Opinion

1946ല്‍ തന്നെ അംബേദ്കര്‍ പറഞ്ഞു 'ഹിന്ദുത്വ ഭരണം ദുരന്തമായിരിക്കും'; അമിത് ഷാ രാഷ്ട്രത്തോട് മാപ്പ് പറയണം

ഇന്ത്യയില്‍ ഒരു ഹിന്ദു ഭൂരിപക്ഷ ഭരണമുണ്ടായാല്‍ അതൊരു ദുരന്തമായിരിക്കുമെന്ന് 1946ല്‍ തന്നെ ഡോ.ബി.ആര്‍.അംബേദ്കര്‍ രേഖപ്പെടുത്തുന്നുണ്ട്. അന്നത്തെ ദേശീയ നേതൃത്വത്തിലെ ആരും തന്നെ ഈ ഹിന്ദുത്വ ഫാസിസത്തിന്റെ ഭീകരതയെക്കുറിച്ച് ബോധവാന്‍മാരോ ബോധവതികളോ ആയിരുന്നില്ല എന്ന് നിസംശയം പറയാന്‍ പറ്റും. എന്നാല്‍ ഹിന്ദു സോഷ്യല്‍ ഓര്‍ഡറിനെ, സാമൂഹ്യ ക്രമത്തെയും അതിന്റെ ജ്ഞാന പദ്ധതികളെയും വേദ ഇതിഹാസ പാരമ്പര്യങ്ങളെയും നിരന്തരമായി വിമര്‍ശന വിധേയമാക്കിക്കൊണ്ട്, തന്റെ ജീവിതത്തില്‍ ഉടനീളം വിമര്‍ശന വിധേയമാക്കിയ ജ്ഞാന വ്യക്തിത്വമാണ് ബാബാസാഹേബ് ഡോ.ബി.ആര്‍.അംബേദ്കര്‍. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയ ശക്തികള്‍, പ്രത്യേകിച്ചും ബാക്കിയുള്ള ശക്തികള്‍ പൊതുവിലും ഡോ.ബി.ആര്‍.അംബേദ്കറുടെ സാമൂഹിക, രാഷ്ട്രീയ, ധാര്‍മിക ദര്‍ശനങ്ങളെ വേണ്ടത്ര ഗൗരവത്തില്‍ പരിഗണിച്ചിരുന്നില്ല. എന്നു മാത്രമല്ല, ഇന്ത്യന്‍ ഭരണഘടന ഇന്ത്യയിലെ മനുഷ്യര്‍ മനസിലാക്കേണ്ട ഒരു കാര്യമാണെന്ന് പോലും നമ്മുടെ ഭരണാധികാരികള്‍ വിചാരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ഭരണഘടനയുടെ സ്ഥാനം എപ്പോഴും പാഠപുസ്തകങ്ങള്‍ക്ക് പുറത്തായിരുന്നു.

ഇന്നിപ്പോള്‍ ഭരണഘടനയെ സംബന്ധിച്ച് യാതൊരു ധാരണയുമില്ലാത്ത സമൂഹവും ആ ഭരണഘടന എഴുതി തയ്യാറാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഡോ.ബി.ആര്‍.അംബേദ്കറെ ഇരുട്ടില്‍ നിര്‍ത്തിയുമാണ് മുക്കാല്‍ നൂറ്റാണ്ടോളം സ്വതന്ത്ര ഇന്ത്യ ജീവിച്ചത് എന്ന് നമ്മള്‍ മനസിലാക്കണം. ലോക ചരിത്രത്തില്‍, ഭരണഘടനാ രചനയുടെ ചരിത്രത്തില്‍ അമേരിക്കന്‍ ഭരണഘടന കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വിപ്ലവമാണ് ഇന്ത്യന്‍ ഭരണഘടന എന്നാണ് ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. സാമൂഹികനീതിയും സമഭാവനയും അന്യമായിരുന്ന ഇന്ത്യന്‍ സമൂഹത്തിന് അകത്ത് സാമൂഹിക നീതിയുടെ ആവശ്യം ഊന്നിപ്പറയുക മാത്രമല്ല, ഭരഘടനാപരമായി അത് ദര്‍ശിക്കുകയും ചെയ്ത മഹത് വ്യക്തിത്വമായിരുന്നു ബാബാസാഹേബ് ഡോ.ബി.ആര്‍.അംബേദ്കര്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തോടുള്ള ശത്രുത, പ്രത്യേകിച്ച് ഹിന്ദുത്വ രാഷ്ട്രീയ ശക്തികള്‍ക്കുള്ള ശത്രുത വളരെ പ്രത്യക്ഷമാണ്. അവര്‍ എന്തൊക്കെത്തന്നെ അവകാശപ്പെട്ടാലും അവര്‍ക്കൊരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത സാമൂഹിക-രാഷ്ട്രീയ-ധാര്‍മിക ദര്‍ശനങ്ങളുടെ ഉടമയായിരുന്നു ബാബാസാഹേബ് ഡോ.ബി.ആര്‍.അംബേദ്കറെന്ന് നമുക്ക് നിസംശയം പറയാന്‍ കഴിയും.

അംബേദ്കറെ നിസ്സാരവത്കരിക്കുന്നതും അപമാനിക്കുകയും ചെയ്യുന്നതുമായ ഒരു പ്രസ്താവനയാണ് അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയത്. കോണ്‍ഗ്രസുമായി ബിജെപിക്ക് കക്ഷിരാഷ്ട്രീയ-അധികാര തര്‍ക്കങ്ങളുണ്ടാകാം. അത് അവര്‍ ചെയ്‌തോട്ടെ. അതിലേക്ക് ആര്‍ക്ക് വേണമെങ്കിലും വലിച്ചിഴയ്ക്കാവുന്ന ഒരു പേര് മാത്രമാണ് അംബേദ്കറെന്ന് അമിത്ഷായോ മോദിയോ കരുതേണ്ടതില്ല. രാഷ്ട്രം ഇരുട്ടില്‍ നിര്‍ത്തിയിട്ടും പാഠപുസ്തകങ്ങളില്‍ നിന്ന് ഭരണഘടനയെയടക്കം പുറത്തു നിര്‍ത്തിയിട്ടും സ്വന്തം ദര്‍ശനങ്ങളുടെ വില കൊണ്ട്, അതിന്റെ ശക്തികൊണ്ട് തിരിച്ചുവരികയും ഇന്ത്യയിലെ അസാമാന്യമാം വിധമുള്ള ജനസഞ്ചയത്തിന്റെ പിന്തുണ ദൈവതുല്യമായി അവര്‍ ആരാധിക്കുന്ന ഒരു വ്യക്തിത്വമെന്ന നിലയില്‍ ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും മഹാനായ മനുഷ്യനാണ് ഡോ.ബി.ആര്‍.അംബേദ്കര്‍ എന്ന കാര്യം അമിത് ഷാ മറന്നുപോകേണ്ടതില്ല.

ഹിന്ദുത്വ ശക്തികള്‍ അതിന്റെ ബ്രാഹ്‌മണിക്കല്‍ പാട്രിയാര്‍ക്കി എല്ലാക്കാലത്തും അതിജീവിക്കുന്നത് അതിനെ എതിര്‍ക്കുന്നവരെ ഉള്‍ക്കൊള്ളുന്നു എന്ന നാട്യത്തില്‍ അതിനെ ഇല്ലാതാക്കിക്കൊണ്ടാണ്. എതിര്‍പ്പുകളെ ഇല്ലാതാക്കിക്കൊണ്ടാണ്. അതിനായി വേണമെങ്കില്‍ വാളെടുത്തും ആക്രമിക്കും എന്നുള്ളത് ഇന്ത്യാ ചരിത്രം നമ്മളോട് പറയുന്നുണ്ട്. വൈഷ്ണവ-ശൈവ കലഹങ്ങളും ബുദ്ധിസ്റ്റ് മഹാസംഘങ്ങള്‍ക്കെതിരെ നടത്തിയ ആക്രമണങ്ങളുമൊക്കെ അതിന്റെ വ്യക്തമായ തെളിവുകളാണ്. അതുകൊണ്ട് അമിത് ഷായുടെ പ്രസ്താവന ഒരു സന്ദര്‍ഭത്തില്‍ വെറുതെ പറഞ്ഞതായി നാം കരുതിക്കൂടാ. മറിച്ച് ഇന്ത്യന്‍ ഭരണഘടനയെ അതിന്റെ അകത്തു നിന്ന് തന്നെ തകര്‍ക്കുന്ന ഒരു രാഷ്ട്രീയ ശക്തിയെയാണ് അമിത് ഷാ പ്രതിനിധാനം ചെയ്യുന്നത്. ഇത് റെറ്ററിക്കായിട്ട് പറയുന്ന ഒരു കാര്യമല്ല.

2014ല്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇന്ത്യന്‍ ഭരണഘടനയുടെ മൗലികതത്വങ്ങളെ, പൗരത്വ സങ്കല്‍പങ്ങളെ അട്ടിമറിക്കുകയും ന്യൂനപക്ഷ അവകാശങ്ങള്‍ എന്ന് പറയുന്ന ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളെ നിര്‍വീര്യമാക്കുകയും സംവരണത്തില്‍ സാമ്പത്തിക മാനദണ്ഡം കൊണ്ടുവന്ന് സംവരണത്തെ അട്ടിമറിക്കുകയും ചെയ്യുന്നതില്‍, തെരുവുകളില്‍ ദളിതര്‍ക്ക് എതിരെയും ആദിവാസികള്‍ക്ക് എതിരെയും മുസ്ലീങ്ങള്‍ക്ക് എതിരെയും അതിഭീകരമായ മര്‍ദ്ദനങ്ങള്‍ അഴിച്ചു വിടുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ ശക്തിയെയാണ് അമിത് ഷാ പ്രതിനിധാനം ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ ഇത്തരം വകുപ്പുകള്‍ ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍ച്ചേര്‍ക്കാന്‍ വേണ്ടി നിരന്തരം പോരാടിയ ഒരാളാണ് ഡോ.ബി.ആര്‍.അംബേദ്കര്‍ എന്ന് നാം കാണണം. ഭരണഘടനയിലെ ഈ അട്ടിമറികള്‍ അംബേദ്കറുടെ ദര്‍ശനങ്ങളോടുള്ള വിയോജിപ്പ് തന്നെയാണ് എന്ന് നമുക്ക് മനസിലാക്കാന്‍ ബുദ്ധിമുട്ടില്ല. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റാണ് എന്ന അവകാശവാദമാണ് പലപ്പോഴും ബിജെപി-സംഘപരിവാര്‍ ശക്തികള്‍ ഉന്നയിക്കുന്നത്.

ലോകംകണ്ട കിരാതരായിട്ടുള്ള സ്വേച്ഛാധിപതികള്‍, ഹിറ്റ്ലറും മുസോളിനിയും അടക്കമുള്ളവര്‍ തെരഞ്ഞെടുപ്പിലൂടെയാണ് അധികാരത്തില്‍ വന്നതെന്ന സത്യം നമ്മള്‍ മറന്നു പോകേണ്ടതില്ല. തെരഞ്ഞെടുക്കപ്പെട്ടു എന്നത് എന്തും ചെയ്യാനുള്ള ഒരു അവകാശവാദമായി ജനാധിപത്യ സംവിധാനത്തില്‍ നിലനില്‍ക്കില്ല. ഇന്ത്യയിലെ ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാന്‍ വേണ്ടിയാണ് ഒരു പാര്‍ട്ടിയെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്നത്. അല്ലാതെ അതിനെ തകര്‍ക്കുന്നതിന് വേണ്ടിയല്ല. ഇന്ത്യന്‍ ഭരണഘടനയുടെ മൗലിക തത്വങ്ങളെ തകര്‍ക്കുകയും അതിന് കൂട്ടുനില്‍ക്കുന്ന ഒരു ജുഡീഷ്യറി ഇവിടെയുണ്ടാകുകയും ചെയ്ത ഒരു ചരിത്ര സാഹചര്യത്തില്‍ ഡോ.ബി.ആര്‍.അംബേദ്കര്‍ 'ജാതി നിര്‍മൂലനം' എന്ന കൃതിയില്‍ ഇന്ത്യയിലെ സ്മൃതി-പുരാണ ഗ്രന്ഥങ്ങള്‍ ഡൈനാമിറ്റ് വെച്ച് തകര്‍ക്കണമെന്ന് പ്രകോപനകരമായ ഒരു പ്രസ്താവന തന്നെ പുറപ്പെടുവിക്കുന്നുണ്ട്. ഇന്ത്യയുടെ മുന്നോട്ടുള്ള പോക്കിന് തടസങ്ങളാണ് അവ എന്നതാണ് അദ്ദേഹം കണ്ടെത്തുന്ന ഒരു കാര്യം. ഡോ.ബി.ആര്‍.അംബേദ്കറിന്റെ ആശയങ്ങളില്‍ നിന്ന് പരിപൂര്‍ണ്ണമായി വേര്‍പെട്ട് നില്‍ക്കുന്ന അമിത് ഷാ പത്രസമ്മേളനത്തില്‍ പറയുന്നത് ഞങ്ങളാണ് അംബേദ്കറെ അംഗീകരിക്കുന്ന ഏക പാര്‍ട്ടി എന്നാണ്. ഈ അവകാശവാദം യഥാര്‍ത്ഥത്തില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന ഒരു കാര്യമാണ്.

രണ്ടാമതൊരു സംഗതി, കോണ്‍ഗ്രസ് അതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്, പ്രതിപക്ഷ കക്ഷികള്‍ രംഗത്ത് വന്നിട്ടുണ്ട്. തീര്‍ച്ചയായും സ്വാഗതാര്‍ഹമായ ഒരു കാര്യമാണ്. എന്നാല്‍ ഈ പ്രതിപക്ഷ കക്ഷികള്‍ എത്രമാത്രം ഡോ.ബി.ആര്‍.അംബേദ്കറുടെ സാമൂഹിക-രാഷ്ട്രീയ-ധാര്‍മ്മിക ദര്‍ശനങ്ങളെ ഉയര്‍ത്തിപ്പിടിക്കാന്‍ സന്നദ്ധമാണ് എന്ന ചോദ്യം നമുക്കു മുന്നില്‍ ബാക്കിയാകുകയാണ്. അവര്‍ ഇത്തരം വിവാദങ്ങളില്‍ അംബേദ്കര്‍ക്കൊപ്പം നിലയുറപ്പിക്കുക എന്നതല്ല, അംബേദ്കറുടെ സാമൂഹിക-രാഷ്ട്രീയ ദര്‍ശനങ്ങള്‍ ഇന്ത്യക്ക് രക്ഷപ്പെടാനുള്ള പ്രധാനപ്പെട്ട കവാടമാണെന്ന് മനസിലാക്കുന്ന പ്രതിപക്ഷത്തെയാണ് ഇന്ന് ചരിത്രം ആവശ്യപ്പെടുന്നത്. ആ ദൗത്യം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ഏറ്റെടുക്കാന്‍ കഴിയുമോ എന്നതാണ് പ്രധാനപ്പെട്ട വെല്ലുവിളി. അതല്ലാതെ ഈ വിവാദങ്ങളില്‍ അഭിരമിച്ചാല്‍ അതാര്‍ക്കും ഗുണം ചെയ്യുന്നതല്ലെന്ന് പ്രതിപക്ഷം മനസിലാക്കേണ്ടതുണ്ട്.

ഈയൊരു ചരിത്ര സാഹചര്യത്തിലാണ് അമിത് ഷായുടെ പ്രസ്താവന നമ്മള്‍ പരിശോധിക്കേണ്ടത്. അദ്ദേഹം അംബേദ്കര്‍, അംബേദ്കര്‍ എന്ന് വിളിക്കുന്നതിന് പകരം ദൈവത്തെ വിളിച്ച് പ്രാര്‍ത്ഥിക്കൂ എന്നാണ് പ്രഖ്യാപിക്കുന്നത്. അംബേദ്കര്‍ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ അമിത് ഷാ എന്തിനാണ് ഇത്രമാത്രം രോഷാകുലനാകുന്നത് എന്ന് ചരിത്രപരമായി പരിശോധിക്കപ്പെടേണ്ട ഒരു സംഗതിയാണ്. കൊലപാതക കേസുകളില്‍, കലാപക്കേസുകളില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ ജയിലില്‍ പോകേണ്ടിവന്ന ഒരാളാണ് അമിത് ഷായെന്ന് നാം മനസിലാക്കണം.

ഇങ്ങനെ മാനവികമായ ഒരു മൂല്യബോധവും പുലര്‍ത്താതിരിക്കുകയും ഹിന്ദുത്വത്തിന്റെ വക്താക്കളെന്ന നിലയ്ക്ക് ഭരണഘടനയെ അട്ടിമറിക്കുകയും ഡോ.ബി.ആര്‍.അംബേദ്കറുടെ ദര്‍ശനങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയുകയും ചെയ്യുന്നവര്‍ ഞങ്ങളാണ് യഥാര്‍ത്ഥത്തില്‍ അംബേദ്കറെ അംഗീകരിക്കുന്ന പാര്‍ട്ടി എന്ന് പറയുന്നതിലെ വൈരുദ്ധ്യം നമ്മള്‍ മനസിലാക്കേണ്ടതുണ്ട്. കക്ഷിരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടാകാം. അതവര്‍ പറഞ്ഞ് പരിഹരിച്ചോളും. അതിനിടയിലേക്ക് വലിച്ചിഴയ്ക്കാവുന്ന ഒരു പേരല്ല ഡോ.ബി.ആര്‍.അംബേദ്കര്‍. അതിനേക്കാള്‍, ഒരു വിശ്വദാര്‍ശനികനായിട്ടാണ് ലോകം ഡോ.ബി.ആര്‍.അംബേദ്കറെ കാണുന്നത് എന്ന യാഥാര്‍ത്ഥ്യം അവര്‍ മറന്നുപോകേണ്ടതില്ല. എന്തായാലും ഒരു കാര്യം ഉറപ്പാണ്. ഇവരൊക്കെ പല സിദ്ധാന്തങ്ങളെയും, പല മഹാന്‍മാരെയും ഉയര്‍ത്തിക്കൊണ്ടു വന്നെങ്കിലും ഇവരാരും ഉയര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിക്കാത്ത ബാബാസാഹേബ് ഡോ.ബി.ആര്‍.അംബേദ്കര്‍ തന്നെയാണ് ഇന്ത്യയിലെ രാഷ്ട്രീയ തര്‍ക്കങ്ങളുടെ കേന്ദ്രബിന്ദുവായി പരിവര്‍ത്തനപ്പെട്ടിരിക്കുന്നത് എന്നത് നാം അടിവരയിട്ട് മനസിലാക്കേണ്ടതുണ്ട്.

ഇത്രയും മഹാനായ ഒരു മനുഷ്യനെ, ഒരു മഹത് വ്യക്തിത്വത്തെ, ഇന്ത്യന്‍ സമൂഹത്തെക്കുറിച്ച് ഗൗരവമായി പഠിക്കുകയും അവിടെ നീതിയും സമാധാനവും സാഹോദര്യവും പുലരാനുള്ള ഒരു ഭരണഘടന എഴുതി തയ്യാറാക്കി രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്ത മഹാനായ ഒരു വ്യക്തിത്വത്തെ ആദരിക്കേണ്ടതിന് പകരം അദ്ദേഹത്തെ അപമാനിക്കുകയും നിസാരവത്കരിക്കുകയും ചെയ്ത പ്രസ്താവന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിരുപാധികം പിന്‍വലിക്കുകയും രാഷ്ട്രത്തോട് മാപ്പ് പറയുകയും ചെയ്യേണ്ടതുണ്ട്. അത് ചെയ്യണമെന്ന് ഇന്ത്യയിലെ ദളിതര്‍ മാത്രമല്ല, ഇന്ത്യയില്‍ ജനാധിപത്യത്തെ കാംക്ഷിക്കുന്ന, ഭരണഘടനാ വാഴ്ചയെ കാംക്ഷിക്കുന്ന, ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മുഴുവന്‍ മനുഷ്യരും സിവില്‍ സമൂഹവും സാംസ്‌കാരിക പ്രസ്ഥാനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ദളിത് പ്രസ്ഥാനങ്ങളുമൊക്കെ സംഘടിതമായിത്തന്നെ ഈ ആവശ്യം ഉന്നയിക്കുകയും ഈ ഘട്ടത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്ന വലിയൊരു മുദ്രാവാക്യമാണത്, അത്തരമൊരു സന്ദര്‍ഭമാണ് ഇതെന്നുള്ള രാഷ്ട്രീയമായ തിരിച്ചറിവ് നാമെല്ലാം നേടുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് എനിക്ക് തോന്നുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT