Opinion

പക്വത കൊണ്ടുവരുന്നത് പ്രായമല്ല അനുഭവങ്ങള്‍, ജനപ്രതിനിധി എന്ന നിലയില്‍ സംതൃപ്ത

വനിതാ ദിനത്തിൽ സംസ്ഥാനത്തെ പ്രായം കുറഞ്ഞ വനിതാ ജനപ്രതിനിധികൾ പദവി, രാഷ്ട്രീയം, കുടുംബം, വ്യക്തിജീവിതം എന്നിവയെ കുറിച്ച് എഴുതുന്നു.

വളരെ അപ്രതീക്ഷിതമായിട്ടാണ് ഒരു ജനപ്രതിനിധി എന്ന നിലയില്‍ പൊതുരംഗത്തേക്കുള്ള എന്റെ നിയോഗം. പുതിയൊരു നാട്ടിലെ മരുമകളായി വന്ന്, ഏകദേശം ഒരു വര്‍ഷത്തോളം മാത്രം പരിചയമുള്ള നാട്ടുകാര്‍ക്കിടയിലേക്ക് 38 ദിവസം മാത്രം പ്രായമായ ഒരു കുഞ്ഞുമായി പ്രചാരണത്തിനിറങ്ങിയത് പൂര്‍ണ്ണ സംതൃപ്തിയോടെ ആയിരുന്നുവെങ്കിലും ഒരു തുടക്കക്കാരി എന്ന നിലയില്‍ എന്റെ പ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും അശ്രദ്ധയോ കുറവോ വരുമെന്നുള്ള ആശങ്കയുണ്ടായിരുന്നു. എന്നാല്‍ എന്റെ നാട്ടുകാരുടെ സ്‌നേഹവും, കരുതലും അന്നും ഇന്നും അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജവും ആത്മവിശ്വാസവും പ്രചോദനവും നല്‍കുന്നതായിരുന്നു.

നമ്മള്‍ ഒരു സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ അവിടെ വ്യത്യസ്തമായ കാഴ്ചപ്പാടുകളും കഴിവുകളും അനുഭവങ്ങളും ഉള്ള ഒരുപാട് പേരെ നമുക്ക് കാണാന്‍ സാധിക്കും. അവര്‍ക്കിടയിലൂടെ സഞ്ചരിച്ച് അവരുടെ സന്തോഷങ്ങളിലും ദുഃഖങ്ങളിലും അനുഭവങ്ങളളിലും പങ്കുചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് പലപ്പോഴും ശ്രമിക്കാറുള്ളത്. അതിനിടയില്‍ പലപ്പോഴും പ്രായക്കുറവ്, പക്വതക്കുറവായി ചിലരെങ്കിലും കണക്കാക്കുന്നത് സങ്കടമായി തോന്നാറുണ്ട്. പക്വത കൊണ്ടുവരുന്നത് പ്രായമല്ല അനുഭവങ്ങളാണ് എന്നാണ് എന്റെ അഭിപ്രായം. അത് വെറും അറിവില്‍ നിന്നും തിരിച്ചറിവിയിലേക്കുള്ള ദൂരം മാത്രമാണ്. ഒരു സമൂഹത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കുടുംബം. ആ കുടുംബത്തിലെ ഏറ്റവും പക്വതയുള്ള വ്യക്തി കുടുംബനാഥയായിരിക്കും. ഓരോന്നിനും അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി ശാന്തതയോടെ കൈകാര്യം ചെയ്താല്‍ ഏതു വെല്ലുവിളികളെയും നമുക്ക് ഒത്തുതീര്‍പ്പാക്കാന്‍ കഴിയും എന്നാണ് എന്റെ വിശ്വാസം. അത് ഒഫീഷ്യല്‍ ജീവിതത്തിലായാലും കുടുംബജീവിതത്തില്‍ ആയാലും. ഒരു ജനപ്രതിനിധി എന്ന നിലയ്ക്ക് ഔദ്യോഗിക ജീവിതത്തില്‍ സ്വാഭാവികമായ ചില സമ്മര്‍ദ്ദങ്ങള്‍ ഒഴിച്ച് കാര്യമായ പ്രയാസങ്ങള്‍ ഒന്നും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല.

ഒരു ജനപ്രതിനിധി എന്ന നിലയ്ക്ക് ഇന്ന് തികച്ചും ഞാന്‍ സംതൃപ്തയാണ്. പ്രാരംഭ ഘട്ടത്തില്‍ കോവിഡ് മഹാമാരിയും, ഒരു വര്‍ഷം ഗ്യാപ്പിലുള്ള രണ്ട് പ്രസവങ്ങളും ചില പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നെങ്കിലും അതെല്ലാം വളരെ ഭംഗിയായി അതിജീവിക്കാന്‍ സാധിച്ചത് സ്‌കൂള്‍, കോളേജ് പഠനകാലത്ത് NCC വളണ്ടിയര്‍ ആയും, പാലിയേറ്റീവ് വളണ്ടിയറായും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് നേടിയ അനുഭവത്തിലൂടെയാണെന്ന് കരുതുന്നു. ഏതൊരു തൊഴിലിനെയും സ്‌നേഹിക്കാനും, ആത്മാര്‍ത്ഥത പുലര്‍ത്താനും സഹായിക്കുന്നതായിരുന്നു ആ പരിശീലനം. ഇന്നത്തെ കാലത്ത് പലരും പഠനത്തെ ഒരു തൊഴില്‍ സ്രോതസ്സായി മാത്രമാണ് കണക്കാക്കുന്നത്. അതിനോട് ഞാന്‍ ഒരിക്കലും യോജിക്കുന്നില്ല. കാരണം ഓരോ ദിവസവും ടെക്‌നോളജി വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ഓരോ തൊഴിലിനും അതിന്റേതായ പ്രാധാന്യമുണ്ട്. കേവലം പുസ്തകങ്ങളില്‍ നിന്ന് മാത്രമുള്ളതല്ല പഠനം. നമ്മുടെ സൊസൈറ്റിയില്‍ നിന്നും ജീവിതശൈലിയില്‍ നിന്നും ഒരുപാട് നമുക്ക് പഠിക്കാനുണ്ട്. നമ്മള്‍ ഏറ്റവും വലിയ ജ്ഞാനി ആവുന്നത് നമ്മുടെ അറിവും പ്രവര്‍ത്തനങ്ങളും മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമാവുമ്പോഴാണ്.

ഈ കാലഘട്ടങ്ങളിലൊക്കെയും എന്റെ നാട്ടുകാരുടെയും പ്രത്യേകിച്ച് എന്റെ കുടുംബത്തിന്റെയും പിന്തുണയും സഹകരണവും ആണ് എന്റെ ഏറ്റവും വലിയ വിജയം. ചെറിയ രണ്ട് കുട്ടികളുടെ ഉമ്മയായ എന്നെ ഞാനായി വളര്‍ത്താന്‍ എന്റെ ഹസ്ബന്‍ഡും കുടുംബവും നല്‍കിയ പിന്തുണയും പരിഗണനയും വളരെ വലുതാണ്. പൊതുരംഗത്ത് വനിതകള്‍ക്കുള്ള പ്രാധാന്യം വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ അവരുടെ പോസിറ്റീവ് വശങ്ങളേക്കാള്‍ കൂടുതല്‍ നെഗറ്റീവ് വശങ്ങള്‍ക്കാണ്, പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും സമൂഹം പ്രാധാന്യം നല്‍കുന്നത്. അപ്പോഴാണ് നമ്മുടെ കുടുംബാംഗങ്ങളുടെയും, സുഹൃത്തുക്കളുടെയും പിന്തുണ മുമ്പോട്ടുള്ള പ്രയാണത്തിന് നമുക്ക് പ്രചോദനം നല്‍കുന്നത്. എത്രയൊക്കെ സംവരണം ഉണ്ടായാലും ഭരണ സിരാകേന്ദ്രങ്ങളില്‍ താക്കോല്‍ സ്ഥാനങ്ങളില്‍ പലപ്പോഴും സ്ത്രീകള്‍ അവഗണിക്കപ്പെടുന്നു. പ്രശസ്തിയും കഴിവും നയതന്ത്രമികവും ഉള്ള ഒരുപാട് വനിതകള്‍ പലപ്പോഴും അവഗണിക്കപ്പെട്ടു എന്നുള്ളത് ചരിത്ര സത്യം. അതിനൊരു മാറ്റം കൊണ്ടുവരേണ്ടത് പുതിയ തലമുറയുടെ ഉത്തരവാദിത്വമാണ് എന്നാണ് എന്റെ വിശ്വാസം.

രാഷ്ട്രീയം എന്നത് ജനസേവനമാണ്. ഓരോരുത്തര്‍ക്കും അവരുടേതായ രാഷ്ട്രീയമുണ്ട്. അത് എത്രത്തോളം ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന വിധം വിനിയോഗിക്കുന്നുവോ അത്രത്തോളം ആ വ്യക്തിയുടെയും രാഷ്ട്രീയത്തിന്റെയും പ്രാധാന്യം സമൂഹത്തില്‍ വര്‍ദ്ധിക്കും. ഒരു വ്യക്തിയെ ജനപ്രതിനിധിയായി തെരഞ്ഞെടുത്താല്‍ ജനാധിപത്യ ഭരണ സംവിധാനത്തില്‍ ആ വ്യക്തിയാണ് നാടിന്റെ മൊത്തം ശബ്ദം. അവിടെ രാഷ്ട്രീയത്തിന് പ്രാധാന്യമില്ല. നാടിന്റെ നന്മക്കാണ് പ്രാധാന്യം. രാഷ്ട്രീയം ഒരിക്കലും ഒരു തൊഴിലോ വരുമാനമാര്‍ഗമോ ആക്കാന്‍ പാടില്ല എന്നാണ് എന്റെ അഭിപ്രായം.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT