
തന്റെ അച്ഛൻ മരിക്കുന്നതിന് മുമ്പ് ആശുപത്രിയിൽ പോകുമ്പോൾ ആളുകൾ സെൽഫിക്കായി നിൽക്കുന്നതും താൻ മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചതുമെല്ലാം അദ്ദേഹം കണ്ടിട്ടുണ്ടെന്നും അത് അദ്ദേഹത്തിന് വലിയ സന്തോഷം നൽകിയിരുന്നെന്നും വെങ്കിടേഷ്. അച്ഛന് ഏറ്റവും ഇഷ്ടമുള്ള രണ്ട് നടന്മാരായിരുന്നു രജനികാന്തും മമ്മൂട്ടിയും. അതിൽ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ സാധിച്ചത് വലിയ അംഗീകാരമായി കണക്കാക്കുന്നുവെന്നും വെങ്കിടേഷ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
വെങ്കിടേഷിന്റെ വാക്കുകൾ
ജൂനിയർ ആർട്ടിസ്റ്റായാണ് ഞാൻ തുടങ്ങുന്നത്. ശേഷം ചില സീരിയലുകളെല്ലാം ചെയ്തു. ഓരോ സിനിമ കാണുമ്പോഴും അതിലെ അസോസിയേറ്റ്സിനും ചീഫ് അസോസിയേറ്റ്സിനുമെല്ലാം ഞാൻ നോട്ട് ചെയ്ത് ഫേസ്ബുക്കിലൂടെ മെസേജ് ചെയ്യും. ചേട്ടാ, എന്തെങ്കിലും ഓഡീഷൻ ഉണ്ടെങ്കിൽ പറയണേ എന്നു പറഞ്ഞ്. അങ്ങനെ എനിക്ക് കിട്ടിയ വിളിയാണ് വെളിപാടിന്റെ പുസ്തകം. അവിടെ നിന്നാണ് അനിൽ എബ്രഹാം വഴി നായികാ നായകൻ എന്ന ഷോയെപ്പറ്റി അറിയുന്നത്.
ഒരുപാട് ഇൻസെക്യൂരിറ്റികളുള്ള ഒരാളായിരുന്നു ഞാൻ. എന്റെ പെർഫോമൻസ് കാണാൻ പോലും തോന്നുന്നില്ല എന്നായിരുന്നു ലാൽ ജോസ് ആദ്യത്തെ എപ്പിസോഡിൽ പറഞ്ഞിരുന്നത്. പക്ഷെ, എന്തോ ഭാഗ്യം എന്നെ അവിടെ പിടിച്ചു നിർത്തി. അതിലൂടെ കിട്ടിയ കോൺടാക്ടാണ് എന്നെ സ്റ്റാൻഡ് അപ്പ് എന്ന സിനിമയിലെത്തിച്ചത്. വേദ എന്ന സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അച്ഛൻ എന്നെ വിട്ട് പോകുന്നത്. അപ്പോൾ അച്ഛനെ നന്നായി നോക്കാൻ സാധിച്ചില്ലല്ലോ എന്ന കുറ്റബോധവും മനിസിൽ വന്നു. പക്ഷെ, ആ സമയത്ത് അച്ഛനെയും കൊണ്ട് ഹോസ്പിറ്റലിൽ പോകുമ്പോൾ, അവിടുത്തെ നഴ്സ് പിള്ളാര് വന്നിട്ട്, ചേട്ടാ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് പറയുന്നത് അച്ഛൻ കണ്ടിട്ടുണ്ട്. അച്ഛന് ഏറ്റവും ഇഷ്ടം രജനികാന്തും മമ്മൂട്ടിയുമാണ്. മമ്മൂട്ടിയുടെ കൂടെ ഞാൻ അഭിനയിക്കുന്നത് അച്ഛൻ കണ്ടിട്ടുണ്ട്. പക്ഷെ, എനിക്കൊന്നും ചെയ്യാൻ സാധിക്കുന്നുണ്ടായിരുന്നില്ല. അങ്ങനെ സിനിമ ഉപേക്ഷിച്ചാലോ എന്ന തോന്നലിൽ നിൽക്കുമ്പോഴാണ് റിബലിൽ നിന്ന് എനിക്ക് കോൾ വരുന്നത്. റിബലാണ് കിങ്ഡം എനിക്ക് കിട്ടാൻ കാരണമായത്.