ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മാത്രമല്ല, ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയെന്ന വാഗ്ദാനവും സര്‍ക്കാര്‍ ഫയലില്‍ ഉറക്കത്തിലാണ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മാത്രമല്ല, ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയെന്ന വാഗ്ദാനവും സര്‍ക്കാര്‍ ഫയലില്‍ ഉറക്കത്തിലാണ്

സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കുന്നതിനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടാനോ തുടര്‍നടപടികള്‍ സ്വീകരിക്കാനോ തയ്യാറാകാത്ത സംസ്ഥാന സര്‍ക്കാര്‍, ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി(ഐസിസി) രൂപീകരിക്കുമെന്ന പ്രഖ്യാപനവും വാക്കുകളിലൊതുക്കി.

വനിതാ ശിശുവികസന വകുപ്പ് തയ്യാറാക്കിയ കരട് സാംസ്‌കാരിക വകുപ്പിന് അയച്ചിട്ട് മാസങ്ങളായി. സാംസ്‌കാരിക വകുപ്പിന്റെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി മടക്കി അയക്കണം. സിനിമാ സെറ്റുകളിലെ പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് ഐ.സി.സി രൂപീകരിക്കുമെന്ന് 2018 ഒക്ടോബര്‍ 16ന് വനിതാ ശിശു വികസന മന്ത്രിയായിരുന്ന കെ.കെ ശൈലജ പ്രഖ്യാപിച്ചിരുന്നു.

വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ആവശ്യപ്പെട്ടത് അനുസരിച്ചായിരുന്നു സര്‍ക്കാരിന്റെ ഈ നീക്കം. എന്നാല്‍ മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ഐ.സി.സി രൂപീകരിക്കാനുള്ള നടപടികള്‍ മുന്നോട്ട് പോയില്ല.

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയാനുള്ള നിയമത്തിന്റെ പരിധിയില്‍ സിനിമ മേഖലയും ഉള്‍പ്പെടും. കമ്മിറ്റിയില്‍ ആരൊക്കെയുണ്ടാകണമെന്നും സിനിമ സെറ്റുകളിലെ പരാതികള്‍ എങ്ങനെ പരിഹരിക്കണമെന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് സര്‍ക്കാര്‍ പരിഗണിച്ചിരുന്നത്.

പത്മപ്രിയ, റിമാ കല്ലിങ്കല്‍ എന്നിവരായിരുന്നു സംസ്ഥാന സര്‍ക്കാരിനെ എതിര്‍ കക്ഷിയാക്കി സംഘടനയ്ക്ക് വേണ്ടി ഹൈക്കോടതിയെ സമീപിച്ചത്.

2013ലെ സെക്ഷ്വല്‍ ഹരാസ്മെന്റ് ഓഫ് വുമണ്‍ അറ്റ് വര്‍ക്ക് പ്ലേസ് ആക്ടിലാണ് ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. നടിയെ അക്രമിച്ച സംഭവത്തിന് പിന്നാലെയാണ് സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരായ തൊഴിലിടത്തെ ലൈംഗികാതിക്രമ പരാതികള്‍ പരിഗണിക്കുന്നതിന് കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യവുമായി വിമന്‍ ഇന്‍ സിനിമാ കലക്ടീവ് ഹൈക്കോടതിയെ സമീപിച്ചത്. വിശാല മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്നായിരുന്നു ഡബ്ല്യുസിസിയുടെ ആവശ്യം.

പത്മപ്രിയ, റിമാ കല്ലിങ്കല്‍ എന്നിവരായിരുന്നു സംസ്ഥാന സര്‍ക്കാരിനെ എതിര്‍ കക്ഷിയാക്കി സംഘടനയ്ക്ക് വേണ്ടി ഹൈക്കോടതിയെ സമീപിച്ചത്.

എ.എം.എം.എ സുപ്രീംകോടതി വിധി നടപ്പാക്കാത്തതിനാല്‍ ലൈംഗികാതിക്രമം നേരിടുന്നവര്‍ക്ക് പരാതി പറയാന്‍ കഴിയുന്നില്ല, ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണ്, സമിതിയില്ലാത്തതിനാല്‍ സ്ത്രീ അംഗങ്ങളുടെ മൗലികാവകാശങ്ങള്‍ ഹനിക്കപ്പെടുന്നു, സിനിമാ മേഖലയിലെ സ്ത്രീകള്‍ പലതരത്തിലുള്ള പീഡനങ്ങള്‍ക്ക് ഇരകളാവുന്നു, സിനിമ പൂര്‍ത്തിയാവുന്നതോടെ ആ സെറ്റിലുണ്ടാകുന്ന പരാതികള്‍ ഇല്ലാതാവുന്നു, പൊതുസമ്മതരായ വ്യക്തികള്‍ അടങ്ങിയ പ്രത്യേക സമിതിയെ നിയോഗിക്കണം എന്നിവയായിരുന്നു ഹര്‍ജിയിലുണ്ടായിരുന്നത്.

നേരത്തെ രേവതി, പത്മപ്രിയ, പാര്‍വതി എന്നിവര്‍ എ.എം.എം.എയ്ക്ക് നല്‍കിയ നിവേദനത്തില്‍ ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സംഘടന അവഗണിച്ചതോടെയാണ് നിയമപരമായി മുന്നോട്ട് നീങ്ങിയത്.

പത്മപ്രിയയും റിമാ കല്ലിങ്കലും നല്‍കിയ ഹര്‍ജിയില്‍ എ.എം.എം.എയ്ക്കും സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു. ഇതിന് പിന്നാലെയാണ് മന്ത്രിയായിരുന്ന കെ.കെ ശൈലജ ഇക്കാര്യം പരിശോധിക്കുമെന്ന് പ്രഖ്യാപിച്ചതും. കെ.പി.എസി ലളിത, കുക്കൂപരമേശ്വരന്‍, പൊന്നമ്മ ബാബു എന്നിവര്‍ അംഗങ്ങളായി എ.എം.എം.എ ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിച്ചിരുന്നു.

ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഭയക്കുന്നത് ആരെ?

2019 ഡിസംബര്‍ 31ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് മേല്‍ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടെന്നതിനേക്കാള്‍ ആരെ പേടിച്ചാണെന്ന ചോദ്യമാണ് ഇനി ഉയരേണ്ടത്. വ്യക്തിപരമായ പരാമര്‍ശങ്ങളും കേസുകളും റിപ്പോര്‍ട്ടിലുണ്ടെന്നതാണ് പുറത്ത് വിടാതിരിക്കുന്നതിനുള്ള കാരണമായി സര്‍ക്കാര്‍ പറയുന്നത്. 2017 ജൂലൈ 16നാണ് ജസ്റ്റിസ് കെ. ഹേമ അധ്യക്ഷയായ സമിതിയെ നിയോഗിച്ചത്.

സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും തൊഴില്‍ സാഹചര്യങ്ങളും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു സമിതിയുടെ ചുമതല. 34,49,156(മുപ്പത്തിനാല് ലക്ഷത്തി നാല്‍പത്തി ഒന്‍പതിനായിരത്തി ഒരുനൂറ്റി അന്‍പത്തിയാറു രൂപ)യാണ് സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവിട്ടത്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി വഴിയായിരുന്നു തുക ചെലവിട്ടത്. ഇത്രയേറെ തുക ചിലവിട്ട്, ഇരകളായ പെണ്‍കുട്ടികളുടെ ഉള്‍പ്പെടെ മൊഴികള്‍ രേഖപ്പെടുത്തി തയ്യാറാക്കിയതാണ് റിപ്പോര്‍ട്ട്.

ഗുരുതരമായ ആരോപണങ്ങളാണ് റിപ്പോര്‍ട്ടിലുള്ളതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചതിന് പിന്നാലെ വന്ന മാധ്യമ വാര്‍ത്തകള്‍.

15 പേരെങ്കിലും അടങ്ങുന്ന ശക്തമായ ലോബിയാണ് മലയാള സിനിമാ ലോകത്തുള്ളത്. ഇതിലൊരാള്‍മാത്രം തീരുമാനിച്ചാല്‍പ്പോലും അവര്‍ക്കിഷ്ടമില്ലാത്ത ആളെ എന്നെന്നേക്കുമായി ഈ രംഗത്തുനിന്ന് ഇല്ലാതാക്കാന്‍ കഴിയും. ഇതില്‍ നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ തലങ്ങളിലുള്ളവരുണ്ടെന്നും ചൂഷണം നേരിട്ടവര്‍ കമ്മിറ്റിക്കു തെളിവ് നല്‍കാതിരിക്കാന്‍ ഈ ലോബി ശ്രമിച്ചുവെന്നും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ടെന്നായിരുന്നു വാര്‍ത്തകള്‍.

സിനിമ തുടങ്ങി കുറേക്കഴിഞ്ഞുമാത്രമാണ് ചുംബനം, ശരീരപ്രദര്‍ശനം നടത്തേണ്ട രംഗങ്ങള്‍ അഭിനയിക്കണമെന്നു പറയുന്നത്. ഇതിന്റെപേരില്‍ നടിമാരെ മാനസികമായി പീഡിപ്പിക്കുന്നതു പതിവാണ്. ഈ രംഗങ്ങള്‍ അഭിനയിക്കാന്‍ വിമുഖത കാണിക്കുന്നവരെ വിലക്കുന്നതും പതിവാണെന്ന മൊഴികളുണ്ട്.

നടിമാര്‍ വസ്ത്രംമാറുന്നത് ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നതു പതിവാണ്. ഇത്തരം ദൃശ്യങ്ങള്‍ കൈവശംവെച്ച് ഭീഷണിപ്പെടുത്തുന്നതും ലോബിയുടെ രീതിയാണ്. അവര്‍ക്ക് ഇഷ്ടമില്ലാതെ പെരുമാറിയാല്‍ സൈബര്‍ ആക്രമണം നടത്തും. സിനിമയില്‍ ഇവര്‍ക്കു വിധേയരായി പ്രവര്‍ത്തിച്ചാല്‍മാത്രമേ നിലനില്‍പ്പുള്ളൂവെന്ന സ്ഥിതിയാണ്.

ഔദ്യേഗികമായ സര്‍ക്കാര്‍ പുറത്ത് വിട്ടത് റിപ്പോര്‍ട്ടിലെ ശുപാര്‍ശകളാണ്.നിയമസഭയിലെ ചോദ്യത്തിനുള്ള മറുപടിയിലായിരുന്നു ഇത്. എം ഉമ്മര്‍, പി.കെ ബഷീര്‍ എന്നിവരുടെ ചോദ്യത്തിന് കഴിഞ്ഞ ഇടതുസര്‍ക്കാരിലെ സാംസ്‌കാരിക-നിയമവകുപ്പ് മന്ത്രി എ.കെ ബാലന്‍ നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളായി ചേര്‍ത്തിരിക്കുന്നത് ഇങ്ങനെയാണ്.

ജസ്റ്റിസ് കെ.ഹേമയുടെ നിര്‍ദ്ദേശങ്ങള്‍

1. കേരള സിനി എക്സിബിറ്റേഴ്സ് ആന്റ് എംപ്ലോയിസ്(റഗുലേഷന്‍) ആക്ട്-2020 എന്ന ചട്ടം നടപ്പിലാക്കുകയും നിയമപ്രകാരം ഒരു ട്രൈബൂണല്‍ രൂപീകരിക്കുകയും ചെയ്യുക.

2. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കെതിരെയും ഏതെങ്കിലും ഒരു വ്യക്തി ചെയ്യുന്ന കുറ്റകരമായ പ്രവര്‍ത്തി നിരോധിക്കുന്നതിനും പെനാല്‍റ്റി ഏര്‍പ്പെടുത്തുന്നതിനുമുള്ള വ്യവസ്ഥകള്‍ രൂപീകരിക്കുക.

ടി. ശാരദ നല്‍കിയ നിര്‍ദ്ദേശങ്ങള്‍

1.ഇ-ടോയിലറ്റുകള്‍

2. സുരക്ഷിതമായ ഡ്രസ് ചേഞ്ചിംഗ് മുറികള്‍

3.ലൈംഗിക അതിക്രമങ്ങള്‍ തടയുക

4.സ്ത്രീ-പുരുഷ ഭേദമന്യേ തുല്യ വേതനം ഏര്‍പ്പെടുത്തുക

5.സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി എടുക്കുക

6.സിനിമാ വ്യവസായത്തില്‍ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി രൂപീകരിക്കുക

7.ടെക്നിക്കല്‍ പഠനങ്ങളില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കുക

8.പ്രസവം, ശിശുസംരക്ഷണം, ശാരീരിക വൈകല്യം എന്നിവയ്ക്ക് അവധി

9. സിനിമയുടെ ഉള്ളടക്കത്തില്‍ ലിംഗനീതി പ്രോത്സാഹിപ്പിക്കുക

10. സിനിമാ ആര്‍ട്ടിസ്റ്റുകള്‍ക്കുള്ള ക്ഷേമനിധി

കെ.ബി വത്സലകുമാരി നല്‍കിയ നിര്‍ദ്ദേശങ്ങള്‍

1.രേഖാമൂലമുള്ള കരാറിന്റെ ആവശ്യകത

2.ലിംഗഭേദത്തില്‍ അടിസ്ഥാന ഓണ്‍ലൈന്‍ പരിശീലനം

3.ജോലിസ്ഥലത്ത് മദ്യവും മയക്കുമരുന്ന് ഉപയോഗിക്കരുത്

4.സ്ത്രീ-പുരുഷ ഭേദമന്യേ തുല്യ വേതനം ഏര്‍പ്പെടുത്തുക

5. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് മിനിമം വേതനം

6.പരാതികള്‍ പരിഹരിക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗ്ഗം

7.താമസത്തിലും ഗതാഗതത്തിലും സ്ത്രീകളുടെ സുരക്ഷയും

8.സമഗ്രമായ സിനിമാ നയം

9.സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിന് ബജറ്റ് വിഹിതം

10. എല്ലാ താലൂക്കുകളിലും രണ്ടോ അതിലധികമോ തിയേറ്ററുകള്‍

11.ഏറ്റവും നല്ല സിനിമാ നിര്‍മ്മാതാവിന് അവാര്‍ഡ്

സഹപ്രവര്‍ത്തക നേരിട്ട അതിക്രമത്തിനെതിരെ ഒരുകൂട്ടം സ്ത്രീകള്‍ തുടങ്ങിവെച്ച പോരാട്ടത്തിന്റെ തുടര്‍ച്ചയാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. നടി ആക്രമിക്കപ്പെട്ട കേസ് ഒതുക്കി തീര്‍ക്കാന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. റിപ്പോര്‍ട്ട് പുറത്ത് വിടാതെ, കമ്മിറ്റി മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന വാദം തുടക്കത്തിലുണ്ടായിരുന്നു.

സെന്‍സിറ്റീവായ വിവരങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. നിരുത്സാഹപ്പെടുത്തേണ്ട നിരവധി പ്രവണതകളുണ്ടെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടിരുന്നുവെന്ന് സാംസ്‌കാരിക മന്ത്രിയായിരുന്ന എ.കെ ബാലന്‍ പറയുന്നു.

സമഗ്രമായ നിയമമാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നതെന്നാണ് എ.കെ ബാലന്‍ പറയുന്നത്. നിയമസഭയില്‍ അവതരിപ്പിക്കുക എന്ന നടപടി മാത്രമാണ് ബാക്കിയുള്ളതെന്ന എ.കെ ബാലന്റെ വാക്കുകള്‍ ശരിയാണെങ്കില്‍ അത് എന്തുകൊണ്ട് വൈകുന്നുവെന്ന ചോദ്യത്തിന് മറുപടി പറയാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്.