നീതിക്ക് വേണ്ടി സംസാരിച്ചിരുന്ന മാധ്യമപ്രവര്‍ത്തകന്‍

നീതിക്ക് വേണ്ടി സംസാരിച്ചിരുന്ന മാധ്യമപ്രവര്‍ത്തകന്‍

സഹദേവനും ഞാനുമായിട്ട് ദീര്‍ഘകാലത്തെ ബന്ധമുണ്ട്. അദ്ദേഹത്തെ എനിക്ക് പരിചപ്പെടുത്തി തന്നത് കെ സി നാരായണന്‍ ആണ്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കെ സി നാരായണന്റെ സഹപ്രവര്‍ത്തകന്‍ ആയിരിക്കുമ്പോഴാണ് ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത്. പിന്നെ ഞങ്ങള്‍ വളരെ അടുപ്പമായി. അവസാനമായി ഞാന്‍ കണ്ടത്, കോട്ടയം യൂണിവേഴ്‌സിറ്റിയില്‍ എന്റെ ഒരു പ്രസംഗം ഉണ്ടായിരുന്നു. അതിന് അദ്ദേഹം വന്നിരുന്നു. കാരശ്ശേരിയെ കണ്ടിട്ട് കുറെ കാലമായി. ഞാന്‍ കാണാന്‍ വന്നതാണെന്ന് പറഞ്ഞു, അന്ന് ഞങ്ങള്‍ കുറെ സംസാരിച്ച് ചായ കുടിച്ച് പിരിഞ്ഞതാണ്. ഈ ഇടക്ക് അദ്ദേഹം സുഖമില്ലാതെ കിടപ്പാണെന്ന് കേട്ടിരുന്നു. കൊവിഡ് കാലം ആയതുകൊണ്ട് അന്വേഷിക്കാന്‍ പോകാനും ഒന്നും പറ്റിയില്ല. ഏതാനും മണിക്കൂര്‍ മുമ്പ് സുഹൃത്ത് പറഞ്ഞാണ് ഞാന്‍ ഈ ദുഃഖവാര്‍ത്ത അറിഞ്ഞത്.

വളരെ മാതൃകാപരമായ ജീവിതം ഉണ്ടായിരുന്ന ഒരു മാധ്യമ പ്രവര്‍ത്തകനാണ് സഹദേവന്‍. അദ്ദേഹം പല മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രധാനമായും അച്ചടിമാധ്യമം, പിന്നെ ടെലിവിഷനിലും അദ്ദേഹം പ്രവര്‍ത്തിച്ചു. സിനിമയുടെ കാര്യത്തില്‍ ഒരു വിദഗ്ധനായിരുന്നു സഹദേവന്‍. സിനിമയും ചരിത്രവും ബന്ധിപ്പിച്ച് ഒക്കെ അദ്ദേഹം സഫാരി ചാനലിന് വേണ്ടി അദ്ദേഹം ചില പരമ്പരകള്‍ ഒക്കെ ചെയ്തിരുന്നു. മാധ്യമ പഠന ശാഖകളില്‍ പുതിയ പത്രപ്രവര്‍ത്തകര്‍ക്ക് വേണ്ടി നന്നായി ക്ലാസുകള്‍ എടുക്കുന്നതെല്ലാം ഞാന്‍ കേട്ടിട്ടുണ്ട്.

അദ്ദേഹത്തിന്റെ കയ്യില്‍ എപ്പോഴും പേപ്പര്‍ കട്ടിങ്ങും നോട്ട്‌സും ഒക്കെ ഉണ്ടായിരിക്കും. കുട്ടികളോട് പറയുമ്പോള്‍ ഈ കാലത്ത് വാഷിംഗ്ടണ്‍ പോസ്റ്റില്‍ വന്ന ഒരു ലേഖനം എന്ന് പറയുമ്പോള്‍ അതിന്റെ ഒരു കഷ്ണം ഒരു കാര്‍ഡില്‍ ഒട്ടിച്ചത് അദ്ദേഹത്തിന്റെ കയ്യില്‍ ഉണ്ടായിരിക്കും. അങ്ങനെ പ്രത്യേകിച്ച് ഒരു പാര്‍ട്ടിയോടോ സംഘടനയോടോ ഒന്നും വ്യക്തിപരമായി കമ്മിറ്റ്‌മെന്റ് ഇല്ലാതെ നീതിക്ക് വേണ്ടി എപ്പോഴും സംസാരിച്ചിരുന്ന ആളായിരുന്നു സഹദേവന്‍. വളരെ തുറന്ന മനസുള്ള ആളാണ്. എല്ലാവരോടും വളരെ സൗഹൃദവും പ്രസന്നതയും കാത്തു സൂക്ഷിച്ച ആളാണ്. അദ്ദേഹത്തിന്റെ നിര്യാണം എന്ന് പറയുന്നത് മാധ്യമപഠന രംഗത്തിന് വലിയ നഷ്ടമാണ് എന്നാണ് ഞാന്‍ വിചാരിക്കുന്നത്. വ്യക്തിപരമായി വളരെ അടുത്ത സുഹൃത്തിനെയാണ് എനിക്ക് നഷ്ടപ്പെട്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in