സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്
Published on

തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിനിടെ തിരുവനന്തപുരത്തെ ബിജെപിയില്‍ തിരിച്ചടിയായിരിക്കുകയാണ് പ്രവര്‍ത്തകന്‍ ജീവനൊടുക്കിയതും വനിതാ നേതാവ് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവവും. തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലറായിരുന്ന ബിജെപി നേതാവ് തിരുമല അനിലിന്റെയും കോട്ടയം സ്വദേശിയായ ഐടി ജീവനക്കാരന്റെയും മരണങ്ങള്‍ ആര്‍എസ്എസും ബിജെപിയും വിശദീകരിക്കാന്‍ ബുദ്ധിമുട്ടുന്നതിനിടെയാണ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഈ സംഭവങ്ങളുണ്ടാകുന്നത്. തൃക്കണ്ണാപുരം വാര്‍ഡില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചിരുന്ന ആനന്ദ് കെ. തമ്പിയുടെ മരണമാണ് പാര്‍ട്ടിയെ പിടിച്ചു കുലുക്കിയത്. ആനന്ദ് എഴുതിയ കുറിപ്പില്‍ ബിജെപി ആര്‍എസ്എസ് നേതാക്കള്‍ മണ്ണ് മാഫിയയാണെന്ന് പറഞ്ഞിട്ടുള്ളതും തന്റെ മൃതദേഹം കാണാന്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ അനുവദിക്കരുതെന്ന് പരാമര്‍ശിച്ചതും ബിജെപിക്ക് പ്രതിസന്ധിയായി. ഏറ്റവും ഒടുവില്‍ ആനന്ദ് ബിജെപി പ്രവര്‍ത്തകനായിരുന്നില്ല എന്ന വാദവുമായി പ്രതിരോധിക്കാന്‍ നേതാക്കള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

ഈ സംഭവങ്ങള്‍ക്കൊപ്പം ആര്‍എസ്എസ് ക്യാമ്പില്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന് കുറിപ്പെഴുതി ജീവനൊടുക്കിയ കോട്ടയം, എലിക്കുളം സ്വദേശിയായ യുവാവും ബിജെപി ഭരിക്കുന്ന സഹകരണ സംഘത്തിലെ ക്രമക്കേടുകള്‍ വ്യക്തമാക്കിക്കൊണ്ട് ജീവനൊടുക്കിയ മുന്‍ കൗണ്‍സിലര്‍ തിരുമല അനിലും ചര്‍ച്ചയിലേക്ക് എത്തി.

ഇതിന് പിന്നാലെയാണ് മഹിളാ മോര്‍ച്ച തിരുവനന്തപുരം നോര്‍ത്ത് ജില്ലാ സെക്രട്ടറി ശാലിനി സനില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ആര്‍എസ്എസ് പ്രാദേശിക നേതാക്കള്‍ വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്നും പനങ്ങോട്ടേല വാര്‍ഡില്‍ തന്നെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചതോടെയാണ് അവര്‍ തനിക്കെതിരെ പ്രചാരണം ആരംഭിച്ചതെന്നും ശാലിനി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. നാട്ടില്‍ ഇറങ്ങി നടക്കാന്‍ കഴിയാത്തതിനാലാണ് താന്‍ ഇങ്ങനെ ചെയ്തതെന്നും ശാലിനി പറഞ്ഞു. ഈ സംഭവങ്ങള്‍ക്കൊപ്പം ആര്‍എസ്എസ് ക്യാമ്പില്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന് കുറിപ്പെഴുതി ജീവനൊടുക്കിയ കോട്ടയം, എലിക്കുളം സ്വദേശിയായ യുവാവും ബിജെപി ഭരിക്കുന്ന സഹകരണ സംഘത്തിലെ ക്രമക്കേടുകള്‍ വ്യക്തമാക്കിക്കൊണ്ട് ജീവനൊടുക്കിയ മുന്‍ കൗണ്‍സിലര്‍ തിരുമല അനിലും ചര്‍ച്ചയിലേക്ക് എത്തി. ഇതോടെയാണ് ആനന്ദിനെ ബിജെപി തള്ളിപ്പറയാന്‍ തുടങ്ങിയത്

രാഷ്ട്രീയവത്കരിക്കാന്‍ അനുവദിക്കില്ല; രാജീവ് ചന്ദ്രശേഖര്‍

ആനന്ദ് കെ. തമ്പിയുടെ മരണം രാഷ്ട്രീയവത്കരിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്.

രാഷ്ട്രീയവത്കരിക്കുന്ന പാര്‍ട്ടികളോട് എനിക്ക് പറയാനുള്ളത്, നിങ്ങള്‍ ചെയ്ത കാര്യങ്ങളൊന്നും മറക്കാന്‍ പാടില്ല. ഇത് ജനങ്ങള്‍ക്ക് അറിയാം. നവീന്‍ ബാബുവിനെക്കുറിച്ച് ആരും മറന്നിട്ടില്ല. കരുണാകാരനെ ആരാണ് വഞ്ചിച്ചത്, ഏത് കോണ്‍ഗ്രസ് നേതാവാണ് എന്നത് ഞങ്ങളെക്കൊണ്ട് പറയിപ്പിക്കരുത്. ഇതൊരു ട്രാജഡിയാണെന്ന് സമ്മതിക്കുന്നു. എന്നാല്‍ ഇതിനെ പൊളിറ്റിസൈസ് ചെയ്ത് ശ്രദ്ധ തിരിക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. മണ്ണ് മാഫിയയെന്ന ആരോപണമൊക്കെ അന്വേഷിക്കും. ഞങ്ങളുടെ ഭാഗത്തു നിന്ന് ഒരു വീഴ്ചയുണ്ടെങ്കില്‍ വിടില്ല. എന്ത് നടന്നു എന്ന കാര്യത്തില്‍ അന്വേഷണം ഉണ്ടാകും. രാഷ്ട്രീയവത്കരിക്കുന്നവരെയും തുറന്നു കാണിക്കും.

രാജീവ് ചന്ദ്രശേഖര്‍

മരിച്ച ആനന്ദ് ബിജെപി പ്രവര്‍ത്തകനല്ല; ബിജെപി ജില്ലാ പ്രസിഡന്റ്

മരിച്ച ആനന്ദ് ബിജെപിയുടെ സജീവ പ്രവര്‍ത്തകന്‍ അല്ലായിരുന്നുവെന്നാണ് പാര്‍ട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കരമന ജയന്‍ പ്രതികരിച്ചത്. മുന്‍പ് ആര്‍എസ്എസിലുണ്ടായിരുന്നു. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. കുറിപ്പിലെ കാര്യങ്ങള്‍ തള്ളിക്കളയുകയാണെന്നും ജയന്‍ പറഞ്ഞു.

മരണം ദുഖകരവും ദൗര്‍ഭാഗ്യകരവും. ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ആനന്ദ് ഉള്‍പ്പെട്ടിട്ടില്ല. 101 സീറ്റുകളില്‍ 500ല്‍ അധികം പാര്‍ട്ടി പ്രവര്‍ത്തകരുടെ പേരുകളേ വന്നിട്ടുള്ളു. അവിടെയൊന്നും ആനന്ദിന്റെ പേര് കണ്ടിട്ടില്ല. ബിജെപിയുടെ സജീവ പ്രവര്‍ത്തകനും അല്ലായിരുന്നു. പണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു. ഇപ്പോള്‍ ആര്‍എസ്എസ് പ്രവര്‍ത്തനത്തിലും രംഗത്തില്ല. അദ്ദേഹത്തിനുണ്ടായ മനോവിഷമം നിഷ്പക്ഷമായ ഒരു അന്വേഷണത്തിലൂടെ കണ്ടെത്തട്ടെ. മണ്ണ് മാഫിയയിലുള്ളവരെയൊക്കെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി ലക്ഷക്കണക്കിന് പ്രവര്‍ത്തകരുള്ള പാര്‍ട്ടിയല്ലേ. ദേശീയ പാര്‍ട്ടിയല്ലേ. ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞ കാര്യങ്ങള്‍ തള്ളിക്കളയുന്നു. അയാള്‍ ഇന്നലെ ശിവസേനയില്‍ ചേര്‍ന്നതായാണ് അറിയുന്നത്. ബിജെപിയില്‍ സജീവമായി പ്രവര്‍ത്തിച്ചിട്ടില്ല. ഒരു ചുമതലയിലും പ്രവര്‍ത്തിച്ചിട്ടില്ല.

കരമന ജയന്‍

തനിക്കെതിരെ ആര്‍എസ്എസ് പ്രാദേശിക നേതാക്കള്‍ അപവാദ പ്രചാരണം നടത്തുകയാണെന്നായിരുന്നു മഹിളാ മോര്‍ച്ച തിരുവനന്തപുരം നോര്‍ത്ത് ജില്ലാ സെക്രട്ടറി ശാലിനി സനില്‍ പറഞ്ഞത്.

ഞാന്‍ മത്സരിക്കുന്നതിനായി എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്. പോസ്റ്ററുകളും ഫ്‌ളെക്‌സുകളും തയ്യാറാക്കിയിട്ടുണ്ട്. പക്ഷേ എന്നെ ഇവിടെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തില്ലെന്ന് ആര്‍എസ്എസിലെ ചില പ്രാദേശിക നേതാക്കള്‍ തീരുമാനിച്ചിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ആര്‍എസ്എസ് ഇടപെടരുത് എന്ന് നിര്‍ദേശമുണ്ടെങ്കിലും അത് മറികടന്നുകൊണ്ട് വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനായി എന്നെക്കുറിച്ച് ഒരുപാട് വ്യാജ പ്രചാരണങ്ങള്‍ നടത്തിയിട്ടുണ്ട്. എനിക്ക് നാട്ടിലിറങ്ങി നടക്കാന്‍ വയ്യാത്ത നിലയിലാക്കിയ സാഹചര്യത്തിലാണ് ഞാന്‍ ഇങ്ങനെ ചെയ്തത്. എനിക്ക് ഒട്ടും പറ്റാത്ത വിധത്തില്‍ മാനസികമായ വിഷമമുണ്ടായിരുന്നു. പത്ത് വര്‍ഷം മുന്‍പ് സ്ഥാനാര്‍ത്ഥിത്വം വന്നപ്പോഴും അവര്‍ എനിക്കെതിരെ പറഞ്ഞു. പത്ത് വര്‍ഷത്തിന് ശേഷം അതേ കാര്യം തന്നെ ആവര്‍ത്തിച്ചപ്പോഴാണ് ഇത് സംഘടനാ കാര്യമല്ല, എന്നോടും എന്റെ കുടുംബത്തോടുമുള്ള വ്യക്തി വൈരാഗ്യമാണെന്ന് മനസിലായത്. അതിന് പാര്‍ട്ടി വഴങ്ങുന്നില്ല എന്ന് കണ്ടപ്പോള്‍ എന്നെ സമൂഹത്തിന് മുന്നില്‍ മോശമായി ചിത്രീകരിക്കുന്നതിന് പ്രചാരണങ്ങള്‍ നടത്തുകയാണ്. എനിക്ക് നാട്ടിലിറങ്ങി നടക്കണ്ടേ? ഞാന്‍ പത്തു പന്ത്രണ്ട് കൊല്ലം കൊണ്ട് പൊതുപ്രവര്‍ത്തന രംഗത്ത് നില്‍ക്കുന്ന ഒരാളാണ്.

ബിജെപിയിലും ആര്‍എസ്എസിലും പ്രവര്‍ത്തിക്കുന്നവരുടെ ജീവന് അവരുടെ പ്രസ്ഥാനം തന്നെ ഭീഷണിയാകുന്ന അതീവ ഗുരുതരമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

ആര്‍.എസ്.എസ്./ബി.ജെ.പി. നേതാക്കളുടെ ലൈംഗിക പീഡനങ്ങളും, സാമ്പത്തിക തിരിമറികളും, മണ്ണ് മാഫിയാ ബന്ധങ്ങളും കേരളത്തിലെ പൊതുസമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടപ്പെടുകയാണ്. ബി.ജെ.പി. നേതാക്കളുടെ മണ്ണ് മാഫിയാ ബന്ധങ്ങളും, സാമ്പത്തിക തിരിമറികളും ആത്മഹത്യകളിലൂടെ പുറത്തുവന്നിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയിലായ സഹകരണ സംഘം വിഷയത്തില്‍ ബി.ജെ.പി.യുടെ മുന്‍ സംസ്ഥാന വക്താവ് പോലും സമൂഹമാധ്യമങ്ങളിലൂടെ ആരോപണങ്ങള്‍ ഉന്നയിച്ചതും പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ രൂക്ഷമാണെന്ന് തെളിയിക്കുന്നു. സ്വന്തം പ്രവര്‍ത്തകരെ മരണത്തിലേക്ക് തള്ളിവിടുകയും, ലൈംഗികമായി പീഡിപ്പിക്കുകയും, അഴിമതിക്ക് കൂട്ടുനില്‍ക്കുകയും ചെയ്യുന്ന നേതൃത്വം കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു ഭീഷണിയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in