ഹൈക്കോടതിയുടെ പരാമര്‍ശത്തില്‍ നിന്ന് ആരംഭിച്ച് രാഷ്ട്രീയ വിവാദമായി മാറുകയും പിന്നീട് അന്വേഷണത്തിലേക്ക് നീങ്ങുകയും ചെയ്ത ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദം പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ എട്ടാം പ്രതിയായി 2019ലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ കൂടി ചേര്‍ത്തിരിക്കുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ഒന്നാം പ്രതി. കല്‍പേഷ് രണ്ടാം പ്രതിയും ദേവസ്വം കമ്മീഷണര്‍, തിരുവാഭരണം കമ്മീഷണര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്നിവര്‍ മൂന്നു മുതല്‍ ഏഴു വരെയുള്ള പ്രതികളുമാണ്. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം ദ്വാരപാലക ശില്പത്തിലെ സ്വര്‍ണ്ണം പൊതിഞ്ഞ ചെമ്പുതകിടുകള്‍ കൊടുത്തുവിട്ട സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയതായാണ് കണ്ടെത്തല്‍. പുറത്ത് രാഷ്ട്രീയ വിവാദം കൊടുമ്പിരിക്കൊള്ളുമ്പോഴും ആറാഴ്ചക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ളതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.
സ്വര്‍ണ്ണപ്പാളി വിവാദം
ശബരിമലയിലെ ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണ്ണപ്പാളി ഇളക്കിമാറ്റി അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോയത് അനുമതിയില്ലാതെയാണെന്ന് ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഇക്കാര്യത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് ദേവസ്വം ബെഞ്ചില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സന്നിധാനത്ത് ശ്രീകോവിലിന്റെ മുന്‍വശത്തായുള്ള ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണ്ണം പൊതിഞ്ഞ പാളികള്‍ അനുമതിയില്ലാതെ ഇളക്കി മാറ്റി ചെന്നൈയിലേക്ക് കൊണ്ടുപോയി എന്നായിരുന്നു റിപ്പോര്‍ട്ടിലെ ആരോപണം. തന്ത്രിയുടെയും തിരുവാഭരണം കമ്മീഷണറുടെയും അനുമതിയോടെയാണ് അവ ഇളക്കി മാറ്റിയതെന്നും ചെന്നൈയിലെ കമ്പനിയിലേക്ക് കൊണ്ടുപോയതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് വിശദീകരിച്ചു. പ്രത്യേക വാഹനത്തില്‍ ദേവസ്വം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരാണ് ഇത് കൊണ്ടുപോയതെന്നും പ്രശാന്ത് വിശദീകരിച്ചു. അനുമതി മുന്‍കൂര്‍ വാങ്ങാതെ പാളികള്‍ ഇളക്കി മാറ്റിയതിനെ കോടതി വിമര്‍ശിച്ചു. സ്‌പെഷ്യല്‍ കമ്മീഷണറുടെ അനുമതിയോടെ വേണം ഇത്തരം പ്രവൃത്തികളെന്ന് ഹൈക്കോടതിയുടെ ഉത്തരവുകള്‍ നിലനില്‍ക്കെയാണ് നടപടി എന്നതിനാല്‍ ദേവസ്വം ബെഞ്ച് രൂക്ഷമായാണ് പ്രതികരിച്ചത്.
ഇതിനിടയില്‍ ദ്വാരപാലക ശില്‍പങ്ങളുടെ രണ്ട് പീഠങ്ങള്‍ കണ്ടെത്താനുണ്ടെന്ന് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വെളിപ്പെടുത്തിയത് പുതിയ വിവാദമായി. സ്വര്‍ണ്ണപ്പാളി നിര്‍മാണത്തിനായി ഉപയോഗിച്ച സ്വര്‍ണ്ണത്തിന്റെ അളവ് ഹൈക്കോടതി ചോദിക്കുകയും ചെയ്തു. ശബരിമലയിലെ എല്ലാ വിലപ്പെട്ട വസ്തുക്കളുടെയും കണക്കെടുക്കാനും വിശദമായ പരിശോധന നടത്താനും ഹൈക്കോടതി ഉത്തരവിട്ടതോടെ വിഷയം രാഷ്ട്രീയ വിവാദമായി മാറി. 1999ല്‍ വിജയ് മല്യ നല്‍കിയ സ്വര്‍ണ്ണം ഉപയോഗിച്ചാണ് ശ്രീകോവില്‍ ആദ്യമായി പൊതിഞ്ഞത്. 30 കിലോ സ്വര്‍ണ്ണം മല്യ നല്‍കി. 2019ലാണ് ഉണ്ണിക്ൃഷ്ണന്‍ പോറ്റിക്ക് ദ്വാരപാലക ശില്‍പങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി കൈമാറിയത്. 42.8 കിലോയായിരുന്നു കൈമാറുമ്പോള്‍ പാളികളുടെ ഭാരം കണക്കാക്കിയത്. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷനില്‍ ഇത് സ്വര്‍ണ്ണം പൂശുന്നതിനായി എത്തിച്ചപ്പോള്‍ 38.258 കിലോയായി കുറഞ്ഞു. 4.541 കിലോ കുറഞ്ഞതില്‍ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തി.
തനിക്ക് ലഭിച്ചത് ചെമ്പുപാളികളാണെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി അറിയിച്ചത്. ചെമ്പ് പാളികളാണ് നല്‍കുന്നതെന്ന് റിപ്പോര്‍ട്ട് എഴുതിയത് മുരാരി ബാബു എന്ന ഉദ്യോഗസ്ഥനായിരുന്നു. പാളികളില്‍ 1.564 കിലോഗ്രാം സ്വര്‍ണ്ണം പൊതിഞ്ഞിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പാളികള്‍ കൈമാറുമ്പോള്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും കണ്ടെത്തലുണ്ടായി. തിരുവാഭരണ കമ്മീഷണര്‍ സ്ഥലത്തുണ്ടായിരുന്നില്ല. ക്ഷേത്രത്തിലെ വിലപ്പെട്ട വസ്തുക്കള്‍ കൈമാറുമ്പോള്‍ തിരുവാഭരണ കമ്മീഷണര്‍ സ്ഥലത്തുണ്ടാവേണ്ടതുണ്ട് ദേവസ്വം ബോര്‍ഡ് മാനുവല്‍ അനുസരിച്ച് അമൂല്യ വസ്തുക്കളില്‍ സ്വര്‍ണ്ണം പൂശുന്നത് ക്ഷേത്രത്തില്‍ വെച്ചു തന്നെയായിരിക്കണം. ഇത് ലംഘിച്ചുകൊണ്ടാണ് പാളികള്‍ ചെന്നൈയിലേക്ക് അയച്ചത്. 2019 ജൂലൈ 19നായിരുന്നു പാളികള്‍ കൈമാറിയത്. സെപ്റ്റംബര്‍ 11ന് ഇവ തിരികെയെത്തിച്ചു.
ഉണ്ണികൃഷ്ണന്‍ പോറ്റിയും ആരോപണങ്ങളും
ബംഗളൂരു സ്വദേശിയായ ഭക്തന്‍ എന്ന് ദേവസ്വം ബോര്‍ഡ് രേഖകളില്‍ കാണുന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് സ്‌പോണ്‍സറായി സ്വര്‍ണ്ണം പൂശുന്നതിനായി ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണ്ണം പൊതിഞ്ഞ ചെമ്പുപാളികള്‍ കൊണ്ടുപോയത്. ദ്വാരപാലക ശില്‍പങ്ങള്‍ സ്വര്‍ണ്ണം പൂശുന്നതിനായി അഴിച്ചെടുത്ത ശേഷം ചെന്നൈയില്‍ എത്തിച്ചത് ഒരു മാസം കഴിഞ്ഞിട്ടാണെന്ന വെളിപ്പെടുത്തലും ഇതിനിടയില്‍ ഉണ്ടായിരുന്നു. ദ്വാരപാലക ശില്പങ്ങളുടെ താങ്ങുപീഠങ്ങള്‍ കാണാനില്ലെന്ന് ഇയാള്‍ പറഞ്ഞെങ്കിലും ഇയാളുടെ സഹോദരിയുടെ വീട്ടില്‍ നിന്ന് പീഠങ്ങള്‍ ദേവസ്വം വിജിലന്‍സ് കണ്ടെത്തി. ദേവസ്വം ബോര്‍ഡിലും ഉദ്യോഗസ്ഥര്‍ക്കിടയിലും ഇയാള്‍ക്ക് വലിയ സ്വാധീനമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയും ചെയ്തു. സ്വര്‍ണ്ണം പൂശുന്നതിനായി കൊണ്ടുപോയ പാളികള്‍ ബംഗളൂരുവിലെ ശ്രീറാംപുര അയ്യപ്പക്ഷേത്രത്തില്‍ എത്തിച്ച് ഇയാള്‍ പൂജിച്ചു. ഇത് പണപ്പിരിവിന് വേണ്ടിയാണെന്ന് ദേവസ്വം വിജിലന്‍സിന് സംശയമുണ്ടായിരുന്നു. സ്വര്‍ണ്ണം പൂശുന്നതിനും അന്നദാനം അടക്കമുള്ള വഴിപാടുകള്‍ ചെയ്യാമെന്ന് വാഗ്ദാനം ചെയ്തുമായി ഇയാള്‍ വന്‍തോതില്‍ പണപ്പിരിവ് നടത്തിയതായും സംശയമുണ്ട്.
ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്
വിജയ് മല്യയുടെ യുബി ഗ്രൂപ്പ് സ്വര്‍ണ്ണം പൊതിഞ്ഞത് ശബരിമല ശ്രീകോവിലിന്റെ മേല്‍ക്കൂരയില്‍ മാത്രമല്ല, ദ്വാരപാലക ശില്‍പങ്ങളില്‍ കൂടിയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വാതിലിലും വാതില്‍പടിയിലും സ്വര്‍ണ്ണം പൂശിയിരുന്നു. 250 പവനോളം ദ്വാരപാലക ശില്‍പങ്ങളില്‍ ഉണ്ടായിരുന്നു. ഒന്നര കിലോയോളം വരുന്ന സ്വര്‍ണ്ണം പൂശിയിരുന്ന ദ്വാരപാലക ശില്‍പങ്ങളിലെ ചെമ്പുപാളികള്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ കൊണ്ടുപോകുമ്പോള്‍ അത് 394.9 ഗ്രാം മാത്രമായി മാറി. അപ്പോള്‍ യഥാര്‍ത്ഥ തങ്കപ്പാളിയല്ല ഇവിടെ എത്തിച്ചതെന്നും അത് അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം പാളികള്‍ കൊടുത്തുവിട്ടതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായതായി വിജിലന്‍സ് കണ്ടെത്തി. ചെമ്പ് തകിടുകള്‍ സ്വര്‍ണ്ണം പൊതിഞ്ഞതാണെന്ന് വ്യക്തമായിരുന്നിട്ടും മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു ചെമ്പു തകിടുകള്‍ എന്ന് മാത്രം എഴുതി എന്നിങ്ങനെയാണ് റിപ്പോര്‍ട്ട്.
ഇതനുസരിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തകിടുകള്‍ കൈമാറാന്‍ ഉത്തരവ് നല്‍കിയ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ്. ജയശ്രീ, മഹസറുകളില്‍ ചെമ്പു തകിടുകള്‍ എന്ന് രേഖപ്പടുത്തിയതിന് സാക്ഷിയായി ഒപ്പിട്ട അസി.എന്‍ജിനീയര്‍ കെ.സുനില്‍കുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന എസ്.ശ്രീകുമാര്‍, തകിടുകള്‍ ഇളക്കുന്ന പ്രവൃത്തിക്ക് മേല്‍നോട്ടം വഹിക്കാതിരുന്നതിലൂടെ ചുമതലയില്‍ വീഴ്ച വരുത്തിയതിന് മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ.എസ്.ബൈജു തുടങ്ങിയവര്‍ക്കെതിരെയാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. എ.പദ്മകുമാര്‍ പ്രസിഡന്റായിരുന്ന അക്കാലത്തെ ദേവസ്വം ബോര്‍ഡിനെയും പ്രതി ചേര്‍ത്തിട്ടുണ്ട്. ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് പുറമേ കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇഡിയും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.