Opinion

ഹേമ കമ്മിറ്റി: പാതിവഴിയില്‍ ഭയന്ന് പിന്മാറിയ സര്‍ക്കാര്‍ ആരെയാണ് വഞ്ചിക്കുന്നത്?

'മലയാളസിനിമ വ്യവസായ ലോകത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ചും തൊഴിലിടത്തെ ചൂഷണത്തെ കുറിച്ചും പഠിക്കാനും പരിഹാരം നിര്‍ദ്ദേശിക്കാനും റിട്ട. ജഡ്ജി ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച ഹേമ കമ്മീഷന്‍ ഒരു കമ്മീഷനേ അല്ലായിരുന്നുവെന്നും, ഒരു കമ്മിറ്റി റിപ്പോര്‍ട്ട് മാത്രമാണെന്നും അതു പുറത്തുവിടാന്‍ ഇനിയും പ്രയാസമാണെന്നുമാണ് ഗവണ്‍മെന്റ് ഇപ്പോള്‍ പറയുന്നത്.ആരോടാണ് ഇവര്‍ വിശ്വാസവഞ്ചന കാണിക്കുന്നത്'

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കേരള സ്ത്രീ മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജ്ജം ഏകിയ രണ്ട് സമരങ്ങളായിരുന്നു കന്യാസ്ത്രീകളുടെ തുറന്നു പറച്ചിലും, സിനിമ വ്യവസായത്തിനുള്ളില്‍ നിന്നുകൊണ്ടുള്ള നടിമാരുടെ നിലപാട് പറച്ചിലും.

പുറംമോടി കൊണ്ടു മാത്രം ശോഭിക്കുന്ന കേവല നവോത്ഥാനത്തിന് അപ്പുറം സ്ത്രീകള്‍ തന്നെ അവരുടെ ഇടങ്ങളും അവകാശങ്ങളും തിരിച്ചറിഞ്ഞ്, അവര്‍ക്കുവേണ്ടി അവര്‍ തന്നെ നയിച്ച സമരമുഖങ്ങള്‍.

അതില്‍ ഫ്രാങ്കോ കേസിലെ നിരാശാജനകമായ വിധിക്കുശേഷം കേള്‍ക്കുന്ന മറ്റൊരു നിരാശാജനകമായ വാര്‍ത്ത തന്നെയാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പുറത്തുവരുന്നതും.

2017 ല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം മലയാള സിനിമാലോകത്ത് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ക്രൂരമായ ആക്രമണങ്ങള്‍ക്കും, മറ്റ് അവകാശ ലംഘനങ്ങള്‍ക്കുമെതിരെ സ്ത്രീകള്‍ സംഘടിച്ചിരുന്നു.

പണവും സ്വാധീനവും താരപ്രഭയും ഭരിക്കുന്ന ഒരു വ്യവസ്ഥിതിക്കകത്തു നിന്നുകൊണ്ട്, താര സംഘടനകളുടെ നിഷ്‌ക്രിയത്വം ചോദ്യംചെയ്യുകയും, ക്രിമിനലുകള്‍ക്ക് സംഘടന നല്‍കുന്ന സുരക്ഷിതത്വത്തെ ക്രൂരമെന്ന് വിളിച്ചു പറയുകയും ചെയ്തു കൊണ്ടാണ് മലയാള സിനിമയിലെ പെണ്ണുങ്ങള്‍ പിന്നീട് ഡബ്ല്യുസിസി എന്ന കൂട്ടായ്മയുണ്ടാക്കുന്നത്.

പാര്‍വതിയും റിമ കല്ലിങ്കലും അര്‍ച്ചന പത്മിമിനിയും സയനോര ഫിലിപ്പും അഞ്ജലി മേനോനും ദീദി ദാമോദരനും രേവതിയും പത്മ പ്രിയയും എല്ലാമടങ്ങുന്ന നിശ്ചയദാര്‍ഢ്യമുള്ള സ്ത്രീകളുടെ പത്രസമ്മേളനങ്ങളും, നിലപാട് പറച്ചിലുകളും തന്ന പ്രതീക്ഷകള്‍ ചെറുതായിരുന്നില്ല.

സിനിമാരംഗത്ത് കാലങ്ങളായി വാഴുന്ന പാട്രിയാര്‍ക്കി യുടെ നെഞ്ചത്താണ് അവരന്നു വാക്കുകള്‍കൊണ്ട് ചവിട്ടിയത്.

എന്നാല്‍ വേണ്ടത് ശാശ്വത പരിഹാരമാണെന്നും റോസിയെ ചവിട്ടി പുറത്താക്കി തുടങ്ങിയ മലയാള സിനിമക്ക് ഇനി അങ്ങനെ തന്നെ തുടരുന്ന ഒരു ഭാവി വേണ്ടെന്നുമുള്ള തിരിച്ചറിവ് കൊണ്ടാണ് പിന്നീട് ഈ സ്ത്രീകള്‍ ഗവണ്‍മെന്റിനെ സമീപിച്ചത്. പ്രത്യക്ഷമായും അല്ലാതെയും, വാക്കിലൂടെയും നോക്കിലൂടെയും അവസരം മുടക്കലിലൂടെയും തുടരുന്ന, ലൈംഗിക ചൂഷണം വരെ നീളുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കുക എന്ന ശാശ്വതമായ പരിഹാരത്തിലേക്കുള്ള മാര്‍ഗമെന്ന നിലയില്‍.

ഇന്ത്യന്‍ സിനിമാ ലോകത്ത് തന്നെ ഇത്തരം ഇന്‍ഡസ്ട്രിയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചുള്ള യാതൊരുവിധ പഠനങ്ങളും ഇന്നേവരെ നടന്നിട്ടില്ല എന്നായിരുന്നു ഡബ്ല്യുസിസി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. കൂടിക്കാഴ്ചയക്ക് പിന്നാലെ സര്‍ക്കാര്‍ നല്‍കിയ ഉറപ്പായിരുന്നു സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പപഠിക്കാനും പരിഹാരം നിര്‍ദ്ദേശിക്കാനുമായി ഒരു കമ്മീഷന്‍ എന്നത്.

റിട്ടയേഡ് ജഡ്ജി ജസ്റ്റിസ് ഹേമയും, സിനിമ നടി കൂടിയായ ശാരദയും, കെ.ബി വത്സലകുമാരിയും അംഗങ്ങളായി രൂപീകരിക്കപ്പെട്ട ഹേമ കമ്മീഷന്‍ ഒന്നരവര്‍ഷം എടുത്താണ് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കിയത്. താരതമ്യേന വലിയൊരു സമയം തന്നെ.

തിരശ്ശീലയ്ക്കു മുന്നിലും പിന്നിലും പ്രവര്‍ത്തിക്കുന്ന നിരവധി സ്ത്രീകളാണ് തങ്ങള്‍ ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടാത്ത പല അനുഭവങ്ങളെയും പറയാന്‍ ഭയക്കുന്ന പലപേരുകളും കമ്മീഷനു മുന്നില്‍ തുറന്നു പറഞ്ഞത്.

റിപ്പോര്‍ട്ട് സമര്‍പ്പണത്തിനു ശേഷം വിഷയം ഗൗരവമാണെന്നും, നിയമനിര്‍മാണത്തിലൂടെ മാത്രമേ പരിഹാരമാകുമെന്നും, ഒരു ട്രൈബ്യൂണല്‍ നിര്‍ബന്ധമായും വേണം എന്നും പറഞ്ഞത് ജസ്റ്റിസ് ഹേമ തന്നെയാണ്.പക്ഷെ 2019 ഡിസംബറില്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് എന്തുകൊണ്ടാണ് ഇപ്പോഴും വെളിച്ചം കാണാത്തത്!?

പ്രമുഖരുടെ പേര് പരാമര്‍ശിച്ചിട്ടുണ്ട് എന്നു നടിമാര്‍ ഉറപ്പു പറയുന്ന റിപ്പോര്‍ട്ട് പുറത്തു വരാത്തതിനു പിറകിലുള്ള കാരണം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല.

പ്രത്യേകിച്ച് വലിയ ഉത്സാഹം കാണിച്ച അതേ കൂട്ടര്‍ അധികാരത്തില്‍ തുടരുമ്പോള്‍ ഉള്ള നിസ്സംഗതക്ക് സാക്ഷ്യം വഹിക്കുമ്പോള്‍.മുകേഷും ഗണേഷും എ.എം.എം.എ യുടെ കാര്യപ്പെട്ട വരും എം.എല്‍.എമാരുമായി തുടരുമ്പോള്‍ ഒരുപക്ഷേ പാര്‍ട്ടിക്ക് പരിമിതികള്‍ ഉണ്ടാകും.

ഇവിടെ എല്ലാം അട്ടിമറിക്കപ്പെടുകയാണ്.'ഉറപ്പുകള്‍' വെറും വാഗ്ദാനങ്ങള്‍ മാത്രമാവുകയാണ്..!

ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ സന്ദേശം ഷെയര്‍ ചെയ്തു മഞ്ഞനിറത്തില്‍ സോഷ്യല്‍ മീഡിയ വാളുകള്‍ നിറച്ചാല്‍ മാത്രം നീതി പുലരില്ല. പരിഹാരങ്ങള്‍ നിര്‍ദേശിച്ച റിപ്പോര്‍ട്ട് പൂഴ്ത്തി വച്ച്, അധികാര കസേരയുടെ സംരക്ഷണത്തിനായി താരരാജാക്കന്മാരുടെ സല്‍പേര് സംരക്ഷിച്ചു, ഇരക്കൊപ്പമെന്ന് ആണയിട്ടാല്‍ അത് നീതിയല്ല,ഇരട്ടത്താപ്പാണ്,വഞ്ചനയാണ്!

ആ വഞ്ചനയാണ് 'ഇടതുപക്ഷം' എന്ന ആശയം പേറുന്ന കേരള ഗവണ്‍മെന്റും, മൗനം പാലിച്ച് അതിനു വഴിയൊരുക്കുന്ന മുഖ്യമന്ത്രിയും ചെയ്യുന്നത്.

ചലച്ചിത്ര മേഖലയെന്ന തൊഴിലിടത്തിലെ ചൂഷണങ്ങളതിജീവിക്കാന്‍ ഈ നടിമാരുടെ നിശ്ചയദാര്‍ഢ്യം മാത്രം പോരാ,പാതിവഴിയില്‍ ഭയന്നു പിന്മാറിയ ഗവണ്‍മെന്റിന്റെ കാര്യക്ഷമമായ ഇടപെടല്‍ കൂടി വേണം. റിപ്പോര്‍ട്ടിന്മേലുള്ള അഴിമതി പുറത്തുകൊണ്ടുവരണം.കന്യാസ്ത്രീകളെ കോടതിയില്‍ തോല്‍പ്പിച്ചത് പോലെ ഇവരെ പൊതുസമൂഹം മുന്‍പാകെ തോല്‍പ്പിക്കരുത്.

ഈ സ്ത്രീകളുടെ പോരാട്ടത്തിന്റെ ഫലം അടുത്ത തലമുറക്കെങ്കിലും അനുഭവിക്കാനാവണം.ചൂഷണങ്ങള്‍ ഇല്ലാത്ത ലോകത്തെ സ്വപ്നം കാണാനെന്കിലും കൂടെ നില്‍ക്കണം.

ജൂണിൽ അല്ല ടർബോ ജോസ് നേരത്തെ വരും, മമ്മൂട്ടി ചിത്രം മെയ് 23ന്

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

SCROLL FOR NEXT