വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഉരുൾപൊട്ടൽ പ്രതിരോധ മാർഗങ്ങൾ, മുൻകരുതലുകൾ, കേരളത്തിലെ അപകട സാധ്യത മേഖലകൾ, ദുരന്ത നിവാരണത്തിന്റെ മാതൃകകൾ എന്നിവയെ കുറിച്ച് KILA യിലെ ഡിസാസ്റ്റർ മാനേജ്‌മെന്റ് എക്സ്പെർട്ടും ജിയോളജി വിഭഗം പ്രൊഫസറുമായിരുന്ന ഡോ. എസ് ശ്രീകുമാർ സംസാരിക്കുന്നു.
ഉരുൾപൊട്ടലിൻ്റെ പ്രധാന കാരണങ്ങൾ ?
ഉരുൾപൊട്ടലിനെ സ്വാധീനിക്കുന്ന പല ഘടകങ്ങൾ ഉണ്ട്. ചെരിവുള്ള പ്രദേശങ്ങളിൽ പൊതുവെ ഉരുൾപൊട്ടൽ സാധ്യത കൂടുതലാണ്. മണ്ണിന്റെ സ്വഭാവം, പ്രദേശത്തെ ഉയര വ്യത്യാസം എന്നിവയും സ്വാഭാവിക ഘടകമാണ്. അശാസ്ത്രീയമായ മനുഷ്യ ഇടപെടലുകൾ ഉരുൾപൊട്ടലിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ആഴത്തിൽ വേരോട്ടമുള്ള മരങ്ങൾ വെട്ടിമാറ്റി ഏലം പോലുള്ള ഏക വിള കൃഷി ചെയ്യുന്നത് ആ പ്രദേശത്തെ മണ്ണിന്റെ ദുർബലതക്ക് കാരണമാകും. വേരോട്ടമുള്ള മഹാഗണി, ഈട്ടി ,തേക്ക് , മരുത് പോലെയുള്ള വന്മരങ്ങൾളുടെ വേരുകൾ മണ്ണിന്റെ അടിത്തട്ടിലുള്ള പാറകളെയും വലിയ കല്ലുകളെയും പിടിച്ച് നിർത്താനുള്ള ശേഷിയുണ്ട്. സ്വാഭാവിക നീർച്ചാലുകൾ ബ്ലോക്ക് ചെയ്യുന്നതും ഡൈവേർട്ട് ചെയ്യുന്നതും മലഞ്ചരുവുകളെ അസ്ഥിരപ്പെടുത്താം. നീർചാലുകളുടെ സ്വാഭാവിക ഒഴുക്ക് തടയുന്നതാണ് ഇവിടെ പ്രശ്‌നമാകുന്നത്.
വയനാട് ഉരുൾപൊട്ടലിന്റെ പ്രധാന കാരണം തീവ്ര മഴ തന്നെയാണോ?
524 mm മഴയാണ് 48 മണിക്കൂറിൽ വയനാട്ടിൽ പെയ്തിറങ്ങിയത്. പഠനങ്ങൾ പ്രകാരം രണ്ട് ദിവസത്തെ മഴ നൂറ് മുതൽ നൂറ്റി ഇരുപത് മില്ലിമീറ്റർ വരെ ആണെങ്കിൽ കേരളത്തിൽ പലയിടങ്ങളിലും ഉരുൾപൊട്ടലിന് സാധ്യതയുണ്ട്. ഇതുപ്രകാരം വയനാട്ടിലെ ഉരുൾപൊട്ടലിന്റെ പ്രധാന പ്രേരക ഘടകം അതിതീവ്ര മഴ തന്നെയാണ്. കെട്ടിട നിർമ്മാണങ്ങളും ബന്ധപ്പെട്ടു നടന്ന ഭൂമി തരം മാറ്റവും ഉരുൾപൊട്ടലിനെ സഹായിച്ചതായി കണക്കാക്കേണ്ടി വരും. അധിക ജലം സുഗമമായി ഒഴുകാൻ സാധിക്കാത്തത് താഴെയുള്ള പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിച്ചിട്ടുണ്ടായിരുന്നോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
പുത്തുമലയിൽ നിന്ന് രണ്ട് കിലോമീറ്റർ മാത്രമാണ് ചൂരൽമലയിലേക്ക് ഉള്ളത്. ഒരേ പ്രദേശത്ത് ഉരുൾപൊട്ടൽ ആവർത്തിക്കുന്നതിന് പിന്നിൽ?
അതിൽ അസ്വാഭാവികതയൊന്നുമില്ല. ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങളിൽ പിന്നീടും ഇത് സംഭവിക്കാൻ സാധ്യതയുണ്ട്. ആ പ്രദേശത്ത് മഴ കൂടുതലാണെങ്കിൽ ഉരുൾപൊട്ടൽ സാധ്യത കൂടുതലാണ്. മണ്ണ് കുതിർന്നിരിക്കുന്ന ചെരിവുള്ള പ്രദേശമാണെങ്കിൽ ഉരുൾപൊട്ടൽ പ്രതീക്ഷിക്കണം. ഇത്തരം പ്രദേശങ്ങളിൽ താഴെ ഹാർഡ് റോക്ക് ആയതിനാൽ വെള്ളം ശേഖരിക്കില്ല. ഹാർഡ് റോക്കിന് മുകളിൽ കളിമൺ ലേയറുമുണ്ടാകും. വെള്ളത്തിന് സഞ്ചരിക്കാൻ കഴിയാതെ കെട്ടികിടക്കുന്ന സ്ഥിതിയുണ്ടാകുന്നു. ഈ സാഹചര്യത്തിൽ രൂപപ്പെട്ട ജല മർദ്ദത്തിന്റെ ഭാരം താങ്ങാനാവാതെയാണ് ഇത് ഇടിഞ്ഞ് താഴേക്ക് വീഴുന്നത്. ഉപഗ്രഹ ചിത്രങ്ങൾ പ്രകാരം മുമ്പ് ഈ പ്രദേശത്ത് ഉണ്ടായ ഉരുൾപൊട്ടലിന്റെ അതെ പാതയിലാണ് ഇപ്പോൾ അപകടം സംഭവിച്ചിരിക്കുന്നത്.
ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകുന്നതിലെ സാധ്യതകൾ?
മഴയുടെ വിഷയത്തിൽ ഐഎംഡി നൽകുന്ന മുന്നറിയിപ്പുകളാണ് നിലവിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മറ്റുള്ളവർക്ക് കൈമാറുന്നത്. അത്പോലെ ഉരുൾപൊട്ടലിന്റെ കാര്യത്തിലും മുന്നറിയിപ്പ് നൽകുന്ന സംവിധാനം വരേണ്ടതുണ്ട്. ചെരിവ് ഉള്ള പ്രദേശങ്ങൾ, നേരത്തെ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങൾ എന്നീ സ്ഥലങ്ങളിൽ സൂചന ബോർഡുകൾ സ്ഥാപിക്കുന്നതും നന്നാകും. നിരന്തരം പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന ജപ്പാനിൽ കൃത്യമായ ബോധവത്കരണ സംവിധാനമുണ്ട്. മുന്നറിയിപ്പു ലഭിച്ചാൽ എങ്ങനെ പ്രതികരിക്കണം എന്ന് ജനങ്ങൾക്ക് വ്യക്തമായ ധാരണയുണ്ട്. ഇതിനു സമാനമായി കേരളത്തിലും പ്രാദേശിക തലത്തിൽ റിസ്ക് ഇൻഫോർമേഷൻ ജനങ്ങളെ ബോധ്യപ്പെടുത്തി നടപടികൾ സ്വീകരിക്കണം.
കേരളത്തിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള മറ്റു പ്രദേശങ്ങൾ ?
ഓരോ ജില്ലയിലും ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളെ മാർക്ക് ചെയ്ത മാപ് ഔദ്യോഗികമായി തന്നെ ലഭ്യമാണ്. എല്ലാ പഞ്ചായത്തുകൾക്കും അതിന്റെ വിശദാംശങ്ങൾ നൽകിയിട്ടുണ്ട്. ഇത്തരത്തിൽ ഹൈ ഹസാഡ് സോണുകളെ മാർക്ക് ചെയ്തുള്ള മാപ്പുകൾ ലഭ്യമാക്കിയെങ്കിലും ജനത്തിന് അതിൻ്റെ ഗൗരവം ബോധ്യപ്പെട്ടിട്ടില്ല. ഇടുക്കിയിൽ 388.3 സ്‌ക്വയർ കിലോമീറ്റർ ഏരിയ ഹൈ ഹസാഡ് സോണുകളാണ്. മലപ്പുറത്ത് 198.6, സമാനമായി കോഴിക്കോടും ഉണ്ട്. ഇവിടെ നമ്മൾ നിർദേശം നൽകിയാൽ ഞങ്ങൾ എത്രയോ മഴ കണ്ടിട്ടുണ്ട് എന്ന മറുപടിയാണ് നാട്ടുകാരിൽനിന്ന് ലഭിക്കുക. ബോധവത്കരണം വ്യാപകമാക്കാൻ എന്ത് ചെയ്യാനാകും എന്ന കാര്യത്തിൽ ഒരു കൂടിയാലോചന ആവശ്യമാണ്. കേരളത്തിലെ ഉരുൾപൊട്ടൽ സാധ്യത പ്രദേശങ്ങളെ അടിസ്ഥാനപ്പെടുത്തി നോഡൽ ഏജൻസി യായ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തയ്യാറാക്കിയ മാപ്പും അവരുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. താഴെ തട്ടിൽ മാപ്പുകൾ പരിചയപ്പെടുത്താൻ സംവിധനം വേണം. സാധ്യതാ പ്രദേശങ്ങളിൽ വീടുകൾ നിർമ്മിക്കില്ല എന്ന് ജനം സ്വയം തീരുമാനം എടുക്കുന്ന സ്ഥിതി വരണം. ജിയോളജിസ്റ്റിൻ്റേയും ജിയോ ടെക്നിക്കൽ വിദഗ്ദ്ധരുടേയും മേൽ നോട്ടത്തിൽ പരിശോധന നടത്തി ടോപ്പോഗ്രഫിക്കു അനുസൃതമായി നിർമ്മാണങ്ങൾ നടത്താൻ സംവിധാനങ്ങൾ ഉണ്ടാക്കണം.
മഴക്കാലമല്ലാത്ത സമയത്ത് ഇത്തരത്തിലുള്ള അപകടങ്ങൾക്ക് സാധ്യതയുണ്ടോ?
ഇടവപ്പാതിയിലും തുലാവർഷത്തിലും ഇത്തരത്തിൽ അപകടങ്ങൾ പ്രതീക്ഷിക്കണം. സമ്മർ കാലത്ത് രണ്ട് ദിവസത്തിലേറെ തുടർച്ചയായി മഴ പെയ്യുകയാണെങ്കിൽ അവിടെ അപകടം പ്രതീക്ഷിക്കേണ്ടതുണ്ട്. മഴയെ നേരിടുന്നത് പോലെ ഉരുൾപൊട്ടലിനെ നേരിടാനാകില്ല. മഴ പെയ്യുമ്പോൾ വെള്ളം പൊങ്ങുന്നത് കാണാം, മാറി നിൽക്കാൻ സമയം ലഭിക്കും. എന്നാൽ ഉരുൾപൊട്ടൽ സംഭവിക്കുന്നത് സെക്കന്റുകൾകൊണ്ടാണ്. അതുകൊണ്ടുതന്നെ സാധാരണക്കാരായ ജനങ്ങൾക്ക് മുൻകൂട്ടി കൃത്യമായ നിർദേശങ്ങൾ നൽകാൻ സംവിധാനങ്ങൾ വേണം. ആ നിർദേശങ്ങൾ ജനം കൃത്യമായി അനുസരിക്കുകയും വേണം. രാജ്യത്ത് ആദ്യമായി ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്ലാൻ തദ്ദേശസ്ഥാപനങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയത് നമ്മുടെ കേരളമാണ്. 2018,19 വർഷങ്ങളിലെ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു പ്ലാൻ ഉണ്ടാക്കി തദ്ദേശസ്ഥാപനങ്ങൾക്ക് നൽകിയത്. ഇതുകൂടി ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്.
ചെരിവ് കൂടിയ പ്രദേശങ്ങളിലെ നിർമ്മാണപ്രവർത്തികൾ എങ്ങനെയായിരിക്കണം ?
ടോപ്പോഗ്രഫിക്ക് അനുസൃതമായി കെട്ടിടങ്ങൾ നിർമ്മിക്കണം. മേൽ മണ്ണിൻ്റെ കനം വളരെ കൂടുതൽ ആയതിനാൽ അത് ഒഴുകി പോകുമ്പോഴാണല്ലോ വീടുകളുടെ ബേസ്മെൻ്റോടു കൂടി താഴേക്ക് പതിക്കുന്നത്. അതിനാൽ ഹാർഡ് റോക്കിൽ ആങ്കർ ചെയ്ത് വീടുകൾ പണിയുന്നത് ഒരു പരിധി വരെ പ്രയോജനപ്പെടും. ഹാർഡ് റോക്കിൽ നിന്ന് തൂണുകളിൽ വീടുകൾ ഉയർത്തിയാൽ വെള്ളം താഴ്‌ഭാഗത്തിലൂടെ ഒഴുകിപ്പോകാൻ സാധിക്കും. സിവിൽ, ജിയോടെക്നിക്കൽ, ആർക്കിടെക്ച്ചറൽ എൻജീനീയറിംഗ് വിദഗ്ദ്ധർ , ജിയോളജിസ്റ്റുകൾ എന്നിവർ ഒരുമിച്ചിരുന്ന് കെട്ടിടങ്ങളുടെ സ്ഥാനവും ഡിസൈനും ആസൂത്രണം ചെയ്താൽ മാത്രമേ ഇത് എത്രകണ്ട് പ്രയോജനപ്പെടും എന്ന കാര്യം ഉറപ്പിക്കാനാകൂ. വൻ മരങ്ങൾ വെട്ടിമാറ്റി വീടു വെയ്ക്കുമ്പോൾ വേരുകൾ പിഴുതു മാറ്റി ഗ്രൗട്ടിംഗ് ചെയ്ത് സോയിൽ പൈപ്പിംഗിനുള്ള അവസരം ഇല്ലാതെയാക്കണം.