കുറ്റവിമുക്തനാക്കപ്പെട്ട ഫ്രാങ്കോ വിശുദ്ധനായോ?; അപ്പീലിലെ സാധ്യതകള്‍ എന്താണ്

കുറ്റവിമുക്തനാക്കപ്പെട്ട ഫ്രാങ്കോ വിശുദ്ധനായോ?; അപ്പീലിലെ സാധ്യതകള്‍ എന്താണ്

ബലാത്സംഗം ചെയ്തുവെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെയുള്ള അപ്പീലിന്റെ സാധ്യതകള്‍ സജീവ ചര്‍ച്ചയാണ്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍, അന്യായമായി തടവില്‍ വെയ്ക്കല്‍ തുടങ്ങി ചുമത്തിയ ഏഴ് വകുപ്പുകളില്‍ നിന്നാണ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയത്. ബലാത്സംഗം കേസിലെ അതിജീവിതയുടെ മൊഴി മുഖവിലയ്ക്കെടുത്ത് പ്രതിയെ ശിക്ഷിക്കാമെന്നതാണ് മുന്‍കാല വിധികള്‍. എന്നാല്‍ അതിജീവിതയുടെ മൊഴികളില്‍ നിന്നും നെല്ലും പതിരും വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്നില്ലെന്നും വിശ്വാസ്യയോഗ്യമല്ലെന്നും അപ്പാടെ തള്ളിക്കളയേണ്ടതാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടിരിക്കുന്നത്. തനിക്ക് നേരെ വര്‍ഷങ്ങളായി നടന്ന അതിക്രമത്തെക്കുറിച്ച്, ക്രിസ്ത്യന്‍ സഭയുടെ ചട്ടക്കൂടുകളുടെ പരിമിതികള്‍ മറികടന്ന് തുറന്ന് പറഞ്ഞ് നീതിക്ക് വേണ്ടി പോരാടിയ കന്യാസ്ത്രീയുടെ പരിമിതികള്‍ കോടതി മനസിലാക്കിയില്ലെന്നാണ് നിയമവിദഗ്ധര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാണിക്കുന്നത്.

ബലാത്സംഗത്തിന്റെ തെളിവുകള്‍ മൊബൈലോ കമ്പ്യൂട്ടറോ അല്ല- കമാല്‍ പാഷ

ഇരയുടെ മൊഴി മുഖവിലയ്ക്കെടുക്കണമെന്ന് സുപ്രീംകോടതി തീരുമാനമുണ്ട്. അടച്ചിട്ട മുറിക്കുള്ളിലാണ്, അല്ലാതെ മൈക്ക് കെട്ടി പറഞ്ഞിട്ടല്ല ആരും ബലാത്സംഗം ചെയ്യാന്‍ പോകുന്നത്. രഹസ്യമായി തന്നെയാണ് ബലാത്സംഗം ചെയ്യുന്നത്. വേട്ടക്കാരന് മാത്രമേ ഇത് അറയുകയുള്ളു. ഇര പറയുന്നത് മുഖവിലയ്ക്കെടുക്കണമെന്ന് പറയുന്നത് ഇതുകൊണ്ടാണ്. അല്ലെങ്കില്‍ ആകാശം ഇടിഞ്ഞു വീണു എന്നത് പോലെയുള്ള കാര്യം പറഞ്ഞാല്‍ അവിശ്വസിക്കാം. സംഭവിക്കാവുന്ന വിവരണം സാക്ഷി കൊടുക്കുകയാണെങ്കില്‍ അത് വിശ്വസിക്കണമെന്നാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. സുപ്രീംകോടതി വിധികളില്‍ നിന്നും വ്യതിചലിച്ചുള്ള തീരുമാനമാണ് ഈ കേസില്‍ ഉണ്ടായിരിക്കുന്നത്. നീതി നിഷേധമാണ്. മാത്രമല്ല പ്രതികരിച്ചതിന്റെ പേരില്‍ കന്യാസ്ത്രീക്കെതിരെ ഒരുപാട് കുറ്റങ്ങളും കോടതി പറഞ്ഞിരിക്കുന്നു. പ്രതികരിക്കാന്‍ പാടില്ല എന്നത് പുരുഷമേധാവിത്വ കാഴ്ചപ്പാടാണ്. സ്ത്രീ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ലെന്ന മനുസ്മൃതിയുടെ കാലം മുതലുള്ളതാണ് ഈ കാഴ്ചപ്പാട്. അത് ഇപ്പോഴും ഉണ്ടെന്നതിന്റെ തെളിവാണിത്. ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ ശബ്ദമുയര്‍ത്തിയില്ല, തടഞ്ഞില്ല എന്നത് സമ്മതിയായി കാണാനാവില്ല. 12 പ്രാവശ്യം തടയാതെ 13 മത്തെ തവണ സ്ത്രീ തന്റെ ദേഹത്ത് തൊടരുത് എന്ന് പറഞ്ഞാല്‍ അത് ബലാത്സംഗമാണ്. മൊബൈലോ കമ്പ്യൂട്ടറോ അല്ല റേപ്പിന്റെ തെളിവുകള്‍. മൊബൈല്‍ വഴി റേപ്പ് ചെയ്യാനാകില്ല. അപ്പീല്‍ നല്‍കിയാല്‍ വലിയ സാധ്യതയുണ്ട്.

കുറ്റവിമുക്തനാക്കപ്പെട്ട ഫ്രാങ്കോ വിശുദ്ധനായോ?; അപ്പീലിലെ സാധ്യതകള്‍ എന്താണ്
ഇതൊരു യുദ്ധമാണ് തളര്‍ന്ന് പിന്‍വാങ്ങരുത്, സ്ത്രീസമൂഹത്തിന്റെ മുഖത്തേറ്റ അടിയാണ് അവര്‍ ആഘോഷിക്കുന്നത്

കീഴ്ക്കോടതി വിധിയില്‍ തീരുന്നില്ല, ഇതൊരു തുടക്കം മാത്രം- എസ്.സുദീപ്, മുന്‍ ജില്ലാ ജഡ്ജി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍ തീര്‍ച്ചയായും നല്‍കണം. ഫ്രാങ്കോയ്ക്ക് കീഴിയിലുള്ള മഠത്തില്‍ ജീവിക്കുന്ന വ്യക്തി എന്ന നിലയില്‍ ഒന്നാം സാക്ഷിക്ക് കാര്യങ്ങള്‍ പുറത്ത് പറയാനുള്ള ബുദ്ധിമുട്ട് മനസിലാക്കി കൊണ്ട് അവരുടെ മൊഴി എന്തുകൊണ്ട് അവിശ്വസിക്കുന്നുവെന്ന് ബോധ്യപ്പെടുത്തി പറയേണ്ടത് കോടതിയാണ്. അത് പറഞ്ഞോ എന്നത് പരിശോധിക്കേണ്ടത് അപ്പീല്‍ കോടതിയാണ്. അപ്പീലില്‍ ഇക്കാര്യങ്ങളെല്ലാം പരിശോധിക്കണം. കീഴ്ക്കോടതി പറഞ്ഞു എന്നത് കൊണ്ട് ആധികാരികമാകണമെന്നില്ലല്ലോ. ഏറ്റവും താഴത്തെ കോടതിയാണ്. മുകളിലേക്ക് രണ്ട് കോടതി കൂടിയുണ്ടല്ലോ.അവിടെ തീരുമാനിക്കേണ്ട കാര്യങ്ങളാണ്. ഇവിടെ തീരുന്നില്ല. ഇതൊരു തുടക്കം മാത്രമാണ്.

മേലധികാരികള്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും തനിക്കെതിരെ നടപടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്നും പറഞ്ഞ് വടക്കേ ഇന്ത്യയില്‍ ജില്ലാ ജഡ്ജി രാജിവെച്ചു. അത്രയും ഉയര്‍ന്ന അധികാര സ്ഥാനത്തിരിക്കുന്ന ആളുടെ സ്ഥിതി ഇങ്ങവെയായിരിക്കുമ്പോള്‍ ഇതുപോലെ ഒരു മതത്തില്‍, സമൂഹവുമായി യാതൊരു ബന്ധവുമില്ലാതെ പ്രതിയുടെ കീഴിയില്‍ ജീവിക്കുന്ന ഒരാളുടെ സ്ഥിതി എന്തായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതല്ലേ. അവര്‍ക്ക് ആ സമയത്ത് തന്നെ പുറത്ത് പറയാന്‍ സാധാരണ കേസ് പോലെയല്ല. അവരുടെ ബന്ധങ്ങള്‍ മഠത്തിലും ആ ചര്‍ച്ചുമായി ബന്ധപ്പെട്ട അധികാര സ്ഥാനങ്ങളിലും ഒതുങ്ങുന്നതാണ്. അവര്‍ പരാതിയുമായി ആദ്യം പോലീസിനെയല്ല സമീപിച്ചത്. പത്രസമ്മേളനം വിളിച്ച് പറയുകയുമായിരുന്നില്ല. അതിന് അവര്‍ക്ക് ഒരുപാട് പരിമിതികളുണ്ട്. അത് മറ്റൊരു കേസ് പോലെയല്ല.

കുറ്റവിമുക്തനാക്കപ്പെട്ട ഫ്രാങ്കോ വിശുദ്ധനായോ?; അപ്പീലിലെ സാധ്യതകള്‍ എന്താണ്
പ്രതിഭാഗത്തിന് പ്രത്യേക താത്പര്യമുണ്ടായിരിക്കും, സാക്ഷിയുടെ അഭിമുഖം സുപ്രധാനമാകുന്നത് എങ്ങനെയെന്ന് അറിയില്ല: അഭിലാഷ് മോഹനന്‍

കന്യാസ്ത്രീ കടന്നുപോയ സാഹചര്യം കോടതിക്ക് മനസിലായില്ലെന്നത് അതിശയിപ്പിക്കുന്നു- അഡ്വക്കേറ്റ് ജെ. സന്ധ്യ

ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനല്ലെന്ന് മുന്‍ധാരണയോടെയാണ് കോടതി മൊഴി വിശകലനം ചെയ്തിരിക്കുന്നതെന്നാണ് വിധി വായിക്കുമ്പോള്‍ വ്യക്തമാകുന്നത്. ഡോക്ടറോടും പരാതി പറഞ്ഞ അച്ചന്‍മാരോടും എല്ലാ കാര്യങ്ങളും തുറന്ന് പറയാതിരുന്നത് എന്തുകൊണ്ടാണെന്നാണ് കോടതി ചോദിക്കുന്നത്. കന്യാസ്ത്രീയുടെ മൊഴി മൊത്തത്തില്‍ ഉള്‍ക്കൊള്ളാതെ അതിലെ വാക്കുകള്‍ ഒരോന്നായി എടുത്ത് അപഗ്രഥിക്കുകയാണ് കോടതി ചെയ്തത്. അതിലൂടെ കുറ്റം ഇല്ലാതാക്കിയെടുക്കാന്‍ കോടതിയുടെ ഭാഗത്ത് നിന്നും വലിയ ശ്രമമുണ്ടായി. ഇത്തരം കേസുകളില്‍ സുപ്രീംകോടതി നിര്‍ദേശങ്ങളെ അവഗണിച്ചിരിക്കുകയാണ്. തെളിവുകള്‍ വിലയിരുത്തുമ്പോള്‍ ടെക്നിക്കല്‍ കാര്യങ്ങളില്‍ അമിതമായ പ്രാധാന്യം നല്‍കരുതെന്നാണ് സുപ്രീംകോടതി വിധികളില്‍ പറഞ്ഞിട്ടുള്ളത്. ഇതില്‍ സൂപ്പര്‍ ഹൈപ്പര്‍ ടെക്നിക്കല്‍ അപ്രോച്ചാണ് കോടതി സ്വീകരിച്ചിരിക്കുന്നത്. മൊബൈലും ലാപ് ടോപ്പും അഡീഷണല്‍ തെളിവുകളാണ്. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഇലക്ട്രോണിക് ഉപകണങ്ങളായ തെളിവുകള്‍ക്ക് പ്രാധാന്യമുണ്ട്. എന്നാല്‍ ബലാത്സംഗ കേസില്‍ ഇത്തരം തെളിവുകള്‍ ഹാജരാക്കാതിരുന്നത് വലിയ വീഴ്ചയായി ചിത്രീകരിക്കുന്നത് ശരിയല്ല. അധികാരമുള്ള ആളാണ് ഫ്രാങ്കോ എന്ന് വിധിയില്‍ ഒരിടത്ത് പറയുന്നു. എന്നിട്ടും എന്ത് സാഹചര്യത്തിലൂടെയാണ് കന്യാസ്ത്രീ കടന്നുപോയതെന്ന് കോടതിക്ക് മനസിലാക്കാന്‍ പറ്റിയില്ലെന്നത് അതിശയിപ്പിക്കുകയാണ്. കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ വലിയ പ്രശ്നമായി കോടതി കാണേണ്ടതില്ല. കാരണം പരാതി മുന്നിലെത്തിയാല്‍ കോടതി നോക്കേണ്ടത് കുറ്റം നടന്നിട്ടുണ്ടോ ഇല്ലയോ എന്ന് മാത്രമാണ്. ബാഹ്യമായി ഉണ്ടായ കാര്യങ്ങള്‍ കേസുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ല.

നിലവിലുള്ള തെളിവുകളുടെയും സാക്ഷികളുടെയും അടിസ്ഥാനത്തില്‍ ശിക്ഷ കൊടുക്കാന്‍ പര്യാപ്തം- അഡ്വ. ഹരീഷ് വാസുദേവന്‍

കേസിലെ പ്രതിയെ കോടതി വെറുതെ വിടുന്നത് പല സാഹചര്യങ്ങളിലാവാം. സംശയത്തിന്റെ ആനുകൂല്യം, പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിയാത്തത് കൊണ്ട്, സാഹചര്യ തെളിവുകളുടെ ആനുകൂല്യം, കുറ്റം ചെയ്തുവെന്ന് പറയുന്ന സമയത്ത് പ്രതി മറ്റൊരു സ്ഥലത്തായിരുന്നു തുടങ്ങിയ കാരണങ്ങളാല്‍ പ്രതിയെ വെറുതെ വിടാം. ഇവിടെ സംശയത്തിന്റെ ആനുകൂല്യം നല്‍കിയല്ല ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടിരിക്കുന്നത്. പ്രോസിക്യൂഷന്‍ കൊണ്ടുവന്ന സാക്ഷികളെല്ലാം വാദം കോടതി മുമ്പാകെ ശരിവെച്ചിട്ടുണ്ട്. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ശാസ്ത്രീയ തെളിവുകള്‍ കോടതി അംഗീകരിച്ചിട്ടുണ്ട്. പരാതിക്കാരിയുടെ മൊഴിയില്‍ പല സമയത്തും ബലാത്സംഗം ചെയ്തുവെന്ന് പറയുന്നില്ലെന്നതാണ് അവിശ്വസിക്കാന്‍ കോടതി കണ്ടെത്തിയ കാരണം. മെഡിക്കല്‍ പരിശോധനയില്‍ പെനിട്രേറ്റീവ് സെക്സ് നടന്നിട്ടുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നുമാണ്. ഇതിന് യുക്തിസഹമായ കാരണങ്ങള്‍ പ്രോസിക്യൂഷന്‍ കോടതി പറഞ്ഞിട്ടും പരിഗണിച്ചിട്ടില്ല.

പ്രതി ഏതൊക്കെ തെറ്റ് ചെയ്തുവെന്നല്ല, പരാതിക്കാരിയെ ഏതൊക്കെ നിലയില്‍ അവിശ്വസിക്കേണ്ട ആളാണെന്ന് പറയാനാണ് ഈ വിധിന്യായത്തിലെ കൂടുതല്‍ പേജുകളും കോടതി മാറ്റിവെച്ചിരിക്കുന്നത്. ബന്ധു കൊടുത്ത പരാതിയില്‍ ഫ്രാങ്കോ മുളയ്ക്കല്‍ അന്വേഷണത്തിന് ഉത്തരവിട്ടതാണ് ബലാത്സംഗ പരാതി ഉന്നയിക്കുന്നതിന് കാരണമായി കോടതി കണക്കാക്കുന്നത്. ബന്ധു ടീച്ചറാണെന്നും അവരുടെ ഭര്‍ത്താവും പരാതിക്കാരിയും തമ്മില്‍ അവിഹിതമുണ്ടോയെന്ന് സംശയിക്കുന്നുവെന്ന് ബിഷപ്പിന് കൊടുത്തുവെന്നും അന്വേഷണം നടത്തിയെന്നും പറയുന്നു. എന്നാല്‍ പതിനാറാം സാക്ഷിയായി കോടതിയിലെത്തി അങ്ങനെയൊരു പരാതി കൊടുത്തിട്ടില്ലെന്നും വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളുടെ പേരില്‍ കൊടുത്ത പരാതിയാണെന്നും അതില്‍ വാസ്തവമില്ലെന്നും കോടതിയില്‍ സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. കോടതി അത് അവിശ്വസിക്കുന്നു. മറ്റ് സാക്ഷികളെ കോടതി വിശ്വസിക്കുകയും ഈ സാക്ഷിയെ അവിശ്വസിക്കുകയും ചെയ്യുന്നു. ടീച്ചറായ ഒരാള്‍ തെറ്റായ പരാതി കൊടുക്കാന്‍ സാധ്യതയില്ലെന്നാണ് കോടതി കാരണമായി പറയുന്നത്.പോരാട്ടത്തിന്റെ ചരിത്രത്തിലുണ്ടാകും ഈ അഞ്ച് പേര്‍, കുറവിലങ്ങാട് മഠത്തില്‍ നിന്ന് സമരമുഖം തുറന്ന കന്യാസ്ത്രീമാര്‍

കുറ്റവിമുക്തനാക്കപ്പെട്ട ഫ്രാങ്കോ വിശുദ്ധനായോ?; അപ്പീലിലെ സാധ്യതകള്‍ എന്താണ്
പോരാട്ടത്തിന്റെ ചരിത്രത്തിലുണ്ടാകും ഈ അഞ്ച് പേര്‍, കുറവിലങ്ങാട് മഠത്തില്‍ നിന്ന് സമരമുഖം തുറന്ന കന്യാസ്ത്രീമാര്‍

ചില നിക്ഷിപ്ത താത്പര്യക്കാരുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന രീതിയില്‍ പരാതിക്കാരി പ്രവര്‍ത്തിച്ചുവെന്നാണ് കോടതി പറയുന്നത്. ഈ അന്വേഷണം ശരിയായ രീതിയില്‍ നടക്കുന്നതിന് വേണ്ടിയല്ല വഞ്ചിസ്‌ക്വയറില്‍ സമരം നടത്തിയതെന്നും ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാന്‍ വേണ്ടിയാണ്. ഫ്രാങ്കോയെ അറസ്റ്റ് ചെയ്ത് കഴിഞ്ഞപ്പോള്‍ സമരം അവസാനിപ്പിച്ചത് ദുരുദ്ദേശപരമാണെന്നും കോടതി കണ്ടെത്തി. ഇത് കേസിന്റെ വിചാരണയുമായി ബന്ധമുള്ള കാര്യമല്ല. പരാതിക്കാരി പോലീസിന് മൊഴി കൊടുത്തപ്പോള്‍ റേപ്പ് നടന്നുവെന്ന് മറച്ചുവെച്ചതിന്റെ കാരണം നിഷ്‌കളങ്കമല്ലെന്ന് പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ കോടതി പറയുന്നു. കോടതിയുടെ പരിഗണനയില്‍ വന്നത് തെളിവുകളല്ലെന്നും പുറത്തുള്ള കാര്യങ്ങളാണെന്നും വ്യക്തം. നിലവിലുള്ള തെളിവുകളുടെയും സാക്ഷികളുടെയും അടിസ്ഥാനത്തില്‍ ശിക്ഷ കൊടുക്കാന്‍ പര്യാപ്തമായ കേസാണെന്നതിനാല്‍ അപ്പീല്‍ കൊടുക്കാന്‍ സര്‍ക്കാര്‍ ചെയ്യണം. സുപ്രീംകോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച് തോറ്റ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടറും എസ്.പിയുടെ സാന്നിധ്യത്തില്‍ അതത് മാസത്തില്‍ യോഗം ചേരണം. കോട്ടയം എസ്.പി യോഗം വിളിച്ച് കേസിലെ കാര്യങ്ങള്‍ വിലയിരുത്തണം. കേസ് എന്ത് കൊണ്ട് തോറ്റുവെന്ന് കാര്യകാരണ സഹിതം കണ്ടെത്തി അപ്പീല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കണം. പൊതുസമൂഹത്തിന് അത് ലഭ്യമാക്കുകയും വേണം.

Related Stories

No stories found.
logo
The Cue
www.thecue.in