പഞ്ചായത്ത് പ്രസിഡന്റ് ആയി എന്ത് നേടി എന്ന് ചോദിച്ചാല്‍ എന്റെ ഉത്തരം അനുഭവങ്ങള്‍ എന്ന് തന്നെയാണ്

പഞ്ചായത്ത് പ്രസിഡന്റ് ആയി എന്ത് നേടി എന്ന് ചോദിച്ചാല്‍ എന്റെ ഉത്തരം അനുഭവങ്ങള്‍ എന്ന് തന്നെയാണ്
Published on

വനിതാ ദിനത്തിൽ സംസ്ഥാനത്തെ പ്രായം കുറഞ്ഞ വനിതാ ജനപ്രതിനിധികൾ പദവി, രാഷ്ട്രീയം, കുടുംബം, വ്യക്തിജീവിതം എന്നിവയെ കുറിച്ച് എഴുതുന്നു.

അപ്രതീക്ഷിതമായാണ് ജനപ്രതിനിധി ആകുവാനുള്ള അവസരം ലഭിച്ചത്. 21-ാം വയസ്സിലെ സ്ഥാനാര്‍ഥിത്വം വാര്‍ത്തയായിരുന്നു. ജനപ്രതിനിധിയായതിലൂടെ ലഭിച്ച അനുഭവങ്ങള്‍ സമാനതകള്‍ ഇല്ലാത്തതായിരുന്നു. എല്ലാ വിഭാഗം ജനങ്ങളും അധിവസിക്കുന്ന ഒരു ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് ആയാണ് തെരഞ്ഞെടുക്കപ്പെട്ടത്. പഞ്ചായത്ത് പ്രസിഡന്റ് ആയി എന്ത് നേടി എന്ന് ചോദിച്ചാല്‍ എന്റെ ഉത്തരം അനുഭവങ്ങള്‍ എന്ന് തന്നെയാണ്. തമിഴ്‌നാട് വരെ നീണ്ടു കിടക്കുന്ന, കൂടുതലും കൃഷി ഉപജീവനമാക്കിയ ആളുകളും അച്ചന്‍കോവിലാറിന്റെ ഇരുകരകളിലായി സ്ഥിതി ചെയ്യുന്ന വാര്‍ഡുകളും ട്രൈബല്‍ മേഖലയും കോന്നി മെഡിക്കല്‍ കോളേജും ഒക്കെ ഉള്‍പ്പെടുന്നതാണ് അരുവാപ്പുലം ഗ്രാമപഞ്ചായത്ത്. ഇങ്ങനെ വൈവിധ്യങ്ങള്‍ നിറഞ്ഞ പ്രദേശത്തെ മനുഷ്യര്‍; അവരുടെ പ്രശ്‌നങ്ങള്‍, അതിനു പരിഹാരം കാണാനുള്ള ശ്രമങ്ങള്‍, ഉദ്യോഗസ്ഥരുമായുള്ള ഇടപെടല്‍ എല്ലാം പുതിയ അനുഭവങ്ങള്‍ ആയിരുന്നു. മറ്റുള്ളവര്‍ക്ക് ആശ്വാസം നല്‍കാന്‍ കഴിയുന്നത് ഒരു പുണ്യമാണ്. അത് പഠിക്കാന്‍ ഇങ്ങനെയൊരു അവസരം കിട്ടിയത് ഭാഗ്യവും. വേറെ ഏത് മേഖലയില്‍ പോയാലും സ്വായത്തമാക്കാന്‍ കഴിയാത്ത പ്രായോഗികതയും പ്രതിസന്ധികളെ അഭിമുഖീകരിക്കുവാനുള്ള ധൈര്യവും, കൂടുതല്‍ മെച്ചപ്പെട്ട വ്യക്തിത്വവും, ദൃഢമായ തീരുമാനങ്ങള്‍ എടുക്കുവാന്‍ പാകപ്പെട്ട മനസുമെല്ലാം പഞ്ചായത്ത് ഭരണത്തിലെ അനുഭവങ്ങള്‍ പ്രധാനം ചെയ്തവയാണ്.

പഞ്ചായത്ത് പ്രസിഡന്റ് ആയി എന്ത് നേടി എന്ന് ചോദിച്ചാല്‍ എന്റെ ഉത്തരം അനുഭവങ്ങള്‍ എന്ന് തന്നെയാണ്
അനേകം മനുഷ്യരുടെ ജീവിതത്തെ അടുത്തറിയാനായി എന്നതാണ് ഈ പ്രവർത്തന കാലത്ത് ഏറ്റവും സംതൃപ്‌തി നൽകുന്ന കാര്യം

ബിബിഎ പഠനം പൂര്‍ത്തിയായി നില്‍ക്കുമ്പോഴാണ് ജനപ്രതിനിധി ആവുന്നത്. അതിനുശേഷം പഠനം തുടരാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ എംബിഎ ചെയ്യുന്നുണ്ട്. എല്‍എല്‍ബി എടുക്കണമെന്നും പ്ലാനുണ്ട്.

പഞ്ചായത്ത് മെമ്പറെ സംബന്ധിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങളും ആവലാതികളും പരാതികളും ഒപ്പം അവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങളും നിറഞ്ഞതാണ് ജീവിതം. ഒരു ദിവസം ആരംഭിക്കുന്നതും അവസാനിക്കുന്നതും തന്നെ പരാതികളുമായെത്തുന്ന ഫോണ്‍ കോളിലൂടെ ആയിരിക്കും. ആളുകളുടെ പ്രശ്‌നങ്ങള്‍ ക്ഷമയോടെ കേള്‍ക്കുമ്പോള്‍ തന്നെ അവരുടെ പ്രശ്‌നത്തിന്റെ കാല്‍ ശതമാനം പരിഹരിക്കാം. പിന്നെയുള്ള ബാക്കിയ്ക്ക് നിയമപരമായും വേഗത്തിലും നടപ്പാവുന്ന പരിഹാരം കണ്ടെത്തികൊടുക്കുകയും അതിന്റെ follow up നടത്തുകയും ചെയ്താല്‍ ജനങ്ങള്‍ ഹാപ്പി. ആളുകളുമായി അടുത്തിടപഴകുന്നത് കൊണ്ട് തന്നെ അവരുടെ ജീവിതത്തിലെ എല്ലാ നല്ലതും മോശവുമായ സന്ദര്‍ഭങ്ങളിലും അവര്‍ക്കൊപ്പം നില്‍ക്കേണ്ടതായും വരും. നൂലുകെട്ട് മുതല്‍ മരണം വരെ എല്ലാ കാര്യത്തിനും പോകേണ്ടതായും വരും. അവരില്‍ ഒരാളായി നമ്മളെ ജനങ്ങള്‍ കാണുമ്പോള്‍ ആ പ്രതിബദ്ധത നമ്മള്‍ തിരിച്ചും കാണിക്കണം.

പഞ്ചായത്ത് പ്രസിഡന്റ് ആയി എന്ത് നേടി എന്ന് ചോദിച്ചാല്‍ എന്റെ ഉത്തരം അനുഭവങ്ങള്‍ എന്ന് തന്നെയാണ്
പ്രായം കുറഞ്ഞ മെമ്പര്‍ എന്ന ടാഗ് ഇടയ്‌ക്കെങ്കിലും ബുദ്ധിമുട്ടാകാറുണ്ട്, കിട്ടിയ വേദികള്‍ പരമാവധി ഉപയോഗപ്പെടുത്തി

പ്രായം കുറഞ്ഞ ആളെന്നത് എന്നെ സംബന്ധിച്ച് കൂടുതല്‍ ആളുകളില്‍ അറിയപ്പെടാനുള്ള ഒരു ഘടകമായിരുന്നു. പ്രായം കുറഞ്ഞവരെ ഭരണം ഏല്‍പ്പിക്കരുതെന്നും ജനാധിപത്യം കുട്ടിക്കളിയല്ലെന്നും അന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ ഈ വിമര്‍ശനങ്ങളെ മറികടക്കുവാന്‍ പ്രായം കുറഞ്ഞ ആളെന്നല്ല, മികച്ച പഞ്ചായത്ത് പ്രസിഡന്റ് എന്നറിയപ്പെടാനാണ് ആഗ്രഹിച്ചത്. ജനങ്ങള്‍ ഒപ്പം നിന്നത് കൊണ്ട് മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേട്ടം രണ്ട് തവണ കരസ്ഥമാക്കുവാന്‍ കഴിഞ്ഞു. പ്രായമല്ല, പ്രവര്‍ത്തനം നോക്കിയാണ് ഒരാളെ വിലയിരുത്തേണ്ടതെണെന്നാണ് എന്റെ പക്ഷം.

പഞ്ചായത്ത് പ്രസിഡന്റ് ആയി എന്ത് നേടി എന്ന് ചോദിച്ചാല്‍ എന്റെ ഉത്തരം അനുഭവങ്ങള്‍ എന്ന് തന്നെയാണ്
പക്വത കൊണ്ടുവരുന്നത് പ്രായമല്ല അനുഭവങ്ങള്‍, ജനപ്രതിനിധി എന്ന നിലയില്‍ സംതൃപ്ത

പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ നിയമപരമായേ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയു. നമ്മുടെ മുന്നില്‍ വരുന്ന വിഷയങ്ങളില്‍ നീതിയുക്തമായും ജനോപകാരപ്രദമായും തീരുമാനം എടുക്കുക എന്നുള്ളതാണ്. അങ്ങനെയാവുമ്പോള്‍ സമ്മര്‍ദത്തിന്റെ ആവശ്യമില്ല.

പൊതുജീവിതത്തിനൊപ്പം വ്യക്തിജീവിതത്തിന്റെ കൂടി ഭാഗമാണ് ജനപ്രതിനിധികള്‍. ഒരേ സമയം കുടുംബത്തിന്റെയും പഞ്ചായത്തിന്റെയും കൂടി നാഥയാണ് ഞാന്‍. ഭര്‍ത്താവിനും മകനും മാതാപിതാക്കള്‍ക്കും ഒപ്പം കൂട്ടുകുടുംബമായാണ് കഴിയുന്നത്. പൊതു ജീവിതത്തിനൊപ്പം കുടുംബം എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങളും നിറവേറ്റി കൊണ്ടാണ് പോകുന്നത്. സമയക്കുറവ് ഒരു പ്രശ്‌നമാണെങ്കിലും അതെല്ലാം മനസ്സിലാക്കി കൂടെ നില്‍ക്കുന്ന ഒരു ജനപ്രതിനിധിയെ തന്നെ ഭര്‍ത്താവായി ലഭിച്ചു എന്നത് ഭാഗ്യമാണ്. കോന്നി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് ബേബിയാണ് ഭര്‍ത്താവ്. മകന്‍ ഡേവിഡ് വര്‍ഗീസ് പാര്‍ലി ഒന്നര വയസ്സുകാരന്‍ ആണെങ്കിലും എന്റെ തിരക്കുകളോട് അഡ്ജസ്റ്റ് ചെയ്തും സാധാരണ കുട്ടികള്‍ കാണിക്കുന്ന പിടിവാശികള്‍ ഉപേക്ഷിച്ചും എന്നെ സഹായിക്കുന്നു.

ലോകത്തെല്ലാ മേഖലയിലുംവനിതകള്‍ക്ക് വലിയ സാധ്യതകളുണ്ട്. ആ സാധ്യതകളെ തന്റെ കര്‍മ്മം എന്ത് എന്ന് തിരിച്ചറിഞ്ഞ് തിരിച്ചറിഞ്ഞ് ഉപയോഗപ്പെടുത്തുക എന്നതാണ് പ്രധാനം. സമൂഹത്തിലെ തെറ്റായ നയങ്ങളും പ്രശ്‌നങ്ങളും ആദ്യം ബാധിക്കുന്നത് സ്ത്രീകളെയാണ്. സ്ത്രീകള്‍ തന്നെ ഭരണ രംഗത്തേക്ക് കടന്നുവരുമ്പോള്‍ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുവാന്‍ തീര്‍ച്ചയായും കഴിയും. സ്ത്രീകളുടെ അതിര്‍വരമ്പുകള്‍ തീരുമാനിക്കുന്നത് സ്ത്രീകള്‍ തന്നെയാണ്. അതുകൊണ്ടു സാധ്യതകളും അങ്ങനെതന്നെ. പൊതുവേ ജനപ്രതിനിധികള്‍ക്ക് ഉണ്ടാകുന്ന സമ്മര്‍ദ്ദങ്ങള്‍ക്കപ്പുറത്ത് സ്ത്രീ എന്ന നിലയില്‍ സമ്മര്‍ദ്ദങ്ങള്‍ അനുഭവപ്പെട്ടിട്ടില്ല.

പഞ്ചായത്ത് പ്രസിഡന്റ് ആയി എന്ത് നേടി എന്ന് ചോദിച്ചാല്‍ എന്റെ ഉത്തരം അനുഭവങ്ങള്‍ എന്ന് തന്നെയാണ്
വിമര്‍ശനങ്ങള്‍ ഏറെയുണ്ടായി, മറുപടി നല്‍കിയത് പ്രവര്‍ത്തനത്തിലൂടെ

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 60% ത്തോളം ജന പ്രതിനിധികള്‍ സ്ത്രീകളാണ്. മാത്രമല്ല ജീവനക്കാരിലും പഞ്ചായത്തിന്റെ ഭരണ സംവിധാനങ്ങളുമായി നിരന്തരം ബന്ധപ്പെടുകയും സഹായിക്കുകയും ചെയ്യുന്ന കുടുംബശ്രീ ഹരിത കര്‍മ്മ സേന, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ ഒക്കെ മഹാഭൂരിപക്ഷത്തോളം സ്ത്രീകളാണ്. സ്ത്രീപക്ഷ നവകേരളം പടുത്തുയര്‍ത്തുക എന്ന സര്‍ക്കാരിന്റെ ലക്ഷ്യത്തോടൊപ്പം ആണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്ളത്. സാമ്പത്തിക സ്ഥിരത കൈവരിക്കുക എന്നുള്ളതാണ് സ്ത്രീകളെ ശക്തിപ്പെടുത്തുവാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. സംരംഭകത്വ പ്രവര്‍ത്തനത്തിലൂടെ ഈ ലക്ഷ്യം കൈവരിക്കേണ്ടതായുണ്ട്. ഒപ്പം തദ്ദേശ ഭരണനേതൃത്വത്തിലേക്ക് ചെറുപ്പക്കാരായ, വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ ധാരാളമായി കടന്നുവരണം.

ഫ്രഞ്ച് തത്വ ചിന്തകന്‍ ജനാധിപത്യത്തെ വിശേഷിപ്പിച്ചത് അദൃശ്യരായ മനുഷ്യരെ ദൃശ്യവല്‍ക്കരിക്കുകയും കേള്‍ക്കാത്ത ശബ്ദങ്ങളെ കേള്‍പ്പിക്കുകയും ചെയ്യുക എന്നതാണ്. ഈ ദൗത്യം നിറവേറ്റുന്നവരാണ് ജനപ്രതിനിധികള്‍. ജനാധിപത്യത്തിന്റെ കാവല്‍ക്കാരാണ് ജനപ്രതികള്‍. സമൂഹത്തിലെ ഏറ്റവും സാധാരണക്കാരനായ സഹജീവിയെയും കരുതുന്നവരായി മാറുവാനും അവരുടെ ക്ഷേമത്തിനു ഉന്നമനത്തിനും ഉള്ള പദ്ധതികള്‍ നടപ്പിലാക്കുവാനും ജനപ്രതിനിധികള്‍ക്ക് കഴിയും. ഞങ്ങളുടേത് ഒരു കാര്‍ഷിക മേഖലയാണ്. അതുകൊണ്ടുതന്നെ കൃഷി ഉപജീവനമാക്കി കഴിയുന്നവര്‍ക്ക് കൂടുതല്‍ വരുമാനം ഉണ്ടാവണം എന്ന ലക്ഷ്യത്തോടെ ധാരാളം പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 25 വര്‍ഷമായി നെല്‍കൃഷി അന്യം നിന്നു പോയ പഞ്ചായത്തിലെ തരിശു കിടന്ന നിലങ്ങളെല്ലാം കര്‍ഷകരുടെ സഹായത്തോടെ ഏറ്റെടുത്ത് നെല്‍കൃഷി ചെയ്ത് അതില്‍ നിന്ന് ലഭിച്ച വിളവ് അരുവാപ്പുലം റൈസ് എന്ന ഗ്രാമപഞ്ചായത്തിന്റെ പേരില്‍ ബ്രാന്‍ഡ് ചെയ്ത് വിപണിയില്‍ ഇറക്കുവാന്‍ കഴിഞ്ഞു. വന്യമൃഗ ശല്യത്തില്‍ നിന്നും കൃഷിയെ സംരക്ഷിച്ച് ഒപ്പം കര്‍ഷകര്‍ക്ക് വരുമാനം ലഭ്യമാക്കുക എന്ന ഉദ്ദേശത്തില്‍ കുടുംബശ്രീ വനിതകളെ ഗ്രൂപ്പുകള്‍ ആക്കി തിരിച്ച് മുളക് കൃഷി ചെയ്ത് അതില്‍ നിന്ന് ലഭിച്ച മുളക് അരുവാപ്പുലം ചില്ലിസ് എന്ന പേരില്‍ മായമില്ലാത്ത ഭക്ഷ്യ ഉല്‍പ്പന്നമായി വിപണിയില്‍ ഇറക്കുവാന്‍ കഴിഞ്ഞു. കേരളത്തിലെ ആദ്യത്തെ കര്‍ഷക കഫെ പഞ്ചായത്തില്‍ ആരംഭിച്ചു. ഫാസ്റ്റ് ഫുഡിന്റെ കാലത്ത് കര്‍ഷകരില്‍ നിന്നും നേരിട്ട് ശേഖരിക്കുന്ന കപ്പയും കാച്ചിലും ചേനയും ചേമ്പും നല്ല കാന്താരി ചമ്മന്തിക്കൊപ്പം വിളമ്പിയപ്പോള്‍ ഞങ്ങളുടെ കര്‍ഷക കഫെ ഹിറ്റായി. കോവിഡിനു ശേഷം സംസാര വൈകല്യമുള്ള കുഞ്ഞുങ്ങള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് അവര്‍ക്ക് വേണ്ടി be the sound എന്ന പേരില്‍ സ്പീച്ച് തെറാപ്പി ആരംഭിച്ചു.

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കുമായി സന്തോഷയാനം എന്ന പേരില്‍ ടൂര്‍ സംഘടിപ്പിച്ചു. കുട്ടികളും യുവജനങ്ങളും വലിയ തോതില്‍ ലഹരിക്ക് അടിമപ്പെടുന്നത് വാര്‍ത്തയായി വരാറുണ്ട്. എന്നാല്‍ അവര്‍ക്ക് പകരം ആള്‍ട്ടര്‍നേറ്റീവ് ലഭ്യമാക്കാന്‍ നമുക്ക് കഴിയാറില്ല. ഈയൊരു സാഹചര്യത്തില്‍ എന്ത് ആള്‍ട്ടര്‍നേറ്റീവ് എന്ന ചിന്തയില്‍ നിന്നാണ് ഗ്രാമപ്രദേശമാണെങ്കിലും പഞ്ചായത്ത് മുന്‍കൈയെടുത്ത് യുവജനങ്ങള്‍ക്ക് വേണ്ടി ടര്‍ഫ് കോര്‍ട്ട് നിര്‍മ്മിച്ചത്. വീട്ടില്‍ ഒറ്റയ്ക്കാവുന്ന പ്രായമുള്ളവര്‍ക്ക് അഭിപ്രായക്കാര്‍ കൊപ്പം സമയം ചെലവഴിക്കുവാന്‍ വയോജന ക്ലബ്ബുകള്‍ രൂപീകരിച്ചു. വയോജന ക്ലബ്ബിലെ അംഗങ്ങളെ എല്ലാം കൂട്ടി. ടൂര്‍ പ്രോഗ്രാം സംഘടിപ്പിച്ചു. അടുത്ത തവണ വിമാനത്തില്‍ കൊണ്ടുപോകണം എന്നാണ് അവരുടെ ആഗ്രഹം. ട്രൈബല്‍ മേഖല കൂടി ഉള്‍പ്പെടുന്ന പഞ്ചായത്തില്‍ പോഷകാഹാരം കുറവ് പരിഹരിക്കുന്നതിനായി കുട്ടികള്‍ക്ക് എല്ലാ മാസവും അണ്ടിപ്പരിപ്പ് ബദാം മുന്തിരി ഉള്‍പ്പെടെയുള്ള പോഷകാഹാരങ്ങള്‍ നല്‍കുന്ന ന്യൂട്രി ട്രൈബ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ആരംഭിച്ചു.

അച്ചന്‍കോവിലാറിന്റെ ഇരുകരകളിലായി ആണ് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മെഡിക്കല്‍ കോളേജ് കൂടി ഉള്‍പ്പെടുന്ന നാല് വാര്‍ഡുകളിലേക്ക് പോകുവാന്‍ പാലമില്ലാത്തതുകൊണ്ട് തൊട്ടടുത്ത പഞ്ചായത്തില്‍ കയറി കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട സാഹചര്യമുണ്ടായിരുന്നു. ഇനി ഒത്തിരി ദൂരം കറങ്ങേണ്ട ആവശ്യമില്ല. പാലം പണി അവസാനഘട്ടത്തിലാണ്.

രാഷ്ട്രീയം ഒരിക്കലും ഒരു തൊഴില്‍ അല്ല ഒരു സേവന മേഖലയാണ്.രാഷ്ട്രീയം തൊഴിലായി സ്വീകരിച്ചാല്‍ അഴിമതി ഉണ്ടാവും. പഞ്ചായത്ത് മെമ്പര്‍മാര്‍ക്ക് ശമ്പളം അല്ല കൊടുക്കുന്നത് ഓണറേറിയം ആണ്. അവര് ചെയ്യുന്ന സേവനത്തിനുള്ള പ്രതിഫലം. ഈ ലഭിക്കുന്ന ഓണറേറിയം പലപ്പോഴും വാര്‍ഡിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി തന്നെ ചെലവഴിക്കുകയാണ് മിക്ക ജനപ്രതിനിധികളുംചെയ്യുന്നത്. ഒരു മാസം വിളിക്കുന്ന കല്യാണങ്ങള്‍ക്കും, ആവശ്യങ്ങളുമായി എത്തുന്നവര്‍ക്ക് അത്യാവശ്യ സഹായങ്ങളും ചെയ്യുമ്പോള്‍ ഓണറേറിയം തീരും. ഓഫീസ് വര്‍ക്കല്ല ഒരു ജനപ്രതിനിധിയുടേത്. അതുകൊണ്ടുതന്നെ സ്ഥിര ജോലി ഉള്ളവര്‍ക്ക് ജനപ്രതിനിധി എന്നത് വലിയ ബുദ്ധിമുട്ടായിരിക്കും. എന്തെങ്കിലും പാര്‍ട്ട് ടൈം ജോലി ചെയ്തു മാത്രമേ രാഷ്ട്രീയത്തില്‍ മുന്നോട്ടുപോകാന്‍ കഴിയു. ഇല്ലെങ്കില്‍ നല്ല സാമ്പത്തിക സ്ഥിതി ഉള്ളവരാവണം. ഇത് രണ്ടുമല്ലാത്തവര്‍ ഈ പണിക്ക് ഇറങ്ങിയാല്‍ ഒന്നുകില്‍ കുടുംബം ശിഥിലമാവും. അല്ലെങ്കില്‍ നല്ലൊരു അഴിമതിക്കാരന്‍ ഉണ്ടാവും.

Related Stories

No stories found.
logo
The Cue
www.thecue.in