയെല്ലാം ആവര്‍ത്തിച്ചു ലംഘിക്കപ്പെടുകയായിരുന്നു. ശമ്പള വിതരണം ക്രമപ്പെടുത്തുന്നതിന് ക്രിയാത്മകമായ ഒരു നടപടിയും സ്വീകരിക്കാതെ മാനേജ്‌മെന്റ് ഉഴപ്പിക്കളിച്ചതോടെ ലേബര്‍ കമീഷണറേറ്റ് വിഷയം ലേബര്‍ കോടതിക്ക് റഫര്‍ ചെയ്തു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ കേസില്‍ കോടതി തീര്‍പ്പുണ്ടായിട്ടില്ല. അന്ന് മൂന്നു മുതല്‍ 10 മാസം വരെയായിരുന്നു ശമ്പള കുടിശ്ശിക. കോടതി കേസ് പരിഗണിച്ചു കൊണ്ടിക്കുമ്പോഴും വിഷയത്തില്‍ ഗൗരവമായ നടപടികള്‍ക്ക് മാനേജ്‌മെന്റ് തയ്യാറായില്ല എന്നാണ് ഇപ്പോള്‍ ഏഴു മുതല്‍ രണ്ടു വര്‍ഷം വരെയായി വര്‍ധിച്ച ശമ്പള കുടിശ്ശിക വ്യക്തമാക്കുന്നത്.
ജീവിതം വഴിമുട്ടിയ തൊഴിലാളികള്‍ മാസങ്ങളായി ഇതിനെതിരെ പ്രതിരോധവും പ്രതിഷേധവും തീര്‍ത്തുകൊണ്ടിരിക്കുകയാണ്. ഇരിപ്പിടത്തില്‍നിന്ന് ഇറങ്ങി സ്ഥാപനത്തിനു മുന്നില്‍ നിന്ന് പ്രതിഷേധിച്ച ശേഷം തിരിച്ചുകയറി മുടക്കമില്ലാതെ പത്രം ഇറക്കുന്ന വിധത്തിലുള്ള സവിശേഷമായ സമരരീതിയാണ് തൊഴിലാളികള്‍ പിന്തുടര്‍ന്നുവന്നത്. ഇതിനിടെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നേരിട്ട് മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തുകയും ധാരണയിലെത്തുകയും ചെയ്തുവെങ്കിലും അതും ലംഘിക്കപ്പെടുകയായിരുന്നു. ഒരു ശമ്പളം ലഭിച്ച് അടുത്തതിനു വേണ്ടി 80-85 ദിവസമൊക്കെ കാത്തിരിക്കേണ്ട അവസ്ഥ ജേര്‍ണലിസ്റ്റുകള്‍ അടക്കം തൊഴിലാളികളെ നിലയില്ലാക്കയത്തിലേക്കാണു തള്ളിയിട്ടത്.
ഏതാണ്ട് സമകാലികമായി തുടങ്ങിയ മാധ്യമത്തിലെ ശമ്പള പ്രതിസന്ധിയിലും മാനേജ്‌മെന്റ് ഭാഗത്തുനിന്ന് നിഷേധാത്മക സമീപനമാണുണ്ടായത്. ഏതാനും വര്‍ഷമായി ബാഡ്ജ് ധരിച്ചു ജോലിക്ക് ഹാജരായും യോഗങ്ങള്‍ ബഹിഷ്‌കരിച്ചും നില്‍പ്പ് സമരം നടത്തിയുമൊക്കെ തൊഴിലാളികള്‍ പ്രതിഷേധം ഉയര്‍ത്തിയെങ്കിലും എല്ലാം ബധിര കര്‍ണങ്ങളിലാണു പതിച്ചത്. ശമ്പളം ക്രമപ്പെടുത്താനെന്ന പേരില്‍ സാലറി ഡെഫര്‍മെന്റും ക്ലാസ് വെട്ടിക്കുറക്കലും നിയമനങ്ങള്‍ നിര്‍ത്തി അധിക ഭാരമേല്‍പ്പിച്ചും പ്രമോഷന്‍ നിഷേധിച്ചുമൊക്കെ മാനേജ്‌മെന്റ് സ്വീകരിച്ച നടപടികള്‍ തൊഴിലാളികള്‍ക്ക് പ്രയാസങ്ങള്‍ ഉണ്ടാക്കി എന്നല്ലാതെ ശമ്പളം കൃത്യമായി കിട്ടുമെന്ന പ്രതീതി പോലും സൃഷ്ടിച്ചില്ല. പണിയെടുത്ത കൂലി മാസങ്ങള്‍ വൈകുന്ന സാഹചര്യത്തില്‍ പലവിധ സമരമാര്‍ഗങ്ങള്‍ക്കും തൊഴിലാളികള്‍ നിര്‍ബന്ധിതരായി.
പുറം ലോകത്തേക്കു വിവരങ്ങള്‍ പോകരുതെന്ന നിഷ്‌കര്‍ഷയില്‍ സ്ഥാപനത്തിന്റെ മതില്‍ക്കെട്ടിനുള്ളില്‍ സമരം ചെയ്ത തൊഴിലാളികള്‍ അവയോടു മാനേജ്‌മെന്റ്. പുറംതിരിഞ്ഞു നിന്നതോടെയാണ് പുറത്തു പന്തല്‍ കെട്ടി ധര്‍ണ നടത്താനും രണ്ടു വര്‍ഷം മുമ്പ് ഓണ നാളില്‍ പട്ടിണിസമരം നടത്താനുമൊക്കെ മുതിര്‍ന്നത്. അപ്പോഴും ബാഹ്യ ഇടപെടലുകള്‍ സമരത്തിന് ഉണ്ടാവാതിരിക്കാന്‍ അവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നു. കേരള പത്രപ്രവര്‍ത്തക യുണിയന്‍ സംസ്ഥാന കമ്മിറ്റിയില്‍ വിഷയം പലകുറി ഇതര സ്ഥാപനങ്ങളിലെ അംഗങ്ങള്‍ അടക്കം ഉന്നയിച്ചുവെങ്കിലും ആഭ്യന്തരമായി പരിഹാരം കണ്ടെത്തിക്കൊള്ളാമെന്നും തല്‍ക്കാലം കെ.യു.ഡബ്ല്യു.ജെ ഇടപെടേണ്ടതില്ലെന്നുമുള്ള നിലപാടാണ് മാധ്യമത്തിലെ പത്രപ്രവര്‍ത്തകരുടെ സംഘടനയായ മാധ്യമം ജേര്‍ണലിസ്റ്റ് യൂണിയന്‍ സ്വീകരിച്ചത്. പ്രതിഷേധങ്ങള്‍ വകവെക്കാതെ മാനേജ്‌മെന്റ് മുന്നോട്ടുപോകാന്‍ തുടങ്ങിയതോടെ ഒരു ഘട്ടത്തില്‍ തൊഴിലാളികള്‍ അവിടെ മാസങ്ങള്‍ നീണ്ട നില്‍പ്പ് സമരം നടത്തുകയുണ്ടായി. എഡിറ്റോറിയല്‍ മീറ്റിങ്ങുകളില്‍ അടക്കം തൊഴിലാളികള്‍ നിന്നുകൊണ്ടാണു പങ്കെടുത്തത്. ശമ്പളമില്ലാത്ത സഹപ്രവര്‍ത്തകര്‍ എഴുന്നേറ്റുനിന്നു പ്രതിഷേധിക്കുമ്പോള്‍ കളി പറഞ്ഞും കഥ പറഞ്ഞും സമയം പോക്കാന്‍ ശ്രമിച്ച അധികാരികള്‍ അക്ഷരാര്‍ഥത്തില്‍ ജീവനക്കാരുടെ സഹനശക്തിയെ പരീക്ഷിക്കുകയായിരുന്നു. 99 ശതമാനം തൊഴിലാളികളും എഴുന്നേറ്റുനിന്നു പ്രതിഷേധിച്ച സ്റ്റാഫ് മീറ്റിങ്ങുകളില്‍ മൂന്നു മണിക്കൂര്‍ വരെ പ്രസംഗിച്ച് അധികൃതര്‍ സായൂജ്യം കണ്ടെത്തി.
ഏറിയും കുറഞ്ഞും നീണ്ട കുടിശ്ശിക നാലാം മാസത്തിലേക്കു കടന്ന ഘട്ടത്തിലാണ് ഒക്‌ടോബറില്‍ മാധ്യമത്തില്‍ ഏറ്റവുമൊടുവിലത്തെ പ്രക്ഷോഭ പരമ്പരയ്ക്ക് തുടക്കമിടുന്നത്. എഡിറ്റോറിയല്‍ യോഗ ബഹിഷ്‌കരണത്തിലൂടെ ജേര്‍ണലിസ്റ്റുകളാണ് അതിനു തുടക്കമിട്ടത്. പത്രനടത്തിപ്പിനെ നേരിട്ടു ബാധിക്കാത്ത യോഗങ്ങളില്‍ നിന്നു വിട്ടുനിന്ന് നോണ്‍ ജേര്‍ണലിസ്റ്റുകളും വൈകാതെ അതില്‍ അണിചേര്‍ന്നു. അവഗണനയും പകപോക്കല്‍ നടപടികളും തുടരുന്ന മാനേജ്‌മെന്റ് കൂടുതല്‍ കര്‍ക്കശകമായ തൊഴിലാളിദ്രോഹ നടപടികളിലേക്കു കടക്കുന്നു എന്ന സൂചന ലഭിച്ചതോടെ പത്രപ്രവര്‍ത്തക യൂണിയന്റെ ഇടപെടല്‍ തേടാന്‍ മാധ്യമം ജേര്‍ണലിസ്റ്റ് യൂണിയന്‍ തീരുമാനിക്കുകയും കെ.യു.ഡബ്ല്യു.ജെ സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. സമര നേതൃത്വം ഏറ്റെടുക്കാന്‍ പത്രപ്രവര്‍ത്തക യൂണിയനില്‍ ആവശ്യവും സമ്മര്‍ദവും ഉയരുന്നുണ്ടെന്നും അത്തരമൊരു സാഹചര്യം സ്ഥാപനത്തിനു പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നും അടിയന്തര പരിഹാരത്തിനു ശ്രമിക്കണമെന്നും കാണിച്ച് യൂണിയന്‍ സംസ്ഥാന കമ്മിറ്റി ഒക്‌ടോബറിലും നവംബറിലുമായി നല്‍കിയ രണ്ടു കത്തുകളോടും മാനേജ്‌മെന്റ് അനുകൂലമായി പ്രതികരിക്കാത്തതിനെ തുടര്‍ന്ന് യൂണിയന്‍ സമര നേതൃത്വം ഏറ്റെടുത്തു.
ഡിസംബര്‍ രണ്ടിന് കോഴിക്കോട് മാധ്യമം ആസ്ഥാനത്തിനു മുന്നില്‍ നടന്ന രാപ്പകല്‍ ധര്‍ണയില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ സജീവ പങ്കാളിത്തവും നേതൃത്വവും നല്‍കി. അതിനുശേഷം മാനേജ്‌മെന്റ് കൂടുതല്‍ ദ്രോഹനടപടികളിലേക്കു കടന്ന ഘട്ടത്തിലാണ് സംയുക്ത ട്രേഡ് യൂണിയനുകളുടെ കൂടി പിന്തുണ തേടാന്‍ പത്രപ്രവര്‍ത്തക യൂണിയന്‍ തീരുമാനിക്കുന്നത്. ജനുവരി 15നു തിരുവനന്തപുരത്തു ചേര്‍ന്ന ആലോചനാ യോഗത്തില്‍ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, സേവ അടക്കം സംസ്ഥാനത്തെ 12 പ്രമുഖ ട്രേഡ് യൂണിയനുകളുടെ പ്രമുഖ നേതാക്കളാണ് ഒത്തുചേര്‍ന്നു സമരപരിപാടികള്‍ ആവിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. കോഴിക്കോട് സ്‌നേഹാഞ്ജലി ഓഡിറ്റോറിയത്തില്‍ ജനുവരി 28നു ചേര്‍ന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഫെബ്രുവരി പത്തിന് കോട്ടയത്തു മംഗളം ആസ്ഥാനത്തേക്കു ബഹുജന മാര്‍ച്ചും ഫെബ്രുവരി 16നു രാവിലെ 10 മുതല്‍ 17നു രാവിലെ 10 വരെ 24 മണിക്കൂര്‍ ഉപവാസ സത്യഗ്രഹവും പ്രഖ്യാപിച്ചു.
സി.ഐ.ടി.യു അഖിലേന്ത്യ ജനറല്‍ സെക്രട്ടറി എളമരം കരീം, എം.കെ രാഘവന്‍ എം.പി, മുതിര്‍ന്ന നിയമജ്ഞനും എച്ച്.എം.എസ് മുന്‍ അഖിലേന്ത്യ അധ്യക്ഷനുമായ തമ്പാന്‍ തോമസ് എന്നിവര്‍ രക്ഷാധികാരികളും ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ ചെയര്‍മാനും എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ വര്‍ക്കിങ് ചെയര്‍മാനും സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ.എന്‍ ഗോപിനാഥ് ജനറല്‍ കണ്‍വീനറുമായ സമരസമിതിയാണ് ഈ വിഷയത്തില്‍ തുടര്‍ പ്രക്ഷോഭങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കും ചുക്കാന്‍ പിടിക്കുന്നത്.
രണ്ട് സ്ഥാപനങ്ങളിലും ജീവനക്കാര്‍ ശമ്പളമില്ലാതെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. പ്രതിസന്ധിയുടെ പേരില്‍ ജീവനക്കാരെ ചൂഷണം ചെയ്യുകയാണോ മാനേജ്‌മെന്റുകള്‍ ചെയ്യുന്നത്.
ചൂഷണം എന്ന വാക്ക് മതിയാവാത്തത്ര മനുഷ്യത്വ രഹിതമായാണ് ഇവര്‍ തൊഴിലാളികളെ കൈകാര്യം ചെയ്യുന്നത്. ശമ്പളമില്ലാതെ നരകിക്കുന്നവരെ ഒരുവിധ മാനുഷിക പരിഗണനയുമില്ലാതെ വിദൂരങ്ങളിലേക്കു മാറ്റുന്നു. ഇല്ലാത്ത കാരണങ്ങള്‍ ഉണ്ടാക്കിയെടുത്ത് ആളുകള്‍ക്കു മേല്‍ നടപടിയെടുക്കുന്നു. കടുത്ത മാനസിക പീഡനം ഉണ്ടാക്കുന്ന വിധത്തില്‍ മറ്റു കൈകാര്യങ്ങള്‍ നടക്കുന്നു. ശമ്പളത്തില്‍നിന്നു തുക പിടിച്ചു നേരത്തേ ഏര്‍പ്പെടുത്തി കൊടുത്തിരുന്ന താമസ സൗകര്യങ്ങള്‍ നിഷേധിക്കുന്നു. സ്ഥലം മാറിയെത്തുന്നതിനു മുമ്പേ എങ്ങനെയെങ്കിലും താമസിച്ചു കൊള്ളണമെന്ന മുന്നറിയിപ്പോടെ ഫോണ്‍ വിളികള്‍ പോവുകയാണ്. ജീവനക്കാര്‍ അധികമെന്ന പേരില്‍ രാജിക്ക് സമ്മര്‍ദം ചെലുത്തുമ്പോള്‍ തന്നെ വിരമിച്ചു പോയവരെ പുനര്‍നിയമനം നല്‍കി കുഞ്ചിക സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുന്നു. ലക്ഷങ്ങള്‍ ശമ്പളത്തില്‍ പുതിയ നിയമനങ്ങള്‍ വരുന്നു. വന്‍കിട സ്ഥാപനങ്ങളില്‍പോലും ഇല്ലാത്ത തസ്തികകള്‍ സൃഷ്ടിച്ച് വന്‍ ശമ്പള വര്‍ധന ഇഷ്ടക്കാര്‍ക്കായി നടപ്പാക്കുന്നു. ഇതിലെല്ലാം അസ്വസ്ഥരായി എത്രയധികം പേര്‍ രാജിവെക്കുന്നുവോ അത്ര കണ്ട് ആഹ്ലാദിക്കാമെന്ന കണക്കുകൂട്ടലിലാണ് അധികാരികള്‍.
മാധ്യമത്തില്‍ ഡിസംബര്‍ 23ന് ജീവനക്കാരുടെ ഒരു യോഗം മാനേജ്‌മെന്റ് വിളിച്ചു ചേര്‍ക്കുകയും പിരിഞ്ഞു പോകുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത്.
ആനുകൂല്യങ്ങള്‍ നല്‍കി പിരിഞ്ഞുപോകാന്‍ മാനേജ്‌മെന്റ് അവസരം നല്‍കിയെന്നത് വ്യാജപ്രചാരണം മാത്രമാണ്. പിരിഞ്ഞു പോകുന്നവര്‍ക്ക് ഒരാനുകൂല്യവും യഥാര്‍ഥത്തില്‍ പ്രഖ്യാപിച്ചിട്ടില്ല. രാജിവെച്ചുപോയാല്‍ ശമ്പള കുടിശ്ശികയും ഗ്രാറ്റുവിറ്റിയും നല്‍കാമെന്നു മാത്രമാണ് 'ഓഫര്‍'. പിന്നീട് തിരിച്ചുനല്‍കാമെന്ന ഉറപ്പില്‍ കോവിഡ് കാലത്ത് പ്രതിമാസം നിശ്ചിത ശതമാനം എന്ന കണക്കില്‍ പിടിച്ചുവെച്ച ഡെഫേര്‍ഡ് സാലറിയുടെ പകുതി നല്‍കാമെന്നും പറയുന്നു. ഫലത്തില്‍ ഡെഫേര്‍ഡ് സാലറിയുടെ പകുതി മാനേജ്‌മെന്റിനു നല്‍കി പിരിഞ്ഞു പോകാമെന്നു സാരം. രാജിവെച്ചൊഴിയാന്‍ സ്ഥാപനത്തിനു തുക നല്‍കേണ്ട ഗതികേടാണ് ഈ ആനുകൂല്യ ഓഫറിന്റെ വിചിത്രവശം. നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ഏതു സ്ഥാപനത്തിലും തൊഴിലാളി രാജിവെച്ചുപോകുമ്പോള്‍ നല്‍കേണ്ട നിയമപരമായ ബാധ്യത മാത്രമാണ് ചിലര്‍ കൊട്ടിഘോഷിക്കുന്ന ആനൂകൂല്യം. ജനുവരി 31നകം രാജിവെച്ചാല്‍ ഗ്രാറ്റുവിറ്റിയും ശമ്പള കുടിശ്ശികയും കിട്ടും അല്ലെങ്കില്‍ അതുമില്ലാതായേക്കുമെന്ന പരോക്ഷ ഭീഷണി ഇതിനിടെ മാനേജ്‌മെന്റിന്റെ പിണിയാളുകള്‍ ജീവനക്കാര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ പണിയെടുത്തതിനു ന്യായമായും കിട്ടേണ്ട ഗ്രാറ്റുവിറ്റി കിട്ടാതായേക്കുമെന്ന ആശങ്ക തൊഴിലാളികളില്‍ കടുത്ത മാനസികാഘാതമാണു സൃഷ്ടിച്ചത്.
മക്കളുടെ വിവാഹ ആവശ്യത്തിനടക്കം മനസ്സില്‍ കണക്കുകൂട്ടിവെച്ച തുക നഷ്ടമായേക്കുമെന്ന ഭീതി മിക്കവരുടെയും ഉറക്കം കെടുത്തി. നഷ്ടബോധത്തിലും നിരാശയിലും ദിവസങ്ങളോളം ഉറങ്ങാന്‍ കഴിയാത്തതിന്റെ വ്യാകുലതകള്‍ പങ്കുവെച്ചു വിളിച്ചവര്‍ നിരവധിയായിരുന്നു. ചിലര്‍ക്കെല്ലാം മാനസിക സമ്മര്‍ദത്തിനു പ്രതിവിധി തേടി മനശാസ്ത്ര വിദഗ്ധരുടെ സേവനം തേടേണ്ടിവന്നു. ഡിസംബര്‍ 23ന്റെ പ്രഖ്യാപനത്തോടു തുടക്കത്തില്‍ കാര്യമായ പ്രതികരണം ജീവനക്കാരില്‍ നിന്നുണ്ടായിരുന്നില്ല. ഇത് മനസ്സിലാക്കിയ മാനേജ്‌മെന്റ് പിന്നീട് സംസ്ഥാന തലത്തില്‍ വകുപ്പ് മേധാവികളുടെ യോഗവും ഒരു വിഭാഗം ജീവനക്കാരെ തെരഞ്ഞുപിടിച്ചു വിളിച്ചും പിരിഞ്ഞുപോകല്‍ പദ്ധതി വിശദീകരിച്ചു. ഇപ്പോള്‍ ഇല്ലെങ്കില്‍ പിന്നീട് ഉണ്ടായേക്കില്ല എന്നതായിരുന്നു ഈ യോഗങ്ങളുടെ സന്ദേശം. ഇതോടു കൂടി ആളുകള്‍ക്കിടയില്‍ പരിഭ്രാന്തി വ്യാപകമാവുകയായിരുന്നു. ജനുവരി 31നു കൂട്ട രാജിയിലേക്കു നയിച്ചത് ഈ പരിഭ്രാന്തിയായിരുന്നു. 31നു രാത്രി 11.50ന് ഓഫിസില്‍ എത്തി രാജി സമര്‍പ്പിച്ചയാള്‍ ഈ പരിഭ്രാന്തിയുടെയും ട്രോമയുടെയും ഉത്തമോദാഹരണമായിരുന്നു.
അഞ്ചു മാസ ശമ്പള കുടിശ്ശികയില്‍ നരകയാതന അനുഭവിക്കുന്ന തൊഴിലാളികളെ യൂണിറ്റ് ഇന്റഗ്രേഷന്റെയും മറ്റും പേരില്‍ വിദൂരങ്ങളിലേക്കു മാറ്റുകയും താമസ സൗകര്യം പോലും കിട്ടാതെ പലരും ഇരട്ട ദുരിതത്തിലായതിന്റെ മുന്‍ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ അടുത്തിടെ പുറത്തിറങ്ങിയ സ്ഥലംമാറ്റ ഉത്തരവിനെതിരെ തൊഴിലാളികള്‍ ലേബര്‍ കമീഷണറേറ്റില്‍ പരാതി നല്‍കിയിരുന്നു.
തൊഴിലാളികളുടെ ആവശ്യങ്ങളോട് മാധ്യമം മാനേജ്‌മെന്റിന്റെ പ്രതികരണം എങ്ങനെയാണ്?
തൊഴിലാളികളുടെ ആവശ്യങ്ങളെ നിരന്തരം അവഗണിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്ന നിലപാടാണ് സമീപകാലത്തായി മാനേജ്‌മെന്റ് സ്വീകരിച്ചുവരുന്നത്. പണിയെടുത്ത കൂലി മാത്രമാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. പത്തു വര്‍ഷത്തോളമായി മുടങ്ങിക്കിടക്കുന്ന ബോണസ് അവര്‍ ആവശ്യപ്പെടുന്നതേയില്ല. കോവിഡ് കാലത്തു പിടിച്ചുവെച്ച ഡെഫേര്‍ഡ് സാലറി തിരിച്ചുനല്‍കുന്നതിന് 2022 മാര്‍ച്ച് 31ന് ശേഷം സമയക്രമം നിശ്ചയിക്കാമെന്നായിരുന്നു കരാറെങ്കിലും ആ തുകക്കു വേണ്ടി യൂണിയനുകള്‍ ഒരുവിധ സമ്മര്‍ദവും ഉയര്‍ത്തിയിട്ടില്ല. യഥാര്‍ഥത്തില്‍ ഈ ഡെഫേര്‍ഡ് സാലറി മാത്രം ഏതാണ്ട് നാലു നാലര മാസത്തെ ശമ്പളത്തിനു തുല്യമായ തുക വരും. അങ്ങനെയാകുമ്പോള്‍ വാസ്തവത്തില്‍ തൊഴിലാളിക്കു കിട്ടേണ്ട ശമ്പള കുടിശ്ശിക ഒമ്പതു മാസത്തിലേറെയാവും. എന്നിട്ടും രണ്ടു മാസത്തെ ശമ്പളം ഇപ്പോള്‍ നല്‍കൂ കുടിശ്ശിക വിതരണത്തിന് മാനേജ്‌മെന്റിനു സൗകര്യപ്രദമായ ഒരു സമയക്രമം, അതെത്ര നീണ്ടുപോയാലും പറഞ്ഞാല്‍ മതിയെന്നും തുടര്‍ന്നുള്ള മാസങ്ങളില്‍ 30 ദിവസ ഇടവേളയില്‍ (എത്ര വൈകിയ തീയതിയില്‍ ആയാലും) ശമ്പളം നല്‍കുമെന്ന് ഉറപ്പ് നല്‍കിയാല്‍ മതിയെന്നുമുള്ള ഏറ്റവും പരമാവധിയായ വിട്ടുവീഴ്ചയാണ് നാലു മാസ ശമ്പളം കുടിശ്ശിക നില്‍ക്കുന്ന ഘട്ടത്തില്‍ തൊഴിലാളികള്‍ മുന്നോട്ടുവെച്ചത്.
പാതി രാജ്യത്തിനും അഞ്ചു ഗ്രാമത്തിനും ഒടുവില്‍ ഒരു ഗ്രാമത്തിനും കെഞ്ചിയ പാണ്ഡവര്‍ക്കു മുന്നില്‍ സൂചി കുത്താന്‍ ഇടം നല്‍കില്ലെന്നു ശഠിച്ച സുയോധനനെപ്പോലെ ഒരു സമയക്രമവും പറയാനാവില്ലെന്നും പൈസ ആകുന്ന മുറയ്ക്കു തരുമെന്നുമുള്ള നിസംഗ സമീപനമാണു മാനേജ്‌മെന്റ് ഭാഗത്തുനിന്നുണ്ടായത്. തൊഴിലാളികളെ മാത്രമല്ല, ഭരണസംവിധാനങ്ങളെ പോലും വെല്ലുവിളിക്കുന്ന നിലപാടാണ് സ്ഥാപന അധികാരികളുടെ ഭാഗത്തു നിന്നുണ്ടാവുന്നത്. അഞ്ചു മാസ ശമ്പള കുടിശ്ശികയില്‍ നരകയാതന അനുഭവിക്കുന്ന തൊഴിലാളികളെ യൂണിറ്റ് ഇന്റഗ്രേഷന്റെയും മറ്റും പേരില്‍ വിദൂരങ്ങളിലേക്കു മാറ്റുകയും താമസ സൗകര്യം പോലും കിട്ടാതെ പലരും ഇരട്ട ദുരിതത്തിലായതിന്റെ മുന്‍ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ അടുത്തിടെ പുറത്തിറങ്ങിയ സ്ഥലംമാറ്റ ഉത്തരവിനെതിരെ തൊഴിലാളികള്‍ ലേബര്‍ കമീഷണറേറ്റില്‍ പരാതി നല്‍കിയിരുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ച നടക്കുന്ന സാഹചര്യത്തില്‍ തല്‍സ്ഥിതി തുടരാനും ട്രാന്‍സ്ഫര്‍ നടപ്പാക്കരുതെന്നുമായിരുന്നു കമീഷണറേറ്റിന്റെ ഉത്തരവ്. എന്നാല്‍, തൊഴില്‍ വകുപ്പിന് ഇങ്ങനെയൊരു അധികാരമില്ലെന്നു പറഞ്ഞ് ഉത്തരവ് തള്ളുകയാണ് കമ്പനി ചെയ്തത്.
മംഗളത്തിലും സമാനമായ സാഹചര്യത്തിലുള്ള സമരമാണല്ലോ നടന്നു വരുന്നത്. എന്താണ് അവിടുത്തെ സാഹചര്യങ്ങള്‍.
ബഹുജന മാര്‍ച്ചിന്റെ പ്രചാരണം ചൂടുപിടിച്ചു വരുന്നതിനിടെ മാനേജ്‌മെന്റ് ഒത്തുതീര്‍പ്പിനു തയ്യാറായി എന്നതാണ് മംഗളം വിഷയത്തില്‍ ഇതിനിടെയുണ്ടായ ആശ്വാസ വാര്‍ത്ത. രണ്ടു മാസ ശമ്പളം ഈ മാസം തന്നെ നല്‍കാമെന്നും മാര്‍ച്ച് മുതല്‍ എല്ലാ ഇരുപതാം തീയതിക്കകം ശമ്പളമെന്നുമുള്ളതാണ് ഈ ഒത്തുതീര്‍പ്പിന്റെ കാതല്‍. കുടിശ്ശിക വിതരണം മാര്‍ച്ച് ആദ്യം ചര്‍ച്ച ചെയ്തു തീരുമാനിക്കാമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. തടഞ്ഞുവെച്ചിരിക്കുന്ന ചില ആനുകൂല്യങ്ങള്‍ കരാറോടെ പുനരാരംഭിക്കാമെന്നും സമ്മതിച്ചു. മാനേജ്‌മെന്റും യൂണിയനും സംയുക്ത ട്രേഡ് യൂണിയന്‍ പ്രതിനിധികളും ഒപ്പുവെച്ച് ഇതിനു കരാറും ഉണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബഹുജന മാര്‍ച്ച് നീട്ടിവെച്ചിട്ടുമുണ്ട്.