മലയാളത്തിന്‍റെ ഗെയിം ചേഞ്ചറായിരുന്നു ആ സിനിമ, പിന്നീട് ചലച്ചിത്ര മേഖലിയുണ്ടായത് വലിയ മാറ്റങ്ങള്‍: അജു വര്‍ഗീസ്

മലയാളത്തിന്‍റെ ഗെയിം ചേഞ്ചറായിരുന്നു ആ സിനിമ, പിന്നീട് ചലച്ചിത്ര മേഖലിയുണ്ടായത് വലിയ മാറ്റങ്ങള്‍: അജു വര്‍ഗീസ്
Published on

മലയാള സിനിമയെ മാറ്റി മറിച്ചതിൽ മഹേഷിന്റെ പ്രതികാരവും ആക്ഷൻ ഹീറോ ബിജുവും ആണെന്ന് നടൻ അജു വർ​ഗീസ്. ദിലീഷ് പോത്തനും ശ്യാം പുഷ്കരനും എബ്രിഡ് ഷൈനിനുമെല്ലാം അതിന്റെ ക്രെഡിറ്റ് കൊടുത്തേ പറ്റൂ. അത്തരം സിനിമകളെ അനുകരിക്കാൻ വലിയ ശ്രമങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഒന്നും ആ ലെവലിലേക്ക് ഉയർന്നില്ല എന്നതാണ് സത്യമെന്നും അജു വർ​ഗീസ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

അജു വർ​ഗീസിന്റെ വാക്കുകൾ

കൊവിഡിന് മുമ്പ് സിനിമയിലെ ഡബ്ബ് വേറെ തരത്തിലായിരുന്നു. നമ്മൾ സാധാരണ സംസാരിക്കുന്നത് പോലെയല്ല, എക്സ്പ്രസീവ് ആകണം. എന്നാലേ ആളുകൾക്ക് അത് കിട്ടുള്ളൂ. അതും വ്യത്യസ്ത രീതിയിലായിരിക്കും. ഉദാഹരണത്തിന്, തട്ടത്തിൻ മറയത്ത് ചെയ്തത് പോലെയല്ല ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് ചെയ്തത്. അതുപോലെയല്ല കൊവിഡിന് ശേഷം ജയ ജയ ജയ ജയ ഹേ ചെയ്തത്. അപ്പോഴേക്കും സിനിമ ഒരുപാട് മാറിയിരുന്നു. അന്ന് പഠിച്ച കാര്യങ്ങളെല്ലാം പുതിയ കാലത്തിലേക്ക് വരുമ്പോൾ വേണ്ടെന്ന് വെക്കേണ്ട സാഹചര്യം വരുന്നു.

മഹേഷിന്റെ പ്രതികാരത്തിനും ആക്ഷൻ ഹീറോ ബിജുവിനും ശേഷം മലയാള സിനിമ ഭയങ്കരമായ മാറ്റത്തിന് വിധേയമായിട്ടുണ്ട്. ദിലീഷ് പോത്തനും എബ്രിഡ് ഷൈനും തന്നെയാണ് അതിന് കാരണക്കാർ. അതിൽ മഹേഷിന്റെ പ്രതികാരം കുറച്ചുകൂടി മുന്നിട്ട് നിൽക്കുന്നു. കാരണം, ഇത്രയും റിയലിസ്റ്റിക്കായി സിനിമയെ ഇന്നത്തെ ജെനറേഷനിലേക്ക് എത്തിച്ച മറ്റൊരാൾ ഉണ്ടാകില്ല. അതിനെ ഇമിറ്റേറ്റ് ചെയ്യാൻ ഒരുപാട് സിനിമകൾ ശ്രമിച്ചിട്ടുണ്ട്. ഞാനും ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന് സാജൻ ബേക്കറി. ഞാനിത് ശ്രാം പുഷ്കരനോടും പറഞ്ഞിട്ടുണ്ട്. പക്ഷെ, പ്രശ്നം എന്തെന്നാൽ ആ ലെവലിലേക്ക് അത് എത്തണം. പക്ഷെ, എത്തിയില്ല.

Related Stories

No stories found.
logo
The Cue
www.thecue.in