
ഓർമ്മയുണ്ടോ ഈ മുഖം എന്ന സിനിമയ്ക്കായി പാട്ട് എഴുതിക്കൊടുത്തപ്പോഴാണ് ഷാൻ റഹ്മാൻ ടീമിലേക്ക് സ്വാഗതം ചെയ്തത് എന്ന് ഗാനരചയിതാവ് മനു മഞ്ജിത്ത്. അപ്പോഴും ഈ യാത്ര തുടരുമോ എന്ന് തനിക്ക് അറിയില്ലായിരുന്നു. പക്ഷെ, ഇപ്പോൾ 30 സിനിമകൾക്കപ്പുറത്ത് തങ്ങൾ ഒരുമിച്ച് ജോലി ചെയ്തു കഴിഞ്ഞു എന്നും മനു മഞ്ജിത്ത് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
മനു മഞ്ജിത്തിന്റെ വാക്കുകൾ
ഞാൻ കോളേജിലൊക്കെ പഠിക്കുന്ന കാലത്താണ് ഷാൻ റഹ്മാൻ, വിനീത് ശ്രീനിവാസൻ ടീമിന്റെയൊക്കെ പാട്ടുകൾ വരുന്നത്. അന്ന് മുതലേ ഇവരോടൊക്കെ വലിയ ആരാധനയായിരുന്നു. മിഥുൻ മാനുവൽ തോമസ് വഴിയാണ് ഷാൻ റഹ്മാനുമായി ആദ്യം കൊളാബറേറ്റ് ചെയ്യുന്നത്. ഓർമ്മയുണ്ടോ ഈ മുഖം എന്ന സിനിമയ്ക്ക് വേണ്ടി ഒരു പാട്ട് വേറെ ആരോ എഴുതിയിരുന്നു. പക്ഷെ, ഇവർക്ക് അത് അത്ര വർക്ക് ആയിരുന്നില്ല. അങ്ങനെ ഷാൻ റഹ്മാൻ വിനീത് ശ്രീനിവാസനോട് എന്റെ പേര് പറയുന്നു. എന്നിട്ടാണ് അദ്ദേഹം ആ സിനിമയിലെ പാട്ടിന്റെ ട്യൂൺ അയച്ചുതരുന്നത്. ശേഷം പറഞ്ഞു, സിനിമയ്ക്ക് പാട്ടെഴുതുകയാണ് എന്നൊരു തോന്നൽ മാറ്റി വെച്ച ശേഷം ഒന്ന് ട്രൈ ചെയ്യ്. വർക്ക് ആവുകയാണെങ്കിൽ, ഈ പാട്ടിലെ കുറച്ച് പാട്ടുകൾ കൂടി നീ എഴുതും. വിനീത് ഇപ്പോൾ സ്ക്രിപ്റ്റ് എഴുതിക്കൊണ്ടിരിക്കുന്നുണ്ട്, അതിലെയും പാട്ടുകൾ നീ എഴുതും എന്നാണ്.
ദൂരെ ദൂരെ എന്ന പാട്ടാണ് ഞാൻ എഴുതിയത്. അത് അയച്ചുകൊടുത്തപ്പോൾ ഷാൻ റഹ്മാൻ എന്നെ വിളിച്ച് പാട്ട് ഓക്കെ ആയോ അല്ലയോ എന്നൊന്നുമല്ല പറഞ്ഞത്, മാൻ വെൽക്കം ടു അവർ ടീം എന്നാണ്. ഇപ്പോൾ ഞങ്ങൾ 30 സിനിമകൾ ഒരുമിച്ച് ചെയ്തു.