മുഹമ്മദ് ദീപക് എന്ന പേര് എന്തുകൊണ്ട് ഹിന്ദുത്വക്ക് ഷോക്ക് ട്രീറ്റ്‌മെന്റാകുന്നു?

മുഹമ്മദ് ദീപക് എന്ന പേര് എന്തുകൊണ്ട് ഹിന്ദുത്വക്ക് ഷോക്ക് ട്രീറ്റ്‌മെന്റാകുന്നു?
Published on

സ്വന്തം പേര് പറഞ്ഞ് വെറുപ്പിന്റെ രാഷ്ട്രീയത്തിന് ഷോക്ക് കൊടുത്തയാള്‍. തീവ്രരാഷ്ട്രീയം അയാളുടെ തലക്ക് വിലയിട്ടത് അഞ്ചര ലക്ഷം രൂപ. മതേതര ഇന്ത്യയുടെ ഐക്കണ്‍ എന്ന് രാജ്യാന്തര മാധ്യമങ്ങള്‍ വിശേഷിപ്പിച്ചയാള്‍. മുഹമ്മദ് ദീപക് എന്ന ദീപക് കുമാര്‍.

ഒരാള്‍ തന്നെ സ്വയം പരിചയപ്പെടുത്തുന്നത് ഒരു രാഷ്ട്രീയ പ്രസ്താവനയായി മാറുന്നത് എങ്ങനെയാണ്? അതാണ് മുഹമ്മദ് ദീപക് എന്ന പേരില്‍ സ്വയം പരിചയപ്പെടുത്തിയതിലൂടെ ദീപക് കുമാര്‍ എന്ന ജിം ട്രെയിനര്‍ ചെയ്തത്. അതിന് അയാള്‍ക്ക് പലതും നഷ്ടപ്പെടുത്തേണ്ടി വന്നു. 150 പേരോളമുണ്ടായിരുന്ന അയാളുടെ ഹള്‍ക്ക് ജിമ്മില്‍ ഇപ്പോഴുള്ളത് വെറും 15 പേര്‍ മാത്രം. ഹിന്ദു രക്ഷാദള്‍ എന്ന തീവ്ര വലതുപക്ഷ സംഘടന അയാള്‍ക്കെതിരെ വധഭീഷണി മുഴക്കുകയാണ്. അയാളുടെ തലക്ക് അഞ്ചര ലക്ഷം രൂപ വിലയിട്ടിരിക്കുകയാണ് ആ സംഘടനയുടെ നേതാവ്. പക്ഷേ രാജ്യത്ത് മതേതരത്വം നിലനില്‍ക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നവരില്‍ പലരും അയാള്‍ക്ക് ഐക്യദാര്‍ഢ്യവുമായി വന്നിട്ടുണ്ട്. സുപ്രീം കോടതിയിലെ ഇരുപത്തഞ്ച് അഭിഭാഷകര്‍ അയാളുടെ ജിമ്മില്‍ വാര്‍ഷികക മെംബര്‍ഷിപ്പ് എടുത്തു. കോട്ദ്വാറിലെ ജനങ്ങളില്‍ ആര്‍ക്കെങ്കിലും ജിമ്മിലെ വരിസംഖ്യ അടക്കാന്‍ പ്രയാസമുണ്ടെങ്കില്‍ അത് നല്‍കാനും ദീപക്കിന് സൗജന്യമായി നിയമസഹായം നല്‍കാനും അവര്‍ തീരുമാനിച്ചിരിക്കുന്നു. ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി അയാളെ പിന്തുണച്ചുകൊണ്ട് നേരത്തെ രംഗത്തെത്തിയിരുന്നു. കൂടുതല്‍ ദീപക്കുമാര്‍ ഉയര്‍ന്നു വരണമെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. ജോണ്‍ ബ്രിട്ടാസ് എംപി ജിമ്മില്‍ നേരിട്ടെത്തി മെംബര്‍ഷിപ്പ് എടുത്തിരുന്നു. എന്തുകൊണ്ടാണ് മുഹമ്മദ് ദീപക് എന്ന ആ പരിചയപ്പെടുത്തല്‍ ഒരു പ്രതീക്ഷയാകുന്നത്?

ജനുവരി 26ന് റിപ്പബ്ലിക് ദിനത്തില്‍ ഉത്തരാഖണ്ഡിലെ കോട്ദ്വാറിലെ ബാബ സ്‌കൂള്‍ ഡ്രസ് എന്ന കടക്ക് മുന്നിലാണ് ആ സംഭവം നടന്നത്. ബ സ്‌കൂള്‍ ഡ്രസ് ആ തെരുവില്‍ 30 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചു വരുന്ന കടയാണ്. പാര്‍ക്കിന്‍സണ്‍സ് രോഗിയായ വക്കീല്‍ അഹമ്മദ് എന്ന എഴുപത് കാരനാണ് അതിന്റെ ഉടമ. ആ കടയുടെ പേര് ഉടന്‍ തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ കൂട്ടമായി എത്തി. അവര്‍ വക്കീല്‍ അഹമ്മദിനെ ഭീഷണിപ്പെടുത്തി. കോട്ദ്വാറില്‍ സിദ്ധബലി ബാബ എന്ന ഒരു ഹനുമാന്‍ ക്ഷേത്രമുണ്ടെന്നും ബാബ എന്ന് അറിയപ്പെടേണ്ടത് ആ ക്ഷേത്രം മാത്രമാണെന്നുമാണ് അവര്‍ പറഞ്ഞത്. ഹിന്ദുക്കള്‍ക്ക് മാത്രമേ ആ പേര് ഉപയോഗിക്കാന്‍ അവകാശമുള്ളു എന്നും. അതിക്രമികളുടെ സ്വരം ഭീഷണിയുടേതായിരുന്നു. അവിടെയാണ് ദീപക് ഇടപെട്ടത്. അയാള്‍ സംഘത്തെ എതിര്‍ത്തു. മറ്റുള്ളവര്‍ക്ക് ബാബ എന്ന് ഉപയോഗിക്കാമെങ്കില്‍ വക്കീല്‍ അഹമ്മദിന് എന്തുകൊണ്ട് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് അയാള്‍ ചോദിച്ചു. അത് ചോദിക്കാന്‍ നിങ്ങളാരാണെന്ന അതിക്രമികളുടെ ചോദ്യത്തിന് മറുപടിയായാണ് ദീപക് തന്റെ പേര് മുഹമ്മദ് ദീപക് എന്ന് പറഞ്ഞത്. സംഘത്തിന് മടങ്ങേണ്ടിവന്നു.

മുഹമ്മദ് ദീപക് എന്ന പേര് എന്തുകൊണ്ട് ഹിന്ദുത്വക്ക് ഷോക്ക് ട്രീറ്റ്‌മെന്റാകുന്നു?
തൃശൂരില്‍ സുരേഷ് ഗോപി ഫാക്ടര്‍ ഇനി വര്‍ക്കാകുമോ? POLLPOINT

ഈ സംഭവത്തിന്റെ വീഡിയോ വൈറലായി. ദേശീയ തലത്തില്‍ മാത്രമല്ല, രാജ്യാന്തര തലത്തിലും ദീപക് ശ്രദ്ധിക്കപ്പെട്ടു. പക്ഷേ അതിന് ശേഷം ദീപക്കിന്റെ വീട് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ വളഞ്ഞു. ആക്രമിക്കാന്‍ ശ്രമമുണ്ടായി. അതിനെ ദീപക് എതിര്‍ത്തു. പൊലീസില്‍ അയാള്‍ പരാതി നല്‍കിയെങ്കിലും എഫ്‌ഐആറില്‍ അക്രമികളുടെ ആരുടെയും പേരുണ്ടായിരുന്നില്ല. കണ്ടാല്‍ അറിയാവുന്നവരുടെ പേരില്‍ മാത്രമായിരുന്നു കേസ്. ബജ്രംഗ്ദള്‍ നല്‍കിയ പരാതിയില്‍ അവരെ ആക്രമിച്ചു എന്ന പേരില്‍ ദീപക്കിനെതിരെ കേസെടുക്കുകയും ചെയ്തു. ജനുവരി 29ന് ദീപക് തന്റെ നിലപാട് ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയിരുന്നു. ഞാന്‍ ഒരു ഹിന്ദുവോ, മുസ്ലീമോ സിഖോ ക്രിസ്ത്യനോ അല്ല, ഒരു സാധാരണ മനുഷ്യനാണ് എന്നായിരുന്നു അയാള്‍ പറഞ്ഞത്.

മുഹമ്മദ് ദീപക് എന്ന പേര് എന്തുകൊണ്ട് ഹിന്ദുത്വക്ക് ഷോക്ക് ട്രീറ്റ്‌മെന്റാകുന്നു?
ജമാഅത്തെ ഇസ്ലാമി ബന്ധം യുഡിഎഫിന് നേട്ടമാകുമോ? POLLPOINT

റിപ്പബ്ലിക് ദിനത്തിലെ ആ സംഭവത്തോടെ ദീപക്കിന്റെ ജീവിതം അപ്പാടെ മാറി. അയാള്‍ ചിലര്‍ക്ക് വര്‍ഗ്ഗ വഞ്ചകനായി മാറി. സോഷ്യല്‍ മീഡിയയിലും ഫോണിലുമായി അയാള്‍ക്കെതിരെ വധഭീഷണികള്‍ വന്നു. ജിം അടച്ചിടേണ്ടി വന്നു. വരുമാനം ഇല്ലാതായി. ദീപക്കിന്റെ പതിനഞ്ചാമത്തെ വയസില്‍ അച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന് അമ്മ നടത്തി വന്ന ചായക്കടയിലെ വരുമാനം മാത്രമായി കുടുംബത്തിന്റെ ആശ്രയം. ജിമ്മില്‍ വരാന്‍ ആളുകള്‍ക്ക് ഭയമായിരുന്നു എന്നതാണ് വാസ്തവം. ഈ ബുദ്ധിമുട്ടുകള്‍ക്കിടയിലും ദീപക് കുമാര്‍ അയാളുടെ നിലപാടുകൾ ഉറച്ച് പറയുകയാണ്. മതേതതരത്വം എന്ന ആശയത്തിന്റെ ഐക്കണായി മാറുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in