
'നീയൊക്കെ പഠിച്ചിട്ടെന്താവാനാണ്', ഒന്നുമാവാന്‍ സമ്മതിക്കരുതെന്ന വാശിയോടെ പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനത്തിന്റെ ഉള്ളില്‍ നിന്നിട്ടു വേണം ഇന്നും ഇന്ത്യയിലെ പിന്നോക്കവിഭാഗങ്ങളില്‍ നിന്ന് വരുന്ന ലക്ഷോപലക്ഷം വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തിയാക്കാന്‍. ഈ ചോദ്യമാണ്, അത് തുടരാന്‍ ഉള്ള അഹങ്കാരമാണ്, രോഹിത് വെമുലമാരെ സൃഷ്ടിച്ചത്. എന്നാല്‍ ഈ ചോദ്യം അവന്‍ കേട്ട് തുടങ്ങാന്‍ യൂണിവേഴ്സിറ്റിയിലെത്തുന്നത് വരെ കാത്തിരിക്കേണ്ട. ലോവര്‍ പ്രൈമറി സ്‌കൂളിലോ അപ്പര്‍ പ്രൈമറി സ്‌കൂളിലോ ഒക്കെ ഈ ചോദ്യം അവന്‍ കേട്ട് തുടങ്ങും.
വിനേഷ് വിശ്വനാഥ് എന്ന അസാമാന്യ ക്രാഫ്റ്റ് ഉള്ള സംവിധായകന്റെ ആദ്യ ചിത്രമായ 'സ്താനാര്‍ത്തി ശ്രീക്കുട്ടന്റെ' ചെറിയ വലിയ ലോകമീ ചോദ്യത്തെ പ്രേക്ഷകന്റെ മുന്നിലേക്ക് വെച്ചുകൊടുക്കുന്നു.
എന്നാല്‍ ദാ പിടിച്ചോ കുറച്ചു രാഷ്ട്രീയം എന്ന മട്ടിലല്ല. ഏറ്റവും ശ്രദ്ധയോടെ സിനിമയുടെ അടരുകള്‍ക്ക് ഉള്ളിലെ അടരുകള്‍ ആയിട്ട്. ഒരു കുഞ്ഞു ക്ലാസ് ലീഡര്‍ തിരഞ്ഞെടുപ്പിലും മുഴുനീളമുള്ള തമാശകളിലും പൊതിഞ്ഞുകൊണ്ട്.
കേരളം സമ്പൂര്‍ണ സാക്ഷരതയുള്ള നാട് ആണെന്നാണെല്ലോ പറയുക. എന്നാല്‍ അദ്ധ്യാപകര്‍ പലപ്പോഴും ഒരു ചെറിയ സെക്ഷനെ മാത്രമാണ് പഠിപ്പിക്കാന്‍ മെനക്കെട്ടിരുന്നത് എന്നതാണ് സത്യം. ബാക്കി തഴയപ്പെട്ട സകലമാന മനുഷ്യര്‍ക്കും പ്രിവിലേജുകള്‍ അനുഭവിച്ചു പഠിച്ചവര്‍ക്കും ഒരുപോലെ ഈ സിനിമയില്‍ തങ്ങളെ കാണാന്‍ ഒക്കും.
ജാതീയമായ ഒരുപാട് പ്രതിബന്ധങ്ങളെ തരണം ചെയ്ത് പഠിച്ചു മുന്നേറി ഇന്ത്യന്‍ പ്രസിഡന്റ് വരെ ആയ കെ. ആര്‍. നാരായണന്റെ പേരില്‍ ഉള്ള ഒരു സ്‌കൂളില്‍ ആണ് വിനേഷ് തന്റെ കഥയെ അവതരിപ്പിക്കുന്നത്. സമൂഹത്തിന്റെ കൃത്യമായ മിനിയേച്ചര്‍ തന്നെയാണ് സ്‌കൂള്‍. അവിടെ അധികാരസ്ഥാനത്ത് നില്‍ക്കുന്നവര്‍ ഏത് വിധത്തില്‍ ഒക്കെ വിവേചനങ്ങള്‍ കാണിക്കുന്നു എന്നും, എന്നാല്‍ ഒരു പുതിയ സമൂഹത്തെ എങ്ങനെ പണിയാം എന്നും കുട്ടികളുടെ കഥയില്‍ പൊതിഞ്ഞു സമൂഹത്തോട് പറയുന്നുണ്ട് സംവിധായകനും സുഹൃത്തുക്കളും. എന്നാല്‍ ഇതൊക്കെ ലെയറുകളില്‍ കിടക്കുമ്പോള്‍ തന്നെ കുടുംബത്തോട് ഒപ്പം പോയി ആസ്വദിച്ചു കാണാവുന്ന ക്‌ളീന്‍ എന്റര്‍ടെയ്‌നര്‍ ആണ് സ്താനാര്‍ത്തി ശ്രീക്കുട്ടന്‍.
കേരളത്തില്‍ ജാതി എവിടെ എന്ന ചോദ്യം കൊണ്ട് ലക്ഷക്കണക്കിനു ആളുകളുടെ ജീവിതാനുഭവങ്ങളെ ഇല്ലായ്മ ചെയ്യുന്നത് 'പുരോഗമന പ്രസ്ഥാനങ്ങള്‍' എന്ന് അവകാശപ്പെടുന്നവര്‍ വരെ ചെയ്യാറുണ്ട്. ജാതി എങ്ങും പോയിട്ടില്ല, അത് ചോദ്യങ്ങളായി, നോട്ടങ്ങളായി, ചുവന്ന മഷിയില്‍ ഉള്ള വരകളായി, വള്‍ഗര്‍ തമാശകളായി, വാസനകളായി, വെറുപ്പായി, അവഗണനകളായ് നമ്മുടെ പൊതുവിടങ്ങളില്‍, സ്‌കൂളുകളില്‍, സ്ഥാപനങ്ങളില്‍, രാഷ്ട്രീയ പാര്‍ട്ടികളില്‍ എല്ലായിടങ്ങളിലും കാണാം.
അയ്യോ അത് സമൂഹത്തില്‍ നില്‍ക്കുന്നേ എന്ന് പറഞ്ഞു പരിതപിച്ചു പോകുകയല്ല 'സ്താനാര്‍ത്തി ശ്രീക്കുട്ടന്‍' പക്ഷെ ചെയ്യുന്നത്. പകരം, ലോകം എങ്ങനെ മാറിയിരുന്നെങ്കില്‍, സമൂഹം ഏത് വിധത്തില്‍ ചിന്തിച്ചിരുന്നെകില്‍ എന്നതിന്റെ ഒരു നവീന മോഡല്‍, കൃത്യമായി പറഞ്ഞാല്‍ അതിന്റെ ഒരു മിനിയേച്ചറിനെ ആണ് സിനിമ അവതരിപ്പിക്കുക.
ഒരു പറ്റം 'മാസ് കുട്ടികളുടെ' ഗംഭീര പ്രകടനം കാണാം. അത് പോലെ അജു വര്‍ഗീസ് എന്നാ നടന്റെ കരിയറിന്റെ പുതിയ ഒരു യുഗം ആരംഭിക്കുന്ന സിനിമ കൂടെ ആണ് ഇത്. കുഞ്ഞുപടം ആണെന്ന് കരുതി സിനിമാറ്റിക് എക്‌സ്പീരിയന്‍സിന് ഒരു കുറവും സിനിമയുടെ ക്രൂ വരുത്തിയിട്ടില്ല. തീര്‍ച്ചയായും തിയേറ്ററില്‍ തന്നെ കാണേണ്ട ചിത്രമാണ്.