
വനിതാ ദിനത്തിൽ സംസ്ഥാനത്തെ പ്രായം കുറഞ്ഞ വനിതാ ജനപ്രതിനിധികൾ പദവി, രാഷ്ട്രീയം, കുടുംബം, വ്യക്തിജീവിതം എന്നിവയെ കുറിച്ച് എഴുതുന്നു.
ജനപ്രതിനിധി എന്ന മേൽവിലാസത്തിൽ ഇത് അഞ്ചാം കൊല്ലമാണ്. അപ്രതീക്ഷിതമായി എത്തിച്ചേർന്നതാണെങ്കിലും വ്യകതി എന്ന നിലക്കും അതിലുപരി ഒരു സാമൂഹ്യ ജീവി എന്ന നിലക്കും ഈ നാലരക്കൊല്ലക്കാലം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 2020 ആയിരുന്നു തെരെഞ്ഞെടുപ് കാലം. ഇക്കൊല്ലം തന്നെയായിരുന്നു വിവാഹവും. വിവാഹ ശേഷം നാട് മാറി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. കോവിഡ് നമ്മുടെ നാടിനെ കുടുക്കിയ കാലമായിരുന്നു. ആ ഘട്ടത്തിലാണ് പാർട്ടി നേതൃത്വം ഇത്തരമൊരു ആവശ്യം മുന്നോട്ട് വെക്കുന്നത്. പഠനവും തൊഴിലും വിദ്യാർത്ഥി രാഷ്ട്രീയവും ചില്ലറ സമ്പാദ്യ മോഹങ്ങളും മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. മൂന്ന് തവണയോ അതിൽ കൂടുതലോ മത്സരിച്ചവർ മാറിനിൽക്കണമെന്ന മുസ്ലിം ലീഗ് തീരുമാനത്തെ തുടർന്നാണ് ഞാൻ ഉൾപ്പടെ 'ഹരിത'യിൽ പ്രവർത്തിക്കുന്ന ഒട്ടേറെ പെൺകുട്ടികൾക്ക് അന്ന് മത്സരിക്കാൻ അവസരം ലഭിച്ചത്. തെരെഞ്ഞെടുപ്പ്കാലം രസകരമായിരുന്നു. പ്രചാരണത്തിന് ഒരുകൂട്ടം പെൺകുട്ടികൾ എനിക്കൊപ്പം വന്നു, നാട്ടുകാർക്ക് അത് കൗതുകമായിരുന്നു. ക്യാമ്പസ് തെരഞ്ഞെടുപ്പിന്റെ അതേ വൈബ് തന്നെയായിരുന്നു ആ പ്രചാരണകാലം. ഓരോ വീട്ടിലും കയറുക എന്നത് ആ സമയത്തെ തീരുമാനം ആയിരുന്നു, ഓരോ മനുഷ്യരെയും നേരിൽ കണ്ടത് പിന്നീട് ഏറെ ഉപകരിച്ചു, ഓരോരുത്തരുടെയും ആവശ്യങ്ങൾ അന്നേ തിരിച്ചറിയാനായി.
തെരഞ്ഞെടുക്കപ്പെട്ടത് ബ്ലോക്ക് പഞ്ചായത്തിലേക്ക് ആണെന്നത് ഏറെ സൗകര്യമായിട്ടുണ്ട്, ഒപ്പം ചില്ലറ അസൗകര്യങ്ങളും. ജനങ്ങളുമായി നേരിട്ട് ഇടെപെടേണ്ടി വരുന്ന സാഹചര്യം കുറവായിരിക്കും എന്ന് നേരത്ത അറിയാമായിരുന്നു എങ്കിലും ചുമതല ഏറ്റെടുത്ത ശേഷം ജനങ്ങളുമായി ഇടപെടാൻ തുടങ്ങിയതോടെയാണ് അത്രമേൽ മനുഷ്യരെ സ്വാധീനിക്കുന്ന ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കുന്നത് ബ്ലോക്ക് പഞ്ചായത്ത് വഴിയാണെന്ന് മനസിലായത്. പിഎംഎവൈ (പ്രധാനമന്ത്രി ആവാസ് യോജന) പദ്ധതി പ്രകാരം ഒരാളുടെ വീടെന്ന സ്വപ്നം യാഥാർഥ്യമാകുമല്ലോ, ഇത് ബ്ലോക്ക് പഞ്ചായത്ത് വഴിയാണ് നടപ്പിലാക്കുന്നത്. ഭിന്നശേഷിക്കാർക്കായി ആനുകൂല്യങ്ങൾ, സ്‌കോളർഷിപ്പ്, മുച്ചക്ര വാഹനം തുടങ്ങി നിരവധി പദ്ധതികൾ നമുക്ക് നടപ്പിലാക്കാനാകും.
ഒടുവിലെത്തി നോക്കുമ്പോൾ ജെഎസ്എസ്, പിഎംകെഎസ്വൈ എന്നീ രണ്ട് പദ്ധതികൾ ഏറെ സംതൃപ്‌തി നൽകുന്നുണ്ട്. പിഎംകെഎസ്വൈ പദ്ധതി പ്രകാരം നിർത്തടാധിഷ്ഠിത വികസനം സാധ്യമാക്കാനായി. വിവിധങ്ങളായ കൃഷി, സ്വയം തൊഴിൽ, എന്നിവ പ്രോത്സാഹിപ്പിക്കാൻ സാധിച്ചു. ഏകദേശം ആറ് കോടിയുടെ പദ്ധതികൾ എന്റെ ഡിവിഷനിൽ നടപ്പിലാകാക്കനായി. സ്ത്രീകളെ സ്വയം പര്യാപ്തരാക്കുന്ന ജെഎസ്എസ് പദ്ധതി വഴി നിരവധി സ്ത്രീകൾക്ക് സ്വയം തൊഴിൽ പരിശീലനം നൽകുകയും അത് വഴി അവർക്ക് സംരംഭം തുടങ്ങാൻ ആവശ്യമായ സഹായങ്ങൾ ചെയ്തുനൽകാനും കഴിഞ്ഞു.
വ്യക്തിപരമായും ഏറെ പ്രധാനപ്പെട്ട കാലമായിരുന്നു. പിജി പഠനം പൂർത്തിയായി. ജോലി പൂർണ്ണമായി ഓൺലൈൻ വത്കരിച്ച കാലമായിരുന്നു. അതിനിടെ ഒരു മകൻ പിറന്നു. ഇപ്പോൾ മൂന്നര വയസ്സ്. കൈക്കുഞ്ഞിനെ പിടിച്ചുള്ള തൊഴിലും പൊതുപ്രവർത്തനവും ഒരു അതിജീവന കാലമായിരുന്നു. ഒരു പരിധിവരെ അതൊരു നിർബന്ധിതാവസ്ഥ സാഹചര്യമായിരുന്നു. പ്രതിസന്ധികളിൽ തളരുമോ എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും സഹപ്രവർത്തകൾ പിന്തുണ നൽകിയതോടെ എല്ലാം ഏറെ സന്തോഷത്തിലായി. 'പതിനെട്ടര' മെമ്പർമാരുള്ള ബ്ലോക്ക് എന്നാണ് ഞങ്ങളുടെ സഹപ്രവർത്തകർ വിശേഷിപ്പിച്ചിരുന്നത്. അതിലെ അര മകനാണ്.
ക്യാമ്പസ് രാഷ്ട്രീയത്തിൽ സജീവമായിരുന്നെങ്കിലും ജനപ്രതിനിധി എന്ന നിലക്കുള്ള പ്രവർത്തനം പ്രായോഗിക രാഷ്ട്രീയം ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഒട്ടേറെ മനുഷ്യരെ കാണാനാകുന്നു, അവരുടെ സന്തോഷവും സഹതാപവും കേൾക്കാനാകുന്നു, നമ്മൾ എത്രതന്നെ മേനി നടിച്ചാലും പട്ടിണിയും രോഗങ്ങളുമായി കഴിയുന്ന മനുഷ്യർ നമുക്ക് ചുറ്റും ഉണ്ട് എന്നത് ഏറെ ചിന്തിപ്പിക്കുന്ന കാര്യമാണ്. ഏറെ പ്രാപ്തിയുള്ള ഒട്ടേറെ പെൺജീവിതങ്ങളെ ഈ യാത്രയിൽ കാണാനായിട്ടുണ്ട്. ജീവിക്കാനായി നെട്ടോട്ടം ഓടുന്ന അനേകം പച്ചയായ മനുഷ്യരെ അടുത്തറിയാൻ സാധിച്ചു എന്നതാണ് ഏറെ പ്രധാനം.
ചെറിയ പ്രായത്തിൽ ജനപ്രതിനിധി ആയി എന്നത് വ്യക്തിപരമായി ഏതെങ്കിലും സമയത്തിനോ സാഹചര്യത്തിനോ ബുദ്ധിമുട്ട് വന്നിട്ടില്ല. 50 % സ്ത്രീ സംവരണ കാലത്താണ് ഞാൻ ജനപ്രതിനിധി ആയത്. ഭരണസമിതികളിൽ പകുതിയോ അതിലധികമോ സ്ത്രീകളാണ്. രാഷ്ട്രീയ പാശ്ചാത്യമില്ലാതെ വന്നിട്ടും നാണായി പ്രവർത്തിക്കുന്ന ഒട്ടേറെ പേരെ കാണാനായിട്ടുണ്ട്. എങ്കിലും അവസാന തീരുമാനം എടുക്കുന്ന ഘട്ടത്തിൽ ഒരു ആൺകോയ്മ അവിടെ സംഭവിക്കിക്കുന്നു എന്നതും യാഥാർഥ്യമാണ്.
പൊതുപ്രവർത്തനം ഫുൾടൈം ജോബ് ആണ്. ഏത് സമയത്തും ആളുകൾക്ക് മുമ്പിൽ ലഭ്യമാകേണ്ട ഏത് ആവശ്യത്തിനും വിളിക്കാവുന്ന ഒരു ചുതമലയാണല്ലോ ഇത്, ആ നിലക്ക് പൊതുപ്രവർത്തനം തൊഴിലായി കാണുന്നു എന്ന വിമർശനത്തെ അംഗീകരിക്കാനാകില്ല. തദ്ദേശസ്ഥാപനങ്ങൾ സ്ത്രീ സൗഹൃദമാണ് എന്നാണ് പൊതുവായ അഭിപ്രായം, എന്നാൽ കുറേക്കൂടെ മെച്ചപ്പെടേണ്ടതുണ്ട്. കുഞ്ഞുങ്ങളുമായി വരുന്നവർക്ക് അടിസ്ഥാനപരമായി വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ അനിവാര്യമാണ്.