സൗമ്യദീപ്തനായ ഒരു മനുഷ്യനെയാണ്, എഴുത്തുകാരനെയാണ് നഷ്ടമായിരിക്കുന്നത്

സൗമ്യദീപ്തനായ ഒരു മനുഷ്യനെയാണ്, എഴുത്തുകാരനെയാണ്  നഷ്ടമായിരിക്കുന്നത്

അകാലത്തിലെ യാത്ര പറച്ചില്‍ തീരാനഷ്ടം

രണ്‍ജി പണിക്കര്‍

എ സഹദേവന്‍ ജ്യേഷ്ഠ സഹോദരനെ പോലെ ആയിരുന്നു. അദ്ദേഹത്തെ പോലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ മാതൃഭൂമി തിരുവനന്തപുരം എഡിഷനില്‍ സ്ട്രിങ്ങറായി ജോലി ചെയ്യുന്ന കാലത്താണ് സഹദേവന്‍ സാറിനെ പരിചയപ്പെടുന്നത്. പിന്നീട് വാടക വീട്ടില്‍ ഒരുമിച്ച് താമസിച്ചിരുന്നു. അങ്ങനെ ദീര്‍ഘ കാലത്തെ ബന്ധം അദ്ദേഹവുമായി ഉണ്ടായിരുന്നു. ഏറ്റവുമൊടുവില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ജയരാജിന്റെ സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്നാണ് അവസാനമായി കാണുന്നത്. സിനിമയിലും സാഹിത്യത്തിലും പത്രപ്രവര്‍ത്തനത്തിലും അദ്ദേഹത്തിന് വലിയ അവഗാഹം ഉണ്ടായിരുന്നു. എന്നാല്‍ അതൊന്നും തനിക്ക് ഉണ്ട് എന്ന ഭാവം അദ്ദേഹത്തിന് ഇല്ലായിരുന്നു. മാതൃഭൂമി പത്രത്തില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഈ വിഷയങ്ങളിലെ അറിവ് അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മാതൃഭൂമി പത്രത്തില്‍ തുടക്കക്കാരനായി എത്തിയ കാലത്ത് അദ്ദേഹത്തിന്റെ ഒരുപാട് നിര്‍ദേശങ്ങള്‍ വഴികാട്ടിയായിട്ടുണ്ട്. അങ്ങനെ വ്യക്തിപരമായി തന്നെ വളരെ അടുപ്പമുള്ള ആളായിരുന്നു അദ്ദേഹം.

സൗമ്യദീപ്തനായ ഒരു മനുഷ്യനെയാണ്, എഴുത്തുകാരനെയാണ് നഷ്ടമായത്

കമല്‍

സഹദേവേട്ടനുമായി എനിക്ക് ഒരുപാട് വര്‍ഷത്തെ സൗഹൃദമുണ്ട്. മാതൃഭൂമിയിലെ ലേഖകനായി പ്രവര്‍ത്തിച്ച ശേഷമാണ് അദ്ദേഹം ചിത്രഭൂമിയില്‍ വരുന്നത്. ചിത്രഭൂമിയുടെ എഡിറ്ററായി വന്ന ശേഷമാണ് കൂടുതല്‍ അടുപ്പമാകുന്നത്. അന്ന് നാന, ചിത്രഭൂമി ഒക്കെയാണ് സിനിമ സംബന്ധമായി എഴുതുന്നത്. നമ്മുടെയൊക്കെ ഓരോ സിനിമകള്‍ വരുന്ന സമയത്തും സഹദേവേട്ടന്റെ ആര്‍ട്ടിക്കിള്‍ വരാന്‍ നോക്കിയിരിക്കും. എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു അദ്ദേഹത്തിന്റെ എഴുത്തുകള്‍. പിന്നെ സിനിമ കണ്ടുകഴിഞ്ഞ് അദ്ദേഹം വിളിക്കുമായിരുന്നു. സിനിമയുടെ ഗുണവും ദോഷവും ഒക്കെ പറയുമായിരുന്നു. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍, ചിത്രഭൂമിയുടെ എഡിറ്റര്‍ എന്ന നിലയില്‍ എനിക്ക് സഹദേവേട്ടനെ വലിയ ഇഷ്ടമായിരുന്നു. അതിന് പുറമെ നല്ല സൗഹൃദവുമുണ്ടായിരുന്നു.

മേഘമല്‍ഹാര്‍ സിനിമ ചെയ്യുന്ന സമയത്ത്, മാതൃഭൂമിയായിരുന്നു അതിന്റെ പ്രൊഡക്ഷന്‍, അപ്പോഴാണ് കോഴിക്കോട് വെച്ച് സഹദേവേട്ടനെ കൂടുതല്‍ കാണുകയും അടുപ്പമാകുകയും ചെയ്യുന്നത്. പിന്നീട് അദ്ദേഹം ഇന്ത്യാവിഷനില്‍ വന്നു. അദ്ദേഹം ചെയ്യുന്ന പ്രോഗ്രാമുകള്‍ വളരെ ഇന്‍ഫര്‍മേറ്റീവ് ആയിരുന്നു. ഭയങ്കര സ്‌ക്രീന്‍ പ്രസന്‍സ് അണ്ടായിരുന്നു അദ്ദേഹത്തിന്. ഒരു വ്യക്തി എന്ന രീതിയിലും ഒരു സിനിമ നിരൂപകനെന്ന രീതിയിലും, ദൃശ്യ മാധ്യമത്തിലേക്ക് വരുമ്പോള്‍ ഒരു എഡിറ്റര്‍ എന്ന നിലയിലും, അദ്ദേഹത്തിന്റെ കര്‍മമണ്ഡലത്തില്‍ വളരെ സത്യസന്ധവും അതേ സമയം വളരെ ആര്‍ജ്ജവത്തോടും കൂടി പ്രവര്‍ത്തിച്ച ആളാണ്.

അങ്ങനെ പല രീതിയിലുള്ള അടുപ്പവും സഹവര്‍ത്തിത്വവും സഹദേവേട്ടനുമായി ഉണ്ടായിരുന്നു. ഒരു വ്യക്തി എന്ന നിലയില്‍ എല്ലാവരോടും കളങ്ക രഹിതമായി പെരുമാറുന്ന ഒരു പച്ച മനുഷ്യനായിരുന്നു അദ്ദേഹം. എനിക്ക് തോന്നുന്നത് അദ്ദേഹത്തിന് ഒരിക്കലും ശത്രുക്കള്‍ ഉണ്ടാകില്ല എന്നാണ്. അദ്ദേഹം എഴുതുമ്പോള്‍ സിനിമയെ പറ്റി മോശമായി എഴുതിയിട്ടുണ്ടെങ്കില്‍ പോലും ആ സിനിമയുടെ ആളുകള്‍ക്ക് പോലും അദ്ദേഹത്തോട് ശത്രുത തോന്നിയിരുന്നില്ല എന്നതാണ്. അദ്ദേഹത്തിന്റെ സൗമ്യവും സൗഹൃദപരവുമായ ഇടപെടല്‍ തന്നെയായിരുന്നു അതിന്റെ കാരണം. സൗമ്യദീപ്തനായ ഒരു മനുഷ്യനെയാണ്, എഴുത്തുകാരനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്..

ആ കാലം ഞാന്‍ ഓര്‍ക്കുന്നത് സ്‌നേഹത്തോടെയും സന്തോഷത്തോടെയും

ബാലചന്ദ്ര മേനോന്‍

ഞാന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ 1971-74 കാലഘട്ടത്തിലാണ് പഠിക്കുന്നത്. മൂന്നാമത്തെ വര്‍ഷം ഞാന്‍ കോളേജ് യൂണിയന്‍ ചെയര്‍മാനായി. ആ കാലം തൊട്ട് എനിക്ക് ഒരുപാട് പരിചയക്കാരുണ്ടായിരുന്നു. സഹദേവന്‍ എന്റെ ക്ലാസ്‌മേറ്റ് ആയിരുന്നില്ല. ഞാന്‍ ജിയോളജി ആയിരുന്നു. ചെയര്‍മാന്‍ ഒക്കെ ആയിക്കഴിയുമ്പോള്‍ ഒരുപാട് പേരുമായി ഇടപഴകേണ്ടി വരുമല്ലോ. അങ്ങനെയാണ് ഞാന്‍ സഹദേവനെ പരിചയപ്പെടുന്നത്. വളരെ മിതദോഷിയായ ഒരു സുഹൃത്ത് അതായിരുന്നു സഹദേവന്‍. ചെയര്‍മാന്‍ ആയിരുന്ന കാലത്ത് ഞാന്‍ കുറച്ച് കാലം യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ താമസിച്ചിരുന്നു. ഞാന്‍ ഒരു അന്തേവാസി ആയിരുന്നു. കാരണം എനിക്ക് സ്വന്തം മുറിയൊന്നും ഉണ്ടായിരുന്നില്ല. അവിടെ താമസിച്ചിരുന്ന കാലത്ത് കിട്ടിയ അടുത്ത സുഹൃത്തുക്കളായിരുന്നു ഒന്ന് സഹദേവനും പില്‍ക്കാലത്ത് കേരള കൗമുദിയില്‍ പ്രവര്‍ത്തിച്ച ഭാസുരേന്ദ്രനും. രാത്രി ഏറെ വൈകിയും പഠിക്കുകയും വായിക്കുകയും ഒക്കെ ചെയ്ത് കഴിഞ്ഞിട്ട് ഹോസ്റ്റലില്‍ നിന്ന് പാളയത്ത് വന്ന് ഒരു ചായയും വിശന്നാല്‍ ഒരു തട്ട് ദോശയും ഓംലെറ്റും ഒക്കെ കഴിക്കുന്ന ശീലമുണ്ടായിരുന്നു ഹോസ്റ്റലില്‍. ആ സംഘത്തില്‍പ്പെട്ടവരാണ് ഞാനും സഹദേവനും ഭാസുരേന്ദ്രനും. അങ്ങനെ പലപ്പോഴും രാത്രി കാലങ്ങളില്‍ പോകുന്ന സമയത്താണ് ഞങ്ങളുടെ ഉള്ളിലുള്ള ആശയങ്ങളും ആസൂത്രണങ്ങളും എല്ലാം പരസ്പരം ചര്‍ച്ച ചെയ്യുന്നത്.

വിദ്യാര്‍ത്ഥി ജീവിതത്തിലെ ആ കാലം സ്‌നേഹത്തോടെയും സന്തോഷത്തോടെയുമാണ് ഞാന്‍ ഓര്‍ക്കുന്നത്. പിന്നീട് അദ്ദേഹം പത്രപ്രവര്‍ത്തകനായി വന്നതിന് ശേഷവും പിന്നീട് ഞാന്‍ സിനിമയില്‍ സജീവമായതില്‍ പിന്നെയും ഞങ്ങള്‍ തമ്മില്‍ ബന്ധം പുലര്‍ത്തിയിരുന്നു. പക്ഷെ മാധ്യമ പ്രവര്‍ത്തകന്‍ എന്ന രീതിയില്‍ ഒരു ഇടപെടല്‍ ഉണ്ടായിട്ടില്ല. വളരെ നിഷ്പക്ഷമായി തന്നെ ഇടപെടുകയും സംസാരിക്കുകയും ചെയ്തിരുന്ന ആള്‍ ആയിരുന്നു അദ്ദേഹം. വികാരാധീനനൊന്നും ആയിരുന്നില്ല പുള്ളി. സാധാരണ ഉള്ളവരില്‍ കാണുന്ന ഹൈപ്പര്‍ സ്വഭാവം അദ്ദേഹത്തിന് ഇല്ലായിരുന്നു. വളരെ ശാന്ത സ്വഭാവക്കാരനായിരുന്ന ഒരു സുഹൃത്ത് ആയിരുന്നു. വാര്‍ത്ത കേട്ടപ്പോള്‍ പെട്ടെന്ന് എനിക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല.

പുള്ളിയെ ഒരു അവതാരകനായിട്ടും ഞാന്‍ കണ്ടിട്ടുണ്ട്. പലരും വാചകമടിച്ച് രക്ഷപ്പെടുന്നവരാണ്. എന്നാല്‍ വസ്തുനിഷ്ഠമായി കാര്യങ്ങള്‍ വിശകലനം ചെയ്യുന്ന കാര്യത്തില്‍ പ്രത്യേക താത്പര്യം കാണിച്ച ഒരു സുഹൃത്ത് ആയിരുന്നു അദ്ദേഹം. എന്റെ സിനിമകളെക്കുറിച്ചൊക്കെ എപ്പോഴും ഫോണിലൂടെ വിളിച്ച് സംസാരിക്കുകയും ഒക്കെ ഞങ്ങള്‍ ചെയ്യുമായിരുന്നു. യൂണിവേഴ്‌സിറ്റി കോളേജുമുതല്‍ മരിക്കുന്നതുവരെ ആ ബന്ധം ഞങ്ങളില്‍ നിശബ്ദമായി ഉണ്ടായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in