മാനസികാരോഗ്യം: വംശഹത്യയുടെ കാലത്ത്

മാനസികാരോഗ്യം: വംശഹത്യയുടെ കാലത്ത്
Forced Displacement of Palestinians in the Gaza Strip by Jaber Jehad Badwan
Published on
Summary

2025ലെ ലോക മാനസികാരോഗ്യദിനം 'Access to Services - Mental Health in Catastrophes and Emergencies' എന്ന തീമില്‍ ആചരിക്കുമ്പോള്‍ പലസ്തീന്‍ സംഭവം ഈ കാലഘട്ടം അഭിമുഖീകരിക്കുന്ന ഏറ്റവും ഭീകരമായ, മനുഷ്യത്വരഹിതമായ സാമൂഹികവും മാനസികവുമായ അടിയന്തരാവസ്ഥയായി നിലനില്‍ക്കുകയാണ്.

'We survived the airstrikes, but our minds are still burning'. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ റാഫയിലെ ഒരു പലസ്തീനിയന്‍ അമ്മ അവരുടെ നിലവിലെ മാനസികാവസ്ഥയെപ്പറ്റി ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനോട് വിവരിച്ചത് ഇപ്രകാരമാണ്. ഗാസയിലെ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ ജീവനറ്റ ശരീരങ്ങള്‍ മാത്രമല്ല മുറിവേറ്റ സമൂഹ മനസ് കൂടിയുണ്ട് എന്ന യാഥാര്‍ത്ഥ്യമാണ് ഈ വാക്കുകള്‍ സൂചിപ്പിക്കുന്നത്.

2025ലെ ലോക മാനസികാരോഗ്യദിനം 'Access to Services - Mental Health in Catastrophes and Emergencies' എന്ന തീമില്‍ ആചരിക്കുമ്പോള്‍ പലസ്തീന്‍ സംഭവം ഈ കാലഘട്ടം അഭിമുഖീകരിക്കുന്ന ഏറ്റവും ഭീകരമായ, മനുഷ്യത്വരഹിതമായ സാമൂഹികവും മാനസികവുമായ അടിയന്തരാവസ്ഥയായി നിലനില്‍ക്കുകയാണ്. അതിന്റെ ചരിത്രപരവും രാഷ്ട്രീയപരവും സാമൂഹ്യപരവുമായ ചുറ്റുപാടുകളും ചര്‍ച്ചകളും നിരന്തരമായി നടന്നുകൊണ്ടിരിക്കുകയാണ്.

മനുഷ്യന്റെ അടിസ്ഥാനജീവിതം മുതല്‍ മാനസിക വ്യവഹാരങ്ങള്‍ വരെ തകര്‍ത്തു കളയുന്ന വംശഹത്യയുടെ പരിണിത ഫലങ്ങള്‍ ട്രോമ എന്നതിനപ്പുറം സാമൂഹിക നിരാശ (Collective Despair), Grief തുടങ്ങിയ പ്രതികരണങ്ങളിലേക്കും ഒരു ജനതയുടെ തന്നെ സാംസ്‌കാരികവും വൈകാരികവുമായ അടിത്തറയെ ഇല്ലായ്മ ചെയ്യുന്നതിലേക്കും നയിക്കുന്നു.

The Anatomy of Psychological Suffering

രണ്ട് വര്‍ഷക്കാലമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളും, ഉപരോധവും, പലായനങ്ങളും കാരണം ആരോഗ്യ വിദഗ്ധര്‍ പാലസ്തീന്‍ രാജ്യത്തെ ഓപ്പണ്‍ എയര്‍ ട്രോമ വാര്‍ഡ് എന്നാണ് വിശേഷിപ്പിക്കുന്നത്. പത്തൊന്‍പത് ലക്ഷത്തില്‍ അധികം പാലസ്തീനികള്‍ക്ക് പലപ്പോഴായി അവരുടെ പ്രദേശം വിട്ട്‌പോകേണ്ടി വന്നിട്ടുണ്ടെന്നും, അവരില്‍ ഭൂരിപക്ഷത്തിനും ശുദ്ധജലം, ഭക്ഷണം, ആരോഗ്യപരിചരണം, സുരക്ഷിതമായ താമസസ്ഥലം എന്നിവ ലഭ്യമല്ലെന്നും ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കുകള്‍ സൂചിപ്പിക്കുന്നു. പലസ്തീന്‍ ജനത നേരിട്ടുകൊണ്ടിരിക്കുന്ന ചരിത്രപരമായ ട്രോമ ഉള്‍പ്പെടെയുള്ള സംഭവവികാസങ്ങള്‍ക്ക് ദൂരവ്യാപകമായ മാനസിക പ്രത്യാഘാതങ്ങളാണുള്ളതെന്ന് യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്റ് വര്‍ക്‌സ് ഏജന്‍സി (UNRWA), ലോകാരോഗ്യ സംഘടന (WHO), മറ്റ് പ്രാദേശിക ഏജന്‍സികള്‍ തുടങ്ങിയവയുടെ ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

നോർത്തേൺ ഗാസയിലെ അഭയാർത്ഥി ക്യാംപ്
നോർത്തേൺ ഗാസയിലെ അഭയാർത്ഥി ക്യാംപ്ചിത്രം: Jaber Jehad Badwan, wikimedia commons

എണ്‍പത് ശതമാനത്തിലേറെ കുട്ടികളും ദുഃസ്വപ്‌നങ്ങള്‍ കാണുക, മ്യൂട്ടിസം എന്ന സംസാരം ഇല്ലാതാകുന്ന അവസ്ഥ, ഉറക്കത്തില്‍ മൂത്രമൊഴിക്കുക തുടങ്ങിയ ഗുരുതരമായ വൈകാരിക ബുദ്ധിമുട്ടുകളുടെ ലക്ഷണങ്ങള്‍ കാണിക്കുന്നു. പോസ്റ്റ്-ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ (PTSD), ഉത്കണ്ഠ (Anxiety), വിഷാദം (Depression) എന്നിവയുടെ നിരക്ക് ലോകത്തെതന്നെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ഇവിടെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. പ്രായപൂര്‍ത്തിയായവരില്‍ പകുതിയിലധികം പേരും നിരന്തരമായ ഭയം, നിരാശ, പ്രതീക്ഷാരാഹിത്യം, മാനസിക അനിശ്ചിതത്വം എന്നിവ നേരിടുന്നു.

ഇത്തരത്തില്‍ മനുഷ്യന്റെ അടിസ്ഥാനജീവിതം മുതല്‍ മാനസിക വ്യവഹാരങ്ങള്‍ വരെ തകര്‍ത്തു കളയുന്ന വംശഹത്യയുടെ പരിണിത ഫലങ്ങള്‍ ട്രോമ എന്നതിനപ്പുറം സാമൂഹിക നിരാശ (Collective Despair), Grief തുടങ്ങിയ പ്രതികരണങ്ങളിലേക്കും ഒരു ജനതയുടെ തന്നെ സാംസ്‌കാരികവും വൈകാരികവുമായ അടിത്തറയെ ഇല്ലായ്മ ചെയ്യുന്നതിലേക്കും നയിക്കുന്നു.

'സര്‍വൈവര്‍ ഗില്‍റ്റ്' അല്ലെങ്കില്‍ ജീവിച്ചിരിക്കുന്നതിനുള്ള കുറ്റബോധവും വ്യാപകമാണ്. 'എന്റെ കുടുംബം, അയല്‍ക്കാരന്‍, സുഹൃത്ത് മരിച്ചു, പക്ഷേ ഞാന്‍ ജീവിക്കുന്നു. ഞാന്‍ മാത്രം എന്തിനാണ് രക്ഷപ്പെട്ടത്?' എന്ന ചോദ്യം അവരെ വേട്ടയാടുന്നു. ഈ ബോധം അവരുടെ രക്ഷപ്പെടല്‍ ഒരു തെറ്റാണെന്നും അവര്‍ അതിനര്‍ഹരല്ലെന്നുമുള്ള തീവ്രമായ വികാരത്തിലേക്ക് നയിക്കുന്നു.

വംശഹത്യയുടെ പശ്ചാത്തലത്തില്‍ മാനസിക ആരോഗ്യം എന്നത് ട്രോമ എക്‌സ്‌പോഷര്‍ എന്നതില്‍ തുടങ്ങി നിരവധി രൂപങ്ങളില്‍ ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന ആഘാതങ്ങളുടെ ആകെത്തുക കൂടിയാണ്. മനുഷ്യന്റെ സന്തുലിതമായ ജീവിതത്തിന്റെ അടിസ്ഥാനമായ സുരക്ഷിതത്വബോധം, അന്തസ്സ് (Dignity), പ്രതീക്ഷ എന്നിവയുടെ വ്യവസ്ഥിതമായ ഉന്മൂലനമാണ് ഇതിന്റെ പ്രധാന കാരണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ സൈക്കോളജിക്കല്‍ സഫറിംഗിനെ ത്വരിതപ്പെടുത്തുന്ന, പരസ്പരം ഓവര്‍ലാപ്പ് ചെയ്യുന്ന നിരവധി ഘടകങ്ങളുണ്ട്.

മരണങ്ങളും നഷ്ടങ്ങളും: ഭൗതികമായ ചുറ്റുപാടുകളുടെ നാശവും കൂടെയുള്ളവരുടെ ദാരുണമായ മരണങ്ങള്‍ക്കുമാണ് അവിടെയുള്ള ഓരോ മനുഷ്യനും സാക്ഷിയാകുന്നത്. ദുഃഖം (Grief) എന്നത് ആവശ്യമായ സമയമെടുത്ത് കടന്നുപോകേണ്ട, മറികടക്കേണ്ട അവസ്ഥയാണ് എന്നിരിക്കെ അവര്‍ക്ക് അതിനുള്ള അവസരമില്ലാതെ നഷ്ടം വീണ്ടും ആവര്‍ത്തിക്കുന്നത് സങ്കീര്‍ണ്ണമായ ദുഃഖവും (Complex Grief), ഡിസോസിയേഷന്‍ തുടങ്ങിയ അവസ്ഥകളും സൃഷ്ടിക്കുന്നു.

സുരക്ഷാ സംവിധാനങ്ങളുടെ തകര്‍ച്ച: ആരോഗ്യ- സുരക്ഷാ സംവിധാനങ്ങളെല്ലാം ആക്രമിക്കപ്പെടുകയും തകര്‍ക്കപ്പെടുകയുമാണ്. അമേരിക്കന്‍ സൈക്കോളജിസ്റ്റ് എബ്രഹാം മാസ്ലോയുടെ ഹൈറാര്‍ക്കി ഓഫ് നീഡ്‌സിന്റെ അടിത്തറ തന്നെ ഫിസിക്കല്‍ സേഫ്റ്റിയാണ്. ഈ അടിത്തറ ഇല്ലാതാകുമ്പോള്‍, അതിനുമുകളിലുള്ള മാനസിക സുരക്ഷ എന്ന ആവശ്യം നിര്‍ത്ഥകമാക്കുകയാണ്.

അഭയാര്‍ത്ഥിത്വവും സ്ഥലം മാറ്റവും: ആവര്‍ത്തിച്ചുള്ള സ്ഥലംമാറ്റം സമൂഹബന്ധങ്ങളെ തകര്‍ക്കുകയും, ക്രോണിക് സ്‌ട്രെസ്, ഉറക്ക പ്രശ്‌നം, വൈകാരികമായ മരവിപ്പ് എന്നിവ ഉണ്ടാക്കുകയും ചെയ്യുന്നു.

മാനസികാരോഗ്യം: വംശഹത്യയുടെ കാലത്ത്
കമ്പിളികണ്ടത്തെ കല്‍ഭരണികളില്‍ അനാഥശാലയിലെ ആ ഓര്‍മ്മകള്‍ പൂര്‍ണ്ണമായി എഴുതിയിട്ടില്ല; ബാബു അബ്രഹാം അഭിമുഖം

നിസ്സഹായതയും സര്‍വൈവര്‍ ഗില്‍റ്റും (Survivors Guilt):

ദുരന്തങ്ങള്‍ അതിജീവിച്ചവര്‍ ഏറ്റവും വേദനിക്കുന്നത് മറ്റുള്ളവരെ രക്ഷിക്കാന്‍ കഴിയാത്തതിലുള്ള നിസ്സഹായത കാരണമാണ്. അത് Moral injury/wound ന് കാരണമാകുന്നു. ഇത് സ്വയം നിന്ദ, നിരര്‍ത്ഥകബോധം, ആഴത്തിലുള്ള വിഷാദം എന്നിവയ്ക്ക് വഴിയൊരുക്കുന്നു. ഇതിനോടൊപ്പം, 'സര്‍വൈവര്‍ ഗില്‍റ്റ്' അല്ലെങ്കില്‍ ജീവിച്ചിരിക്കുന്നതിനുള്ള കുറ്റബോധവും വ്യാപകമാണ്. 'എന്റെ കുടുംബം, അയല്‍ക്കാരന്‍, സുഹൃത്ത് മരിച്ചു, പക്ഷേ ഞാന്‍ ജീവിക്കുന്നു. ഞാന്‍ മാത്രം എന്തിനാണ് രക്ഷപ്പെട്ടത്?' എന്ന ചോദ്യം അവരെ വേട്ടയാടുന്നു. ഈ ബോധം അവരുടെ രക്ഷപ്പെടല്‍ ഒരു തെറ്റാണെന്നും അവര്‍ അതിനര്‍ഹരല്ലെന്നുമുള്ള തീവ്രമായ വികാരത്തിലേക്ക് നയിക്കുന്നു.

പലസ്തീനിയന്‍ ബാല്യവും മാനസികാരോഗ്യ വെല്ലുവിളികളും

ഈ മഹാദുരന്തത്തിന്റെ ഏറ്റവും ഹൃദയഭേദകമായ വശം കുട്ടികളുടെ അവസ്ഥയാണ്. പലസ്തീനിലെ ഒരു പത്തു വയസ്സുള്ള കുട്ടി ഇതുവരെ അഞ്ച് പ്രധാന യുദ്ധങ്ങള്‍ അതിജീവിച്ചു കഴിഞ്ഞിട്ടുണ്ട്. പലര്‍ക്കും വ്യത്യസ്ത തരം ഫൈറ്റര്‍ ജെറ്റുകളുടെ ശബ്ദങ്ങള്‍ പോലും വേര്‍തിരിച്ചറിയാന്‍ കഴിയുന്നു. ഇത് ക്രോണിക് ട്രോമയുടെ ലക്ഷണമായ അതിസൂക്ഷ്മത (Hyper vigilance) യുടെ ഉദാഹരണമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ചികിത്സിക്കപ്പെടാതെ അവശേഷിക്കുന്ന ബാല്യകാല ട്രോമ, ഭാവിയില്‍ വിഷാദം, അക്രമവാസന, ലഹരി ഉപയോഗം, ആത്മഹത്യാപ്രവണത എന്നിവയിലേക്ക് നയിക്കാമെന്നും ദീര്‍ഘകാല അപകടസാധ്യതയ്ക്ക് വഴിയൊരുക്കുന്നുവെന്നും പഠനങ്ങള്‍ കാണിക്കുന്നു. ഈ കുട്ടികള്‍ ഇന്നത്തെ മാത്രം ഇരകളല്ല; വംശഹത്യയുടെ വൈകാരിക മുറിവുകള്‍ ഭാവിയിലേക്കും വഹിക്കാന്‍ സാധ്യതകളേറെയുള്ള തലമുറ കൂടിയാണ്.

മാനസികാരോഗ്യ പ്രവര്‍ത്തകരും സെക്കന്‍ഡറി ട്രോമയും

തെറാപ്പിസ്റ്റുകള്‍, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍മാര്‍, സൈക്യാട്രിസ്റ്റുകള്‍, സൈക്കോളജിസ്റ്റുകള്‍ തുടങ്ങി നിരവധി മാനസികാരോഗ്യ പ്രവര്‍ത്തകരും കൊല്ലപ്പെടുകയോ നാനാഭാഗങ്ങളിലേക്ക് മാറ്റപ്പെടുകയോ ചെയ്യുന്നു. ബാക്കിയുള്ള ചുരുക്കം പ്രൊഫഷണലുകള്‍ അടിയന്തര സാഹചര്യങ്ങളില്‍ ക്രൈസിസ് മാനേജ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നു.

ഇത്തരം സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാനസിക ആരോഗ്യപ്രവര്‍ത്തകര്‍ നേരിടുന്ന പ്രധാന മാനസിക ബുദ്ധിമുട്ടുകളാണ് സെക്കന്‍ഡറി ട്രോമ (Secondary Trauma), കംപാഷന്‍ ഫറ്റീഗ് (Compassion Fatigue), മോറല്‍ ഇഞ്ചുറി (Moral Injury) എന്നിവ. ദുരന്തത്തിന്റെ അനുഭവങ്ങള്‍ കേള്‍ക്കുകയോ കാണുകയോ സ്വാംശീകരിക്കുകയോ ചെയ്യുക വഴി ഉണ്ടാകുന്ന ട്രോമാറ്റിക് അനുഭവമാണ് സെക്കന്‍ഡറി ട്രോമ. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ശാരീരികമോ മാനസികമോ വൈകാരികമോ ആയ ബുദ്ധിമുട്ടുകള്‍ നേരിടുന്ന വ്യക്തികളെ നിരന്തരമായി പരിചരിച്ച് അവരോടുള്ള സഹാനുഭൂതി കാണിക്കുന്നതില്‍ ഉണ്ടാകുന്ന മരവിപ്പാണ് കംപാഷന്‍ ഫറ്റീഗ്.

പലസ്തീന്‍ ജനത: പ്രതിരോധത്തിന്റെ മറുപേര്‍

സങ്കല്‍പ്പിക്കാനാകാത്ത ഈ കഷ്ടതകളുടെ നടുവില്‍, പാലസ്തീന്‍ ജനത സാമൂഹികവും രാഷ്ട്രീയവുമായ പ്രതിരോധങ്ങള്‍ക്കൊപ്പം മാനസിക പ്രതിരോധവും പലരീതിയില്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. കുടുംബങ്ങള്‍ അനൗപചാരിക സ്‌കൂളുകള്‍ ക്രമീകരിക്കുകയും പലതരം സപ്പോര്‍ട്ട് ഗ്രൂപ്പുകള്‍ രൂപീകരിക്കുകയും മറ്റും ചെയ്ത് കൂട്ടായ്മയിലൂടെ സമൂഹ മനസ്സിന് (Collective Psyche) ഏല്‍ക്കുന്ന ക്ഷതങ്ങളെ അതിജീവിക്കാന്‍ ശ്രമിക്കുന്നു.

സ്വത്വബോധം, സാമൂഹിക പ്രതിരോധം എന്നിവ മനഃശാസ്ത്രപരമായ ജീവരേഖകളായി (Psychological Lifelines) പ്രവര്‍ത്തിക്കുന്നു. സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡ്, കമ്മ്യൂണിറ്റി-അധിഷ്ഠിത മാനസികാരോഗ്യ പിന്തുണ, ട്രോമ- ഇന്‍ഫോമ്ഡ് കെയര്‍ എന്നിവയിലൂടെ അടിയന്തര മാനസിക പിന്തുണയും അതിജീവിച്ചവര്‍ക്ക് അടുത്ത ഘട്ടത്തില്‍ സൈക്കോ സോഷ്യല്‍ റീഹാബിലിറ്റേഷനിലൂടെ പുതിയ ജീവിതത്തിലേക്കുള്ള വഴിയും സാധ്യമാക്കാം. ഒരു ജനത വ്യവസ്ഥാപിതമായ ക്രൂരതയെ അഭിമുഖീകരിക്കുമ്പോള്‍ ആ ദുഃഖത്തെ സാധാരണവല്‍ക്കരിക്കുന്ന മൗനം, വേട്ടയാടലിന് തുല്യമാണ്. വംശഹത്യ ഒരു രാഷ്ട്രീയ പദമായി മാത്രമല്ല, തലമുറകളെ മുറിവേല്‍പ്പിക്കാന്‍ പോകുന്ന ഒരു പൊതുമാനസികാരോഗ്യ അടിയന്തരാവസ്ഥയായി മനസ്സിലാക്കുക എന്നുകൂടി ഈ ലോക മാനസികാരോഗ്യ ദിനം അടയാളപ്പെടുത്തട്ടെ.

Related Stories

No stories found.
logo
The Cue
www.thecue.in