'അമ്മ'യിൽ നിന്ന് പോയവരുടെ ഭാഗം കേൾക്കട്ടെ, എന്നിട്ട് തീരുമാനം: ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അഭിമുഖം

'അമ്മ'യിൽ നിന്ന് പോയവരുടെ ഭാഗം കേൾക്കട്ടെ, എന്നിട്ട് തീരുമാനം: ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അഭിമുഖം
Published on

'താരസംഘടന അമ്മയെ സ്ത്രീകൾ നയിക്കും' എന്ന വാർത്തയെ സിനിമാലോകം മാത്രമല്ല മലയാളികൾ ഒന്നടങ്കം വലിയ പ്രതീക്ഷയോടെയാണ് സ്വീകരിച്ചിരിക്കുന്നത്. നാൾ ഇന്നുവരെ പുരുഷന്മാർ അലങ്കരിച്ചിരുന്ന അമ്മയുടെ നേതൃത്വം സ്ത്രീകൾ ഏറ്റെടുക്കുമ്പോൾ ഹേമ ഹമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ ഉൾപ്പടെ നിരവധി വിഷയങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് പൊതുസമൂഹവും സിനിമാലോകവും പ്രതീക്ഷിക്കുന്നുണ്ട്. ഈ വേളയിൽ ക്യു സ്റ്റുഡിയോയോട് പ്രതികരിക്കുകയാണ് അമ്മയുടെ പുതിയ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ.

ശ്വേതാ മേനോനും കുക്കു പരമേശ്വരനും ഉൾപ്പടെയുള്ള നേതൃനിര വരുമ്പോൾ?

12 വർഷത്തോളമായി ഞാൻ അമ്മയുടെ ഭാഗമാണ്. ശ്വേതയും വർഷങ്ങളോളമായി അമ്മയുടെ സജീവ അംഗമാണ്. ആ പ്രവർത്തി പരിചയം അമ്മയുടെ നയിക്കുന്നതിൽ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. അമ്മയെ മുന്നോട്ട് നയിക്കുക എന്നത് ഒറ്റയ്ക്ക് എടുക്കാൻ കഴിയുന്ന തീരുമാനമല്ല. 17 അംഗ കമ്മിറ്റിയുണ്ട്. അമ്മയുടെ മുന്നോട്ടുള്ള യാത്രയെക്കുറിച്ച് എല്ലാവർക്കും പറയാൻ നിരവധി കാര്യങ്ങളുണ്ടാകും. അതെല്ലാം കേട്ട ശേഷം പ്രാവർത്തികമാക്കാൻ കഴിയുന്നതെല്ലാം അമ്മയിലെ അംഗങ്ങൾക്ക് ഗുണകരമാകും വിധം ചെയ്യും.

പൊതുസമൂഹം എന്താണ് പ്രതീക്ഷിക്കേണ്ടത്?

അമ്മയിലെ അംഗങ്ങൾ മാത്രമല്ല നമ്മൾ പ്രതിനിധികരിക്കുന്ന ഒരു വലിയ സമൂഹമുണ്ട്. അവരെ മുന്നിൽ കണ്ടായിരിക്കും ഞങ്ങളുടെ ഓരോ പ്രവർത്തനങ്ങളും. സിനിമയിലും സമൂഹത്തിലും ഉണ്ടായ എല്ലാ കാര്യങ്ങളും മുൻനിർത്തി തന്നെയായിരിക്കും ഇനി അങ്ങോട്ടുള്ള പ്രവർത്തനങ്ങൾ. അമ്മയിൽ സ്ത്രീകൾ മാത്രമല്ല ഉള്ളത്. അതിനാൽ സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ എല്ലാവരെയും കേൾക്കുകയും അവരുടെ പ്രശ്നങ്ങളിൽ ഇടപെടലുകൾ നടത്തുകയും വേണം. അത്തരത്തിലാകും സംഘടന മുന്നോട്ട് പോവുക.

അതിജീവിത ഉൾപ്പടെ 'അമ്മ'യിൽ നിന്ന് പോയവരോടുള്ള സമീപനം?

ആ വിഷയത്തിൽ ഒറ്റവാക്കിൽ അഭിപ്രായം പറയുവാൻ നിലവിൽ കഴിയില്ല. സംഘടനയിൽ നിന്ന് രാജിവെച്ച് പോയവരുടെ മനസ്സിൽ എന്താണെന്ന് അവർ അല്ലേ പറയേണ്ടത്, മാധ്യമങ്ങൾ അല്ലല്ലോ. അവരുടെ ഭാഗം കേട്ട ശേഷം മാത്രമേ ഇക്കാര്യങ്ങളിൽ ഉത്തരം നൽകാൻ കഴിയൂ.

ഹേമ കമ്മിറ്റി ഉൾപ്പടെയുള്ള വിഷയങ്ങളോടുള്ള സമീപനം?

ഞാൻ ജനറൽ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടതേയുള്ളൂ. ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി പോലും വിളിച്ചിട്ടില്ല. എക്സിക്യൂട്ടീവ് കമ്മിറ്റി കൂടട്ടെ, അതിന് ശേഷം എല്ലാ കാര്യങ്ങൾക്കും വ്യക്തമായ ഉത്തരം നൽകുന്നതാണ്.

കുക്കു പരമേശ്വരനെതിരെ ഉയരുന്ന ആരോപണവും കേസും?

അത്തരമൊരു പരാതി സംഘടനയിൽ വന്നിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. പരാതി വന്നിട്ടുണ്ടെങ്കിൽ അതും എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ചർച്ച ചെയ്യും. ഇതുവരെ മാധ്യമങ്ങളിൽ മാത്രമാണല്ലോ ആ വിഷയവുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നത്. അമ്മയിൽ ആ വിഷയം ഔദ്യോഗികമായി ചർച്ച ചെയ്ത ശേഷം വളരെ സത്യസന്ധമായ രീതിയിൽ, എല്ലാവർക്കും സ്വീകാര്യമായ രീതിയിൽ പരിഹാരം കണ്ടെത്തും.

ഒരു തെരഞ്ഞെടുപ്പ് എന്നത് എക്കാലവും ഒരു മാറ്റമാണ്, ഒരു മുന്നോട്ടുള്ള കുതിപ്പാണ്. പുതിയ ആളുകൾ വരുന്നു, പുതിയ ചിന്തകൾ വരുന്നു എന്നുള്ള പ്രതീക്ഷയാണ്, അത് എന്ത് സംഘടനയിൽ ആയാലും. അമ്മയെ ഇനിയും ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയട്ടെ എന്നതാണ് ഞങ്ങളുടെ പ്രതീക്ഷ.

Related Stories

No stories found.
logo
The Cue
www.thecue.in