Memoir

എ.സഹദേവന്‍, വിസ്മയകരമായ ലോക സിനിമാപരിചയങ്ങള്‍

തൊണ്ണൂറുകളിലെ ദില്ലി ചലച്ചിത്രമേളകളില്‍ വെച്ചാണ് സഹദേവന്‍ മാഷെ പരിചയപ്പെടുന്നത്. അന്നദ്ദേഹം മാഷൊന്നുമായിരുന്നില്ല. മാതൃഭൂമിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ജനുവരി പത്തു മുതല്‍ ഇരുപതു വരെയാണ് അക്കാലത്ത് അന്താരാഷ്ട്ര ചലച്ചിത്രമേള. ദില്ലിയിലും മറ്റു നഗരങ്ങളിലും മാറി മാറി. ദില്ലിയിലാ ദിവസങ്ങളില്‍ കൊടും തണുപ്പാണ്. സ്വെറ്ററും കൈയുറയും മങ്കി ക്യാപ്പും ഷൂസും മഫ്‌ളറും എല്ലാം അണിഞ്ഞ് യൂറോപ്യന്‍ നഗരങ്ങളില്‍ നടക്കുന്നതു പോലെ സിനിമാ പ്രേമികള്‍ അവിടെ അലയുമായിരുന്നു. അക്കൂട്ടത്തില്‍ ദിശാബോധമുള്ള, കാര്യഗൗരവമുള്ള സൗമ്യപ്രകൃതക്കാരനായ സഹദേവന്‍ മാഷ്. കാണുമ്പോള്‍ തന്നെ മാഷേ എന്നു വിളിക്കാന്‍ തോന്നുന്ന ഒരു വിജ്ഞാന ജ്വാല അദ്ദേഹത്തില്‍ തുടിച്ചു നിന്നിരുന്നു. പാലക്കാട് എലപ്പുള്ളി സ്വദേശി ആണെങ്കിലും കോഴിക്കോട്ടായിരുന്നു പ്രവര്‍ത്തന മണ്ഡലം. അതും അടുപ്പത്തിനു കാരണമായി. ക്രൗണ്‍ തിയേറ്റര്‍ പോലുള്ള പാഠശാലകളിലെ ഇരുട്ടുകളും ചലനവേഗങ്ങളും നിഴലുകളും ലോകസഞ്ചാരങ്ങളും ഞങ്ങളെപ്പോലുള്ള സിനിമാപ്രേമികളുടെ പില്‍ക്കാല സൗഹൃദങ്ങളുടെ ജാതകമെഴുതിയിട്ടുണ്ടാവും. മാഷുടെ സഹോദരി ഉഷ ഞാന്‍ ജോലി ചെയ്യുന്ന ബാങ്കിലെ സീനിയര്‍ ജീവനക്കാരിയാണ്. അങ്ങിനെ പല അടുപ്പങ്ങള്‍. സഹദേവന്‍ മാഷുടെയും ഉഷയുടെയും അമ്മ മരിച്ച സമയത്ത്, ഒറ്റപ്പാലം പാലപ്പുറത്തെ വീട്ടില്‍ എത്തിയതോര്‍ക്കുന്നു.

ലോക സിനിമയോടും അതിന്റെ ചരിത്രത്തോടുമുള്ള വിടാത്ത പ്രണയവും ഭ്രമവുമാണ് ഞങ്ങളെ പിന്നീട് കൂടുതല്‍ കൂടുതല്‍ അടുപ്പിച്ചത്. പിന്നീട് അദ്ദേഹത്തിന് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചുമതല ലഭിച്ചു. അക്കാലത്താണ്, എന്റെ അപായത്തിന്റെ പുകപ്പുര എന്ന ലേഖനം മാതൃഭൂമിയില്‍ അച്ചടിച്ചത്. ദില്ലി ഗ്രീന്‍ പാര്‍ക്കിലെ ഉപഹാര്‍ തിയേറ്റര്‍ കത്തി, കുറെ കാണികള്‍ മരിച്ച സമയത്ത് അതു സംബന്ധമായി എഴുതിയ ലേഖനമായിരുന്നു അത്. സിരിഫോര്‍ട്ടിനടുത്തുള്ള ഉപഹാറിലും ദില്ലി അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രദര്‍ശനങ്ങള്‍ നടക്കുമായിരുന്നു. ആ ഓര്‍മ്മകള്‍ കൂടിയുള്ള ലേഖനം, അത് നേരിട്ടനുഭവിച്ച ആളെന്ന നിലയില്‍ സഹദേവന്‍ മാഷെ സ്പര്‍ശിച്ചിട്ടുണ്ടാവണം.

ഇന്ത്യാ വിഷനില്‍ ട്വന്റി ഫോര്‍ ഫ്രെയിംസ് എന്ന പേരില്‍ ലോക സിനിമ പരിചയപ്പെടുത്തുന്ന പരിപാടി അദ്ദേഹം ആരംഭിച്ച കാലത്തു തന്നെയാണ്, ദേശാഭിമാനി വാരികയില്‍ ആര്‍ക്കൈവ് എന്ന പേരിലുള്ള ലോക സിനിമാ പംക്തി ഞാനാരംഭിച്ചത്. സമാന്തരമായി സഞ്ചരിച്ച ഞങ്ങള്‍ രണ്ടു പേരും ഒരേ കാര്യം തന്നെയായിരുന്നു ചെയ്തു വന്നിരുന്നത്. ( എന്റെ പംക്തി യുവധാര മാസികയില്‍ സിനിമാ പരിചയം എന്ന പേരില്‍ ഇപ്പോഴും തുടരുന്നു). ലോക സിനിമയുടെ വിസ്മയകരവും അതിബൃഹത്തുമായ ചരിത്ര-വര്‍ത്തമാനങ്ങള്‍ സഹൃദയരോട് പങ്കു വെക്കുക എന്ന ധര്‍മ്മമാണ് അദ്ദേഹമെന്നതു പോലെ ഞാനും ചെയ്തു വന്നത്. ഫിലിം സൊസൈറ്റി പ്രവര്‍ത്തകരുടെ നിത്യവൃത്തിയായിരുന്നു അത്. ലോകത്തെ അതിന്റെ വിശാലതകളിലും സൂക്ഷ്മതകളിലും വൈവിധ്യങ്ങളിലും പരിചയപ്പെടാന്‍ സിനിമയല്ലാതെ മറ്റെന്താശ്രയമാണുള്ളത്?

ഓരോ സിനിമയും അതിന്റെ ചരിത്ര സന്ദര്‍ഭം, കഥാഗതി, സവിശേഷമായ ട്വിസ്റ്റുകള്‍, അഭിനയ വിശേഷങ്ങള്‍, പുരസ്‌കാരങ്ങള്‍, കാണികളുടെ അനുഭവങ്ങള്‍ എല്ലാം ഗവേഷണം ചെയ്ത് കണ്ടെത്തി രേഖപ്പെടുത്തുന്ന അപൂര്‍വ്വമായ പംക്തിയായിരുന്നു സഹദേവന്‍ മാഷുടേത്. സിനിമയെ അതിനകത്തും പുറത്തും നിര്‍ത്തി വിശദീകരിക്കുന്ന ഏറ്റവും സൗന്ദര്യപൂര്‍ണമായ ഉപാസന. ഇതിന്റെ വിശേഷങ്ങള്‍ പങ്കു വെക്കാനും ചില സംശയങ്ങള്‍ തീര്‍ക്കാനും വല്ലപ്പോഴും വിളിക്കുമായിരുന്നു. ചില സിനിമകള്‍ എവിടെ കിട്ടും എന്നും അന്വേഷിക്കും. വിക്കിപ്പീഡിയയ്ക്കും റോട്ടന്‍ ടുമാറ്റോസിനും സെന്‍സസ് ഓഫ് സിനിമയ്ക്കും ഐ എം ഡിബിയ്ക്കും ഗൂഗിളിനും തീര്‍ത്തു തരാനാവാത്ത കൗതുകങ്ങള്‍ ഓരോ സിനിമയിലുമുണ്ടെന്നതിനാല്‍ നിധി അന്വേഷിക്കുന്നതു പോലെ അതു തേടിപ്പോകുമായിരുന്നു സഹദേവന്‍ മാഷ്.

സൗത്ത് ലൈവിലായിരിക്കെയും ചില ലേഖനങ്ങള്‍ക്കായി ബന്ധപ്പെട്ടിരുന്നു. പ്രായവ്യത്യാസം കണക്കിലെടുക്കാതെ പരസ്പര ബഹുമാനത്തോടെയും സ്‌നേഹത്തോടെയുമുള്ള പെരുമാറ്റം മാധ്യമപ്രവര്‍ത്തനത്തിലുണ്ടായിരിക്കേണ്ട ധാര്‍മിക സമീപനത്തിന്റെ ലക്ഷണമായി കരുതാം.

ഒടുക്കം അദ്ദേഹം മുഴുവന്‍ സമയ മാഷായി മാറി മനോരമയുടെ മീഡിയ സ്‌കൂളില്‍ അദ്ധ്യാപന വൃത്തി ചെയ്തു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെയും രണ്ടാം ലോക മഹായുദ്ധത്തിന്റെയും അതിബൃഹത്തായ ചരിത്രങ്ങള്‍ സഫാരി ടിവിയിലൂടെ അവതരിപ്പിച്ചു.

മാധ്യമപ്രവര്‍ത്തനം എന്നത് എത്ര സര്‍ഗാത്മകവും ഉത്തരവാദിത്തപൂര്‍ണവും മനുഷ്യസ്‌നേഹപരവും ആത്മാര്‍ത്ഥവും ആയ ജോലിയും ജീവിതവുമാണെന്ന് അവസാന നിമിഷം വരെ തെളിയിച്ച മഹദ് വ്യക്തിത്വമാണ് സഹദേവന്‍ മാഷിലൂടെ കേരളത്തിനും നമുക്കും നഷ്ടമായിരിക്കുന്നത്.

സ്‌നേഹാഭിവാദനങ്ങള്‍.

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

SCROLL FOR NEXT