

'ദേ ചെരുപ്പ്... അപ്പോൾ ആളുണ്ട്' എന്നും പറഞ്ഞ് ക്യാമറ നേരെ ജി.ആർ. ഇന്ദുഗോപന്റെ എഴുത്ത് മുറിയിലേക്ക് ഇടിച്ചു കയറുകയാണ്. പിന്നീട് അങ്ങോട്ട് ഗൗരവമേറിയ ഒരു കഥ പറച്ചിലിന് പകരം ഇന്ദുഗോപനും ഈ ഡോക്യുമെന്ററിയുടെ സംവിധായകൻ മുരളി കൃഷ്ണനും തമ്മിലുള്ള 'കൊടുക്കൽ വാങ്ങലുകളി'ലൂടെ, സമയം പോകുന്നത് അറിയാത്തവിധം ഫൺ പാക്ക്ഡ് ആയാണ് ദി റൈറ്റേഴ്‌സ് റൂം കഥ പറയുന്നത്. ക്യു സ്റ്റുഡിയോയിലൂടെ സ്ട്രീം ചെയ്യുന്ന ഡോക്യുമെന്ററിയുടെ വിശേഷങ്ങൾ പങ്കുവെക്കുന്നു സംവിധായകൻ മുരളി കൃഷ്ണൻ.
ഇന്ദുഗോപന്റെ 'റൈറ്റേഴ്‌സ് റൂമി'ലേക്ക്
തിരുവനന്തപുരം പേരൂർക്കടയിലാണ് അദ്ദേഹത്തിന്റെ വീട്. കുറച്ച് കാലം മുന്നേ ഞാനൊരു പുസ്തകം എഴുതിയപ്പോൾ അദ്ദേഹമാണ് അതിന് ആമുഖം എഴുതിയത്. അത്തരത്തിൽ ഒരു ബന്ധം ഞങ്ങൾക്കിടയിൽ ഉണ്ടെങ്കിലും, ഞാൻ അദ്ദേഹത്തെ ഒരു മെന്ററായാണ് കാണുന്നത്. അങ്ങനെയുള്ള ഒരു വ്യക്തിയുടെ അടുത്തേക്ക് പോകാൻ കഴിയുന്ന പ്രിവിലേജ് ‘misuse’ ചെയ്ത് ഷൂട്ട് ചെയ്ത ഡോക്യുമെന്ററിയാണ് ഇത്.
എന്തുകൊണ്ട് ഇന്ദുഗോപൻ?
ഓരോ മാസവും ഒരു ദിവസം എങ്കിലും അദ്ദേഹത്തിന്റെ വീട്ടിൽ പോയി 15-20 മിനിറ്റ് ചെലവഴിക്കാറുണ്ട്. ഒരു പുതിയ പുസ്തകം എഴുതിയിട്ടുണ്ടെങ്കിൽ, ഒപ്പിട്ട് വാങ്ങാറുണ്ട് (അതാകുമ്പോൾ പൈസ കൊടുത്ത് വാങ്ങേണ്ടല്ലോ). ഡോക്യുമെന്ററിയിൽ കാണുന്നവ എല്ലാം യഥാർത്ഥ ജീവിതത്തിൽ ഞാൻ ചെയ്യുന്ന കാര്യങ്ങളാണ്.
അദ്ദേഹം അങ്ങനെ ലൈംലൈറ്റ് ആഗ്രഹിക്കാത്ത ഒരു മനുഷ്യനാണ്. എന്നാൽ, അദ്ദേഹത്തിന്റെ എഴുത്ത് പ്രോസസ് ഈ മേഖലയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പ്രചോദനമാകുമെന്നതിനാലാണ് ഈ ഡോക്യുമെന്ററി ചെയ്യാൻ തീരുമാനിച്ചത്.
ജി.ആർ. ഇന്ദുഗോപൻ എന്ന എഴുത്തുകാരന്റെ പുസ്തകങ്ങൾ കൺസിസ്റ്റെന്റായി പുറത്തിറങ്ങുന്നുണ്ട്. അതിനെക്കുറിച്ച് അദ്ദേഹത്തിൽ നിന്ന് തന്നെ കേൾക്കുമ്പോൾ, അതിലൂടെ മറ്റുള്ളവർക്ക് എന്തെങ്കിലും പ്രചോദനം ലഭിക്കുമെങ്കിൽ, അത് തന്നെയാണ് എന്റെ വിജയമെന്ന് ഞാൻ കരുതുന്നു.
സ്റ്റീരിയോടൈപ്പുകൾ പൊളിച്ചെഴുതുന്ന ആഖ്യാന ശൈലി
ഒരു ഇന്റർവ്യൂ ഫോർമാറ്റിൽ ഒരു വീഡിയോ ചെയ്യാൻ താൽപ്പര്യം ഉണ്ടായിരുന്നില്ല. ഈ ഡോക്യുമെന്ററിയിൽ ഫിക്ഷൻ എലമെന്റ്സും അതിനൊപ്പം കോമഡിയുമുണ്ട്. അങ്ങനെ ചേർത്താൽ മാത്രമാണ് പ്രേക്ഷകർ 34 മിനിറ്റ് മുഴുവൻ കണ്ടിരിക്കുകയുള്ളൂ. ഇന്ദുഗോപൻ BRUTALLY HONEST ആയ ഒരു വ്യക്തിയാണ്. അതിനാലാണ് ഇത്രത്തോളം HONEST ആയൊരു സമീപനം സ്വീകരിച്ചത്.
ഇന്നത്തെ കാലത്ത് തോക്കിനെക്കാൾ അധികം ശക്തിയുണ്ട് ക്യാമറയ്ക്ക്. ആരുടെ സ്വകാര്യതയിലേക്കും നമുക്ക് അതിലൂടെ ഇടിച്ചുകയറാം - തിയറ്ററിലും മാളുകളിലുമെല്ലാം. അതെല്ലാം ഞങ്ങൾ ഒന്നു വ്യത്യസ്തമായി പ്രയോഗിച്ചിരിക്കുകയാണ്.
ഈ ശൈലിക്ക് പിന്നിലെ പ്രചോദനം
ഡോക്യുമെന്ററിയുടെ അവസാനം എന്നെ ഇൻഫ്ലുവൻസ് ചെയ്ത വർക്കുകളുടെ ഒരു ‘ബിബ്ലിയോഗ്രഫി’ ചേർത്തിട്ടുണ്ട്. പിക്കാസോയെ കുറിച്ച് നടത്തിയ ക്ലൂസോയുടെ ഡോക്യുമെന്ററിയും, അതുപോലെ പ്രെസൻസ് എന്നൊരു ഹൊറർ ചിത്രം കഴിഞ്ഞ വർഷം റിലീസ് ചെയ്തിരുന്നു. പ്രേതത്തിന്റെ പോയിന്റ് ഓഫ് വ്യൂവിലാണ് ആ സിനിമ കഥ പറയുന്നത്. ഇതൊക്കെയാണ് എനിക്ക് പ്രചോദനമായ വർക്കുകൾ. മറ്റൊരു കാര്യം എന്തെന്നാൽ ഇതിൽ എന്നെ കാണണോ, എന്നെ കേൾക്കാനോ അല്ലല്ലോ... അദ്ദേഹത്തെ കാണാനും കേൾക്കാണുമല്ലേ പ്രേക്ഷകർ ആഗ്രഹിക്കുക.
ആനന്ദ് മന്മഥന്റെ കാമിയോ
ആനന്ദ് മന്മഥൻ എന്റെ സുഹൃത്താണ്. ഇന്ദുഗോപന്റെ നാലഞ്ച് ചെറുപ്പക്കാർ 'പൊന്മാൻ' എന്ന പേരിൽ സിനിമയാക്കിയപ്പോൾ ആനന്ദ് മന്മഥൻ അതിൽ ഒരു പ്രധാന വേഷം ചെയ്തിരുന്നല്ലോ. ലൈംലൈറ്റ് ഒട്ടും ഇഷ്ടമല്ലാത്ത ഇന്ദുഗോപന്റെ വീട്ടിൽ വന്നു ചാൻസ് ചോദിക്കുന്നവർ ഉണ്ടാകുമല്ലോ. ക്യാമറയും കൊണ്ട് വന്ന ഞാൻ എന്ന ശല്യത്തിന് പിന്നാലെ അടുത്തയാൾ വന്നിരിക്കുന്നു. അവസാനം ഗതികെട്ട് അദ്ദേഹം തോക്കെടുത്ത് വെടിവെക്കുന്നു... ഫൺ മൂഡിൽ, പ്രേക്ഷകരെ കണക്ട് ചെയ്യാൻ ഒരുക്കിയ ഒരു ഗിമിക് മാത്രമാണ് അത്.
ഹ്യൂമറിനെ കൂട്ടുപ്പിടിച്ചതിന് കാരണം...
ഹ്യൂമർ ഇല്ലെങ്കിൽ ഈ 34 മിനിറ്റ് ഡോക്യുമെന്ററി കാഴ്ചക്കാരന് രണ്ടര മണിക്കൂറായി തോന്നും. എഴുത്തുകാരന്റെ ജീവിതം ഇഷ്ടപ്പെടുന്നവർക്ക് മാത്രം അല്ല, സാധാരണ പ്രേക്ഷകനും ആസ്വദിക്കാനാകണം. പായസത്തിൽ മുന്തിരി ഇടുന്നതുപോലെ ഹ്യൂമർ ചേർത്തതാണ്.
എത്ര നേരമെടുത്തു ഈ ഡോക്യൂമെന്ററി പൂർത്തിയാക്കാൻ?
ഷൈനി ബെഞ്ചമിൻ എന്നൊരു ഡോക്യുമെന്ററി മേക്കർ ഈ ഡോക്യുമെന്ററി കണ്ടിട്ട് ഇന്ദുഗോപനെ വിളിച്ചിരുന്നു. ഏഴോ എട്ടോ നാഷണൽ അവാർഡുകൾ ലഭിച്ചിട്ടുള്ള ഡോക്യുമെന്ററി മേക്കറാണ് ഷൈനി. 'ഞാനൊരു ഡോക്യുമെന്ററി ചെയ്യാനുള്ള പ്ലാനിലാണ്. അതിനായി കുറച്ചുനാളായുള്ള മുന്നൊരുക്കങ്ങളിലാണ്. ഈ വ്യക്തി എങ്ങനെയാണ് ഈ ഡോക്യുമെന്ററി ചെയ്തത്. എനിക്ക് അസൂയ തോന്നുന്നു' എന്നാണ് അവർ ഇന്ദുഗോപനോട് പറഞ്ഞത്.
'അയാൾ ഒരു ഏഴ് മണിയായപ്പോൾ വീട്ടിലേക്ക് വന്നു. പത്ത് മണിയായപ്പോൾ പോയി. ഒരു ചെസ്സ് ബോർഡും മഷിക്കുപ്പിയും മാത്രമാണ് അയാൾ കൊണ്ടുവന്നത്' എന്നായിരുന്നു ഇന്ദുഗോപന്റെ മറുപടി. അത്രത്തോളം സിമ്പിൾ ആയിരുന്നു ഞങ്ങളുടെ വർക്ക് പ്രോസസും.
ഇന്ദുഗോപന്റെ റെസ്പോൺസ്
'ഞാൻ വിചാരിച്ച അത്ര മോശമായില്ല...' എന്നായിരുന്നു ഇന്ദുഗോപൻ ഇത് കണ്ടിട്ട് പറഞ്ഞത്.
മറ്റു പ്രതികരണങ്ങൾ
പാവാട, 1983 ഒക്കെ എഴുതിയ ബിബിൻ ചന്ദ്രൻ എന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു. മാർട്ടിൻ പ്രക്കാട്ട് ഡോക്യുമെന്ററി കണ്ടിട്ട് കൊള്ളാമെന്ന് പറഞ്ഞിരുന്നു. ഡോക്യുമെന്ററി കൂടുതൽ ആളുകളിലേക്ക് എത്തുന്നതേയുള്ളൂ.
ആരാണ് മുരളി മുരളി കൃഷ്ണൻ?
ഒരു എലക്ട്രിക്കൽ എഞ്ചിനീയർ ആയി ദുബായിൽ ജോലി ചെയ്തിരുന്ന ഞാൻ, ഒരുദിവസം ഈ എഴുത്ത് ആഗ്രഹം കൊണ്ട് ആ ജോലി അങ്ങ് ഉപേക്ഷിച്ചു... ഇന്ദുഗോപൻ പോലെ. അദ്ദേഹം ഒരു മാധ്യമപ്രവർത്തകൻ ആയിരുന്നല്ലോ. പിന്നീട് ജോലി ഉപേക്ഷിച്ച് ഫുൾ ടൈം എഴുത്തിലേക്ക് തിരിയുകയായിരുന്നു.
നെറ്റ്ഫ്ലിക്സ് നടത്തിയ ഓൾ ഇന്ത്യ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ വിന്നറാണ്. അതുകൂടാതെ സ്താനാർത്തി ശ്രീക്കുട്ടൻ എന്ന സിനിമയുടെ കോ റൈറ്ററായി വർക്ക് ചെയ്തിട്ടുണ്ട്. അങ്ങനെ ആ ഫ്ലോയിൽ യാത്ര തുടരുകയാണ്…