വൈകുന്നതിലെ അനീതി, എന്തുകൊണ്ട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണം?

Hema committee report

Hema committee report

2020ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള അവാര്‍ഡ് സ്വീകരിച്ച് സംസാരിക്കുമ്പോള്‍, നടി കനി കുസൃതി തന്റെ നേട്ടം മലയാളത്തിലെ ആദ്യ നായികയായ പി.കെ റോസിക്ക് സമര്‍പ്പിക്കുകയുണ്ടായി. മലയാള സിനിമാചരിത്രം അറിയാവുന്ന ഏതൊരു മനുഷ്യനും റോസിയുടെ ദുരവസ്ഥ അന്യമല്ല. തിരശ്ശീലയില്‍ ഒരു സവര്‍ണസ്ത്രീയായി വേഷമിട്ടു എന്നതുകൊണ്ടുമാത്രം സമൂഹത്തില്‍ നിന്നും ശാരീരിക-മാനസിക പീഡകള്‍ അനുഭവിക്കുകയും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട് നാടുവിടേണ്ടി വരുകയും ചെയ്ത നടിയാണ് ശ്രീമതി റോസി. അവരെപ്പറ്റിനടന്ന സമീപകാല പഠനങ്ങള്‍ (ബിന്ദു മേനോന്‍(2017), മഞ്ജു എടച്ചിറ(2020))മുഖ്യധാരാ രാഷ്ട്രീയത്തോടു സംവദിക്കാന്‍ കെല്‍പ്പുള്ള മുനമൂര്‍ച്ചയുള്ള അമ്പുകളാണ്. മേല്‍പറഞ്ഞ പഠനങ്ങളെല്ലാം സിനിമയിലെ തുല്യപങ്കാളിത്തത്തിനുവേണ്ടി ശ്രമിക്കുന്ന അവര്‍ണര്‍ക്കു മുന്നില്‍, ചോദ്യചിഹ്നങ്ങളായി നിലകൊള്ളുന്ന ജാതീയ പാര്‍ശ്വവല്‍ക്കരണത്തോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. ഒറ്റനോട്ടത്തില്‍ വിവേചനമില്ലാത്ത തൊഴിലിടമെന്ന തോന്നലുളവാക്കുമെങ്കിലും സിനിമയില്‍ തൊഴില്‍ ചെയ്യുന്നവരെല്ലാം ഒരു അപ്രഖ്യാപിത അധികാരാക്രമത്തിന് കീഴെ അനുസരണയുള്ളവരായി നില്‍ക്കുന്നവരാണ്.

Hema committee report

ഹേമ കമ്മിറ്റിക്കായി സര്‍ക്കാര്‍ ചെലവിട്ടത് ഒരു കോടി പത്ത് ലക്ഷത്തിലേറെ, പൂഴ്ത്തിവച്ച റിപ്പോര്‍ട്ടിന്റെ ചെലവ് പുറത്ത്

Hema committee report

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മാത്രമല്ല, ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയെന്ന വാഗ്ദാനവും സര്‍ക്കാര്‍ ഫയലില്‍ ഉറക്കത്തിലാണ്

മലയാള സിനിമാ ചരിത്രത്തിലൂടെ കടന്നുപോകുമ്പോള്‍ മുഖ്യധാര സിനിമകളില്‍ സ്ത്രീകളുടെയും ജാതിവ്യവസ്ഥയുടെയും പ്രാമുഖ്യമില്ലായ്മ ശ്രദ്ധിക്കുന്നവരില്‍ നിശ്ചയമായും ഒരു ചോദ്യമുയരും. വളരെയധികം പുരോഗതി കൈവരിച്ചു എന്ന അവകാശ വാദമുഖങ്ങള്‍ക്കിടയിലും എന്തിനാണ് പഴഞ്ചനായ ഒരു വ്യവസ്ഥിതിയെ ഇനിയും ആശ്ലേഷിച്ചുപോരുന്നത്? എന്തു വിലകൊടുത്തും സംരക്ഷിച്ചുപോരുന്ന ഈ വ്യവസ്ഥിതിയുടെ ഗുണഭോക്താക്കളാരാണ്? റോസിയുടെ ജീവിതം, ജീവചരിത്രവും നോവലുകളും ആകുമ്പോള്‍ ഭയലേശമന്യേ അവരെ ഉപദ്രവിച്ചവരില്‍, സവര്‍ണഅധീശത്വം സാധാരണമായി ചിത്രീകരിക്കുന്ന പൊതുബോധം വ്യക്തമാകുന്നു. ഇരട്ട പാര്‍ശ്വവല്‍ക്കരണത്തിന് ഇരയായ റോസി എന്ന ദലിത് നടിക്ക് കനി കുസൃതി നടത്തിയ സമര്‍പ്പണം മലയാള സിനിമയിലെ വിവേചനങ്ങളുടെ നാള്‍വഴികള്‍ തുറക്കാന്‍ ഒരു അവസരമാവുകയായിരുന്നു.

പലപ്പോഴായി നല്‍കിയ അഭിമുഖങ്ങളിലൂടെ മലയാള സിനിമയിലെ എഴുതപ്പെടാത്ത സൗന്ദര്യസങ്കല്‍പ്പങ്ങളെപ്പറ്റിയും, നിലനില്‍ക്കുന്ന വാണിജ്യ വ്യവസ്ഥകള്‍ സിനിമയില്‍ ശോഭിക്കാനാഗ്രഹിക്കുന്ന വ്യക്തികളെ എങ്ങനെയൊക്കെ ബാധിക്കുന്നു എന്നും കനി കുസൃതി സംസാരിച്ചു. വ്യവസ്ഥിതിയിലെ ആണധികാരത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് നായികമാരുടെ അഭിനയകാലഘട്ടത്തിന്റെ ദൈര്‍ഘ്യമില്ലായ്മയും സിനിമയുടെ വാണിജ്യവിജയത്തിലും സാറ്റ്ലൈറ്റ് വിപണി നിര്‍ണയത്തിലുമുള്ള നായകന്മാരുടെ പ്രാമുഖ്യവുമാണ്. സിനിമാ മേഖലയിലെ അനുഭവത്തെപ്പറ്റി തിരക്കിയപ്പോള്‍ ഒരു പുതുമുഖനടി പറഞ്ഞതിങ്ങനെ, ''സിനിമയില്‍ അവസരങ്ങള്‍ ലഭിക്കണമെങ്കില്‍ ആരുടേയും നീരസം സമ്പാദിക്കാന്‍ പാടില്ല. പ്രതിഫലത്തെപ്പറ്റിയൊ അഭിനയിക്കാന്‍ പോകുന്ന സിനിമയുടെ തിരക്കഥയെപ്പറ്റിയോ ചോദിക്കുകയോ അവകാശങ്ങളെകുറിച്ച് സംസാരിക്കുകയോ ചെയ്താല്‍ സിനിമാവാതില്‍ നമുക്കുമുന്നില്‍ എന്നെന്നേയ്ക്കുമായി അടയും'' ആണധികാരം കുടികൊള്ളുന്ന ഒരു തൊഴിലിടത്തില്‍, സ്ത്രീ ഏതൊരു ''നിബന്ധനയ്ക്കും'' വശംവദയാകണം എന്നൊരു അലിഖിത നിയമം നിലനില്‍ക്കുന്നുണ്ട്. സിനിമാ വ്യവസായം ചിട്ടപ്പെടുത്തിയ ചങ്ങാത്തസ്ഥാപനങ്ങളില്‍ പെട്ടെന്ന് ഇണങ്ങാത്ത നടിമാരെല്ലാം പ്രശ്നക്കാരായി ചിത്രീകരിക്കപ്പെടുന്നു. ഇത്തരക്കാര്‍ തങ്ങളുടെ പ്രത്യക്ഷ രാഷ്ട്രീയ നിലപാടുകളാല്‍ വേറിട്ടുനില്‍ക്കുകയും ചെയ്യുന്നു. ഫെമിനിസത്തെപ്പറ്റിയുള്ള സമൂഹത്തിന്റെ തെറ്റിദ്ധാരണകള്‍ മൂലം ഇവര്‍ നിലവിലുള്ള സാമൂഹിക ജീവിതസാഹചര്യങ്ങള്‍ക്ക് വിലങ്ങുതടികളാണെന്ന അഭിപ്രായം രൂപപ്പെടുകയും, ശരിയായ മാതൃക എന്ന വ്യാജേന കുലസ്ത്രീനായികമാര്‍ ഉണ്ടാവുകയും ചെയ്തു. ഏവര്‍ക്കും സ്വീകാര്യരായ നടിമാര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ പരസ്യചിത്രങ്ങള്‍, ഫോട്ടോഷൂട്ടുകള്‍, തല്‍ഫലമായി സാമ്പത്തികനേട്ടം എന്നിവ ഉണ്ടാകുകയും മറ്റുള്ളവര്‍ നഷ്ടങ്ങള്‍ നേരിടുകയും ചെയ്യും.

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ലിംഗ സംബന്ധമായ മുന്‍വിധികളേക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചത് 1930 ല്‍ നടന്ന ശാന്ത ആപ്തെയുടെ സമരമാണ്. പ്രഭാത് സ്റ്റുഡിയോയുടെ മുന്നില്‍ നടന്ന നിരാഹാര സത്യാഗ്രഹം പൊതുശ്രദ്ധ ആകര്‍ഷിക്കാനും സ്റ്റുഡിയോയ്ക്ക് മാനഹാനി വരുത്താനും നടത്തിയ നാടകമായി വ്യാഖ്യാനിക്കപ്പെട്ടു. 1930 ന് ശേഷം ഇന്നുവരെ പലതും മാറി എങ്കിലും സ്ത്രീകളെകുറിച്ചുള്ള മുന്‍വിധികള്‍ ഇന്നും അതുപോലെ നിലനില്‍ക്കുന്നു. സമകാലികാവസ്ഥ മനസ്സിലാക്കുവാന്‍ സുശാന്ത് സിംഗ് രജ്പുത് മരിച്ച സംഭവത്തില്‍ റിയ ചക്രബര്‍ത്തി നേരിട്ട ആക്രമണങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും. പുരുഷകേന്ദ്രീകൃത സമൂഹത്തിന്റെ സ്ഥാപിത താല്‍പര്യങ്ങള്‍ക്കെതിരെ നില്‍ക്കുന്ന സ്ത്രീകളെ സൈബര്‍ ആക്രമണങ്ങളിലൂടെയും മാധ്യമവിചാരണയിലൂടെയും പൊതുവിലയിരുത്തലിന് എറിഞ്ഞുകൊടുക്കുന്ന കാഴ്ചകള്‍ അസാധാരണമല്ല. ആപ്തെയുടെ പ്രതിഷേധം സ്റ്റുഡിയോയിലെ കരാര്‍ ജോലിയില്‍ നിന്നു മാറി സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവകാശത്തിന് വേണ്ടിയായിരുന്നെങ്കില്‍, 2018ല്‍ തെലുങ്ക് നടി ശ്രീ റെഡ്ഡി തനിക്കെതിരെ നടന്ന പീഡനങ്ങള്‍ക്കെതിരെ ഫിലിം ചേംബര്‍ ഓഫ് കോമേഴ്സിന് മുന്നില്‍ മേല്‍വസ്ത്രം ഉപേക്ഷിച്ചാണു പ്രതിഷേധിച്ചത്. ഈ രണ്ടു പ്രതിഷേധങ്ങളെയും ഒരു കൂരക്ക് കീഴില്‍ കൊണ്ടുവരാനാകില്ല. ആപ്തെക്ക് തന്റെ താരപദവികൊണ്ട് കൂടുതല്‍ പൊതുജനശ്രദ്ധ ആകര്‍ഷിക്കാന്‍ സാധിച്ചു എങ്കില്‍ ശ്രീ റെഡ്ഡിയെ പൊതുജനമധ്യത്തില്‍ താറടിച്ച് പ്രശ്നക്കാരി എന്നു മുദ്രകുത്തുകയാണ് ഉണ്ടായത്. ഈ ഇരട്ടത്താപ്പ് 2017 ല്‍ ഡബ്ല്യു.സി.സി രൂപം കൊണ്ടതിനു ശേഷം സിനിമാമേഖലയില്‍ നിന്നുണ്ടായ പ്രതികരണങ്ങളിലും തെളിഞ്ഞുകാണാം.

ഏപ്രില്‍ 2021ല്‍ അമേരിക്കന്‍ വിനോദ വ്യവസായ സംഘടനയായ SAG-AFTRA ലൈംഗികാതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനായി 'സേഫ് പ്ലേസ്' എന്ന പേരില്‍ ഒരു ഡിജിറ്റല്‍ ഫോറം ആരംഭിച്ചു. ലഭിക്കുന്ന പരാതികളുടെ സ്വഭാവം നിര്‍ണ്ണയിക്കുക, തുടര്‍ച്ചയായി അതിക്രമങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തികളെ എളുപ്പത്തില്‍ കണ്ടെത്തുക എന്നിങ്ങനെയായിരുന്നു ഈ സംരംഭത്തിന്റെ ഉദ്ദേശ്യം. ലോകമെങ്ങും വന്‍ അലകളുയര്‍ത്തിയ 'മീടൂ' സമരങ്ങളുടെ തുടര്‍ച്ചയായി അമേരിക്കയില്‍, അനിത ഹില്‍ നേതൃത്വം കൊടുത്ത ഹോളിവുഡ് കമ്മിഷന്‍, മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചപ്പോള്‍, ഇന്ത്യ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയാണുണ്ടായത്. ഉദാഹരണത്തിന് 2017 ല്‍ കേരളത്തില്‍ നടന്ന നടി ആക്രമിക്കപ്പെട്ട സംഭവവും തുടര്‍ന്ന് ഡബ്ല്യുസിസി രൂപം കൊണ്ടതിനു ശേഷം സിനിമാമേഖലയില്‍ നിന്നുണ്ടായ പ്രതികരണങ്ങളും ശ്രദ്ധിച്ചാല്‍ മതിയാകും. ആക്രമിക്കപ്പെട്ട നടിയും സംഭവത്തിന്റെ മുഖ്യ ആസൂത്രകന്‍ എന്നു കരുതുന്ന നടനും സിനിമസംഘടനയായ എ എം എം എ യുടെ ഭാഗമായിയിരുന്നിട്ട് കൂടി സംഘടന നടന് പരസ്യമായിതന്നെ പിന്തുണ പ്രഖ്യാപിച്ചു

ഡബ്ല്യു.സി.സി രൂപീകരിച്ച് അധികം വൈകാതെ, നടന്മാരുടെ സംഘടനയായ എ.എം.എം.എയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പരിപാടിയില്‍ ഡബ്ല്യു.സി.സിയെ ഇകഴ്ത്തുവാനുള്ള ശ്രമം കണ്ടു. സ്ത്രീകളുടെ ലിംഗ-തൊഴില്‍ സംരക്ഷണം, സ്ത്രീശാക്തീകരണം എന്നീ ലക്ഷ്യങ്ങള്‍ക്കായി രൂപീകരിക്കപ്പെട്ട ഡബ്ല്യു.സി.സിയെ, പക്വതയില്ലാത്ത, തങ്ങളുടെ ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ ശേഷിയില്ലാത്ത സ്ത്രീകളായാണ് എ.എം.എം.എ ചിത്രീകരിച്ചത്. 'വാട്സാപ് സ്ത്രീ ശാക്തീകരണ കൂട്ടായ്മ' എന്ന സംഘടനയുടെ ലോഗോയില്‍ പൊങ്ങച്ചസഞ്ചിയും, കണ്ണടയും ലിപ്സ്റ്റിക്കുമെല്ലാം കാണിച്ചതുവഴി, നടിമാരെ കേവലം 'സൊസൈറ്റി ലേഡീ'മാരെന്ന വികലമായ ആശയത്തിലേക്ക് ചുരുക്കുകയാണവര്‍ ചെയ്തത്. സ്‌കിറ്റിലെ സംഘടനയുടെ പ്രസിഡന്റ് നടത്തുന്ന സ്വാഗതപ്രസംഗം യുക്തിരഹിതമായ വാക്കുകളുടെ പ്രവാഹം ആയി അവസാനം നന്ദി പ്രകടനം പോലെ അവസാനിക്കുന്നു. മലയാള സിനിമയിലെ താര രാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും ഈ ആക്ഷേപഹാസ്യത്തിന്റെ ഭാഗമാവുകയും സ്ത്രീകള്‍ അവരെ പൊതിയുകയും ചെയ്യുന്നതിലൂടെ പൊതുജനമധ്യത്തില്‍ ഇതിന് കൂടുതല്‍ സ്വീകാര്യത ലഭിച്ചു. ഈ നിരന്തര ആക്ഷേപത്തിന്റെ കാഠിന്യം കുറയ്ക്കുവാന്‍ എന്നോണം അവസാനത്തില്‍ തന്റെ പ്രസംഗത്തിനിടെ ഭാര്യയെ അധിക്ഷേപിക്കുന്ന മുഖ്യാതിഥിയെ അംഗങ്ങള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്ന രംഗം ചേര്‍ത്തിട്ടുണ്ട്. എന്നിരുന്നാലും കാണികളില്‍ ഈ തിരക്കഥയ്ക്ക് വലിയ സ്വാധീനം ചെലുത്താന്‍ ശേഷിയുണ്ട്.

അമ്മ
അമ്മ amma new office

റിബിന്‍ കരീം എ.എം.എം.എയുടെ പരിപാടിയെ ആസ്പദമാക്കി ''പുരുഷകേസരികളെ, നിങ്ങളുടെ തൊലിക്കട്ടി അപാരം, അമ്മ മഴവില്ലിന്റെ ഭാഗമായുണ്ടായ തരംതാഴ്ന്ന സ്‌കിറ്റിനെ ആധാരമാക്കി എഴുതുന്നത്'' എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ ഈ പരിപാടിയെ അങ്ങേയറ്റം സ്ത്രീ വിരുദ്ധം എന്നു വിമര്‍ശിച്ചിരിക്കുന്നതു കൂടാതെ സ്ത്രീശാക്തീകരണ പ്രസ്ഥാനങ്ങള്‍ പരദൂഷണത്തിനുള്ള ഇടം മാത്രമായി കാണുകയും സ്ത്രീകള്‍ക്ക് പാചക പരീക്ഷണങ്ങളും തുന്നലും ആണ് മികച്ചത് എന്ന് അടയാളപ്പെടുത്തുകയുമാണ് സ്‌കിറ്റിലൂടെ അവര്‍ ചെയ്തത് എന്ന് ചൂണ്ടിക്കാണിക്കുന്നു.

ഡബ്ല്യു.സി.സി എന്ന സംഘടനയുടെ രൂപീകരണത്തിലേക്ക് നയിച്ച കാരണങ്ങളെപ്പറ്റി നാം ബോധവന്മാരായതിനാല്‍ തന്നെ അതിനെതിരെ വരുന്ന വിമര്‍ശനങ്ങള്‍, സ്ത്രീയെ വികാരാധീനരായും നേതൃപാടവം ഇല്ലാത്തവരായും കാണുന്ന പുരുഷാധിപത്യത്തിന്റെ സൃഷ്ടികളാണ് എന്നു മനസിലാക്കാം.

തൊഴിലിടത്തെ സ്ത്രീ പീഡന നിരോധന നിയമം വ്യവസ്ഥ ചെയ്യുന്നതുപോലെ സിനിമക്കുള്ളില്‍തന്നെ ഒരു പരാതി നിര്‍വാഹകസമിതി തുടങ്ങുക വഴി സമാനമായ കേസുകളില്‍ പരാതികള്‍ സമര്‍പ്പിക്കുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക എന്നതാണ് ഡബ്ല്യു.സി.സി മുന്നോട്ട് വെച്ച ആവശ്യം. മലയാളസിനിമയില്‍ ഇതുവരെ ഇത്തരം ഒരു കമ്മിറ്റി സ്ഥാപിതമായില്ല എന്നതുകൊണ്ടുതന്നെ ഫെഫ്ക, എ.എം.എം.എ, എന്നീ സംഘടനകള്‍ പരാതിപരിഹാരത്തിന് സമാനമായ രീതികള്‍ വരുംകാലങ്ങളില്‍ കൊണ്ടുവന്നേക്കാം എന്ന് സമാശ്വസിക്കാം. ഇതിനോടൊപ്പം തന്നെ പരിഹാരം കാണേണ്ട വിഷയമാണ് നടിമാര്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങള്‍. സമൂഹത്തിന്റെ സദാചാരബോധത്തിന് വിലങ്ങായാലും ഇല്ലെങ്കിലും നടിമാരുടെ പിന്നാലെ ട്രോളുകളും ഫാന്‍സും അണിനിരക്കുകയാണ്. ഉദാഹരണത്തിന് തങ്ങള്‍ നേരിട്ട പീഡനങ്ങളെപ്പറ്റി തുറന്നു പറയുമ്പോള്‍ ഒറ്റപ്പെടുന്ന, വാര്‍ത്താസമ്മേളനത്തിനിടെ പീഡകരുടെ പേരുകള്‍ തുറന്നു പറയാന്‍ പത്രക്കാരുടെ സമ്മര്‍ദത്തിനു അടിപ്പെടുന്ന നടിമാര്‍ നമുക്കുമുന്നിലുണ്ട്. ഇതേ പത്രപ്രവര്‍ത്തകര്‍ അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ ഇതേ ആര്‍ജവത്തോടെ ചോദ്യങ്ങള്‍ ചോദിക്കുമോ എന്നു നമ്മള്‍ അത്ഭുതപ്പെടും.

കേരള പോലീസ് ആക്ട് 118 എ, സൈബര്‍ ആക്രമണങ്ങള്‍ തടയാനുള്ള നിയമഭേദഗതി, ചര്‍ച്ചകള്‍ക്കൊപ്പം വലിയ ആശയകുഴപ്പങ്ങള്‍ക്കും വഴിവെച്ചു. ഗുണങ്ങള്‍ അനവധിയുള്ള ഒന്നാണ് ഈ മാറ്റം എങ്കിലും ആക്രമണം നേരിട്ട വ്യക്തിക്കല്ലാതെ ആര്‍ക്ക് വേണമെങ്കിലും പരാതി കൊടുക്കാം എന്നത് ഒരുപാട് ദുരുപയോഗങ്ങള്‍ക്ക് വഴി വെക്കും. മോശമായി ഉപയോഗിക്കപ്പെട്ടാല്‍ ഒരുപക്ഷേ അഭിപ്രായ സ്വതന്ത്ര്യത്തിന് പോലും ഇത് വിലങ്ങുതടി ആയേക്കാം എന്നതിനാല്‍ ഇത് വലിയതോതില്‍ ചര്‍ച്ച അര്‍ഹിക്കുന്നു.

മലയാള സിനിമയിലെ ലിംഗ ചര്‍ച്ചകള്‍ക്കിടയിലെ മറ്റൊരു സുപ്രധാന ഏടാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. 2017ല്‍ സംസ്ഥാന സര്‍ക്കാര്‍ മലയാള സിനിമയിലെ സ്ത്രീകളുടെ സുരക്ഷ, ശമ്പളം, തൊഴില്‍ സാഹചര്യങ്ങള്‍ തുടങ്ങിയവ മെച്ചപ്പെടുത്താന്‍ റിട്ടയെര്‍ഡ് ജസ്റ്റിസ് ഹേമ നേതൃത്വം കൊടുക്കുന്ന ഒരു മൂന്നംഗ കമ്മിറ്റി രൂപീകരിച്ചു. 2019 ഡിസംബറില്‍ ഹേമ കമ്മിറ്റി സര്‍ക്കാര്‍ മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ഇതുവരെ അത് വെളിച്ചം കണ്ടിട്ടില്ല. ലൈംഗീകാക്രമണത്തിന്റെ തെളിവുകള്‍ റിപ്പോര്‍ട്ടിലുണ്ട് എന്നതിനാല്‍ മുഴുവന്‍ പരസ്യപ്പെടുത്താന്‍ കഴിയില്ല എന്ന് കമ്മിറ്റി പറയുമ്പോഴും അവ ഒഴിവാക്കി മറ്റ് പ്രസക്തമായ ഭാഗങ്ങള്‍ പരസ്യപ്പെടുത്തിക്കൂടെ എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു. സിനിമാമേഖലയെ സ്ത്രീസൗഹൃദ മേഖലയാക്കാന്‍ വേണ്ടുന്ന അഴിച്ചുപണിക്ക്, കമ്മിറ്റി ശേഖരിച്ച തെളിവുകള്‍ അത്യാവശ്യമാണ് എന്നിരിക്കെ അത് പരസ്യപ്പെടുത്താത്തത് കടുത്ത അനീതിയാകുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകാന്‍ അടിസ്ഥാന സൗകര്യങ്ങള്‍, സാമ്പത്തിക സഹായങ്ങള്‍ എന്നിവയ്ക്കൊപ്പം തൊഴിലിടത്തെ സുരക്ഷയും അനിവാര്യമാണ്. തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സിനിമാ റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കുക എന്നത് സ്വീകാര്യമായ ഒരു ആശയമാണ് എന്നിരിക്കേത്തന്നെ സര്‍ക്കാര്‍ എത്ര ശ്രദ്ധ അതിനു നല്‍കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ വിജയം എന്നും പറയാതെ വയ്യ.

ഡബ്ല്യുസിസി തുടക്കം കുറിച്ച സര്‍വേ അല്ലാതെ മറ്റൊരു കണക്കുകളും സിനിമയിലെ വേതനത്തെപ്പറ്റിയോ തൊഴിലവസരങ്ങളെപ്പറ്റിയോ ലിംഗനീതിയെ പറ്റിയോ ലഭ്യമല്ലാത്തതിനാല്‍ ഈ വിഷയങ്ങളെ പറ്റി ആധികാരികമായി സംസാരിക്കാന്‍ സിനിമരംഗത്തുള്ളവര്ക്ക് ഇനിയും അവസരങ്ങള്‍ ഉണ്ടാകാന്‍ പ്രത്യാശിക്കുന്നു.

ഒരുപക്ഷേ അത്തരത്തിലൊരു സര്‍വെ മൂലം ഈ മേഖലയില്‍, എങ്ങനെയാണ് തൊഴിലഭ്യാസമെന്ന പേരിലും വേതനമില്ലാതെയും ചൂഷണങ്ങള്‍ നടന്നിരുന്നതെന്ന് വ്യക്തമാകും. ഈ വിഷയങ്ങളെ പറ്റി ആധികാരികമായി സംസാരിക്കാന്‍ സിനിമാരംഗത്തുള്ളവര്ക്ക് ഇനി മേലും അവസരങ്ങള്‍ ഉണ്ടാകാന്‍ പ്രത്യാശിക്കുന്നു. മുന്നോട്ടുളള ഓരോ ചുവടിലും നാം ഓര്‍മിക്കേണ്ടത്,പ്രശ്‌നം തൊഴിലിന്റെയൊ ലിംഗ സമത്വത്തിന്റെയോ അല്ല മറിച്ച് ഇവ രണ്ടും ചേര്‍ന്നതാണ് എന്നതാണ്. ഓട്രേ ലോര്‍ഡിന്റെ, ''നമുക്ക് ഏക വിഷയ സംഘര്‍ഷങ്ങളില്ല,എന്തെന്നാല്‍ നമ്മള്‍ ജീവിക്കുന്നത് ഏക വിഷയ ജീവിതവുമല്ല'' എന്ന വചനം പോലെ...

പരിഭാഷ: ശില്‍പ്പ ടി.അനിരുദ്ധ്

Hema committee report

ഹേമ കമ്മീഷന്‍ റിപ്പോർട്ട് എന്തായെന്ന് അവർക്ക് ചോദിച്ചൂടേ? Parvathy Thiruvothu Interview

Related Stories

No stories found.
logo
The Cue
www.thecue.in