ഇടതുപക്ഷത്ത് എത്തിയ തന്നെ സിപിഎം 48 മണിക്കൂര്‍ കൊണ്ട് സ്ഥാനാര്‍ത്ഥിയാക്കിയെന്ന് ഡോ.പി.സരിന്‍. പാലക്കാട് ഇടതുപക്ഷം നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണത്തിന് അനുവദിക്കണമെന്ന് മാത്രമാണ് താന്‍ ആവശ്യപ്പെട്ടത്. പാലക്കാട്ടെ അണികള്‍ എങ്ങനെ തന്നെ ഏറ്റെടുക്കുമെന്നായിരുന്നു താന്‍ ഭയപ്പെട്ടത്. തന്നെ ഇടതുപക്ഷം ഏറ്റെടുക്കുമ്പോള്‍ എത്രത്തോളം അത് അറിഞ്ഞുകൊണ്ടുള്ള ഏറ്റെടുക്കലായിരിക്കുമെന്നതിന്‍ തനിക്ക് സംശയമുണ്ടായിരുന്നത്. പക്ഷേ, മണിക്കൂറുകള്‍ക്കുള്ളില്‍ അതിനെ മാറ്റിയെടുക്കാന്‍ ആ സംഘടനയിലെ രാഷ്ട്രീയ ക്ലാരിറ്റിക്ക് സാധിക്കുമെന്നത് നേരിട്ട് അനുഭവിച്ചറിഞ്ഞുവെന്നും ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ സരിന്‍ പറഞ്ഞു.
നാള്‍വഴിയൊന്നുമില്ല, മണിക്കൂര്‍ വഴിയേയുള്ളു. 48 മണിക്കൂര്‍ കൊണ്ട് സിപിഎം അതൊരു സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പരിഗണിച്ച് എത്തിക്കുകയാണ് ഉണ്ടായത്. ഞാന്‍ വരുമ്പോള്‍ ഇടതുപക്ഷം കണ്ടെത്തിയ മൂന്നോ നാലോ സ്ഥാനാര്‍ത്ഥികളുടെ പരിഗണനാ ലിസ്റ്റ് സംസ്ഥാന സെക്രട്ടറിയേറ്റിന് കൈമാറിയിട്ടുണ്ട്. അത് അംഗീകരിച്ച് വരുന്ന സ്ഥാനാര്‍ത്ഥിക്ക് വേണ്ടി എന്നെ ക്യാമ്പെയിന്‍ ചെയ്യാന്‍ അനുവദിക്കണം എന്നാണ് ഞാന്‍ പറഞ്ഞത്. അതിനേക്കാള്‍ ഒരു ക്യാമ്പെയിന്‍ മെറ്റീരിയല്‍ സരിന്റെ വാക്കുകളില്‍ സിപിഎം കണ്ടിട്ടുണ്ടാവാം. പറയുന്നതിലെ കൃത്യതയും ആത്മാര്‍ത്ഥതയും സിപിഎമ്മിന് മെഷര്‍ ചെയ്യാന്‍ പറ്റുമല്ലോ. അങ്ങനെ എനിക്ക് ആത്മവിശ്വാസമുള്ളപ്പോഴും ഞാന്‍ ഭയപ്പെട്ടത് എങ്ങനെ എന്നെ അണികള്‍ ഏറ്റെടുക്കും എന്നതാണ്. ഇന്നലെ വരെ ഞാന്‍ അവരുടെ കണ്ണിലെ കരടായിരുന്നു. ഒരു പത്ത് പേര് അവര്‍ക്ക് വിരോധമുള്ള കോണ്‍ഗ്രസുകാരുടെ പേര് പറയാന്‍ പറഞ്ഞാല്‍ അതില്‍ ഒരു പേര് എന്റെയാണ്. കാരണം നിരന്തരം സോഷ്യല്‍ മീഡിയയില്‍ പൊളിറ്റിക്കല്‍ അറ്റാക്ക് നടത്തുന്നയാളാണ് ഞാന്‍.
ആ എന്നെ ഇടതുപക്ഷം ഏറ്റെടുക്കുമ്പോള്‍ എത്രത്തോളം അത് അറിഞ്ഞുകൊണ്ടുള്ള ഏറ്റെടുക്കലായിരിക്കുമെന്നത് മാത്രമാണ് എനിക്ക് സംശയമുണ്ടായിരുന്നത്. പക്ഷേ, മണിക്കൂറുകള്‍ക്കുള്ളില്‍ അതിനെ മാറ്റിയെടുക്കാന്‍ ആ സംഘടനയിലെ രാഷ്ട്രീയ ക്ലാരിറ്റിക്ക് സാധിക്കുമെന്നത് ഞാന്‍ നേരിട്ട് അനുഭവിച്ചറിഞ്ഞു. ഞാനിന്ന് അതിന്റെയൊരു പ്രൊഡക്ടാണ്. എങ്ങനെയാണ് ഒരു മനുഷ്യനെ ആയാളോടുള്ള വിരോധമായി കാണേണ്ട വിഷയങ്ങളെന്താണ്, അയാള്‍ പറയുന്ന വിഷയങ്ങളോടുള്ള വിരോധമായി കാണേണ്ടതെന്താണ്, രണ്ടും രണ്ടാണെന്ന് തീരുമാനിക്കേണ്ടതിന്റെ വഴികളെങ്ങനെയാണെന്നത് സിപിഎമ്മില്‍ വെല്‍ ഡിഫൈന്‍ഡാണ്. അതുകൊണ്ട് തര്‍ക്കം വരില്ല.
ഞാന്‍ അത്രമാത്രം പയറ്റിത്തെളിഞ്ഞ രാഷ്ട്രീയക്കാരനൊന്നുമല്ല. എനിക്കൊരു രാഷ്ട്രീയ ബാക്ക്ഗ്രൗണ്ടില്ല. എന്നെ ആള്‍ക്കാര് ട്രോളുമ്പോള്‍ മനസിലാക്കേണ്ടത്, ഞാന്‍ സത്യം പറഞ്ഞാല്‍ അത് ആസ്വദിക്കുന്നു. ഇങ്ങനെ ട്രോളാന്‍ മാത്രമൊരു രാഷ്ട്രീയക്കാരനായല്ലോ ഞാന്‍ എന്ന്. ഞാനൊരു പ്രൊഫഷണല്‍ ബാക്ക് ഗ്രൗണ്ടില്‍ നിന്ന് പഠിച്ചു. അതില്‍ നിന്ന് മാറിച്ചിന്തിച്ച് ഒരു ബ്യൂറോക്രാറ്റിക് ജീവിതം എങ്ങനെയാണന്ന് അറിയാനും ബ്യൂറോക്രാറ്റിക് ഇന്ത്യ എന്തെന്ന് മനസിലാക്കാനും ബോധപൂര്‍വ്വമൊരു സ്റ്റെപ്പെടുത്തു.
അപ്പോഴും എനിക്കും എന്നെ അറിയുന്ന സുഹൃത്തുക്കള്‍ക്കും എന്റെ ഭാര്യക്കും അറിയാം പത്തു വര്‍ഷത്തിന് അപ്പുറം ഐഎഎസിലാണെങ്കില്‍ പോലും തുടരാന്‍ താല്‍പര്യമില്ലാതെ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയെടുക്കണമെന്ന് വാശികാണിച്ച ഇന്ത്യയില്‍ എത്ര പേരുണ്ടെന്ന് എനിക്ക് അറിയില്ല. അത് ഞാന്‍ അങ്ങനെതന്ന പറയും, അത്രതന്നെ സന്തോഷം തോന്നിച്ച കാര്യമാണ്. എഴുതാന്‍ പോകുന്നതിന് മുന്നേ തന്നെ പത്തു വര്‍ഷത്തേക്ക് മാത്രമാണ് ഞാനിത് എഴുതാന്‍ പോകുന്നതെന്ന വാശിയില്‍ ഒരു പരീക്ഷ എഴുതിയെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ നിങ്ങളുടെ വിഷന്‍ അപാരമാണ്.
ഓവര്‍ കോണ്‍ഫിഡന്‍സിനെ ഞാന്‍ ഇഷ്ടപ്പെടുന്നു. അങ്ങനെ കിട്ടാന്‍ മാത്രം ഞാന്‍ സാക്രിഫൈസുകള്‍ ഒരുപാട് ചെയ്തിട്ടുണ്ട്. എന്തിനാ പത്തുകൊല്ലം എന്ന ടൈംലൈന്‍ ഞാന്‍ വെച്ചത്. 35-ാമത്തെ വയസില്‍ ഞാന്‍ ഇറങ്ങിവന്നാല്‍ എന്റെ പ്രൈം ഏജില്‍ തന്നെ എന്താണ് ഇന്ത്യന്‍ രാഷ്ട്രീയമെന്ന റിയാലിറ്റിയെയും നേരിട്ട് പുല്‍കണമെന്നതായിരുന്നു എന്റെ ആഗ്രഹം. അത് ഞാനൊരു ആറരക്കൊല്ലം കൊണ്ട് ഇറങ്ങിവന്നു എന്നതാണ് ആകെയുള്ള വ്യത്യാസം. ആറരക്കൊല്ലം മാത്രമേ സര്‍വീസില്‍ ഇരുന്നുള്ളുവെന്നതും പത്ത് കൊല്ലം തികച്ചില്ല എന്നതും മാത്രമാണ്. അങ്ങനെ ഇറങ്ങിവന്ന സമയത്ത് ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ എനിക്ക് വളരെയധികം സന്തോഷം പകരുന്ന കാര്യങ്ങളാകണമെന്ന നിര്‍ബന്ധം എനിക്കുണ്ടായിരുന്നു.
കോണ്‍ഗ്രസില്‍ നിന്ന് ഇറങ്ങിവന്നത് ബിജെപി ജയിക്കാതിരിക്കാന്‍
ഞാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയം ഉപേക്ഷിച്ച്, ഇടതുപക്ഷ സ്വഭാവത്തിലുള്ള ഒരാളാകാന്‍ താല്‍പര്യം പറഞ്ഞത് അവിടെ ബിജെപി ആ സീറ്റ് ജയിക്കരുതെന്ന എന്റെ നിര്‍ബന്ധം തന്നെയാണ്. ബിജെപി ആ സീറ്റ് ജയിക്കാനുള്ള സാധ്യതയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വമെന്ന് ഞാന്‍ തുറന്നു പറയുന്ന നിമിഷം വരെ ഒരു യാഥാര്‍ത്ഥ്യമായിരുന്നു. ഞാന്‍ തുറന്നു പറയുന്ന നിമിഷം മുതല്‍ പൊളിറ്റിക്‌സ് വേറെ ടേണെടുത്തു. അതിനെ കാണാതെ പോകരുത്. പത്തു വോട്ടെങ്കില്‍ പത്ത് വോട്ട് കൂട്ടുകയാണ് സിപിഎം ചെയ്തത് എന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ. നമ്മള്‍ പറഞ്ഞ ശരികള്‍ ജനം വാലിഡേറ്റ് ചെയ്തിട്ടുണ്ട്. കൂടുതലാളുകളുടെ വാലിഡേഷനാണ് നമ്മുടെ വിജയത്തിലേക്ക് എത്തിക്കുക. അതിനെ വളരെ ആസൂത്രിതമായി അട്ടിമറിച്ചു. പക്ഷേ, ചെറിയൊരു വാലിഡേഷന്‍ പോലും നിസ്സാരമല്ല.